Current Date

Search
Close this search box.
Search
Close this search box.

ചരിത്രത്തിലെ ഇസ്താംബൂള്‍ നമുക്ക് വഴികാട്ടുന്നു

istambul3c.jpg

അവസാനമായി ഞാന്‍ ഇസ്താംബൂള്‍ സന്ദര്‍ശിക്കുന്നത് 2014 ബ്രസീല്‍ ലോകകപ്പിന്റെ സമയത്താണ്. ലോകകപ്പും റമദാന്‍ മാസവും ഒരുമിച്ചായിരുന്നു അന്ന്. അതുകൊണ്ടു തന്നെ ഒരുപാട് പേര്‍ നോമ്പുകാരായിരുന്നു. ഇസ്താംബൂളിന്റെ ഹൃദയഭാഗത്ത്, തഖ്‌സിം സ്‌ക്വയറിന് അടുത്തുള്ള ഒരു കഫേയില്‍ ഇരുന്നത് ജര്‍മനി ബ്രസീലിനെ തകര്‍ത്തെറിഞ്ഞ സെമിഫൈനല്‍ മത്സരം വീക്ഷിച്ചത് എന്റെ ഓര്‍മയിലുണ്ട്. അന്നെനിക്ക് ചുറ്റും കളികാണാന്‍ തുര്‍ക്കിഷ്, അറബ്, ജര്‍മന്‍, ഫ്രഞ്ച്, ബ്രസീലിയന്‍, ഇറാനിയന്‍, റഷ്യന്‍ ഫുട്ബാള്‍ ആരാധകരും ഉണ്ടായിരുന്നു.

സ്ത്രീകള്‍ക്ക് അവര്‍ക്കിഷ്ടമുള്ളത് പോലെ വസ്ത്രം ധരിക്കാവുന്ന, സ്വന്തം മാതൃരാജ്യത്തെ തെരുവുകളില്‍ ആരാലും നിയന്ത്രിക്കപ്പെടാതെ ഇഷ്ടംപോലെ സന്തോഷത്തോടെ കറങ്ങി നടക്കാവുന്ന ഒരു മുസ്‌ലിം പട്ടണത്തില്‍ ഇരിക്കുന്നത് വളരെയധികം സന്തോഷപ്രദാനം ചെയ്തിരുന്നു. യൂറോപ്യന്‍ സന്ദര്‍ശകര്‍ അറബ്, മുസ്‌ലിം ലോകത്ത് നിന്നെത്തിയവരുമായി തോളോട് തോള്‍ ചേര്‍ന്ന് നടക്കുന്ന കാഴ്ച്ചയാണ് അടുത്തത്. അന്തരീക്ഷത്തില്‍ തുര്‍ക്കിഷ് ഭാഷക്കൊപ്പം അറബിക്ക്, പേര്‍ഷ്യന്‍, ഇംഗ്ലിഷ്, ഫ്രഞ്ച്, ജര്‍മന്‍, റഷ്യന്‍ ഭാഷകളും അലയടിച്ചു. അതായിരുന്നു, അതാണ് യഥാര്‍ത്ഥ ഇസ്താംബൂള്‍.

പുതുവത്സര തലേന്ന് ബോസ്‌പൊറസ് സ്‌ട്രൈറ്റിന്റെ തീരത്തുള്ള റീനയിലെ നിശാക്ലബില്‍ നടന്ന ഭീകരാക്രമണം, ഓര്‍ലാണ്ടോ മുതല്‍ പാരിസ്, ബര്‍ലിന്‍, ദമസ്‌കസ്, ബാഗ്ദാദ്, കെയ്‌റൊ, പാകിസ്ഥാനപ്പുറം എന്നിവിടങ്ങളിലെ മനസ്സ് മരവിക്കുന്ന അക്രമസംഭവങ്ങളിലേക്ക് മനസ്സിനെ എടുത്തെറിഞ്ഞു.

