Current Date

Search
Close this search box.
Search
Close this search box.

ജയയുടെ വിധിയും ഇരട്ടനീതിയും

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെയും കൂട്ടരെയും കുറ്റവിമുക്തരാക്കിയ കോടതിവിധി വളരെ ഞെട്ടലോടെയാണ് രാജ്യം ശ്രവിച്ചത്. നാലുവര്‍ഷം തടവും നൂറ് കോടി പിഴയും ഉള്‍പ്പെടെ കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ ബാംഗ്ലൂരിലെ പ്രത്യേക കോടതി പുറപ്പെടുവിച്ച ശിക്ഷാവിധി ഇതോടെ റദ്ദാക്കപ്പെട്ടിരിക്കുകയാണ്. സല്‍മാന്‍ഖാന്‍ കേസ് വിധിയുടെയും മറ്റും പശ്ചാത്തലത്തില്‍ രാജ്യത്തെ നീതിന്യായ വിഭാഗത്തിനു നേരെ ഉയര്‍ന്നു കൊണ്ടിരിക്കുന്ന ഇരട്ട നീതിയുള്‍പ്പെടേയുള്ള പല ആരോപങ്ങളെയും ശരിവെക്കുന്നതാണ് ജയ കേസിലെ കോടതിവിധി.

ചെയ്ത കുറ്റം എന്തെന്നു പോലും അറിയാതെ ജീവിതത്തിന്റെ നല്ലൊരു കാലം ജാമ്യം പോലും കിട്ടാതെ തടവറകളില്‍ തള്ളി നീക്കുന്ന വിചാരണത്തടവുകാര്‍ ഭൂരിപക്ഷമുള്ള തടവറകളാണ് നമ്മുടേത്. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ രാജ്യത്തെ തടവുകാരില്‍ 67.6% പേരും വിചാരണത്തടവുകാരാണ്. ഇവരില്‍ അധികപേരും നിരപരാധികളാണെന്നതാണ് വസ്തുത. ഹുബ്ലി സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് വിചാരണത്തടവുകാരായി ഏഴ് വര്‍ഷത്തോളം തടവറയില്‍ കഴിഞ്ഞ പതിനേഴോളം പേര്‍ പൂര്‍ണ്ണ നിരപരാധികളാണെന്ന് തെളിയിക്കപ്പെട്ട് കുറ്റവിമുക്തരാക്കപ്പെട്ട നടപടി ഇതിന്റെ അവസാന അധ്യായം മാത്രം. ഇതിനുമുമ്പ് രാജ്യത്ത് പുറത്തുവന്ന പല സ്‌ഫോടനക്കേസുകളുടെയും വിധി ഇപ്രകാരമായിരുന്നു.

രാജ്യത്തെ ഓരോ പൗരനും നീതിക്കു മുമ്പില്‍ സമന്മാരാണെന്ന് നിഷ്‌കര്‍ഷിക്കെ കുറ്റവാളികളായ ഉന്നത വിഭാഗങ്ങള്‍ നിയമവ്യവസ്ഥയുടെ ആനുകൂല്യങ്ങള്‍ തെറ്റായ രീതിയില്‍ കൈപറ്റുകയും താഴെക്കിടയിലുള്ളവര്‍ക്ക് നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്ന പ്രവണത ഒരിക്കലും അംഗീകരിക്കാവതല്ല. മദ്യപിച്ച് വാഹനമോടിച്ച് തെരുവില്‍ ഉറങ്ങിക്കിടന്നവരുടെ മേല്‍ പാഞ്ഞു കയറി ഒരാള്‍ മരിക്കുകയും 4 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസിന്റെ 13 വര്‍ഷം നീണ്ട നാള്‍വഴിയില്‍ സല്‍മാന്‍ഖാന്‍ ഒരിക്കല്‍ പോലും ജയിലില്‍ കിടക്കേണ്ടി വന്നിട്ടില്ല. ഒടുവില്‍ കുറ്റവാളിയാക്കപ്പെട്ട ഉടനെ ജാമ്യം ലഭിക്കുകയും പിന്നീട് ശിക്ഷാവിധി കോടതി മരവിപ്പിക്കുകയൂം ചെയ്തു. ജയയുടെ 18 വര്‍ഷം നീണ്ട കേസിന്റെ നാള്‍വഴിയില്‍ കുറഞ്ഞ ദിനം മാത്രമാണ് അവര്‍ ജയിലില്‍ കഴിഞ്ഞത്. ഈ കാലയളില്‍ ഒന്നിലധികം തവണ അവര്‍ മുഖ്യമന്ത്രി കസേരയിലിരിക്കുകയും ചെയ്തു.

ഭരണഘടന പൗരന്മാര്‍ക്ക് വകവെച്ചു നല്‍കുന്ന മൗലികാവങ്ങളിലെ പ്രഥമ ഇനമായ ‘സമത്വത്തിനുള്ള അവകാശ'(article 14-18)ത്തിന്റെ നഗ്നമായ ലംഘനമാണ് ഇത്തരം കോടതി വിധികള്‍. നിയമത്തിനു മുമ്പില്‍ രാജ്യത്തെ പൗരന്മാരെല്ലാം സമന്മാരാണെന്നും ആര്‍ക്കിടയിലും വിവേചനം കല്‍പിക്കരുതെന്നും ഈ മൗലികാവകാശം നിഷ്‌കര്‍ഷിക്കുന്നു. നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും അപരാധികള്‍ കുറ്റവിമുക്തരാക്കപ്പെടുകയും ചെയ്യുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ ക്രിയാത്മകമായി പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Related Articles