Current Date

Search
Close this search box.
Search
Close this search box.

ജ്യോതിഷം ശാസ്ത്രത്തേക്കാള്‍ ശ്രേഷ്ഠമല്ല

ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്രം ജ്യോതിഷം(astrology) തന്നെയാണെന്നും ജ്യോതിഷം ശാസ്ത്ര(Science)ത്തേക്കാള്‍ ശ്രേഷ്ഠമാണെന്നും മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും നിലവില്‍ ബി.ജെ.പി എം.പിയുമായ രമേശ് പൊക്രിയാല്‍ ലോക്‌സഭയില്‍ പ്രസ്താവിച്ചിരിക്കുകയാണ്. ഈ വിവാദ പ്രസ്താവന യാഥാര്‍ത്ഥ്യ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണ്. ജ്രോതിഷത്തെക്കുറിച്ചും ശാസ്ത്രത്തെക്കുറിച്ചുമുള്ള അവബോധമില്ലായ്മയോ മതസങ്കല്‍പങ്ങളോടുള്ള അന്ധമായ അനുകരണമോ ആണ് ഇത്തരം വിവാദ പ്രസ്താവനകള്‍ പുറപ്പെടുവിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചിരിക്കുന്നത്.

നമ്മള്‍ ഇന്ന് സങ്കല്‍പിക്കുന്ന ശാസ്ത്ര(Science)ത്തിന്റെ പരിധിയിലേ ഉള്‍പ്പെടുത്താന്‍ കഴിയാത്ത ഒന്നാണ് യഥാര്‍ത്ഥത്തില്‍ ജ്യോതിഷം(astrology). കാരണം ശാസ്ത്രവും ജ്യോതിഷവും തമ്മില്‍ വലിയ അന്തരമുണ്ട്. ശാസ്ത്രം(Science) യുക്തിഭദ്രമായ അറിവാണ്. പലവിധ നിരീക്ഷണ-പരീക്ഷണങ്ങളിലൂടെ ലഭിക്കുന്ന തെളിവുകളുടെ പിന്‍ബലത്തില്‍ മനുഷ്യന്‍ കണ്ടെത്തുന്ന യുക്തി ഭദ്രമായ അറിവ്. അതൊരിക്കലും ഊഹങ്ങളല്ല. എന്നാല്‍ ഇന്ന് നിലവിലുള്ള ജ്യോതിഷം എന്നത് ഒരിക്കലും യുക്തിഭദ്രമായ അറിവല്ല എന്നത് ഏവര്‍ക്കും ബോധ്യമായ സംഗതിയാണ്. ചില ഊഹാ പോഹാങ്ങളുടെ അടിസ്ഥാനത്തിലുള്ള നിരീക്ഷണങ്ങള്‍ മാത്രമാണത്. നിരീക്ഷണ-പരീക്ഷണങ്ങളുടെ അടിത്തറയോ തെളിവുകളുടെ പിന്‍ബലമോ അതിനില്ല.  പൂര്‍വ്വകാല പണ്ഡിതരും ശാസ്ത്രജ്ഞരും ഈ വാദം ഉയര്‍ത്തിപ്പിടിച്ചിരുന്നു.

A.D രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ച ഗ്രീക്ക്-ഈജിപ്ഷ്യന്‍ ശാസ്ത്രജ്ഞനായ ടോളമി പറയുന്നു:  ജ്യോതിഷം ഊഹമാണ്. ഒരു വിധേനയും അത് സുനിശ്ചിതമല്ല. അത് ദൈവവിധിയുടെ ഭാഗമേയല്ല. – മറിച്ച് എല്ലാ വസ്തുക്കളിലും ബാധകമായി കാണപ്പെടുന്ന പ്രകൃതിപരമായ കാരണങ്ങളില്‍ ഒന്നു മാത്രമാണ്. എന്നാല്‍ ദൈവവിധി എല്ലാ വസ്തുക്കള്‍ക്കും മുമ്പേയുണ്ട്. (Quadripartitum-Claudius Ptolemy).   14ാം നൂറ്റാണ്ടില്‍ ജീവിച്ച പ്രസിദ്ധ ചരിത്രകാരനും, സാമൂഹ്യശാസ്ത്ര പണ്ഡിതനുമായ ഇബ്‌നു ഖല്‍ദൂന്‍ തന്റെ വിഖ്യാതമായ ‘മുഖദ്ദിമ’ എന്ന ഗ്രന്ഥത്തിലെ 6ാം അധ്യയത്തിലെ ‘ജോതിഷത്തിന് ഒരു ഖണ്ഡനം’ എന്ന ഭാഗത്ത് ഇതിന്റെ പൊള്ളത്തരങ്ങളെക്കുറിച്ച് ദീര്‍ഘമായി പ്രതിപാദിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: സംഭവങ്ങളെക്കുറിച്ച അറിവ് അല്ലെങ്കില്‍ അനുമാനം സാധ്യമാകുന്നത് അവയുടെ എല്ലാ കാരണങ്ങളെയും കുറിച്ചുള്ള അറിവു മൂലമാണ്. അതായത് അതിന്റെ കര്‍ത്താവ്, അതിന്റെ സ്വീകര്‍ത്താവ്, രൂപം, അന്ത്യം ഇവയെക്കുറിച്ചെല്ലാമുള്ള അറിവ് ആവശ്യമാണ്. പ്രസക്തഗ്രന്ഥങ്ങളില്‍ അത് സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ജ്യോതിഷന്മാരുടെ അഭിപ്രായത്തില്‍, നക്ഷത്രങ്ങളുടെ സ്വാധീനശക്തികള്‍ വെറും കര്‍ത്താക്കള്‍ എന്ന നിലയ്ക്കാണ്. അതിന്റെ അടിസ്ഥാനാംശം സ്വീകര്‍ത്താവാണ്. നക്ഷത്ര ശക്തികള്‍ മാത്രമല്ല കര്‍ത്താക്കള്‍ . നക്ഷത്ര ശക്തിയോടൊപ്പം മറ്റുശക്തികളും സ്വീകര്‍ത്താവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  അദ്ദേഹം തുടരുന്നു : നക്ഷത്രങ്ങളെക്കുറിച്ചും സ്വാധീനങ്ങളെക്കുറിച്ചും അറിവിനുപരി, ഇതില്‍ ഒരു വലിയ അളവ് അനുമാനവും ഊഹാപോഹവും ആവശ്യമായി വരുന്നു.( മുഖദ്ദിമ-ഇബ്‌നുഖല്‍ദൂന്‍)

നവഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനം കണക്കാക്കി ഗ്രഹനിര്‍ണ്ണയം, മൂഹൂര്‍ത്തനിര്‍ണ്ണയം, ഫലനിര്‍ണ്ണയം, ഭാവി പ്രവചനം, ജാതകം നോക്കല്‍ തുടങ്ങിയ പലതിനും ഇന്ന് ജ്യോതിഷം അടിസ്ഥാനമാണ്. എന്നാല്‍ ഇത്തരം പല പ്രവചനങ്ങളും തെറ്റായിരുന്നുവെന്നത് സമകാലിക അനുഭവമാണ്. അനുമാനങ്ങളുടെയും ഊഹങ്ങളുടെയും അടിസ്ഥാനത്തിലുള്ള ഇത്തരം പ്രവചനങ്ങളില്‍ ഇന്നും നല്ലൊരു ശതമാനം ജനങ്ങളും വിശ്വാസം പുലര്‍ത്തുന്നുവെന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്. ഇത് ശാസ്ത്ര ബോധത്തിനും സ്വതന്ത്ര ചിന്തക്കും കൂച്ചു വിലങ്ങിടുന്ന അവസ്ഥ സംജാതമാക്കുന്നു.

Related Articles