Current Date

Search
Close this search box.
Search
Close this search box.

ജൂതകുടിയേറ്റത്തിന്റെ സുവര്‍ണ്ണകാലം അവസാനിച്ചിരിക്കുന്നു

പവിത്ര ഗേഹത്തിലേക്കുള്ള ജൂത കുടിയേറ്റത്തിന്റെ ‘സുവര്‍ണ്ണ കാലം’ അവസാനിച്ചിരിക്കുന്നു. അതിന്റെ പുനരുത്ഥാരണത്തിന് ഇനി ഒന്നും തന്നെ ചെയ്യാനില്ല. യൂറോപ്യന്‍ ജൂതന്മാരെ ഫലസ്തീനിലേക്ക് ആകര്‍ഷിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതികളൊക്കെ തന്നെ പരാജയപ്പെട്ടു കൊണ്ടിരിക്കുകയാണ്. സര്‍ക്കാറിന്റെ ‘അടിയന്തര പദ്ധതി’ എന്നാണ് അത്തരം ശ്രമങ്ങള്‍ക്ക് അവര്‍ പേരിട്ടിരിക്കുന്നത്.

ഫലസ്തീനില്‍ ജൂതകുടിയേറ്റ കേന്ദ്രങ്ങളുടെ വ്യാപനത്തിനാര്‍ത്ഥം നടന്നുക്കൊണ്ടിരിക്കുന്ന ശക്തമായ കാമ്പയിന്റെ ഭാഗമായി ഫ്രാന്‍സ്, ഉക്രൈയ്ന്‍, ബെല്‍ജിയം എന്നീ രാജ്യങ്ങളില്‍ നിന്നും വമ്പിച്ച തോതിലുള്ള ജൂത സംഘങ്ങളെ ഫലസ്തീനിലേക്ക് കൊണ്ടു വരുന്നതിന് വേണ്ടിയുള്ള ‘അടിയന്തര പദ്ധതി’യെ കുറിച്ച് ഇസ്രായേല്‍ സര്‍ക്കാര്‍ ഈ ആഴ്ച്ചയുടെ ആദ്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു.

യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ താമസിക്കുന്ന പതിനായിരക്കണക്കിന് വരുന്ന ജൂതന്മാരെ ഇസ്രായേലില്‍ കേന്ദ്രീകരിക്കാനുള്ള ഇസ്രായേല്‍ സര്‍ക്കാറിന്റെ പദ്ധതി ശക്തമായ സ്വഭാവത്തില്‍ ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് ഹിബ്രൂ പത്രമായ യെഹ്ദിയോത്ത് അഹ്‌റനോത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്രായേലിലേക്കുള്ള ജൂത കുടിയേറ്റത്തെ ത്വരിതപ്പെടുത്താനായി സമീപകാലത്ത് യൂറോപ്പില്‍ അരങ്ങേറിയ സെമിറ്റിക് വിരുദ്ധ സംഭവവികാസങ്ങളെ ചൂഷണം ചെയ്യാനും ഇസ്രായേല്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു.

ഈ പദ്ധതിക്ക് വേണ്ടി ഏകദേശം 180 ദശലക്ഷം ഷെകല്‍ ഇസ്രായേല്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും നീക്കിവെച്ചു കഴിഞ്ഞു. ഇതിന് വളരെ വേഗം പ്രസിഡന്റിന്റെയും കുടിയേറ്റകാര്യ മന്ത്രിയുടെയും അംഗീകാരം ലഭിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കുടിയേറ്റ തരംഗം
ഫലസ്തീനിലേക്കുള്ള ജൂതകുടിയേറ്റത്തെ കുറിച്ച് ഗവേഷണം നടത്തുന്ന ജോര്‍ജ്ജ് കര്‍സാം അടുത്ത കാലത്ത് സാക്ഷ്യപ്പെടുത്തുകയുണ്ടായി: ‘കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഫലസ്തീനിലേക്ക് നടന്ന ജൂതകുടിയേറ്റങ്ങളൊക്കെ തന്നെ ഒരുതരം നിഷേധാത്മകവും, പ്രതിലോമപരവുമായ സ്വഭാവ പ്രവണതകള്‍ കാണിക്കുകയുണ്ടായി’.

ചരിത്രത്തില്‍ മൂന്ന് പ്രത്യേക കാലഘട്ടങ്ങളിലാണ് ഫലസ്തീനിലേക്കുള്ള ജൂതകുടിയേറ്റം അതിന്റെ പാരമത്യയിലെത്തിയിട്ടുള്ളതെന്ന് ഒരു അഭിമുഖത്തില്‍ കര്‍സാം വിശദമാക്കിയിരുന്നു; ഇതില്‍ ആദ്യത്തേത് 1930-കളില്‍ ജര്‍മനിയില്‍ നാസികള്‍ അധികാരത്തിലേറിയപ്പോഴായിരുന്നു, രണ്ടാമത്തേത് 1948-ലെ നഖ്ബയുടെ സമയത്തും; മൂന്നാമത്തേത് സോവിയറ്റ് യൂണിയന്‍ തകരുകയും, ശീതയുദ്ധം അവസാനിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍.

കര്‍സാം തുടരുന്നു, ‘നഖ്ബയുടെ ശേഷം 1950-കളിലാണ് ഇസ്രായേല്‍ സ്ഥാപിക്കപ്പെട്ടത്. ഇതിനു ശേഷമുള്ള വര്‍ഷങ്ങള്‍ എടുത്തു പരിശോധിക്കുകയാണെങ്കില്‍ അറബ് രാഷ്ട്രങ്ങളായ ഇറാഖ്, യമന്‍, മൊറോക്കോ, അല്‍ജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇസ്രായേലിലേക്ക് പതിനായിരക്കണക്കിന് ജൂതന്മാരാണ് കുടിയേറിയതെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഈ രാഷ്ട്രങ്ങളൊക്കെ തന്നെ ആ സമയത്ത് ബ്രിട്ടീഷ് ഫ്രഞ്ച് കോളനികളായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.’

‘ഇസ്രായേലിന്റെ അങ്ങേയറ്റം ആക്രമണോത്സുകമായ കുടിയേറ്റ കോളനിവല്‍കരണ നയങ്ങള്‍, ഫലസ്തീനികള്‍ക്ക് നേരെ കിരാതമായ ആക്രമണങ്ങള്‍ അഴിച്ചു വിടുന്നതിന് ഓരോ ജൂതകുടിയേറ്റ സംഘത്തെയും അനുവദിക്കുന്നതായിരുന്നു. ഫലസ്തീന്‍ ജനതയെ കൂടുതല്‍ കൂടുതല്‍ അടിച്ചമര്‍ത്തുന്നതിനും, ആത്യന്തികമായി ഫലസ്തീനില്‍ നിന്നും ആട്ടിപ്പുറത്താക്കുന്നതിനും വേണ്ടിയായിരുന്നു അത്’. അദ്ദേഹം കൂട്ടിചേര്‍ത്തു.

