Current Date

Search
Close this search box.
Search
Close this search box.

ഗ്രാമസ്വരാജില്‍ നിന്നും ഡിജിറ്റല്‍ ഇന്ത്യയിലേക്ക്

ഇന്ത്യയുടെ വികസനം ഗ്രാമങ്ങളിലുടെ എന്ന് പറഞ്ഞത് രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി. ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് 69 വര്‍ഷം പിന്നിടുമ്പോള്‍ രാജ്യത്തിന്റെ ഉന്നതങ്ങളില്‍ ഗാന്ധി ഘാതകര്‍ അധികാരം കയ്യാളുമ്പോള്‍. ആഗോളവല്‍കരണത്തിന്റെയും ആധുനിക സാങ്കേതിക വിദ്യകളുടെയും കാലത്ത് ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയെന്ന വികസ്വര രാജ്യത്തിന് ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഗാന്ധിയന്‍ വികസനമെന്നത് പ്രായോഗികമല്ലെന്നാണ് പ്രധാനമന്ത്രി Digital Indiaയിലുടെ പറയുന്നത്.

കഴിഞ്ഞ ദിവസം അമേരിക്ക സന്ദര്‍ശിച്ച പ്രധാനമന്ത്രി മോദി പ്രേഖ്യാപിച്ച Digital India എന്ന പദ്ധതിയും, ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളേയും ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കും എന്നും പരാമര്‍ശവും ശ്രദ്ധേയമാണ്. ഇന്ത്യന്‍ സാമൂഹികാവസ്ഥ പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാകുന്ന ഒന്നാണ് ഇന്ത്യ അടിസ്ഥാനപരമായി ഒരു പട്ടിണി രാജ്യമാണെന്നുള്ളത്. ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുടെ പട്ടിക തയാറാക്കുന്നതില്‍ കടുത്ത അനീതിയും അന്തക്കേടും നിലനില്‍ക്കുമ്പോള്‍ പോലും 35 ശതമാനത്തിലധികം ജനങ്ങള്‍ പട്ടിണിപ്പാവങ്ങളാണെന്ന് സമ്മതിക്കേണ്ടിവരുന്നു. 80 ശതമാനത്തിലധികം ജനങ്ങളുടെ പ്രതിദിന വരുമാനം 20 രൂപയില്‍ താഴെയാണെന്ന ഞെട്ടിക്കുന്ന കണക്ക് പുറത്തുവന്നിട്ട് അധികമായിട്ടില്ല. ഭക്ഷണവും കുടിവെള്ളവും നിഷേധിക്കപ്പെട്ട, റോഡും വെളിച്ചവുമെത്താത്ത, വിദ്യാഭ്യാസആരോഗ്യ സൗകര്യങ്ങള്‍ പേരിന് പോലുമില്ലാത്ത, അന്തിയുറങ്ങാന്‍ കൂരയും മരിച്ചാല്‍ മറവ് ചെയ്യാന്‍ ഒരു തുണ്ട് ഭൂമിയുമില്ലാത്ത ജനലക്ഷങ്ങള്‍ ജീവിക്കുന്ന രാജ്യമാണ് നമ്മുടേത്. ഇതെല്ലാം അംഗീകരിച്ചായിരിക്കണം നമ്മുടെ രാജ്യത്തിന്റെവികസന രീതി തിട്ടപ്പെടുത്താന്‍. പക്ഷേ, സംഭവിക്കുന്നത് മറിച്ചാണ്. ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണ്. ഗ്രാമീണ ജനതയുടെ ജീവിത പ്രശ്‌നങ്ങള്‍ പരിഹരിച്ച് വേണം രാജ്യത്തിന്റെ വികസനം ഉറപ്പ് വരുത്താനെന്ന ഗാന്ധിയന്‍ തിയറിക്ക് പുല്ലുവില പോലും കല്‍പിക്കുന്നില്ല. ഗാന്ധിയന്‍ രാഷ്ട്രീയത്തിന്റെ പാരമ്പര്യത്തില്‍ അഭിരമിക്കുന്നവരും വര്‍ഗരാഷ്ട്രീയമെന്ന ചീട്ടു കൊട്ടാരത്തിന്റെ പുറത്തിറങ്ങാന്‍ മടിക്കുന്നവരും ഒരുപോലെ പ്രതികളാണിതില്‍. ‘ഗ്രാമ സ്വരാജ്’ ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഗാന്ധിജി പകര്‍ന്നു നല്‍കിയ വിപ്ലവ മുദ്രാവാക്യമാണ്. പക്ഷേ, അര്‍ഹിക്കുന്ന ഗൗരവത്തോടെ ഗ്രാമങ്ങളുടെ സ്വാശ്രയത്വം ഉറപ്പ് വരുത്തുന്ന ഭരണരാഷ്ട്രീയ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കാന്‍ ഭരണകര്‍ത്താുക്കള്‍ക്ക് ആയില്ലെന്നത് നേര്. അല്ലെങ്കില്‍ അതില്‍ അവര്‍ക്ക് താല്‍പര്യമില്ല.

അധികാരം അലങ്കാരമോ പണം സമ്പാദിക്കാനുള്ള കുറുക്കുവഴിയോ അല്ലെന്ന് സ്വജീവിതത്തിലൂടെ പകര്‍ന്നു നല്‍കിയ രാഷ്ട്ര നേതാവാണ് ഗാന്ധിജി. എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശമെന്ന് നിരന്തരം ഓര്‍മപ്പെടുത്തിയ അദ്ദേഹത്തിന്റെ ആശയ സമാഹാരങ്ങളില്‍ ഏറെ പരിഗണനയര്‍ഹിക്കുന്ന ഒന്നാണ് അധികാര വികേന്ദ്രീകരണമെന്ന തത്വം. അധികാരം എന്നും ചെറു ന്യൂനപക്ഷത്തിന്റെ കരങ്ങളില്‍ ഒതുങ്ങേണ്ടതല്ലെന്നും താഴേ തട്ടിലുള്ള ജനങ്ങളിലേക്ക് കൂടി അത് പ്രസരിക്കേണ്ടതുണ്ടെന്നും ഭരണ നിര്‍വഹണത്തില്‍ അവരെ കൂടി പങ്കാളികളാക്കണമെന്നുമായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്.

ഒരു ദിവസം 7000 ആളുകളും ഒരു വര്‍ഷം 25 ലക്ഷം ആളുകളും വിശപ്പ് മൂലം ഇന്ത്യയില്‍ മരിക്കുന്നുവെന്ന് കണക്കുകള്‍ പറയുന്നു. ഈ ദരിദ്ര ഇന്ത്യയെയാണ് നരേന്ദ്ര മോദി Digital India യിലൂടെ വികസിപ്പിക്കാന്‍ പോവുന്നത്.

2013 മെയ് 30 നു നടന്ന പാന്‍ ഐ.ഐ.എം വേള്‍ഡ് മാനേജ്‌മെന്റ് കോണ്‍ഫ്രന്‍സില്‍ അധ്യക്ഷ പ്രസംഗം നടത്തിയ ശശി തരൂരിന്റെ പരാമര്ശം നാം ഓര്‍ക്കേണ്ടതുണ്ട്. ഗാന്ധിയുടെ ഗ്രാമസ്വരാജ് എന്ന ആശയം അപ്രായോഗികമെന്ന് കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പ് മന്ത്രിയായിരുന്ന ശശി തരൂര്‍ അന്ന് അഭിപ്രായപെട്ടത്. അന്ന് ശശി തരൂര്‍ പറഞ്ഞതിനെ പ്രാവര്‍ത്തികമാക്കുകയാണ് മോദിയിന്ന് ചെയ്യുന്നത്.

Related Articles