എന്താണ് ഈ മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങള്‍ കൊണ്ട് യഥാര്‍ത്ഥത്തില്‍ അര്‍ത്ഥമാക്കുന്നത് എന്ന് ഒരുവേള നാം ചിന്തിച്ചേക്കാം. എന്താണവയുടെ പ്രസക്തി, അതിനെ എങ്ങിനെയാണ് നാം വായിക്കേണ്ടത്?

തങ്ങളുടെ തുര്‍ക്കിഷ് സുഹൃത്തുക്കളോടൊപ്പം ഒത്തുകൂടിയ അറബ് മുസ്‌ലിം ലോകത്ത് നിന്ന് വന്ന നിഷ്‌കളങ്കരായ യുവാക്കള്‍ അത്തരത്തിലുള്ള ക്രൂരമായ ആക്രമണത്തിന് ഇരയാവുന്നത് എന്തുകൊണ്ടാണ്?

‘അനുഗ്രഹിക്കപ്പെട്ട നീക്കങ്ങളുടെ തുടര്‍ച്ചയില്‍, തുര്‍ക്കി എന്ന കുരിശിന്റെ സംരക്ഷകര്‍ക്കെതിരെയാണ് ഇസ്‌ലാമിക് സ്റ്റേറ്റ് ആക്രമണം നടത്തുന്നത്,’ ഭീരുത്വം നിറഞ്ഞ ആ നടപടിയുടെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്. ‘ഖിലാഫത്തിന്റെ ഒരു ധീരപോരാളി, ക്രിസ്ത്യാനികളുടെ ആഘോഷപേക്കൂത്ത് നടന്നിരുന്ന പ്രശസ്തമായ നിശാക്ലബുകളില്‍ ഒന്ന് ആക്രമിച്ചിരിക്കുന്നു.’ ഐ.എസ് കൂട്ടിച്ചേര്‍ത്തു.

തികഞ്ഞ അസംബന്ധം നിറഞ്ഞ ഈ പ്രസ്താവന ചിലപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഐ.എസ് തന്നെയാണ് ഈ ആക്രമണം നടത്തിയത് എന്നതിലേക്കുള്ള സൂചന നല്‍കുന്നുണ്ടായിരിക്കാം. പക്ഷെ ചോദ്യം ഇതാണ്: ഈ അസംബന്ധം കൊണ്ട് എന്താണ് ലക്ഷ്യം വെക്കുന്നത്? അത് എതിര്‍ക്കുന്നത് എന്തിനെയാണ്? എന്ത് തരത്തിലുള്ള വികാരത്തെ ഇളക്കിവിടാനാണ് അത് ആഗ്രഹിക്കുന്നത്?

ഉത്തരം കിടക്കുന്നത് പ്രസ്തുത ആക്രമണം നടന്ന സ്ഥലത്തിലും, സമയത്തിലുമാണ്. ക്രിസ്ത്യന്‍ കലണ്ടര്‍ പ്രകാരം പുതുവത്സരം ആഘോഷിക്കാന്‍ ലോകത്തിന്റെ നാനാഭാഗത്തു നിന്നുള്ള യുവാക്കളുടെ ഒരു സംഘം ഒത്തുകൂടിയ ഒരു നിശാക്ലബ്.

ആക്രമണത്തിന് പിന്നില്‍ ആരായിരുന്നാലും ശരി, ഇന്ന് ഇസ്താംബൂളില്‍ ഒരുപാട് തരത്തില്‍ പ്രതിനിധീകരിക്കപ്പെടുന്ന മുസ്‌ലിം രാജ്യങ്ങളുടെ യഥാര്‍ത്ഥ ബഹുസ്വരതയുടെയും, സാംസ്‌കാരിക സഹിഷ്ണുതയുടെയും മേലുള്ള ആക്രമണമായിരുന്നു അത്.

തുര്‍ക്കിയിലെ പുതുതലമുറയുടെയും, അവരുടെ ലോകത്താകമാനമുള്ള സുഹൃത്തുക്കളുടെയും പ്രതിനിധികളായിരുന്നു ആ നിശാക്ലബിലുണ്ടായിരുന്ന യുവാക്കള്‍. ഇന്നത്തെ സാഹചര്യത്തില്‍ നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്ന ‘സെക്കുലര്‍’, ‘വെസ്റ്റേണൈസ്ഡ്’ എന്നീ സംജ്ഞങ്ങള്‍ വളരെയധികം വളച്ചൊടിക്കപ്പെടുകയും, തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അത്തരം ക്ലബുകള്‍, കഫേകള്‍, മാര്‍ക്കറ്റുകള്‍, ബുക്ക്‌സ്റ്റോറുകള്‍, സിനിമ തിയ്യേറ്ററുകള്‍, ഒപേറ ഹൗസുകള്‍ എന്നിവയെല്ലാം സജീവമായ നാഗരികജീവിതത്തിന്റെ അടയാളങ്ങളാണ്. അവയില്ലാതെ ഇസ്താംബൂള്‍ അപൂര്‍ണ്ണമാണ്.

ഏതെങ്കിലും മുസ്‌ലിം രാജ്യത്ത് ക്രിസ്ത്യന്‍ കലണ്ടര്‍ അനുസരിച്ച് പുതുവത്സരം ആഘോഷിക്കുന്നതിനോ, ക്രിസ്തുമസ് ആഘോഷിക്കുന്നതിനോ ഒരു കുഴപ്പവുമില്ലെന്ന് കാണാം. ഫലസ്തീനാണ് ക്രിസ്ത്യാനിറ്റിയുടെ ജന്മസ്ഥലം, അവിടെ തന്നെയാണ് ഇസ്‌ലാമിന്റെയും ജൂതമതത്തിന്റെയും പുണ്യസ്ഥലങ്ങള്‍ സ്ഥിതിചെയ്യുന്നത്.

ഐ.എസ് സ്വയം വിളിക്കുന്ന ഈ പടപ്പുകളും അവരെ അനുകൂലിക്കുന്നവരും കേവലം അക്രമികള്‍ മാത്രമല്ല, മറിച്ച് അവര്‍ അജ്ഞതയുടെ പടുകുഴിയില്‍ ആണ്ടുപോയവരും കൂടിയാണ്. ജൂത, ക്രിസ്ത്യന്‍, സൊരാഷ്ട്രിയന്‍, ഹിന്ദു, ബുദ്ധ തുടങ്ങി എല്ലാ സമുദായങ്ങളും വളരെ സജീവമായി ജീവിക്കുന്നവയാണ് മുസ്‌ലിം രാഷ്ട്രങ്ങള്‍. അബ്ബാസികള്‍ മുതല്‍ സല്‍ജൂക്കുകളും, ഉസ്മാനിയക്കാരും വരെ, സഫവിദുകളും, മുഗളന്‍മാരും വരെയുള്ള എല്ലാ മുസ്‌ലിം സാമ്രാജ്യങ്ങളിലും ഈ സമുദായങ്ങളുമായി വളരെ സഹിഷ്ണുതയോടെയാണ് മുസ്‌ലിംകള്‍ ജീവിച്ചത്. ഇത്തരമൊരു ബഹുസാംസ്‌കാരിക സാമ്രാജ്യത്തിന് എങ്ങനെയാണ് ഒരു കൂട്ടം മതഭ്രാന്തന്‍മാരുടെ സങ്കുചിതവീക്ഷണത്തിലേക്ക് ചുരുങ്ങാന്‍ സാധിക്കുക.?

ഭീകരാക്രമണത്തിന്റെ ഇരകളെ ‘വിദേശികള്‍’ എന്ന് വിശേഷിപ്പിക്കുന്നത് പതിവാണ്. ഇന്ത്യ മുതല്‍ മൊറോക്കെ വരെയുള്ള രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ തന്നെയായിരിക്കാം അവര്‍. പക്ഷെ ഇസ്താംബൂളില്‍ അവര്‍ ‘വിദേശികള്‍’ ആയിരുന്നില്ല. ഇസ്താംബൂള്‍ അവരുടെ വീട് തന്നെയായിരുന്നു. ഏത് സാംസ്‌കാരിക, സാമൂഹിക പരിസരത്ത് നിന്ന് വരുന്ന മനുഷ്യനെയും ഇസ്താംബൂള്‍ സ്വീകരിക്കും.

ഇന്ന് നാം ഇസ്താംബൂളില്‍ കാണുന്നതൊന്നും തന്നെ അവിചാരിതമായി സംഭവിച്ചതല്ല. അവയൊന്നും ഇസ്താംബൂളിന്റെ ‘പാശ്ചാത്യവത്കരണത്തിന്റെയും’ ‘സെക്കുലറിസത്തിന്റെയും’ അടയാളങ്ങളുമല്ല. അവയെല്ലാം അങ്ങനെയാണെന്ന് പറയുന്നത്, ഇസ്‌ലാമിന്റെ സാമൂഹിക-ബൗദ്ധിക ചരിത്രത്തെ കുറിച്ചുള്ള വിവരമില്ലായ്മയും, വൃത്തിക്കെട്ട ഒറിയന്റലിസ്റ്റ് അസംബന്ധവുമാണ്.

ആഴത്തില്‍ വേരോടി കിടക്കുന്ന, വിശാലാര്‍ത്ഥത്തില്‍ ബഹുസ്വരമായിരുന്ന, ഉസ്മാനിയ പാരമ്പര്യത്തില്‍ നിന്നുള്ള ഇസ്താംബൂളിന്റെ കൊളോനിയലാനന്തര സ്വഭാവിക സമ്പൂര്‍ണ്ണ വളര്‍ച്ചയാണിത്. ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്നുള്ള കലാകാരന്‍മാര്‍, സാഹിത്യകാരന്‍മാര്‍, ബുദ്ധിജീവികള്‍, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഇസ്താംബൂള്‍ എല്ലായപ്പോഴും സ്വാഗതം ചെയ്യുന്നു.

ഇന്ന് തുര്‍ക്കിഷ് സമൂഹത്തിനുള്ളില്‍ നിന്ന് പോലും അസഹിഷ്ണുതയുടെ ശബ്ദങ്ങള്‍ നാം കേള്‍ക്കുന്നു. ചരിത്രത്തിലുടനീളം വ്യത്യസ്ത സമുദായങ്ങളില്‍ നിന്നുള്ള എല്ലാവര്‍ക്കും എങ്ങനെയാണ് ഇസ്താംബൂള്‍ സ്വാഗതമരുളിയത്? കാരണം, യൂറോപ്യന്‍ സാമ്രാജ്യത്വവുമായി ഏറ്റുമുട്ടുന്നത് വരേക്കും, ബഹുസാംസ്‌കാരിക സംസ്‌കാരത്തിന്റെ മികച്ച മാതൃകയായിരുന്നു ഇസ്താംബൂള്‍.

മുസ്‌ലിംകള്‍ ക്രിസ്ത്യാനികളുടെയോ ജൂതന്മാരുടെയോ ശത്രുവല്ല, ക്രിസ്ത്യാനികളും, ജൂതന്മാരും മുസ്‌ലിംകളുടെയും ശുത്രുവല്ല. പരമാധികാരം നേടുന്നതിന് വേണ്ടിയുള്ള ഭരണകൂടങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളാണ് യഥാര്‍ത്ഥത്തില്‍ നടന്നിട്ടുള്ളത്.

തുര്‍ക്കികകത്തും പുറത്തുമുള്ള എല്ലാ തീവ്രവാദശക്തികള്‍ക്കെതിരെയും സഹിഷ്ണുതയുടെയും, ബഹുസ്വരതയുടെയും മഹത്തായ ഇസ്താബൂള്‍ ബഹുസാംസ്‌കാരിക നാഗരികത വിജയം നേടുക തന്നെ ചെയ്യും. നമ്മുടെ ഭൂതകാലത്തിന്റെ അടയാളമാണ് ഇസ്താംബൂള്‍. ഭാവിയിലേക്കുള്ള പാതയില്‍ അത് നമുക്കായി വെളിച്ചം വീശും.

കടപ്പാട്: aljazeera
മൊഴിമാറ്റം: irshad shariathi

Related Articles