1948 ആയപ്പോഴേക്കും തന്നെ 550000 ജൂതന്മാരെ ഫലസ്തീനിലേക്ക് ആകര്‍ഷിക്കാന്‍ ഇസ്രായേലിന് കഴിഞ്ഞിരുന്നതായി അടുത്ത കാലത്ത് ഒരു പത്രത്തില്‍ ജൂത കുടിയേറ്റത്തെ കുറിച്ച് എഴുതിയപ്പോള്‍ കര്‍സാം വ്യക്തമാക്കിയിരുന്നു. തങ്ങളുടെ വ്യാപകത്വമുള്ള പ്രവര്‍ത്തന ശൃംഘലയെ കാര്യക്ഷമമായി ഉപയോഗിച്ചായിരുന്നു ഇസ്രായേല്‍ ആ ലക്ഷ്യം നേടിയെടുത്തത്. 1948 മുതല്‍ക്ക് ഇസ്രായേലില്‍ ഭരണത്തില്‍ വന്ന സര്‍ക്കാറുകള്‍ക്ക് 3.1 ദശലക്ഷം ജൂതന്മാരെ ഫലസ്തീനിലേക്ക് കുടിയേറ്റത്തിന് വേണ്ടി പ്രേരിപ്പിക്കാന്‍ സാധിച്ചു. നേരത്തെ പരാമര്‍ശിച്ച മൂന്ന് കാലയളവുകളില്‍ അവസാനത്തെ രണ്ട് കാലയളവുകളിലാണ് പ്രധാനമായും വമ്പിച്ച തോതിലുള്ള ജൂതകുടിയേറ്റ തരംഗങ്ങള്‍ അരങ്ങേറിയത്. അതേസമയം, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലുള്ള ജൂതന്മാരെ ഫലസ്തീനിലേക്ക് കുടിയേറാന്‍ പ്രോത്സാഹിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യാന്‍ ഒരാളും തന്നെ ഇതുവരെ മുന്നോട്ട് വന്നിട്ടില്ലെന്ന് കര്‍സാം സാക്ഷ്യപ്പെടുത്തുന്നു.

1999-ല്‍ മൊത്തം 77000 ജൂതന്മാര്‍ ഇസ്രായേലിലേക്ക് കുടിയേറിയതായി കര്‍സാം തന്റെ ഗവേഷണത്തില്‍ കണ്ടെത്തുന്നുണ്ട്; 2000-ല്‍ ഇത് 60000 ആയി കുറഞ്ഞു, 2001-ല്‍ 34000 ആയി വീണ്ടും കുറഞ്ഞു. 2002-ല്‍ വീണ്ടും കുറഞ്ഞ് 33000-ത്തില്‍ എത്തി.

ലോകത്ത് ഏകദേശം ഒരു കോടി 40 ലക്ഷം ജൂതന്മാര്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ 43 ശതമാനം (ഏകദേശം 61 ലക്ഷം) ജൂതന്മാര്‍ ഫലസ്തീനിലും ഇസ്രായേലിലുമാണ് ജീവിക്കുന്നത്. സെന്‍സസ് എടുക്കുന്ന സമയത്ത് ഓരോ ഇസ്രായേല്‍ കുടിയേറ്റക്കാരനെയും രണ്ടായി കണക്കാക്കി കൊണ്ട് ഈ എണ്ണത്തെ ഇരട്ടിയായി പെരുപ്പിച്ചു കാണിക്കുകയാണ് ഇസ്രായേല്‍ സര്‍ക്കാറിന്റെ സ്ഥിരം ഏര്‍പ്പാടെന്ന് കര്‍സാം ചൂണികാണിക്കുന്നു. ഒരിക്കല്‍ ഇസ്രായേല്‍ പട്ടണത്തില്‍ വെച്ച് എണ്ണിയ ഒരാളെ, അയാള്‍ പിന്നീട് ഫലസ്തീനിലെ അനധികൃത പാര്‍പ്പിട കേന്ദ്രത്തിലേക്ക് മാറിയാല്‍ അവിടെവെച്ചും എണ്ണും. ഫലസ്തീനിലെ ജൂതന്മാരുടെ ജനസംഖ്യ 55 ലക്ഷത്തിനപ്പുറം വരില്ലെന്ന് കര്‍സാം തറപ്പിച്ച് പറയുന്നു.

