Current Date

Search
Close this search box.
Search
Close this search box.

ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഇസ്‌ലാം നേരിടുന്നത്

anti-islam.jpg

ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി ലോകമുസ്‌ലിംകള്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഇസ്‌ലാമിക ലോകത്തെ നേതാക്കള്‍ ഇസ്തംബൂളില്‍ വെച്ച് ഒരു യോഗം ചേരാനിരിക്കുകയാണ്. പ്രവാചകന്‍ മുഹമ്മദ്(സ)യുടെ മരണം മുതല്‍ക്ക് തന്നെ ചരിത്രത്തില്‍ ഇസ്‌ലാം അനവധി നിരവധി വെല്ലുവിളികള്‍ നേരിട്ടുണ്ട്. എന്നാല്‍ ഇന്ന് നമ്മുടെ മതം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്ര അശുഭകരവും വിനാശകരവുമായ വെല്ലുവിളി മുമ്പെങ്ങും ഉണ്ടായിട്ടില്ല.

കുരിശുയുദ്ധക്കാരും, നമ്മുടെ മേഖലയില്‍ അധിനിവേശ പടയോട്ടം നടത്തിയ മംഗോളുകളും ഇസ്‌ലാമിന് വലിയ വെല്ലുവിളി തന്നെയായിരുന്നു. ഓരോ തവണയും ഇസ്‌ലാമിക ലോകം ഈ ആക്രമണങ്ങളെ തരണം ചെയ്തപ്പോഴെല്ലാം, ഇസ്‌ലാം മുസ്‌ലിം ജനസാമാന്യത്തിന്റെ മനസ്സില്‍ വളര്‍ത്തിയെടുത്ത ആഴമേറിയ വിവേകത്തിനാണ് നന്ദി പറഞ്ഞത്.

പക്ഷെ, ഇന്ന് നാം അഭിമുഖീകരിക്കുന്ന വെല്ലുവിളി അത്യധികം അപകടകരവും, വിനാശകരവുമാണ്. ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്താന്‍ പാശ്ചാത്യലോകം ഒരുക്കിയ ദുഷ്ടലാക്കോടെയുളള പദ്ധതിക്ക് വേണ്ടി മുസ്‌ലിംകള്‍ ഉപയോഗിക്കപ്പെടുന്ന കാഴ്ച്ചയാണ് നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ഇസ്‌ലാമിക ഭൂപ്രദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിംകളെ കൂട്ടകശാപ്പ് ചെയ്യാന്‍ മുസ്‌ലിംകള്‍ തന്നെയാണ് ഉപയോഗിക്കപ്പെടുന്നത്. ദാഇശ് പോലെയുള്ള ഭീകരവാദ സംഘങ്ങളുടെ കൈകളാല്‍ ഇസ്‌ലാമിന്റെ സല്‍പ്പേരിന് കളങ്കമേറ്റു കൊണ്ടിരിക്കുകയാണ്.

ഇസ്‌ലാമോഫോബിയ അതിന്റെ ഉച്ചിയില്‍ എത്തി നില്‍ക്കുന്ന ഇടങ്ങളായ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ ഇസ്‌ലാം വിരുദ്ധ വികാരങ്ങള്‍ ഉത്തേജിപ്പിക്കാനായി ദാഇശ്, അല്‍ഖാഇദ തുടങ്ങിയ സംഘങ്ങളെയാണ് സമര്‍ഥമായി ചൂഷണം ചെയ്യുന്നത്. ഇസ്‌ലാമോഫോബിയ ഇന്നൊരു വന്‍ വ്യവസായമായി മാറി കഴിഞ്ഞിട്ടുണ്ട്. ധാര്‍മികമായും ഭൗതികമായും ചിലര്‍ അതില്‍ നിന്നും വന്‍ലാഭങ്ങള്‍ കൊയ്യുന്നുമുണ്ട്. സമാധാനം, സുരക്ഷ, കരുണ, സഹാനുഭൂതി എന്നിവയുടെ മതമായ ഇസ്‌ലാം, ആക്രമത്തെയും ഹിംസയെയും പിന്തുണക്കുന്ന മതമായാണ് ചിത്രീകരിക്കപ്പെടുന്നത്.

ബാഗ്ദാദിന്റെയും ദമാസ്‌കസിന്റെയും തെരുവോരങ്ങളിലേക്ക് നോക്കുക.. യമന്‍, സൊമാലിയ, ലിബിയ, ഈജിപ്ത് തുടങ്ങി മറ്റനേകം ഇസ്‌ലാമിക ഭൂമികകളില്‍ അരങ്ങേറി കൊണ്ടിരിക്കുന്ന സംഭവവികാസങ്ങളിലേക്ക് ഒന്ന് കണ്ണയച്ച് നോക്കൂ.

മംഗോളിയന്‍ അധിനിവേശകരും, കുരിശ് യുദ്ധക്കാരും നാശം വിതച്ചതിനേക്കാള്‍ വിനാശകരമായ രീതിയില്‍, മുസ്‌ലിം സഹോദര്‍മാര്‍ക്കും സഹോദരിമാര്‍ക്കും എതിരെ മുസ്‌ലിം സഹോദരന്‍മാരെയും സഹോദരിമാരെയും ചില ശക്തികള്‍ ഉപയോഗിക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം ഇപ്പോഴാണോ ഇസ്‌ലാമിക ലോകത്തെ നേതാക്കള്‍ തിരിച്ചറിഞ്ഞത്.

വിശുദ്ധ ഖുര്‍ആന്റെയും പ്രവാചകന്‍ മുഹമ്മദ്(സ)യുടെയും അധ്യാപനങ്ങള്‍ കേലവം കഥകള്‍ മാത്രമല്ലെന്നും, കരുണാമയനില്‍ നിന്നുള്ള ദിവ്യവെളിപാടുകള്‍ നാം പരസ്പരം ആവര്‍ത്തിച്ചുണര്‍ത്തേണ്ടവയാണെന്നും, ആ അധ്യാപനങ്ങള്‍ നിര്‍ബന്ധമായും പ്രായോഗവല്‍ക്കരിക്കേണ്ടതുണ്ടെന്നും മുസ്‌ലിംകള്‍ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്നുവെച്ചാല്‍, ഒരാളെ കൊല്ലുന്നത് മൊത്തം മനുഷ്യകുലത്തെ തന്നെ കൊല്ലുന്നതിന് തുല്ല്യമാണെന്നും, ഒരു മനുഷ്യജീവനെ രക്ഷിക്കുന്നത് മൊത്തം മാനവകുലത്തെ രക്ഷിക്കുന്നതിന് തുല്ല്യമാണെന്നും മനസ്സിലാക്കുക.

സമ്പന്നമായ എണ്ണപ്പാടങ്ങളും, മറ്റു പ്രകൃതി വിഭവങ്ങളും നമുക്ക് ഇല്ലായെങ്കിലും, നമ്മുടെ കൈവശമുള്ള വിഭവങ്ങള്‍ ഉപയോഗപ്പെടുത്തി ആഫ്രിക്ക മുതല്‍ മധ്യേഷ്യ വരെ ലോകത്താകമാനം ഇസ്‌ലാമിക സന്ദേശം എത്തിക്കുക എന്ന ദൗത്യമാണ് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ കീഴില്‍ തുര്‍ക്കി എന്ന രാഷ്ട്രം ചെയ്തുകൊണ്ടിരിക്കുന്നത്. ലോകത്താകമാനം ഇസ്‌ലാമിന്റെ സല്‍പ്പേര് വ്യാപിപ്പിക്കുന്നതിന് വേണ്ടി പ്രസിഡന്റ് ഉര്‍ദുഗാനുമായി ചേര്‍ന്ന് പ്രൊഫസര്‍ ഡോ. മെഹ്മദ് ഗൊര്‍മെസിന്റെ കീഴിലുള്ള ‘ദി പ്രസിഡന്‍സി ഓഫ് റിലീജിയസ് അഫേഴ്‌സ്’ (ഡി.ഐ.ബി) പ്രവര്‍ത്തിച്ചിരുന്നു. അടുത്തകാലത്തായി അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണില്‍ ഉദ്ഘാടനം ചെയ്ത പ്രൗഢഗംഭീരമായ ഇസ്‌ലാമിക് സെന്റര്‍, പാശ്ചാത്യ നാഗരികതയുടെ ഹൃദയത്തിലെ ഇസ്‌ലാമിന്റെ സമാധാന സന്ദേശത്തിന്റെ അതിമഹത്തായ സ്മാരകം തന്നെയാണെന്ന് പറയാതെ വയ്യ.

ലോകജനതക്ക് യഥാര്‍ത്ഥ ഇസ്‌ലാമിക അധ്യാപനം നല്‍കുന്നതിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന തുര്‍ക്കിയുടെ പദ്ധതി, 2 മില്ല്യണിലധികം തുര്‍ക്ക് വംശജര്‍ ജീവിക്കുന്ന ജര്‍മനിയില്‍ വമ്പിച്ച വിജയം കൈവരിച്ചു കഴിഞ്ഞു. ഡി.ഐ.ബി-യുടെ കീഴില്‍ ജര്‍മനിയില്‍ തുര്‍ക്കി നടത്തി വരുന്ന മതപ്രഭാഷണങ്ങളും മറ്റു പരിപാടികളും, ദാഇശ് പോലെയുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ക്കുള്ള വിജയകരമായ മറുമരുന്ന് തന്നെയാണ്.

എവിടെ യഥാര്‍ത്ഥ ഇസ്‌ലാം പ്രോത്സാഹിപ്പിക്കപ്പെടുന്നുവോ അവിടങ്ങളില്‍ മതപരമായ സേവനങ്ങള്‍ ഇനിയും കൂടുതല്‍ നല്‍കേണ്ടതുണ്ട്. എന്തിനൊക്കെ വേണ്ടിയാണ് ഇസ്‌ലാം നിലകൊള്ളുന്നതെന്നും, എന്തിനെയൊക്കെയാണ് ഇസ്‌ലാം തള്ളി കളയുന്നതെന്നുമുള്ള പാഠങ്ങള്‍ നാം നമ്മുടെ സന്താനങ്ങള്‍ക്ക് പകര്‍ന്ന് നല്‍കേണ്ടത് അനിവാര്യമാണ്. അതിന് നമുക്ക് സാധിക്കുന്നില്ലെങ്കില്‍, ആധുനിക കുരിശുയുദ്ധക്കാര്‍ മെനഞ്ഞുണ്ടാക്കിയ ചതിക്കുഴികളില്‍ നാം വീണു കൊണ്ടേയിരിക്കും.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles