Current Date

Search
Close this search box.
Search
Close this search box.

ജലസംരക്ഷണം ; വിശ്വാസികള്‍ മാതൃക കാണിക്കട്ടെ

മാര്‍ച്ച് 22-ന് ലോകം ഒന്നടങ്കം ജലദിനമായി ആചരിക്കുകയാണ്. ഓരോ തുള്ളി ജലവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. 1993 മുതല്‍ ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയുടെ തീരുമാന പ്രകാരം ജലദിനം ആചരിക്കുന്നുണ്ട്. എന്നാല്‍ ഈ ആചരണം എന്തെങ്കിലും ഫലം ഉണ്ടാക്കിയിട്ടുണ്ടോ എന്ന ആലോചന നല്ലതാണ്. അടുത്ത ലോക മഹായുദ്ധം നടക്കാന്‍ പോകുന്നത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കുമെന്ന് പറയുമ്പോഴും നാം പാഴാക്കി കൊണ്ടിരിക്കുന്ന ജലത്തെ കുറിച്ച് നാം ബോധവാന്‍മാരല്ല എന്നതാണ് അതിന്റെ പ്രധാന കാരണം. പാഴാക്കുന്ന ജലത്തിന്റെ അനേകമിരട്ടിയാണ് ഓരോ ദിവസവും മലിനപ്പെടുത്തി കൊണ്ടിരിക്കുന്നത്. ത്വരിത ഗതിയില്‍ നടക്കുന്ന നഗരവല്‍കരണവും പ്രകൃതിയില്‍ നിന്ന് മനുഷ്യന്‍ അകന്നതും അതിന് കാരണമായിരിക്കുന്നു. ഒരു കാലത്ത് മഴയിലൂടെ ലഭിക്കുന്ന വെള്ളം നേരെ കടലില്‍ ഒലിച്ചു പോകാതിരിക്കാനുള്ള സംവിധാനങ്ങള്‍ നമ്മുടെ കര്‍ഷകര്‍ ചെയ്തിരുന്നു. അത്തരത്തില്‍ ഭൂമി ശേഖരിച്ചു വെച്ച വെള്ളം വേനല്‍കാലത്ത് ഉറവകളായി തിരിച്ചു നല്‍കിയതിനാല്‍ ജലക്ഷാമം അനുഭവപ്പെട്ടില്ല.

ഭൂമിയിലെ ജലത്തിന്റെ അളവ് കുറഞ്ഞു കൊണ്ടല്ല ജലദൗര്‍ബല്യം നേരിടുന്നത്. ഈ പ്രപഞ്ചത്തിലെ മുഴുവന്‍ ജീവികള്‍ക്കും ആവശ്യമായ വെള്ളം സ്രഷ്ടാവ് ഒരുക്കിയിട്ടുണ്ട്. സൃഷ്ടികള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനാണ് അല്ലാഹു അതിന് ഒരു ചംക്രമണ വ്യവസ്ഥ തന്നെ സംവിധാനിച്ചിട്ടുള്ളത്. എന്നാല്‍ മനുഷ്യന്റെ കൈകടത്തലുകള്‍ അതിന്റെ താളം തെറ്റിച്ചിരിക്കുന്നു. ‘മനുഷ്യകരങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി കരയിലും കടലിലും വിനാശമുളവായിരിക്കുന്നു.’ എന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

സമൂഹത്തിന്റെ പൊതു സ്വത്താണ് വെള്ളം. അതുകൊണ്ട് തന്നെ അത് സംരക്ഷിക്കേണ്ടത് തന്റെ ജീവിതത്തിന്റെ ആവശ്യം എന്നതിലുപരിയായി തന്റെ ധാര്‍മിക ബാധ്യതയായി വിശ്വാസികള്‍ തിരിച്ചറിയേണ്ടതുണ്ട്. വെള്ളം, തീ, പുല്ല് എന്നിവ എല്ലാ മനുഷ്യര്‍ക്കും അവകാശപ്പെട്ടതാണ് എന്നാണ് പ്രവാചകന്‍(സ) പഠിപ്പിച്ചിട്ടുള്ളത്. അതു കൊണ്ട് തന്നെ നമ്മെ പോലെ നമ്മുടെ സഹോദരനും ആവശ്യമുള്ളതാണ് അതെന്ന ബോധത്തോടെയായിരിക്കണം നമ്മുടെ ഉപയോഗം. നമ്മുടെ തലമുറക്ക് മാത്രമല്ല വരും തലമുറക്ക് കൂടി അവകാശപ്പെട്ട ഒന്നാണതെന്ന് തിരിച്ചറിഞ്ഞാല്‍ നമുക്കത് പാഴാക്കാന്‍ സാധിക്കില്ല. ഒഴുകുന്ന നദിയില്‍ നിന്ന് അംഗശുദ്ധി വരുത്തുമ്പോള്‍ പോലും ധൂര്‍ത്ത് പാടില്ലെന്ന് പഠിപ്പിച്ച പ്രവാചകന്റെ അനുയായികള്‍ ഒരിക്കലും വെള്ളം പാഴാക്കുന്നവരാകരുത്. ഇത്തരം അധ്യാപനങ്ങള്‍ സ്വയം ഉള്‍ക്കൊള്ളാനും സമൂഹത്തിന് പകര്‍ന്ന് നല്‍കാനും സാധിക്കുമ്പോള്‍ മാത്രമേ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. അല്ലാത്ത കാലത്തോളം ദിനാചരണവും അന്നേ ദിവസത്തെ ബോധവല്‍കരണങ്ങളും മാത്രമായി ജലസംരക്ഷണം പരിമിതപ്പെടും.

Related Articles