ഇസ്രായേലിലെ അരക്ഷിതാവസ്ഥ
ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം ചരിത്രപ്രാധാന്യമുള്ള വര്‍ഷമാണ് 2000. കാരണം ആ വര്‍ഷമാണ് ലബനാനോട് ഇസ്രായേല്‍ പരാജയപ്പെട്ടത്. ലബനാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും ഇസ്രായേലിന് തങ്ങളുടെ സൈന്യങ്ങളെ പിന്‍വലിക്കേണ്ടി വന്നു. കൂടാതെ, ആ വര്‍ഷം തന്നെയാണ് അല്‍അഖ്‌സ ഇന്‍തിഫാദ ആരംഭിച്ചത്. ഈ രണ്ട് സംഭവങ്ങളാണ് ഇസ്രായേലിലേക്കുള്ള ജൂതകുടിയേറ്റത്തിന്റെ ‘സുവര്‍ണ്ണ കാലഘട്ട’ത്തിന് അടിസ്ഥാനപരമായി അന്ത്യം കുറിച്ചത്. തുടര്‍ന്നും കുടിയേറ്റത്തെ പൂര്‍വ്വാധികം ശക്തിയോടെ ത്വരിതപ്പെടുത്താന്‍ പിന്നീട് വന്ന സര്‍ക്കാറുകള്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ആ ശ്രമങ്ങളെല്ലാം ദയനീയമായി പരാജയപ്പെട്ടു.

ഒരുപാട് ജൂതന്മാര്‍ തങ്ങളുടെ സുരക്ഷക്ക് തന്നെയാണ് മുന്‍ഗണന കൊടുക്കുന്നത്. അടുത്തകാലത്ത് യൂറോപ്പില്‍ ജൂതന്മാര്‍ക്കെതിരെ ആക്രമണങ്ങള്‍ നടന്നെങ്കിലും, ഇസ്രായേലിനേക്കാള്‍ കൂടുതല്‍ സുരക്ഷിതത്വം പ്രദാനം ചെയ്യുന്നത് യൂറോപ്പാണെന്ന് തന്നെയാണ് ജൂതന്മാര്‍ ഉറച്ചുവിശ്വസിക്കുന്നത്. അതിനേക്കാളുപരി, ഒരു രാഷ്ട്രമെന്ന നിലക്ക് ഇസ്രായേലിന് തങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്ന് തന്നെയാണ് ഇസ്രായേലില്‍ ജീവിക്കുന്ന ജൂതന്മാര്‍ അടക്കം കരുതുന്നത്.

കര്‍സാമിന്റെ വീക്ഷണത്തില്‍ ലബനാനിനും, ഗസ്സക്കും മേല്‍ ഇസ്രായേലിന് വ്യക്തമായ വിജയം നേടാന്‍ സാധിക്കാത്തത് ജൂത കുടിയേറ്റം ഗണ്യമായി കുറയുന്നതിനും, കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കാന്‍ ഇസ്രായേല്‍ സര്‍ക്കാര്‍ മടികാണിക്കുന്നതിനും വഴിവെച്ച ഘടകങ്ങളില്‍ ഒന്നാണ്. ‘നെതന്യാഹു ഇടക്കിടെ പറഞ്ഞു കൊണ്ടിരുന്ന ഈ ‘അടിയന്തിര പദ്ധതി’ പരാജയപ്പെട്ടത് അതു കൊണ്ടാണ്. കാരണം ഇസ്രായേലില്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥയല്ലാതെ ജൂതകുടിയേറ്റത്തിന്റെ ആവശ്യകതയെ സമ്മര്‍ദ്ദത്തിലാക്കുന്ന വേറൊരു ഘടകവും ഇല്ലായെന്നു തന്നെ പറയാം’. കര്‍സാം വ്യക്തമാക്കുന്നു.

