Current Date

Search
Close this search box.
Search
Close this search box.

ഖുഷ്‌വന്ത് സിങ് ഇസലാമിനെ വ്യാഖ്യാനിക്കുന്നു

ഒരു മതത്തേയും അതിന്റെ സ്ഥാപകരാരെന്നോ അവര്‍ എന്തിനുവേണ്ടി നിലകൊണ്ടുവെന്നോ അവരുടെ സന്ദേശമെന്തെന്നോ നോക്കി ഞാന്‍ വിലയിരുത്താറില്ല. പക്ഷേ, അവരെങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നോക്കും. അതിന്റ അനുയായികളും വിശ്വാസികളും എങ്ങനെ പെരുമാറുന്നുവെന്ന് നോക്കും. ഇസ്‌ലാം മതാനുയായികളുടെ സമര്‍പ്പണഭാവമാണ് എന്നില്‍ മതിപ്പുണ്ടാക്കിയത്. അറേബ്യയില്‍നിന്നും മധ്യേഷ്യയിലൂടെ സ്‌പെയിന്‍വരെ ഇസ്‌ലാം പടര്‍ന്നത് അദ്ഭുതാവഹമാണ്. കലയിലും ശാസ്ത്രത്തിലും ടെക്‌നോളജിയിലും എന്നുവേണ്ട എല്ലാ മേഖലകളിലും  ഇംഗ്ലീഷുകാരെക്കാള്‍ ഇസ്‌ലാം ഏറെ മുന്നിലായിരുന്നു. പക്ഷേ, ഇസ്‌ലാമിന്റെ ഇപ്പോഴത്തെ സ്ഥിതി നോക്കുക. അവര്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നുത് ‘ഹിജാബാ’ ണോ ‘ബുര്‍ഖ’യാണോ ധരിക്കേണ്ടത് തുടങ്ങിയ നിസ്സാര പ്രശ്‌നങ്ങളിലാണ്. ഖുര്‍ആനിലും ഹദീസിലുമുള്ള യഥാര്‍ഥ പ്രശ്‌നങ്ങള്‍, വിദ്യാഭ്യാസത്തിന്റെയും അറിവിന്റെയും ആവശ്യകത, സ്ത്രീശാക്തീകരണം എന്നിവ മറന്നതായാണ് കാണുന്നത്. താജ്മഹല്‍ ഉള്‍പ്പെടെയുള്ള മുസ്‌ലിം ശവകുടീരങ്ങളില്‍ കാണുന്ന ഖുര്‍ആനിലെ രണ്ട് പ്രശസ്ത വാക്യങ്ങള്‍ സൂറ യാസീന്‍(പ്രവേശനകവാടത്തെ അലങ്കരിക്കുന്നത്) ആയത്തുല്‍ കുര്‍സി (സിംഹാസനത്തിന്റെ വാക്യം) എന്നിവയാണ്. ഇത് രണ്ടിലുംവെച്ച് പ്രശസ്തം ‘ആയതുല്‍ കുര്‍സി’യാണ്. ഹദീസിലെ എനിക്കേറ്റവും ഇഷ്ടപ്പെട്ടതും ‘ലാ തസുബുദ്ധഹറ, ഹുവല്ലാഹു'(കാലത്തെപഴിക്കരുത്, അത് ഈശ്വരനാണ്) എന്ന വാക്യവുമാണ്.

മുസ്‌ലിം അക്രമകാരികള്‍ കാരണമാണ് ലക്ഷക്കണക്കില്‍ ഇന്ത്യക്കാര്‍ ഇസ്‌ലാം മതം സ്വീകരിച്ചതെന്ന പക്ഷപാതപരമായ ചരിത്ര വൃത്താന്തങ്ങള്‍ക്ക് വിപരീതമായി, യഥാര്‍ഥത്തില്‍ സൂഫികളാണ് അവരെ നയിച്ചത്. ഒരാവശ്യവും മുന്നോട്ട്‌വെക്കാതെ, സ്വന്തം കാഴ്ചപ്പാട് അടിച്ചേല്‍പ്പിക്കാതെ അവര്‍ ജനങ്ങളിലേക്ക് എത്തി. വാസ്തവത്തില്‍, വ്യത്യസ്ത വിശ്വാസങ്ങളുള്ള ജനങ്ങളിലേക്ക് അവര്‍ വര്‍ഗ-വര്‍ണ്ണങ്ങളെ ഭേദിച്ച് എത്തുകയായിരുന്നു. ഇതാണ് ആയിരങ്ങളെ ഇസ്‌ലാമിലേക്ക് അടുപ്പിച്ചത്. വടക്കേ ഇന്ത്യയില്‍ ഭക്തി പ്രസ്ഥാനത്തിലെ ഗുരുവര്യന്മാരെ -കബീര്‍, നമദേവ്, തുക്കാറാം, ഗുരുനാനാക്ക്, മറ്റു സിക്ക് ഗുരുക്കന്മാരെ – സ്വാധീനിക്കാന്‍ സൂഫിസത്തിനു കഴിഞ്ഞു. അഞ്ചാമത്തെ സിക്ക് ഗുരുവായ ഗുരു അര്‍ജുന്‍ദേവ് സമാഹരിച്ച ഗുരുഗ്രന്ഥസാഹിബില്‍ അവരുടെസ്‌തോത്രങ്ങള്‍ ഉള്‍പ്പെടുത്തി എന്ന അപൂര്‍വ്വ കാഴ്ചയേക്കാള്‍ വലിയ മറ്റൊരു തെളിവില്ല. അമൃത്‌സറിലെ ഹര്‍മന്ദിര്‍ സാഹിബിന്റെ തറക്കല്ലിട്ടതുപോലും ഖാദിരിയ സില്‍സിലയിലെ സൂഫി സന്യാസി മിയാന്‍മീര്‍ ആയിരുന്നു.

വിവ: മുനഫര്‍ കൊയിലാണ്ടി

Related Articles