Current Date

Search
Close this search box.
Search
Close this search box.

ചരിത്രത്തെ ആര്‍എസ്എസ് തിരുത്തിയ വിധം; നാമത് സ്വീകരിച്ചതിന്റെയും

മഹാത്മ ഗാന്ധി കൊല്ലപ്പെട്ടിട്ട് എഴുപത് വര്‍ഷങ്ങള്‍ കഴിഞ്ഞു. എല്ലാവര്‍ഷവും ആ ദിവസം നാം ദുഖാചരണം നടത്തുന്നുണ്ടെങ്കിലും, തദ്‌സംബന്ധമായ ചരിത്രത്തിന്റെ കാര്യമായ എതിര്‍പ്പുകളൊന്നുമില്ലാതെ അരങ്ങേറുന്ന വക്രീകരണത്തെ നേര്‍ക്കുനേരെ വെല്ലുവിളിക്കുമ്പോള്‍ മാത്രമേ രാഷ്ട്രപിതാവിനെ ആദരിക്കുന്നുവെന്ന് ശരിയായി പറയാനാവൂ. ഏതോ ഒരു ഭ്രാന്തന്റെ ചെയ്ത്തല്ല 1948 ജനുവരി 30ന് അരങ്ങേറിയത്. നെഹ്‌റു പറഞ്ഞതുപോലെ ഇന്ത്യയെ ഒരു ഹിന്ദു പാകിസ്ഥാന്‍ ആക്കാന്‍ ശ്രമിക്കുന്നവരുടെ വാദങ്ങളെ എതിര്‍ത്ത് സഹിഷ്ണുതയെ കുറിച്ച് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. അധികാരദുരയുള്ള ഒരു ആദര്‍ശത്തിന്റെ ഏജന്റായ നാഥുറാം ഗോദ്‌സെയുടെ തോക്കില്‍ നിന്നുതിര്‍ന്ന വെടിയുണ്ടകളാണ് ഗാന്ധിയുടെ ജീവിതത്തിന് അന്ത്യം കുറിച്ചത്.

ആ ആദര്‍ശത്തിന്റെ ഉത്ഭവകേന്ദ്രം ആര്‍.എസ്.എസ്. ആണ്. ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കുക എന്ന ആര്‍.എസ്.എസ്. മോഹങ്ങള്‍ക്ക് പ്രധാനവിലങ്ങുതടിയായി നിന്നത് ഗാന്ധിയായിരുന്നു. ഇന്ത്യാവിഭജനത്തിന് ശേഷം കുറേയേറെ മുസ്‌ലിംകള്‍ പാകിസ്ഥാനിലേക്ക് പോയതോടെ മുസ്‌ലംകളുടെ മേല്‍ ഗാന്ധിക്കുണ്ടായിരുന്ന സ്വാധീനം കുറഞ്ഞുവരികയായിരുന്നു. എന്നാല്‍, ഇന്ത്യന്‍ ജനതയിലും ഭരണകൂടത്തിലും അദ്ദേഹത്തിനുണ്ടായിരുന്ന ധാര്‍മികബലം ശക്തമായിതന്നെ നിലനിന്നു. പാകിസ്ഥാന് അവകാശപ്പെട്ട ആസ്തികള്‍ അവര്‍ക്ക് നല്‍കണമെന്നും മുസ്‌ലിംകള്‍ക്ക് അഭയം നല്‍കണമെന്നും അദ്ദേഹം തന്റെ വേദികളിലിരുന്ന് നിരന്തരം ആവശ്യമുയര്‍ത്തി. ഇത് അദ്ദേഹത്തിന്റെ നിലപാടുകളെ വ്യക്തമാക്കി. ഇത് ആര്‍.എസ്.എസിനും അതിന്റെ ആദര്‍ശബന്ധുക്കള്‍ക്കും ഗാന്ധിയെ ഹിന്ദുവിന്റെ ശത്രുവായി പ്രഖ്യാപിക്കാന്‍ ഹേതുവായി. ഗാന്ധികൊലപാതകത്തിന്റെ വിചാരണാവേളയില്‍ ഗോദ്‌സെ പറഞ്ഞത്, ‘അങ്ങനെയുള്ള ഒരു ശത്രുവിനെ പ്രതിരോധിക്കുക എന്നതും വേണ്ടിവന്നാല്‍ ശക്തിയുപയോഗിച്ച് അതിജയിക്കുകയെന്നതും ധാര്‍മികവും മതപരവുമായ ബാധ്യതയായി ഞാനതിനെ കരുതി’ എന്നാണ്.

അറുപത് വര്‍ഷങ്ങള്‍ക്കൊണ്ട് ആര്‍എസ്എസ് തങ്ങളുടെ ഭൂതകാലം വിശുദ്ധീകരിച്ചത് എത്രയെളുപ്പത്തിലാണെന്നത് ഇന്ത്യാ മഹാരാജ്യത്തെ നാണിപ്പിക്കാന്‍ പോന്നതാണ്. ഗാന്ധിയെ കൊന്നതില്‍ തങ്ങള്‍ക്കുള്ള പങ്കിനെ വലതുപക്ഷ സംഘടന ഇന്ന് നിഷേധിക്കുകയാണ്. ഗോദ്‌സെ ദീര്‍ഘകാലം ആര്‍എസ്എസ് അംഗമായിരുന്നെന്നും ഗാന്ധിയുടെ നേര്‍ക്ക് കാഞ്ചിവലിക്കുന്നതിന് എത്രയോ കാലംമുമ്പ് അദ്ദേഹം സംഘടനവിട്ടിരുന്നെന്നുമാണ് ഇപ്പോഴവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഗാന്ധിവധത്തിന്റെ സാഹചര്യങ്ങളെ കുറിച്ച് പഠിച്ച 1966ലെ ഒരു സ്വതന്ത്ര കമ്മീഷന്റെ റിപ്പോര്‍ട്ടാണ് അവരതിന് തെളിവായി ഉദ്ധരിക്കുന്നത്.

ഒന്നാമതായി ആര്‍എസ്എസിന് ഔദ്യോഗിക മെമ്പര്‍ഷിപ് സംവിധാനമുണ്ടായിരുന്നി്‌ല്ലെന്ന് ഓര്‍ക്കുക. അതിന്റെ മീറ്റിങുകളില്‍ പങ്കെടുക്കുകയും ആ വിശ്വാസമുറപ്പിക്കുകയും ചെയ്യുന്നവരൊക്കെയും അതില്‍ അംഗങ്ങളായിരുന്നു. ഗോദ്‌സെ ആര്‍എസ്എസില്‍ ചേര്‍ന്നിരുന്നുവെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സംഘന തന്നെയും അയാള്‍ അവരുടെ അംഗമായിരുന്നെന്ന് സമ്മതിക്കുന്നുണ്ട്. ഹിന്ദുവിന്റെ സര്‍വ്വാധിപത്യമെന്ന ആര്‍എസ്എസിന്റെ വിശ്വാസവും അദ്ദേഹം പങ്കുവെച്ചിരുന്നുവെന്ന കാര്യത്തിലും തര്‍ക്കമില്ല. ഗോദ്‌സെ ആര്‍എസ്എസ് വിട്ടുവെന്നത് മാത്രമാണ് ആര്‍എസ്എസിന് ചെയ്യാനുണ്ടായിരുന്നത്. അദ്ദേഹമങ്ങനെ ചെയ്തുവെന്ന് തെളിയിക്കാന്‍ ഇന്നേവരെ സംഘടന യാതൊന്നും ചെയ്തിട്ടില്ല.

മഹാത്മാ ഗാന്ധിയുടെ വധത്തിനുമുമ്പ് തന്നെ ആര്‍എസ്എസിനെ നിരോധിക്കേണ്ടിയിരുന്നുവെന്ന് ചിന്തിച്ചിരുന്ന ഒരാളുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് ജീവന്‍ ലാല്‍ കപൂര്‍ കമ്മീഷന്‍ ആര്‍എസ്എസിനെ കുറ്റത്തില്‍ നിന്നും മോചിപ്പിക്കുന്നത്. മഹാത്മ ഗാന്ധിയെ നിഷ്‌കാസനം ചെയ്യുന്നതിലൂടെ ഹിന്ദുരാജിന്റെ സംവത്സരം കൊണ്ടുവരുമെന്ന് വിശ്വസിപ്പിക്കുന്ന തരത്തിലുള്ള സാഹചര്യങ്ങള്‍ ആര്‍എസ്എസും തീവ്ര ഹിന്ദുമഹാ സഭ നേതാക്കളും സൃഷ്ടിച്ചു, എന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് പറഞ്ഞത്.

ന്യായമായ സംശയമെന്നതിലപ്പുറം കുറ്റത്തില്‍ ആര്‍എസ്എസിന് പങ്കില്ലെന്ന് കപൂര്‍ കമ്മീഷന്‍ തീര്‍പ്പിലെത്തിയത് തെളിവുകള്‍ പുറത്താവുന്നതിനും മുമ്പുതന്നെ അന്വേഷണം അവസാനിപ്പിച്ചതുകൊണ്ടാണ്.

1990കളില്‍ മാത്രമാണ് ആര്‍എസ്എസും ഗോദ്‌സെയും തമ്മിലുള്ള ബന്ധത്തിനുള്ള തെളിവുകള്‍ പുറത്തറിയുന്നത്. 1994ല്‍ നാഥുറാം ഗോദ്‌സെയുടെ ഇളയസഹോദരനും കൊലപാതക ആസൂത്രണത്തില്‍ പങ്കാളിയുമായിരുന്ന ഗോപാല്‍ ഗോദ്‌സെയാണ് ആര്‍എസ്എസിനെ സംരക്ഷിക്കുന്നതില്‍ തന്റെ ജ്യേഷ്ഠന്‍ ബദ്ധശ്രദ്ധനായിരുന്നെന്ന് ലോകത്തെ അറിയിക്കുന്നത്. ആര്‍എസ്എസ് ഞങ്ങള്‍ക്ക് കുടുംബം പോലെയായിരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്. ‘തന്റെ മൊഴിയില്‍ ആര്‍എസ്എസ് വിട്ടുവെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹമത് പറയാന്‍ കാരണം, ഗാന്ധിവധത്തെ തുടര്‍ന്ന് ആര്‍എസ്എസ് വളരെയേറെ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചിരുന്നത് കൊണ്ടാണ്. എന്നാല്‍ അദ്ദേഹം ആര്‍എസ്എസ് വിട്ടിരുന്നില്ല’. ആര്‍എസ്എസുമായി തന്റെ ജ്യേഷ്ഠനുണ്ടായിരുന്ന അഭേദ്യമായ ബന്ധത്തെ സംശയിക്കുന്നവരുടെ വിഡ്ഢിത്തത്തെ അദ്ദേഹം അപലപിച്ചു. ഗോപാല്‍ ഗോദ്‌സെയുടെ വാക്കുകളെ ശരിവെക്കുന്നതാണ് ആര്‍എസ്എസ് അനുകൂലിയായ പണ്ഡിതന്‍ ഡോ. കൊയെന്റാഡ് എല്‍സിന്റെ വാദങ്ങളും. ഗാന്ധിയും ഗോദ്‌സെയും എന്ന 2001ല്‍ ഇറങ്ങിയ പുസ്തകത്തില്‍ അദ്ദേഹമെഴുതിയതിങ്ങനെ: ‘ആര്‍എസ്എസും താനും തമ്മില്‍ ബന്ധമൊന്നുമില്ലെന്ന് വരുത്തിതീര്‍ക്കുന്നതില്‍ നാഥുറാം ജാഗ്രതകാണിച്ചു. ഗാന്ധിവധത്തിനുശേഷമുള്ള നാളുകളില്‍ സംഘടനക്ക് കുഴപ്പങ്ങളുണ്ടാവാതിരിക്കാന്‍ വേണ്ടി മാത്രമായിരുന്നു അത്.’

രാഷ്ട്രീയപരമായി മുന്നേറുകയും ഹൈന്ദവതക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന ആര്‍എസ്എസ് ചില ചോദ്യങ്ങളെ നേരിടേണ്ട സാഹചര്യമാണിന്നുള്ളത്. എന്നാല്‍ സംഘടനയുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങുകയെന്നാല്‍ ഇന്ത്യയുടെ അഥവാ ഗാന്ധിയുടെ പൈതൃകം കൈയ്യൊഴിയുകയെന്നാണര്‍ത്ഥം. പുതിയ തെളിവിന്റെ വെളിച്ചത്തില്‍ കാലഹരണപ്പെട്ടുപോയ പഴയ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകളുടെ മറവില്‍ ഇനിയും കഴിഞ്ഞുകൂടാന്‍ ആര്‍എസ്എസിനാവില്ല. ജസ്റ്റിസ് ജീവന്‍ ലാല്‍ കപൂറിന്റെ നേതൃത്വത്തിലുണ്ടാക്കിയതുപോലുള്ള ഒരു കമ്മീഷന് ഇന്ന് രൂപം നല്‍കുകയാണെങ്കില്‍ സംശയങ്ങള്‍ക്കതീതമായി ആര്‍എസ്എസിന് ഗാന്ധിവധത്തിലുള്ള പങ്ക് തെളിയിക്കാന്‍ ആ കമ്മീഷന് സാധിക്കുമെന്നതില്‍ യാതൊരു സംശയവും വേണ്ട.
(സുപ്രീം കോടതി അഭിഭാഷകനാണ് കരം കോമിറെഡ്ഢി)

മൊഴിമാറ്റം: മുഹമ്മദ് അനീസ്

Related Articles