Current Date

Search
Close this search box.
Search
Close this search box.

ജറൂസലം: ജി.സി.സി രാജ്യങ്ങളുടെ മൗനവും അറബ് ലോകത്തിന്റെ നിസ്സഹായതയും

aqsa.jpg

ഇസ്രായേലിന്റെ തലസ്ഥാനമായി ജറൂസലേമിനെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകരിച്ചതോടെ വ്യാപക പ്രതിഷേധമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയരുന്നത്. വിശിഷ്യാ അറബ് രാജ്യങ്ങളില്‍ നിന്ന്. ട്രംപിന്റെ ഈ തീരുമാനത്തില്‍ ഏറെ ആശങ്കയിലാണ് അറബ് രാജ്യങ്ങള്‍. എന്നാല്‍ ജി.സി.സി രാജ്യങ്ങള്‍ ഈ വിഷയത്തില്‍ തുടരുന്ന മൗനം കൂടുതല്‍ ആശങ്കക്കിടയാക്കുന്നുണ്ട്.

ഖത്തര്‍ ഉപരോധമടക്കമുള്ള പ്രതിസന്ധി തുടരുന്നതിനിടെ കഴിഞ്ഞ ദിവസം കുവൈത്തില്‍ വച്ച് ജി.സി.സി രാജ്യങ്ങളുടെ ഉച്ചകോടി അരങ്ങേറിയിരുന്നു. സൗദി അറേബ്യ,ഖത്തര്‍,യു.എ.ഇ,ബഹ്‌റൈന്‍,ഒമാന്‍,കുവൈത്ത് എന്നീ രാജ്യങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. എന്നാല്‍ ജി.സി.സി കൂട്ടായ്മയോ അംഗരാജ്യങ്ങളോ ഈ വിഷയത്തില്‍ കാര്യമായ പ്രതികരണം നടത്തിയിട്ടില്ല.

ഇസ്‌ലാം,ക്രിസ്ത്യന്‍,ജൂത മത വിശ്വാസികള്‍ക്ക് ഒരു പോലെയുള്ള പുണ്യസ്ഥലമാണ് ജറൂസലേം. മുസ്‌ലിംകളുടെ ആദ്യ ഖിബ്‌ലയായ മസ്ജിദുല്‍ അഖ്‌സ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ക്രിസ്തു ജനിച്ചതെന്ന് കരുതപ്പെടുന്ന ബെത്‌ലഹേമും ഇവിടെയാണ്. മൂന്നു മതസ്ഥര്‍ക്കും ജറൂസലേം പുണ്യസ്ഥലവും തീര്‍ത്ഥാടന കേന്ദ്രവുമാണ്. ഇതിനിടെയാണ് ട്രംപ് ഇസ്രായേലിന് കൂടുതല്‍ അധികാരം ലഭിക്കുന്ന തരത്തില്‍ ജറൂസലേമിനെ തലസ്ഥാനമായി പ്രഖ്യാപിച്ചതും തെല്‍ അവീവിലുള്ള യു.എസ് എംബസി ജറൂസലേമിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചതും. (നിലവില്‍ ജറൂസലേമില്‍ ഒരു രാജ്യത്തിനും എംബസിയില്ല)

1980ല്‍ ഇസ്രായേല്‍ ജറൂസലേമിനെ തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്നെങ്കിലും ലോക രാഷ്ട്രങ്ങളാരും ഇതംഗീകരിച്ചിരുന്നില്ല. എന്നാല്‍, ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഉറപ്പുനല്‍കിയ വാഗ്ദാനമായിരുന്നു ഇത്. മറ്റു അമേരിക്കന്‍ പ്രസിഡന്റുമാര്‍ കൈവയ്ക്കാന്‍ മടിച്ച കാര്യമാണ് ട്രംപ് യാതൊരു കൂസലുമില്ലാതെ നടപ്പാക്കുന്നത്.

ഇതിലൂടെ ഇസ്രായേലുമായുള്ള ബന്ധം അരക്കെട്ടുറപ്പിക്കുകയാണ് ട്രംപ്. ലോക രാജ്യങ്ങളില്‍ നിന്നുള്ള പ്രതിഷേധമൊന്നും ട്രംപ് ഗൗനിച്ചില്ല. യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും ഫ്രാന്‍സിസ് മാര്‍പാപ്പയുമെല്ലാം ട്രംപിനെതിരേ രംഗത്തു വന്നിട്ടുണ്ട്. എന്നാല്‍, ഇന്ത്യ ഇക്കാര്യത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

സിറിയ,ഈജിപ്ത്,ജോര്‍ദാന്‍ എന്നീ രാജ്യങ്ങളുമായി യുദ്ധം ചെയ്ത് 1967ലാണ് ഇസ്രായേല്‍ ജറൂസലേം പിടിച്ചടക്കുന്നത്. ഫലസ്തീനികളാവട്ടെ തങ്ങളുടെ രാജ്യത്തിന്റെ ഭാവി തലസ്ഥാനമായാണ് ജറൂസലേമിനെ കരുതുന്നത്.

1970ല്‍ അന്‍വര്‍ സാദത്ത് ഈജിപ്തിന്റെ ഭരണം ഏറ്റെടുത്ത സമയത്താണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നത്തില്‍ ഇടപെട്ടതും ഒരു സമാധാന ഉടമ്പടിക്ക് നേതൃത്വം നല്‍കിയതും. ഐക്യരാഷ്ട്രസഭയുടെ 242ാം പ്രമേയത്തിന്റെ പിന്തുണയോടെയായിരുന്നു അത്. എന്നാല്‍, ഇതിനു ശേഷമാണ് മേഖലയില്‍ ഇസ്രായേലിന് കൂടുതല്‍ ആധിപത്യം ലഭിച്ചത്.

ഫലസ്തീന്‍ വിമോചനം ലക്ഷ്യമിട്ട് 1964ലാണ് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പി.എല്‍.ഒ) രൂപീകരിക്കുന്നത്. ഓസ്‌ലോ ഉടമ്പടി പ്രകാരം 1993ലാണ് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ ആദ്യമായി അംഗീകരിക്കുന്നത്.

ദശാബ്ദങ്ങളോളം നീണ്ടു നിന്ന ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ വിട്ടുവീഴ്ചയുടെ അടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പി.എല്‍.ഒയുടെ കാഴ്ചപ്പാട്. എന്നാല്‍ ഇതിനൊന്നും സഹകരിക്കാന്‍ ഇസ്രായേല്‍ തയാറായില്ല.

യു.എന്നിന്റെ സുരക്ഷ കൗണ്‍സില്‍ വിഷയത്തില്‍ ഇടപെടണമെന്നും ട്രംപിന്റെ നിലപാടിനെ ചോദ്യം ചെയ്യണമെന്നും ആക്ഷേപമുണ്ട്. എന്നാല്‍, യു.എന്നും ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്. ഇസ്രായേല്‍-ഫലസ്തീന്‍ പോരാട്ടം ആരംഭിച്ചതു മുതല്‍ കേന്ദ്ര ബിന്ദു ജറൂസലേം ആണ്. അതിനാല്‍ തന്നെ ട്രംപിന്റെ പുതിയ നീക്കം മേഖലയെ കൂടുതല്‍ സംഘര്‍ഷ കലുഷിതമാക്കാനേ ഉപകരിക്കൂവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

 

Related Articles