Current Date

Search
Close this search box.
Search
Close this search box.

ചില നിലപാടുകള്‍ പ്രവാചകനെ കൂടുതല്‍ അവഹേളിക്കുകയാണ്

പ്രവാചകനെ ആക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്തതിന്റെ പേരിലാണല്ലോ പാരീസിലെ മാസികയുടെ ഓഫീസ് ആക്രമിച്ച് പന്ത്രണ്ടു പേരെ കൊലപ്പെടുത്തിയത്. യഥാര്‍ത്ഥത്തില്‍ ഷാര്‍ലി എബ്ദോവിന്റെ കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ വളരെ കുറച്ച് ആളുകളേ കണ്ടിരുന്നുള്ളൂ. എന്നാല്‍ ആക്രമണം നടന്നതോടെ ആ അശ്ലീല കാര്‍ട്ടൂണുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വ്യത്യസ്ത പ്രസിദ്ധീകരണങ്ങളിലൂടെ കോടിക്കണക്കിന് ആളുകള്‍ കാണുകയുണ്ടായി. ഇപ്പോഴാണെങ്കില്‍ ഇന്റര്‍നെറ്റിലും കാണാവുന്നതാണ്.

തസ്‌ലീമാ നസ്‌റീന്റെയും സല്‍മാന്‍ റുഷ്ദിയുടെയും പുസ്തങ്ങള്‍ക്കും സംഭവിച്ചതും ഇതുതന്നെ. അവരുടെ പുസ്തകങ്ങള്‍ വിവാദമാവുകയും നിരോധവും മറ്റു നടപടികളും ഭീഷണികളുമൊക്കെ വന്നതോടെ അവയുടെ ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിക്കപ്പെടുകയുണ്ടായി. അതിലൂടെ ഇരുവരും കോടികള്‍ സമ്പാദിച്ചു.

എന്നാല്‍ ഇടമറുക് പ്രവാചകനെ പറ്റി സല്‍മാന്‍ റുഷ്ദിയും തസ്‌ലീമയും എഴുതിയതിനേക്കാള്‍ ഹീനമായ രീതിയില്‍ ഖുര്‍ആനെയും ഹദീഥിനെയും പ്രവാചകനെയും ആക്ഷേപിക്കുന്ന ഒരു പുസ്തകം എഴുതി. മലയാളികളായ നമ്മള്‍ അത് നിരോധിക്കണമെന്ന് ബഹളം കൂട്ടിയില്ല. പുസ്തകം കത്തിച്ചതുമില്ല. മറിച്ച് പ്രമാണബദ്ധവും യുക്തിപൂര്‍വവും പഠനാര്‍ഹവുമായ മറുപടികള്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ചു. അതിലൂടെ ആയിരക്കണക്കിനാളുകളെ നേര്‍വഴിയിലെത്തിക്കാന്‍ സാധിച്ചു. പതിനായിരങ്ങളുടെ തെറ്റിധാരണയകറ്റി. മുസ്‌ലിം സമുദായത്തിനത് ആത്മവിശ്വാസവും ഔന്നത്യബോധവും നല്‍കി.

നബി തിരുമേനി(സ)യുടെ ജീവിത കാലത്തു തന്നെ പ്രവാചകന്‍ കടുത്ത പരിഹാസങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും ഇരയായിട്ടുണ്ട്. ഭാന്തനെന്നും മാരണക്കാരനെന്നും കള്ളനെന്നും ആക്ഷേപിക്കപ്പെട്ടിട്ടുണ്ട്. വാലറ്റവനെന്നും കുലദ്രോഹിയെന്നും കേള്‍ക്കേണ്ടി വന്നു. ഇതിന്റെയൊന്നും പേരില്‍ പ്രവാചകനെ അതിരറ്റ് സ്‌നേഹിക്കുന്ന അനുചരന്‍മാര്‍ അവരെ കൊന്നിട്ടില്ല. നബി തിരുമേനി കൊല്ലാന്‍ കല്‍പിക്കുകയോ അനുവദിക്കുകയോ ചെയ്തിട്ടുമില്ല.

പാശ്ചാത്യന്‍ എഴുത്തുകാര്‍ പ്രവാചകനെ പിശാചെന്നാണ് എഴുതികൊണ്ടിരിക്കുന്നത്. നബി തിരുമേനി മദ്യപിച്ച് ചാണകുഴിയില്‍ വീണുവെന്നും അങ്ങനെ പന്നി കടിച്ചു കീറിയെന്നും അതിനാലാണ് ഇസ്‌ലാമില്‍ മദ്യവും പന്നിയും നിഷിദ്ധമായതെന്നും വരെ യൂറോപ്യന്‍മാര്‍ നബി തിരുമേനിയെ കുറിച്ചെഴുതി. ഇതൊന്നും പ്രവാചകന്റെ വ്യക്തിത്വത്തെ ഒട്ടും ബാധിച്ചില്ല. തുല്യതയില്ലാത്ത പ്രകാശ ഗോപുരമായി അവിടന്ന് പ്രശോഭിതനായി നിലകൊള്ളുന്നു. വിമര്‍ശകര്‍ പൂര്‍ണചന്ദ്രനെ നോക്കി ഓളിയിടുന്ന നായയെ പോലെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തൂത്തെറിയപ്പെടുകയും ചെയ്തു.

പ്രവാചകന്റെ വ്യക്തിത്വും മഹത്വവും സംരക്ഷിക്കാന്‍ ആരും തോക്കും ബോംബും കൊടുവാളുമെടുത്ത് ഇറങ്ങിപ്പുറപ്പടേണ്ടതില്ല. സ്വന്തം ജീവിതത്തിലൂടെ നബി തിരുമേനിയെ വഷളാക്കാതിരുന്നാല്‍ മാത്രം മതി.

Related Articles