Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആനിലെ യേശുക്രിസ്തു

അത്യന്നതനായ ദൈവത്തിന്റെ മഹത്വം വാഴ്ത്തികൊണ്ട് ഗിരിപ്രഭാഷണങ്ങള്‍ നിര്‍വഹിച്ച മഹാനായ യേശുക്രിസ്തു നടത്തിയ ആദ്യത്തെ പ്രഭാഷണം എന്തായിരുന്നു?

യേശുക്രിസ്തുവിന്റെ ജനനവും മരണവും അത്ഭുതവും അസാധാരണവുമത്രെ. തിരുപ്പിറവിയെ കുറിച്ച് ഖുര്‍ആന്‍ നടത്തുന്ന വിവരണത്തില്‍ യേശു പ്രവര്‍ത്തിച്ച ആദ്യത്തെ അത്ഭുതം യേശുവിന്റെ തൊട്ടിലില്‍ കിടന്നുള്ള സംസാരമായിരുന്നു.
പരിശുദ്ധ മറിയമിന് ദൈവിക ദൈവികദൃഷ്ടാന്തമെന്നോണം ഗര്‍ഭം ധരിക്കപ്പെട്ടപ്പോള്‍ തനിക്കും മാതാവിനുമെതിരെ ഉയര്‍ന്നു വന്ന സംശയങ്ങളൊക്കെയും ദൂരീകരിച്ചു കൊണ്ടാണ് യേശു ആ വര്‍ത്തമാനങ്ങള്‍ പറഞ്ഞത്. മര്‍യം സ്വയം എത്ര തന്നെ തന്റെ പരിശുദ്ധിയെ കുറിച്ചും ദൈവാനുഗ്രഹത്തെ കുറിച്ചും പറഞ്ഞാലും അവര്‍ വിശ്വസിക്കുമായിരുന്നില്ല. പ്രസ്തുത ഘട്ടത്തിലാണ് മര്‍യം തൊട്ടിലില്‍ കിടക്കുന്ന യേശുവിലേക്ക് വിരല്‍ ചൂണ്ടുന്നത്.
തൊട്ടിലില്‍ കിടക്കുന്ന പൈതലിനോട് ഞങ്ങള്‍ എങ്ങിനെ സംസാരിക്കും എന്നതായിരുന്നു അവരുടെ ചോദ്യം. അപ്പോള്‍ ആ പൈതല്‍ പറഞ്ഞു: “ഞാന്‍ അല്ലാഹുവിന്റെ ദാസനാകുന്നു. എനിക്കവന്‍ വേദം നല്‍കുകയും എന്നെ അവന്‍ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ എവിടെയാവുമ്പോഴും എന്നെ അവന്‍ അനുഗ്രഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം നമസ്‌കാരം നിര്‍വഹിക്കാനും സകാത്ത് നല്‍കാനും എന്നോട് നിര്‍ദേശിച്ചിരിക്കുന്നു. എന്നെ നിര്‍ഭാഗ്യവാനായ ക്രൂരനാക്കിയിട്ടില്ല. എന്റെ ജന്മനാളിലും മരണനാളിലും പുനരുദ്ധനാളിലും എനിക്ക് സമാധാനം.”

മാതാവിന്റെ മഹത്വം
യേശുവിനെ കുറിച്ച് ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന 25 ല്‍ 16 ഇടങ്ങളിലും പരിശുദ്ധ മാതാവായ മര്‍യമിന്റെ പേരിനോട് ചേര്‍ത്ത് ഈസ ബിന്‍ മര്‍യം എന്നാണ് ഉപയോഗിക്കുന്നത്.
 “മാലാഖമാര്‍ പ്രത്യക്ഷപ്പെട്ട് മര്‍യമിനോട് ഓതിയതോര്‍ക്കുക: ‘അല്ലയോ മര്‍യം! അല്ലാഹു നിന്നെ പ്രത്യേകം തെരഞ്ഞെടുക്കുകയും വിശുദ്ധയാക്കുകയും ചെയ്തിരിക്കുന്നു. തന്നെ സേവിക്കുന്നതിനുവേണ്ടി അവന്‍ നിന്നെ ലോകനാരികളില്‍ മികച്ചവളായി തെരഞ്ഞെടുത്തിരിക്കുകയാകുന്നു. മര്‍യമേ! നിന്റെ നാഥനെ വണങ്ങുക. അവനെ പ്രണമിക്കുക. അവനെ നമിക്കുന്ന ദാസന്മാരോടൊപ്പം നമിക്കുകയും ചെയ്യുക! പ്രവാചകാ, ഇവ മറഞ്ഞ വാര്‍ത്തകളാകുന്നു. ദിവ്യബോധനത്തിലൂടെ നാം അത് നിനക്ക് അറിയിച്ചുതരുന്നു. മര്‍യമിന്റെ രക്ഷാധികാരം ആര്‍ ഏറ്റെടുക്കേണമെന്ന് നിശ്ചയിക്കാന്‍, ക്ഷേത്രപരികര്‍മികള്‍ അവരുടെ നാരായങ്ങള്‍ എറിഞ്ഞപ്പോള്‍ നീ അവിടെ ഉണ്ടായിരുന്നില്ലല്ലോ. അവര്‍ തര്‍ക്കിച്ചുകൊണ്ടിരുന്നപ്പോഴും നീ ഉണ്ടായിരുന്നില്ല.” (ഖുര്‍ആന്‍ 3:42, 43)

യേശുവിന്റെ ജനനം
“പ്രവാചകാ, ഈ വേദത്തില്‍ മര്‍യമിന്റെ വൃത്താന്തം വിവരിച്ചുകൊള്ളുക. അവള്‍ സ്വജനത്തില്‍നിന്നകന്ന് കിഴക്കുവശത്ത് ഏകാന്തയായി കഴിഞ്ഞ സന്ദര്‍ഭം: അവള്‍ ഒരു തിരശ്ശീലയിട്ട് മറഞ്ഞിരിക്കുകയായിരുന്നു. ഈ അവസരത്തില്‍ നാം നമ്മുടെ മാലാഖയെ അവരിലേക്കയച്ചു. മാലാഖ തികഞ്ഞ മനുഷ്യരൂപത്തില്‍ അവര്‍ക്കു പ്രത്യക്ഷനായി. പെട്ടെന്ന് മര്‍യം പറഞ്ഞു: ‘ഞാന്‍ നിങ്ങളില്‍നിന്ന് കാരുണികനായ അല്ലാഹുവില്‍ അഭയംതേടുന്നു; നിങ്ങളൊരു ദൈവഭയമുള്ളവനാണെങ്കില്‍’. അയാള്‍ പറഞ്ഞു: ‘ഞാനോ, നിന്റെ റബ്ബിന്റെ ദൂതനാകുന്നു; നിനക്കൊരു വിശുദ്ധനായ പുത്രനെത്തരുന്നതിനുവേണ്ടി നിയുക്തനായവന്‍’. മര്‍യം പറഞ്ഞു: ‘എനിക്കു പുത്രനുണ്ടാകുന്നതെങ്ങനെ? എന്നെ യാതൊരു പുരുഷനും സ്പര്‍ശിച്ചിട്ടുപോലുമില്ല. ഞാന്‍ ദുര്‍ന്നടത്തക്കാരിയുമല്ല.’ മലക്ക് പറഞ്ഞു: ‘അവ്വിധംതന്നെ സംഭവിക്കും. അപ്രകാരം പ്രവര്‍ത്തിക്കുക എനിക്കു വളരെ നിസ്സാരമാണെന്നു നിന്റെ റബ്ബ് പറയുന്നു.’ ആ കുഞ്ഞിനെ ജനങ്ങള്‍ക്കൊരു ദൃഷ്ടാന്തവും നമ്മുടെ പക്കല്‍നിന്നുള്ള കാരുണ്യവും ആക്കേണ്ടതിനത്രെ നാം ഇങ്ങനെ ചെയ്യുന്നത്. അതു സംഭവിക്കുകതന്നെ ചെയ്യും.” (ഖുര്‍ആന്‍ 19: 22-26)

“അങ്ങനെ മര്‍യം ആ കുഞ്ഞിനെ ഗര്‍ഭം ധരിച്ചു. ഗര്‍ഭവുമായി അവള്‍ അകലെയുള്ള ഒരു സ്ഥലത്ത് ചെന്നെത്തി. പിന്നെ പേറ്റുനോവ് അവളെ ഒരു ഈത്തപ്പനയുടെ ചുവട്ടിലെത്തിച്ചു. അവള്‍ കേണുകൊണ്ടിരുന്നു: ‘ഹാ കഷ്ടം! ഇതിനു മുമ്പുതന്നെ ഞാന്‍ മരിക്കുകയും എന്റെ പേരും കുറിയും വിസ്മൃതമാവുകയും ചെയ്തിരുന്നെങ്കില്‍!’ അപ്പോള്‍ താഴെനിന്ന് മലക്ക് അവളെ വിളിച്ചറിയിച്ചു: ‘വ്യസനിക്കാതിരിക്കുക. നിന്റെ റബ്ബ് നിനക്കു താഴെ ഒരു അരുവി പ്രവഹിപ്പിച്ചിരിക്കുന്നു. നീ ആ ഈത്തപ്പനയുടെ തടിയൊന്നു കുലുക്കിനോക്കുക. അത് നിനക്ക് പുതിയ ഈത്തപ്പഴം തുടരെ വീഴ്ത്തിത്തരും. അതു തിന്നുകയും കുടിക്കുകയും കണ്‍കുളിര്‍ക്കുകയും ചെയ്തുകൊള്ളുക. പിന്നെ വല്ല മനുഷ്യരെയും കാണുകയാണെങ്കില്‍, അവരോടു പറഞ്ഞേക്കുക: ഞാന്‍ കാരുണികനായ ദൈവത്തിനുവേണ്ടി വ്രതം നേര്‍ന്നിരിക്കുകയാണ്. അതിനാല്‍ ഇന്ന് ആരോടും സംസാരിക്കുന്നതല്ല.’ (ഖുര്‍ആന്‍ 19: 22-26)

യേശുവിന്റെ നാമവും മഹത്വവും
 “ മാലാഖമാര്‍ അവളോട് പറഞ്ഞതോര്‍ക്കുക: ‘അല്ലയോ മര്‍യമേ, നിന്നെ അല്ലാഹു അവങ്കല്‍നിന്നുള്ള ഒരു വചനത്തിന്റെ സുവിശേഷമറിയിക്കുന്നു; അവന്റെ നാമം മസീഹ് ഈസബ്‌നു മര്‍യം എന്നാകും. അവന്‍ ഇഹത്തിലും പരത്തിലും ഏറെ പ്രമുഖനായിരിക്കും. ദൈവത്തിന്റെ ഉറ്റ ദാസന്മാരില്‍ എണ്ണപ്പെട്ടവനുമായിരിക്കും. തൊട്ടിലില്‍തന്നെ അവന്‍ ജനത്തോടു സംസാരിക്കും; പ്രായമായ ശേഷവും. അവന്‍ സച്ചരിതനുമായിരിക്കും.’ ഇതു കേട്ടപ്പോള്‍ മര്‍യം പറഞ്ഞു: ‘നാഥാ, എനിക്കെങ്ങനെ കുഞ്ഞുണ്ടാകും. എന്നെയാണെങ്കില്‍ ഒരു പുരുഷന്‍ തൊട്ടിട്ടേയില്ലല്ലോ.’ മറുപടി ലഭിച്ചു: അവ്വിധമുണ്ടാവുകതന്നെ ചെയ്യും. അല്ലാഹു ഇച്ഛിക്കുന്നതു സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം തീരുമാനിച്ചാല്‍ അതു ഭവിക്കട്ടെ എന്നു പറയുകയേ വേണ്ടൂ; ഉടനെ അതു സംഭവിക്കുന്നു.’
“മര്‍യമിന്റെ മകന്‍ യേശുവിന് നാം വ്യക്തമായ അടയാളങ്ങള്‍ നല്‍കി. പരിശുദ്ധാത്മാവിനാല്‍ അദ്ദേഹത്തെ പ്രബലനാക്കി.” (ഖുര്‍ആന്‍ 2: 253)

അത്ഭുത പ്രവൃത്തികള്‍

“അല്ലാഹു പറഞ്ഞ സന്ദര്‍ഭം: മര്‍യമിന്റെ മകന്‍ ഈസാ പ്രാര്‍ഥിച്ചു: ‘ഞങ്ങളുടെ നാഥനായ അല്ലാഹുവേ, മാനത്തുനിന്ന് ഞങ്ങള്‍ക്ക് ഒരു ഭക്ഷണത്തളിക ഇറക്കിത്തരേണമേ! അതു ഞങ്ങളുടെ, ആദ്യക്കാര്‍ക്കും അവസാനക്കാര്‍ക്കും ഒരാഘോഷവും നിന്നില്‍ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായിരിക്കട്ടെ. ഞങ്ങള്‍ക്കു നീ അന്നം നല്‍കുക. അന്നം നല്‍കുന്നവരില്‍ അത്യുത്തമന്‍ നീയല്ലോ.’
അല്ലാഹു അറിയിച്ചു: ‘ഞാന്‍ നിങ്ങള്‍ക്ക് അതിറക്കിത്തരാം. എന്നാല്‍ അതിനുശേഷം നിങ്ങളിലാരെങ്കിലും സത്യനിഷേധികളായാല്‍ ലോകരിലൊരാള്‍ക്കും നല്‍കാത്ത വിധമുള്ള ശിക്ഷ നാമവന് ബാധകമാക്കും.’ (ഖുര്‍ആന്‍ 5: 110 115)

ഈ അത്ഭുത പ്രവര്‍ത്തനങ്ങളൊന്നും യേശു സ്വയമായി ചെയ്യുന്നതല്ലെന്നും ദൈവ കല്‍പനയാല്‍ മാത്രമാണെന്ന സത്യം വിശുദ്ധ ബൈബിളും സാക്ഷ്യപ്പെടുത്തുന്നു. ‘പിതാവ് ചെയ്തു കാണുന്നതല്ലാതെ പുത്രന് സ്വതേ ഒന്നും ചെയ്‌വാന്‍ കഴിയുകയില്ല’ (യോഹന്നാന്‍ 5:19)

ദൈവമോ ദൈവപുത്രനോ?
‘ അല്ലയോ വേദക്കാരേ, സ്വമതത്തില്‍ അതിരുകവിയാതിരിക്കുവിന്‍. സത്യമല്ലാത്തതൊന്നും അല്ലാഹുവിന്റെ പേരില്‍ ആരോപിക്കാതിരിക്കുവിന്‍. മര്‍യമിന്റെ പുത്രന്‍ ഈസാ മസീഹ് ദൈവദൂതനും ദൈവം മര്‍യമിലേക്കയച്ച വചനവുമല്ലാതെ മറ്റൊന്നുമായിരുന്നില്ല. അല്ലാഹുവിങ്കല്‍നിന്നുള്ള (മര്‍യമിന്റെ ഗര്‍ഭാശയത്തില്‍ ശിശുവായി രൂപംകൊണ്ട) ഒരാത്മാവുമായിരുന്നു. നിങ്ങളും അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക. ത്രിത്വം വാദിക്കാതിരിക്കുക. അതില്‍നിന്നു വിരമിക്കുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം. അല്ലാഹു ഏകനാകുന്നു. പുത്രനുണ്ടായിരിക്കുന്നതില്‍നിന്ന് പരിശുദ്ധനുമാകുന്നു. ആകാശ ഭൂമികളിലുള്ളതൊക്കെയും അവന്റേതത്രെ. അവയുടെ കൈകാര്യത്തിനും മേല്‍നോട്ടത്തിനും അവന്‍തന്നെ എത്രയും മതിയായവനല്ലോ.’ (ഖുര്‍ആന്‍ 4:171)

‘മര്‍യമിന്റെ പുത്രന്‍ മസീഹ് ദൈവംതന്നെ എന്ന് വാദിച്ചവര്‍, നിശ്ചയമായും സത്യത്തെ നിഷേധിച്ചിരിക്കുന്നു. എന്നാല്‍ മസീഹ് പറഞ്ഞതോ, ‘ഇസ്രയേല്‍ വംശമേ, എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിന് ഇബാദത്തു ചെയ്യുവിന്‍ഭ എന്നത്രെ. അല്ലാഹുവിനു പങ്കാളിയെ ആരോപിക്കുന്നവന് അല്ലാഹു സ്വര്‍ഗം നിരോധിച്ചിട്ടുള്ളതാകുന്നു. നരകമാകുന്നു അവന്റെ വാസസ്ഥലം. അത്തരം അധര്‍മികള്‍ക്ക് യാതൊരു സഹായിയും ഉണ്ടായിരിക്കുന്നതല്ല. അല്ലാഹു മൂവരില്‍ ഒരുവനാകുന്നു എന്നു വാദിച്ചവരും തീര്‍ച്ചയായും സത്യത്തെ നിഷേധിച്ചിരിക്കുന്നു. എന്തെന്നാല്‍ ഏകദൈവമല്ലാതെ ഒരു ദൈവവും ഇല്ലതന്നെ. ഇത്തരം വാദങ്ങളില്‍നിന്നു വിരമിച്ചില്ലെങ്കില്‍, അവരില്‍ നിഷേധികളായവരെ വേദനയേറിയ ശിക്ഷ ബാധിക്കുകതന്നെ ചെയ്യും. ഇനിയും അവര്‍ പശ്ചാത്തപിക്കുകയും അവനോടു മാപ്പിരക്കുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ മാപ്പരുളുന്നവനും ദയാപരനുമല്ലോ. മര്‍യമിന്റെ പുത്രന്‍ മസീഹ് ഒരു ദൈവദൂതനല്ലാതെ മറ്റാരുമായിരുന്നില്ല. അദ്ദേഹത്തിനുമുമ്പും നിരവധി ദൈവദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുള്ളതാകുന്നു. അദ്ദേഹത്തിന്റെ മാതാവ് തികഞ്ഞ സത്യവതിയായിരുന്നു. അവരിരുവരും ആഹാരം കഴിച്ചിരുന്നു. നാം യാഥാര്‍ഥ്യത്തിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്കു മുമ്പില്‍ എങ്ങനെ വെളിപ്പെടുത്തുന്നുവെന്നു നോക്കുക. പിന്നെ അവര്‍ എങ്ങോട്ടാണ് വ്യതിചലിച്ചുപോകുന്നതെന്നും നോക്കുക.’ (ഖുര്‍ആന്‍ 4:72 – 74)

യേശു അവരോടു പറഞ്ഞതു: ‘ദൈവം നിങ്ങളുടെ പിതാവു എങ്കില്‍ നിങ്ങള്‍ എന്നെ സ്‌നേഹിക്കുമായിരുന്നു ഞാന്‍ ദൈവത്തിന്റെ അടുക്കല്‍നിന്നു വന്നിരിക്കുന്നു; ഞാന്‍ സ്വയമായി വന്നതല്ല, അവന്‍ എന്നെ അയച്ചതാകുന്നു.’ (യോഹന്നാന്‍ 8:42)
ദൈവ ദൂതന്‍

‘അല്ലാഹുവിന്റെ അടിമയായിരിക്കുന്നതില്‍ മസീഹിന് ഒരിക്കലും കുറച്ചില്‍ തോന്നിയിട്ടില്ല. അല്ലാഹുവിന്റെ സമീപസ്ഥരായ മലക്കുകള്‍ക്കുമില്ല. ആരെങ്കിലും അല്ലാഹുവിന്റെ അടിമത്തം അംഗീകരിക്കുന്നത് കുറച്ചിലായി കരുതുകയും അഹങ്കരിക്കുകയും ചെയ്യുന്നുവെങ്കില്‍, അല്ലാഹു അവരെയെല്ലാം ഒരുമിച്ചുകൂട്ടി അവന്റെ മുമ്പില്‍ ഹാജരാക്കുന്ന ഒരവസരം വരുന്നുണ്ട്.’ (4:172)

‘മര്‍യമിന്റെ മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാണ്. അദ്ദേഹത്തിനു മുമ്പും നിരവധി ദൈവദൂതന്മാര്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് സത്യവതിയായിരുന്നു. ഇരുവരും ആഹാരം കഴിക്കുന്നവരുമായിരുന്നു. നോക്കൂ: നാം അവര്‍ക്ക് എങ്ങനെയൊക്കെ തെളിവുകള്‍ വിവരിച്ചുകൊടുക്കുന്നുവെന്ന്. ചിന്തിച്ചുനോക്കൂ; എന്നിട്ടും അവരെങ്ങനെയാണ് തെന്നിമാറിപ്പോകുന്നത്.’ (ഖുര്‍ആന്‍ 5:75)
‘ആ പ്രവാചകന്മാര്‍ക്കുശേഷം നാം മര്‍യമിന്റെ മകന്‍ ഈസായെ നിയോഗിച്ചു. അദ്ദേഹം തൌറാത്തില്‍ നിന്ന് തന്റെ മുന്നിലുള്ളവയെ ശരിവെക്കുന്നവനായിരുന്നു. നാം അദ്ദേഹത്തിന് വെളിച്ചവും നേര്‍വഴിയുമുള്ള ഇഞ്ചീല്‍ നല്‍കി. അത് തൌറാത്തില്‍ നിന്ന് അന്നുള്ളവയെ ശരിവെക്കുന്നതായിരുന്നു. ഭക്തന്മാര്‍ക്ക് നേര്‍വഴി കാണിക്കുന്നതും സദുപദേശം നല്‍കുന്നതും.’ (ഖുര്‍ആന്‍ 5:46)
‘എന്നെ അയച്ചവന്‍ എന്നോടുകൂടെ ഉണ്ടു’ (യോഹന്നാന്‍ 8:29) ‘നിങ്ങള്‍ കേള്‍ക്കുന്ന വചനം എന്റേതല്ല. എന്നെ അയച്ച പിതാവിന്റേതത്രെ’ (യോഹന്നാന്‍ 14:24) യേശു ദൈവദൂതനാണെന്ന് ബൈബിളും സാക്ഷ്യപ്പെടുത്തുന്നു.

യേശുവിന്റെ പ്രബോധനം

‘തൌറാത്തില്‍ നിന്ന് എന്റെ മുമ്പിലുള്ളതിനെ ശരിവെക്കുന്നവനായാണ് എന്നെ അയച്ചത്. നിങ്ങള്‍ക്ക് നിഷിദ്ധമായിരുന്ന ചിലത് അനുവദിച്ചുതരാനും. നിങ്ങളുടെ നാഥനില്‍ നിന്നുള്ള തെളിവുമായാണ് ഞാന്‍ നിങ്ങളിലേക്ക് വന്നത്. അതിനാല്‍ നിങ്ങള്‍ ദൈവഭക്തരാവുക. എന്നെ അനുസരിക്കുക.
‘നിശ്ചയമായും അല്ലാഹു എന്റെയും നിങ്ങളുടെയും നാഥനാണ്. അതിനാല്‍ അവന്നുമാത്രം വഴിപ്പെടുക. ഇതാണ് നേര്‍വഴി.’ (ഖുര്‍ആന്‍ 3:50,51)

‘ഈസാ വ്യക്തമായ തെളിവുകളുമായി വന്ന് ഇങ്ങനെ പറഞ്ഞു: ‘ഞാനിതാ തത്ത്വജ്ഞാനവുമായി നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു, നിങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുള്ള കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. എന്നെ അനുസരിക്കുക. ‘എന്റെയും നിങ്ങളുടെയും നാഥന്‍ അല്ലാഹുവാണ്. അതിനാല്‍ അവനെ മാത്രം വഴിപ്പെടുക. ഇതാണ് ഏറ്റവും ചൊവ്വായ മാര്‍ഗം.’ അപ്പോള്‍ അവര്‍ പല കക്ഷികളായി ഭിന്നിച്ചു. അതിനാല്‍ അതിക്രമം കാണിച്ചവര്‍ക്ക് നോവുറ്റ നാളിന്റെ കടുത്തശിക്ഷയുടെ കൊടുംനാശമാണുണ്ടാവുക.’ (ഖുര്‍ആന്‍ 5:63 – 65)

‘മര്‍യമിന്റെ മകന്‍ മസീഹ് ദൈവം തന്നെയെന്ന് വാദിച്ചവര്‍ ഉറപ്പായും സത്യനിഷേധികളായിരിക്കുന്നു. യഥാര്‍ഥത്തില്‍ മസീഹ് പറഞ്ഞതിതാണ്: ‘ഇസ്രയേല്‍ മക്കളേ, എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവെ മാത്രം ആരാധിക്കുക. അല്ലാഹുവില്‍ ആരെയെങ്കിലും പങ്കുചേര്‍ക്കുന്നവന് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കും; തീര്‍ച്ച. അവന്റെ വാസസ്ഥലം നരകമാണ്. അക്രമികള്‍ക്ക് സഹായികളുണ്ടാവില്ല.’ (ഖുര്‍ആന്‍ 5:72)
‘നിന്റെ ദൈവമായ കര്‍ത്താവിനെ നമസ്‌കരിച്ചു അവനെ മാത്രമേ ആരാധിക്കാവു’ (മത്തായി 4:10)

യേശുവിന്റെ ഒസ്യത്ത്
‘മര്‍യമിന്റെ മകന്‍ ഈസാ പറഞ്ഞത് ഓര്‍ക്കുക: ‘ഇസ്രായേല്‍ മക്കളേ, ഞാന്‍ നിങ്ങളിലേക്കുള്ള ദൈവദൂതനാണ്. എനിക്കു മുമ്പേ അവതീര്‍ണമായ തൌറാത്തിനെ സത്യപ്പെടുത്തുന്നവന്‍. എനിക്കുശേഷം ആഗതനാകുന്ന അഹ്മദ് എന്നു പേരുള്ള ദൈവദൂതനെ സംബന്ധിച്ച് സുവാര്‍ത്ത അറിയിക്കുന്നവനും.’ അങ്ങനെ അദ്ദേഹം തെളിഞ്ഞ തെളിവുകളുമായി അവരുടെ അടുത്തു വന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇതു വ്യക്തമായും ഒരു മായാജാലം തന്നെ.’ (ഖുര്‍ആന്‍ 61:6)

ഇക്കാര്യം ബൈബിള്‍ ഇപ്രകാരം വിവരിക്കുന്നു ‘എന്നാല്‍ ഞാന്‍ നിങ്ങളോടു സത്യം പറയുന്നു; ഞാന്‍ പോകുന്നതു നിങ്ങള്‍ക്കു പ്രയോജനം; ഞാന്‍ പോകാഞ്ഞാല്‍ കാര്യസ്ഥന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല; ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കല്‍ അയക്കും…സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവന്‍ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവന്‍ സ്വയമായി സംസാരിക്കാതെ താന്‍ കേള്‍ക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങള്‍ക്കു അറിയിച്ചുതരികയും ചെയ്യും.’ (യോഹന്നാന്‍ 16: 7-16)

അവസാന നാളുകള്‍
‘മര്‍യമിന്റെ പേരില്‍ വമ്പിച്ച അപവാദം ചമക്കുന്നേടത്തോളം പിന്നെയും അവര്‍ നിഷേധത്തില്‍ മുന്നോട്ടുപോവുകയുണ്ടായി. അവര്‍ ഊറ്റംകൊണ്ടു: ‘മസീഹ് ഈസബ്‌നുമര്‍യമിനെ, ദൈവദൂതനെ ഞങ്ങള്‍ വധിച്ചുകളഞ്ഞിരിക്കുന്നു.’ സത്യത്തിലോ, അവരദ്ദേഹത്തെ വധിച്ചിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. പിന്നെയോ, സംഭവം അവര്‍ക്ക് അവ്യക്തമാവുകയത്രെ ഉണ്ടായത്. അദ്ദേഹത്തെക്കുറിച്ചു ഭിന്നാഭിപ്രായമുള്ളവരും സന്ദേഹത്തില്‍തന്നെയാകുന്നു. അവരുടെ പക്കല്‍ ആ സംഭവത്തെക്കുറിച്ച്, കേവലം ഊഹത്തെ പിന്തുടരുന്നതല്ലാതെ, ഒരറിവുമില്ല. അവര്‍ മസീഹിനെ ഉറപ്പായും വധിച്ചിട്ടില്ല. പ്രത്യുത അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു. അല്ലാഹുവോ, അജയ്യശക്തനും അഭിജ്ഞനുമല്ലോ. വേദവിശ്വാസികളിലാരുംതന്നെ അദ്ദേഹത്തിന്റെ മരണത്തിനുമുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കാതെ ഉണ്ടാവുകയില്ല. പുനരുത്ഥാനനാളില്‍ അദ്ദേഹം അവര്‍ക്കു സാക്ഷിയാകും.’ ( ഖുര്‍ആന്‍ 4: 153 – 159)

പുനരുദ്ധാന നാളില്‍
‘അല്ലാഹു ചോദിക്കും, ‘ഓ മര്‍യമിന്റെ പുത്രന്‍ ഈസാ, നീ ജനങ്ങളോടു അല്ലാഹുവിനെക്കൂടാതെ എന്നെയും എന്റെ മാതാവിനെയും രണ്ടു ആരാധ്യരായി വരിക്കുവിന്‍ എന്നു പറഞ്ഞിട്ടുണ്ടായിരുന്നുവോ?’ അപ്പോള്‍ അദ്ദേഹം മറുപടി പറയും: ‘നീയെത്ര പരിശുദ്ധന്‍! എനിക്ക് അധികാരമില്ലാത്തത് പറയുക എന്റെ ജോലിയായിരുന്നില്ല. ഞാനതു പറഞ്ഞിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നീ അറിഞ്ഞിട്ടുമുണ്ടായിരിക്കുമല്ലോ. എന്റെ മനസ്സിലുള്ളതൊക്കെയും നീ അറിയുന്നു; നിന്റെ മനസ്സിലുള്ളതൊന്നും ഞാന്‍ അറിയുന്നുമില്ല. നീയോ, അദൃശ്യയാഥാര്‍ഥ്യങ്ങളെല്ലാം അറിയുന്നവനല്ലോ. നീ എന്നോടാജ്ഞാപിച്ചിട്ടുള്ളതല്ലാതൊന്നും ഞാന്‍ അവരോടു പറഞ്ഞിട്ടില്ല. അതായത്, എന്റെ നാഥനും നിങ്ങളുടെ നാഥനുമായ അല്ലാഹുവിന് ഇബാദത്തു ചെയ്യുവിന്‍ എന്ന്. ഞാന്‍ അവരില്‍ ഉണ്ടായിരുന്ന കാലത്തോളം അക്കാര്യത്തില്‍ ഞാന്‍ അവരുടെ നിരീക്ഷകനുമായിരുന്നു. നീ എന്നെ തിരിച്ചുവിളിച്ചപ്പോഴോ, അവരുടെ നിരീക്ഷകന്‍ നീ തന്നെ ആയിരുന്നുവല്ലോ. നീ സകല സംഗതികള്‍ക്കും സാക്ഷിയാകുന്നു. നീ അവരെ ശിക്ഷിക്കുന്നുവെങ്കില്‍ അവര്‍ നിന്റെ ദാസന്മാരല്ലോ. നീ അവര്‍ക്ക് മാപ്പരുളുന്നുവെങ്കിലോ, നീ അജയ്യനും അഭിജ്ഞനും തന്നെ.’ അപ്പോള്‍ അല്ലാഹു അരുള്‍ചെയ്യും: സത്യവാന്മാരുടെ സത്യസന്ധത ഫലംചെയ്യുന്ന ദിനമത്രേ ഇത്. താഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന ഉദ്യാനങ്ങള്‍ അവര്‍ക്കുള്ളതാകുന്നു. അതില്‍ അവര്‍ എന്നെന്നും വസിക്കുന്നവരാകുന്നു. അല്ലാഹു അവരില്‍ സംപ്രീതനായിരിക്കുന്നു; അവര്‍ അല്ലാഹുവിലും. അതത്രെ മഹത്തായ വിജയം. ( ഖുര്‍ആന്‍ 5: 116 – 119)

എല്ലാ പ്രവാചകന്‍മാരെയും ആദരിക്കാനും അവര്‍ക്ക് വേണ്ടി അവരുടെ നാമം കേള്‍ക്കുമ്പോള്‍ പ്രാര്‍ഥിക്കാനും അവരില്‍ ആരോടും യാതൊരു വിവേചനം കല്‍പ്പിക്കുരുതെന്നും ഇസ്‌ലാമിന്റെ അധ്യാപനമാണ്. അവരാണ് മുസ്‌ലികള്‍, അവര്‍ക്ക് മാത്രമേ മുസ്‌ലിമാവാന്‍ കഴിയൂ എന്നതാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്.

 

 

 

 

Related Articles