മുമ്പ് പരാമര്‍ശിച്ചത് പോലെ, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ ജൂതന്മാരെ ഫലസ്തീനിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ വളരെ ചുരുക്കം മാത്രമാണ്. ഇക്കാരണം കൊണ്ടാണ് ഫ്രാന്‍സിലെ ഷാര്‍ലി എബ്ദോ കൂട്ടക്കൊലയെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തി കൊണ്ട് ഇസ്രായേലിലേക്ക് ജൂതകുടിയേറ്റത്തിന്റെ നവതരംഗങ്ങള്‍ സൃഷ്ടിക്കാന്‍ നെതന്യാഹു സര്‍ക്കാര്‍ ശ്രമിച്ചു നോക്കിയത്. ഫലസ്തീന്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ച പാര്‍പ്പിട കേന്ദ്രങ്ങളില്‍ താമസിക്കാന്‍ ഇസ്രായേല്‍ സര്‍ക്കാര്‍ പുതിയ കുടിയേറ്റക്കാരെ തേടിക്കൊണ്ടിരിക്കുകയാണ്. കുടിയേറുന്നവര്‍ക്ക് വീട്, സാമ്പത്തിക ഭദ്രത മറ്റു പലതരത്തിലുള്ള ആനുകൂല്യങ്ങള്‍ എന്നിവയാണ് ഇസ്രായേല്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്.

ഇസ്രായേല്‍ കുടിയേറ്റ പഠനത്തില്‍ വിദഗ്ധനായ സഈദ് സുലൈമാന്‍ ഇതില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. സമീപകാലത്ത് യൂറോപ്യന്‍ ജൂതന്മാര്‍ക്കെതിരെ രൂപപ്പെട്ടിരിക്കുന്ന ശത്രുതാമനോഭാവം ജൂതന്മാരെ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. കാരണം യൂറോപ്യന്‍ ജൂതന്മാര്‍ക്കിടയില്‍ ഒരു തരം ഭീതി ഉടലെടുത്തിട്ടുണ്ട്. ‘ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും നെതന്യാഹുവിന്റെ പദ്ധതിക്ക് അനുസൃതമായി നിരവധി ജൂതന്മാര്‍ ഇസ്രായേലിലേക്ക് കുടിയേറുന്ന കാര്യം പരിഗണിക്കുക.’

‘1948-ലെ അതിര്‍ത്തികകത്ത് താമസിക്കുന്ന ഇസ്രായേലിലെ ഫലസ്തീന്‍ പൗരന്‍മാരെ ഈ പദ്ധതി നേരിട്ട് ബാധിക്കും. കാരണം മൊത്തം ഇസ്രായേല്‍ ജനസംഖ്യയുടെ 20 ശതമാനത്തോളം ഫലസ്തീനികളാണ്.’ സുലൈമന്‍ വ്യക്തമാക്കി.

‘ഗണ്യമായ തോതില്‍ കുറഞ്ഞ് വരികയാണെങ്കിലും അറബ് ജനസംഖ്യയെ ഇസ്രായേല്‍ ഇന്നും ഭയപ്പെടുന്നുണ്ട്. നിലവിലെ സ്ഥിതിക്ക് മാറ്റം വരുത്താന്‍ ജൂതകുടിയേറ്റത്തെ പ്രോത്സാഹിക്കുന്ന ശ്രമങ്ങള്‍ അവര്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നതിന്റെ കാരണം അതാണ്.’ അദ്ദേഹം കൂട്ടിചേര്‍ത്തു.

ഇപ്പോള്‍ തയ്യാറാക്കി കൊണ്ടിരിക്കുന്ന ഒരു പഠനത്തില്‍ സുലൈമാന്‍ എഴുതുന്നു: ‘ഇസ്രായേലില്‍ താമസിക്കുന്ന ഫലസ്തീനികള്‍ക്ക് നേരെയുള്ള ഇസ്രായേല്‍ സര്‍ക്കാറിന്റെ വിവേചനപരമായ നയങ്ങളുടെ ഫലമായുണ്ടായ കഠിനമായ ജീവിത സാഹചര്യങ്ങള്‍, തൊഴിലില്ലായ്മ, കുറഞ്ഞ ചെലവില്‍ കുട്ടികള്‍ക്കായുള്ള ആരോഗ്യ ഇന്‍ഷൂറന്‍സുകള്‍ എടുക്കാനുള്ള ശേഷിയില്ലായ്മ എന്നിവ മൂലം ജനന നിരക്ക് അപകടകരമാം വിധം താഴ്ന്നു പോയിട്ടുണ്ട്. ഫലസ്തീന്‍ ജനതക്കെതിരെ ഇസ്രായേല്‍ സര്‍ക്കാറുകള്‍ അനുവര്‍ത്തിച്ച വിവേചനപരമായ നയങ്ങള്‍ കാരണമായി സംഭവിച്ചതാണ് ഈ ദുരിതങ്ങള്‍.’

നെതന്യാഹുവിന്റെ പദ്ധതിക്കെതിരെ ജൂതന്മാര്‍
നെതന്യാഹുവിന്റെ അടിയന്തിര പദ്ധതിയുടെ വിജയസാധ്യതയെ കുറിച്ചുള്ള തങ്ങളുടെ സംശയങ്ങള്‍ കര്‍സാമും സുലൈമാനും വ്യക്തമായി തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. ജൂതന്മാരെ ഇസ്രായേലിലേക്ക് ആകര്‍ഷിക്കുന്ന കാര്യത്തില്‍ അത്യന്തികമായി ഇസ്രായേല്‍ പരാജയപ്പെടും എന്നും തന്നെയാണ് അവര്‍ വിശ്വസിക്കുന്നത്.

കുടിയേറ്റത്തിന് ഒരുങ്ങാന്‍ വേണ്ടിയുള്ള ഇസ്രായേലിന്റെ ആഹ്വാനങ്ങള്‍ക്ക് മറുപടി കൊടുക്കുന്ന കാര്യത്തില്‍ നിന്നും യൂറോപ്യന്‍ ജൂതന്മാര്‍ പതിയെ പിന്‍വലിയും എന്നു തന്നെയാണ് സുലൈമാന്‍ കരുതുന്നത്; അതേസമയം കര്‍സാം പറയുന്നത് എന്താണെന്നാല്‍ ‘5000-ത്തിനും 7000-ത്തിനും ഇടയില്‍ ജൂതന്മാരെ ഇസ്രായേലിലേക്ക് കൊണ്ടുവരാന്‍ മാത്രമേ ഇസ്രായേല്‍ സര്‍ക്കാറിന് സാധിക്കുകയുള്ളു. നിലവിലെ ജനസംഖ്യയില്‍ കാര്യമായ മാറ്റമൊന്നും വരുത്താന്‍ അതിന് സാധിക്കുകയില്ല.’

അവസാനം, ഇസ്രായേലിലേക്ക് കുടിയേറാനുള്ള നെതന്യാഹുവിന്റെ ആഹ്വാനത്തെ ഭൂരിഭാഗം ജൂതന്മാരും തള്ളിക്കളഞ്ഞു. കര്‍സാമിന്റെയും സുലൈമാന്റെയും നിരീക്ഷണങ്ങള്‍ പോലെത്തന്നെയായിരുന്നു കാര്യങ്ങള്‍ നീങ്ങിയത്. കോപന്‍ഹേഗനിലെ സിനഗോഗ് ആക്രമണത്തിന്റെ പശ്ചാതലത്തില്‍ ജൂതന്മാരോട് ഇസ്രായേലിലേക്ക് കുടിയേറാന്‍ ആഹ്വാനം ചെയ്ത നെതന്യാഹുവിനെതിരെ ഡെന്‍മാര്‍ക്കിലെ ജൂതന്മാര്‍ ഒന്നടങ്കം രംഗത്ത് വന്നു. ഡെന്‍മാര്‍ക്കിലെ ജൂതമത വക്താവ് ജിബ് ഗോഹല്‍ നെതന്യാഹുവിന് കൊടുത്ത മറുപടി ഇപ്രകാരമായിരുന്നു: ‘ഞങ്ങള്‍ ഡാനിഷ് ജൂതന്‍മാരാണെന്നത് സത്യം തന്നെയാണ്, അവസാനമായി ഞങ്ങളിപ്പോഴും ഡാനിഷ് പൗരന്‍മാര്‍ തന്നെയാണ്’.

മൊഴിമാറ്റം: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles