Current Date

Search
Close this search box.
Search
Close this search box.

ഗോഹത്യ പുണ്യമായവരും പാപമായവരും

മഹാരാഷ്ട്രയില്‍ ഗോവധം നിരോധിച്ചതും രാജ്യമൊട്ടാകെ അത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതുമായ വാര്‍ത്ത വലിയ ചര്‍ച്ചയായി മാറിയിക്കുകയാണ്. ഇതൊരു വര്‍ഗീയ തീരുമാനമല്ലെന്ന് അതിന്റെ വക്താക്കള്‍ നിരന്തരം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും വര്‍ഗീയമായി ജനങ്ങളെ ചേരിതിരിക്കുക എന്നതല്ലാത്ത മറ്റൊരു ഉദ്ദേശ്യവും ഇതിന് പിന്നില്‍ കാണാനാവുന്നില്ല. നമ്മുടെ കാര്‍ഷിക സംസ്‌കാരത്തിന്റെ ഭാഗമാണ് കാലിവളര്‍ത്തല്‍ അതുകൊണ്ട് കാലികളെ കശാപ്പ് ചെയ്യുന്നത് കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്നൊക്കെ വാദിക്കുന്നവരെ നമുക്ക് കാണാം. എന്നാല്‍ ഈ യന്ത്രവല്‍കൃത ലോകത്ത് കാലികളെ എത്രത്തോളം കാര്‍ഷിക മേഖലയില്‍ ഉപയോഗിക്കുന്നുണ്ടെന്നതും അത് എത്രത്തോളം ലാഭകരമാണെന്നതും ആലോചനാ വിധേയമാക്കേണ്ടതാണ്.

രാജ്യത്തെ ബഹൂഭൂരിപക്ഷവും ഗോക്കളെ ആദരവോടെയാണ് കാണുന്നതെന്നും അതുകൊണ്ട് അവരുടെ വികാരം മാനിച്ച് ഗോഹത്യ നിരോധിക്കുന്നുവെന്നുമാണ് മറ്റൊരു വാദം. എന്നാല്‍ ഈ വാദത്തില്‍ എത്രത്തോളം കഴമ്പുണ്ടെന്നതാണ് അന്വേഷിക്കേണ്ടത്. ഗോഹത്യയുടെ പേരിലുള്ള വിവാദം പുതിയ ഒന്നല്ലെന്നാണ് നാം മനസ്സിലാക്കേണ്ടത്. അതിന്റെ പേരില്‍ രാജ്യത്ത് നിരവധി സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനെ തുടര്‍ന്നാണ് പല സംസ്ഥാനങ്ങളിലും ഗോഹത്യക്ക് നിരോധനം വന്നതും. പില്‍ക്കാല ഹിന്ദുക്കളുടെ ആചാരങ്ങളും സാമൂഹികാനുഷ്ഠാനങ്ങളും പ്രാചീന ആര്യന്‍മാരുടേതുമായി തട്ടിച്ചുനോക്കുന്നയാളിന് ഒരു സാമൂഹിക വിപ്ലവത്തോളം പോന്ന ബൃഹത്തായ പരിവര്‍ത്തനം ദൃശ്യമാകുമെന്ന് നമ്മുടെ ഭരണഘടനാ ശില്‍പിയായ ഡോ. അംബേദ്കര്‍ പറയുന്നുണ്ട്. (ഡോ. അംബേദ്കര്‍ സമ്പൂര്‍ണകൃതികള്‍, വാള്യം 8, അഹിംസയുടെ പ്രഹേളിക) ഭക്ഷണ ശീലത്തിലാണ് ഏറ്റവും വലിയ മാറ്റമുണ്ടായതെന്ന് അതിലദ്ദേഹം വിവരിക്കുന്നു. ഇന്നത്തെ ഹിന്ദുക്കളുടെ പൂര്‍വസൂരികളായ പ്രാചീന ആര്യന്‍മാര്‍ ഇറച്ചി കഴിക്കുന്നവരാണെന്ന് മാത്രമല്ല, മാട്ടിറച്ചി കഴിക്കുന്നവര്‍ കൂടിയായിരുന്നു എന്ന വാദത്തെ ശക്തിപ്പെടുത്തുന്ന തെളിവുകളും അദ്ദേഹം നിരത്തുന്നുണ്ട്. പ്രാചീന ആര്യന്‍മാര്‍ക്കിടയില്‍ വിരുന്നുകാരനു നല്‍കേണ്ട സ്വീകരണത്തിന് സുവ്യവസ്ഥിതമായ നടപടിക്രമങ്ങളുണ്ടായിരുന്നു. മധുപര്‍ക്കം എന്നറിയപ്പെടുന്ന പ്രസ്തുത സ്വീകരണത്തെ കുറിച്ച് ഗൃഹ്യസൂത്രങ്ങള്‍ വിവരിക്കുന്നുണ്ട്. ഒരാളുടെ കയ്യിലേക്ക് മധു ഒഴിച്ചു കൊടുക്കുന്ന ചടങ്ങായിരുന്നു തുടക്കത്തില്‍ മധുപര്‍ക്കം. പിന്നീടതിന്റെ ഘടകങ്ങള്‍ ഏറുകയും മാനവഗൃഹ്യസൂത്രത്തിന്റെ കാലമെത്തിയപ്പോള്‍ മാംസമില്ലാതെ മധുപര്‍ക്കം പാടില്ലെന്ന അവസ്ഥയിലെത്തി. അതിന് പശു ലഭ്യമല്ലെങ്കില്‍ ആട്ടിറച്ചിയോ പാല്‍പായസമോ സമര്‍പ്പിക്കണമെന്നാണ് അത് പറയുന്നത്. ഇങ്ങനെ മാംസം മധുപര്‍ക്കത്തിന്റെ ഏറ്റവും അത്യാവശ്യ ഘടമമായി തീര്‍ന്നെന്നാണ് അംബേദ്കര്‍ അതില്‍ സമര്‍ഥിക്കുന്നത്.

ഗോവധ നിരോധനം വിശ്വാസപരമായ ഒരു കാര്യമല്ലെന്നും അതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ അജണ്ടകളും താല്‍പര്യങ്ങളുമുണ്ടെന്നുമാണ് തെളിവുകള്‍ വ്യക്തമാക്കുന്നത്. വര്‍ഗീയമായി ആളുകളെ എങ്ങനെ സംഘടിപ്പിക്കാം എന്ന അജണ്ടയുടെ ഭാഗമായിട്ടാണിതിനെയും കാണേണ്ടത്. ഭൂരിഭാഗം വരുന്ന ഹിന്ദുക്കള്‍ ഗോമാംസം ഭക്ഷിക്കാത്തവരാണെന്നും അതിന്റെ ഗുണഭോക്താക്കളും ഉപയോക്താക്കളും മുസ്‌ലിംകളടക്കുമുള്ള ന്യൂനപക്ഷമാണെന്നുമുള്ള പ്രചരണമാണ് ഇതിന് പിന്നില്‍ ശക്തിപ്പെടുന്നത്. നമ്മുടെ രാജ്യത്ത് ഗോഹത്യ പാപമായി കരുതുന്നവരും, അത് പുണ്യമായി കരുതുന്നവരും ഉണ്ടെന്ന് ഒരു ചാനല്‍ ചര്‍ച്ചയില്‍ ഗോവധ നിരോധനത്തെ അനുകൂലിക്കുന്ന ബി.ജെ.പി പ്രതിനിധി പറഞ്ഞത് ആരെയാണ് ഉദ്ദേശിച്ചതെന്ന് വളരെ വ്യക്തമാണ്. മുസ്‌ലിംകളെ സംബന്ധിച്ചടത്തോളം മാടുകളെ അറുക്കല്‍ ഒരു പുണ്യകര്‍മമായിട്ടാണ് പലരും മനസ്സിലാക്കുന്നതും പ്രചരിപ്പിക്കുന്നതും. പെരുന്നാളുകള്‍ക്കും കുഞ്ഞ് ജനിക്കുമ്പോഴുമെല്ലാം മുസ്‌ലിംകള്‍ സാധാരണ അറുക്കുന്നത് മാടുകളെയായതായിരിക്കാം അതിന് കാരണം. എന്നാല്‍ പശുവിനെയോ കാളയെയോ അറുക്കുന്നതിന് ഇസ്‌ലാം പ്രത്യേകമായ ഒരു പുണ്യവും കല്‍പിക്കുന്നില്ല എന്നതാണ് വസ്തുത. ഇസ്‌ലാമിക ചരിത്രം പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത് മുസ്‌ലിംകള്‍ എല്ലാറ്റിലും മാതൃകയായി സ്വീകരിക്കേണ്ട പ്രവാചകന്‍(സ) ബലിയറുത്ത് ആടുകളെയായിരുന്നു എന്നാണ്. നമ്മുടെ നാട്ടില്‍ ആടിനേക്കാള്‍ പ്രചാരവും ലഭ്യതയും ഉള്ളത് മാടുകളായതിനാല്‍ അവയെ അറുക്കുന്നുവെന്ന് മാത്രം.

ഒരു സര്‍ക്കാര്‍ പ്രാധാന്യത്തോടെ ശ്രദ്ധവെക്കേണ്ട നിരവധി വിഷയങ്ങള്‍ ഉണ്ടായിരിക്കെ ഇത്തരം ഒരു വിഷയത്തിന് നല്‍കിയ മുന്‍ഗണനയും പരിഗണനയും അതിന് പിന്നിലെ രാഷ്ട്രീയ താല്‍പര്യങ്ങളിലേക്കാണ് സൂചന നല്‍കുന്നത്. അതുകൊണ്ടാണ് ചുവന്ന തെരുവിലെ മാംസകച്ചവടത്തിനെതിരെ നടപടി സ്വീകരിക്കുകയോ അവരുടെ പുനരധിവാസത്തിന് വേണ്ട നടപടികളെടുക്കുകയോ ചെയ്യാതെ ഗോമാംസത്തിന് പുറകെ കൂടിയിരിക്കുന്നത്. ഗോഹത്യ നടപ്പാക്കുന്നതോടെ ഉപേക്ഷിക്കപ്പെടുന്ന കാലികള്‍ ഒരു ബാധ്യതയായി തീരുമെന്നതോ, നിരവധി ചെറുകിട വ്യവസായങ്ങള്‍ക്ക് അതുണ്ടാക്കുന്ന നഷ്ടമോ, ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാകുന്നതോ പരിഗണിക്കുന്നില്ല. പശു എന്ന പ്രതീകത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തി ഗോമാംസ നിരോധനത്തിലൂടെ ഇന്ത്യയിലെ ഹിന്ദുക്കളെ സംഘടിപ്പിക്കുക എന്ന സംഘ്പരിവാറിന്റെ രാഷ്ട്രീയ ലക്ഷ്യമാണ് ഇതിലൂടെ നടപ്പാക്കപ്പെടുന്നത്. ആഹാര കാര്യങ്ങളെ പോലും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള ഈ ശ്രമങ്ങളെ നാം തിരിച്ചറിയേണ്ടതുണ്ട്.

Related Articles