Current Date

Search
Close this search box.
Search
Close this search box.

ഗര്‍ഭച്ഛിദ്ര നിയമം: ഗുജറാത്തിന്റെ തുടര്‍ച്ച

യാതൊരു വ്യവസ്ഥയുമില്ലാതെ ആറുമാസം വരെയുള്ള ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ നീക്കം മനുഷ്യത്വരഹിതമായ പ്രവൃത്തിയും കൊലപാതകസമാനമായ കുറ്റകൃത്യവുമാണ്. ഒരു മനുഷ്യകൊലപാതകം പോലെത്തന്നെ ഹീനമായ നടപടിയാണ് സര്‍ക്കാര്‍ ഈ പ്രവൃത്തിയിലൂടെ ചെയ്യുന്നത്. ഗുജറാത്തിലും ഒറീസയിലും മറ്റും ദാരുണമായ കൂട്ടക്കൊലകള്‍ നടത്തിയവര്‍ അധികാരത്തിന്റെ ഹുങ്കില്‍ ഗര്‍ഭസ്ഥ ശിശുവിനെപ്പോലും അരുംകൊല ചെയ്യാന്‍ അനുമതി നല്‍കുന്ന ക്രൂര നിലപാടാണിത.് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്ന ഈ നടപടിയില്‍ നിന്നും പിന്മാറാന്‍ കേന്ദ്ര നേതൃത്വം ബാധ്യസ്ഥമാണ്.

ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചാ ഘട്ടങ്ങളെക്കുറിച്ച ശാസ്ത്രീയമായ വിശകലങ്ങള്‍ ഈ കൃത്യത്തിന്റെ ഹീനതയെക്കുറിച്ച് നമ്മെ ബോധ്യപ്പെടുത്തും. ഗര്‍ഭകാലഘട്ടത്തിന്റെ രണ്ടാം മാസത്തില്‍ തന്നെ ഭ്രൂണം മനുഷ്യ ശിശുവായി വളര്‍ന്നു തുടങ്ങുന്നതാണ്. മൂന്നാം മാസമാകുമ്പോള്‍ കൈകാലുകള്‍ പ്രാഥമിക രൂപം പ്രാപിക്കും. നാലാം മാസത്തില്‍ ഗര്‍ഭസ്ഥ ശിശുവിന് ജീവന്‍ ലഭിക്കുന്നതാണ്. അഞ്ചാം മാസത്തില്‍ കുഞ്ഞ് കാര്യമായി ചലിച്ചു തുടങ്ങും. ആറാം മാസം പിറന്നു വീഴുന്ന കുഞ്ഞിന്റെ ചെറിയ രൂപം വരെ പ്രാപിച്ച അവസ്ഥയിലായിരിക്കും. ആറുമാസം തികയുന്ന ഗര്‍ഭസ്ഥ ശിശു പൂര്‍ണ്ണ വൈകാരിക ജീവിതം നയിക്കുകയും ചെയ്യുന്നുണ്ട്.

ഇങ്ങനെ ജീവന്‍ പ്രാപിക്കുകയും പൂര്‍ണ്ണ വൈകാരിക ജീവിതം നയിക്കുകയും ചെയ്യുന്ന ശിശുക്കളെ ഇല്ലായ്മ ചെയ്യാനാണ് സര്‍ക്കാര്‍ ഒരുമ്പെടുന്നത്. ഗര്‍ഭച്ഛിദ്രം അനിയന്ത്രിതമായി നടന്നു കൊണ്ടിരിക്കുന്ന കാലത്ത് ഇത്തരം ഹീനകൃത്യം ചെയ്യുന്നവര്‍ക്ക് പച്ചക്കൊടി കാട്ടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. വ്യഭിചാരം പോലെയുള്ള അധാര്‍മിക പ്രവൃത്തികളിലൂടെ ഗര്‍ഭം ധരിക്കുന്നരും, ഗര്‍ഭസ്ഥ ശിശു പെണ്‍കുട്ടിയാണെന്നറിഞ്ഞ് ദാരിദ്രം ഭയക്കുന്നവരുമാണ് ഇന്ന് ഇത്തരം ഗര്‍ഭച്ഛിദ്രങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഒരു മനുഷ്യന്‍ കൊല ചെയ്യപ്പെടുമ്പോള്‍ അനുഭവിക്കുന്ന വേദനയും പ്രയാസവും ഗര്‍ഭച്ഛിദ്രം ചെയ്യുമ്പോള്‍ ഈ ശിശുക്കള്‍ അനുഭവിക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം പലരു തിരിച്ചറിയുന്നില്ല. മനുഷ്യന്റെ സ്വാര്‍ത്ഥതയുടെ മറ്റൊരടയാളമായി ഈ പ്രവൃത്തിയും മാറുകയാണ്.

ഇസ്‌ലാം ഗര്‍ഭച്ഛിദ്രത്തെ വലിയ കുറ്റകൃത്യമായിട്ടാണ് കണക്കാക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ ഈ പ്രവൃത്തിയെ ശക്തമായി വിലക്കുന്നുണ്ട്. വിധിതീര്‍പ്പു നാളില്‍ ഇത്തരം ഹീനകൃത്യം ചെയ്ത മാതാപിതാക്കള്‍ ആ കുറ്റകൃത്യത്തെ സംബന്ധിച്ച് വിചാരണ ചെയ്യപ്പെടുന്നതാണെന്നും കൊലചെയ്യപ്പെട്ട മക്കള്‍ അവര്‍ക്കെതിരെ സാക്ഷിപറയുന്നതാണെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു. വൈദ്യശാസ്ത്രം വികസിച്ചിട്ടില്ലാത്ത അന്നത്തെ കാലത്ത് പെണ്‍കുട്ടികളെ കുഴിച്ചു മൂടുക എന്നാതായിരുന്നു ഇന്നത്തെ ഗര്‍ഭച്ഛിദ്രത്തിനു പകരം അവര്‍ സ്വീകരിച്ച രീതി. ഖുര്‍ആന്‍ ആ വിചാരണാ രംഗത്തെക്കുറിച്ച് പറയുന്നു: ‘ ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെണ്‍കുഞ്ഞിനോട് അവള്‍ എന്തു കുറ്റത്തിന് വധിക്കപ്പെട്ടു എന്നു ചോദിക്കപ്പെടുമ്പോള്‍'(81 : 8-9)  ദാരിദ്രം ഭയന്ന് ഇത്തരം കൊലകള്‍ നടത്താന്‍ പാടില്ലെന്നും ഖുര്‍ആന്‍ അനുശാസിക്കുന്നു: ‘ സ്വസന്തതികളെ ദാരിദ്ര്യം ഭയന്ന് കൊന്നുകളയരുത്. അവര്‍ക്ക് അന്നം നല്‍കുന്നത് നാമാകുന്നു; നിങ്ങള്‍ക്കും. അവരെ കൊന്നുകളയുന്നത് തീര്‍ച്ചയായും മഹാപാപമാകുന്നു.'(17:31) ‘ദാരിദ്ര്യം ഭയന്ന് മക്കളെ കൊന്നുകളയാതിരിക്കുക. നാമാകുന്നു നിങ്ങള്‍ക്കും അവര്‍ക്കും അന്നം നല്‍കുന്നത്.'(6:151) എല്ലാവര്‍ക്കും അന്നം നല്‍കുന്നത് അല്ലാഹുവാണെന്നും, മക്കളുടെ വര്‍ധനവ് ദാരിദ്രത്തിന് കാരണമല്ലെന്നും ഉല്‍ബോധിപ്പിക്കുകയാണ് വിശുദ്ധ ഖുര്‍ആന്‍.  ജീവിക്കാനുളള അവകാശം അല്ലാഹു തന്നതാണെന്നും, ആ അവകാശത്തിന്മേല്‍ കൈവെക്കാന്‍ മനുഷ്യന് അധികാരമില്ലെന്നും നമ്മോട് അനുശാസിക്കുകയും ചെയ്യുന്നു. എന്നാല്‍ ഗര്‍ഭച്ഛിദ്രം നടത്തിയില്ലെങ്കില്‍ മാതാവിന്റെ ജീവന്‍ അപകടത്തിലാവും എന്നു വരുന്ന ഘട്ടങ്ങളില്‍ അത് അനുവദനീയമാണ്. ഇവിടെ മാതാവിന്റെ ജീവന്‍ രക്ഷിക്കുക എന്ന ലക്ഷ്യം മാത്രം മുന്‍ നിര്‍ത്തിയാണ് ഈ നിയമം എന്നത് മറക്കരുത്.

Related Articles