Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആനിലെ ചിന്താപദ്ധതി

ഖുര്‍ആനില്‍ എഴുപത്തിയേഴായിരം വാക്കുകളാണുള്ളത്. 300 പേജുകളുള്ള ഒരു പുസ്തകം ഇത്രയും വാക്കുകളാണ് ഉള്‍കൊള്ളാറുള്ളത്. ഇനി നമ്മള്‍ ചിന്തിച്ച് നോക്കുക. വെറും 300 പേജുകളുള്ള ഒരു ഗ്രന്ഥം എങ്ങനെ ഇത്ര വലിയ മാറ്റങ്ങള്‍ക്ക് കാരണമായി!. ഇതിലടങ്ങിയിരിക്കുന്ന വിവരങ്ങളും അറിവുകളും വിദ്യകളും എന്തെല്ലാമാണ്! മനുഷ്യന്റെ ചിന്തയിലും സ്വഭാവത്തിലും അതുണ്ടാകിയ മാറ്റങ്ങളെത്രയാണ്! അതിന്റെ അവതരണശേഷം അറബികളിലുണ്ടായ മാറ്റങ്ങളെ കുറിച്ചും വികാസങ്ങളെ കുറിച്ചും ഇന്നും ആളുകള്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നു. വെറും 300 പേജുകള്‍ വരുന്ന ഒരു ഗ്രന്ഥത്തിന് ചെയ്യാന്‍ സാധിക്കാത്ത മഹത്തായ കാര്യങ്ങളാണ് ഖുര്‍ആന്‍ ചെയ്തിരിക്കുന്നത്. ഇവയെല്ലാം ഇതിനെങ്ങനെ സാധിച്ചു എന്ന ചോദ്യത്തിന് ഉത്തരം അതിന്റെ വ്യതിരിക്തമായ, വ്യത്യസ്തമായ ചിന്താ പദ്ധതിയും ശൈലിയുമാണെന്നാണ്.

ഖുര്‍ആന്‍ എടുത്ത് തുടക്കം മുതല്‍ നമ്മളൊന്ന് മറിച്ച് നോക്കുക. അറിവും വിദ്യയും വായിക്കുന്നവന് നല്‍കണമെന്ന ഉറച്ച തീരുമാനത്തോടെയാണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. മാത്രമല്ല ഇതിലെ വിവരങ്ങളുടെ കോര്‍വയെ കുറിച്ച് തന്നെ വലിയൊരു ചിന്ത ആവശ്യമുണ്ട്. ഖുര്‍ആന്റെ ഈയൊരു പ്രത്യേകതകൊണ്ടാണ് മറ്റൊരു ഭാഷയില്‍ അതിന്റെ പരിഭാഷ വായിക്കുന്ന ഒരാള്‍ക്ക് അതിന്റെ ഒഴുക്കില്‍ തടസ്സങ്ങള്‍ അനുഭവപ്പെടുന്നത്. മനുഷ്യന്‍ രചിച്ച ഗ്രന്ഥങ്ങളില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമാണീ ഗ്രന്ഥമെന്നാണ് ഈ പ്രത്യേകത സൂചിപ്പിക്കുന്നത്. വേദഗ്രന്ഥങ്ങളിലെ മിക്കവാക്കുകള്‍ക്കും കണക്കില്ലാത്ത അര്‍ഥങ്ങളും വൈവിധ്യങ്ങളും നമുക്ക് കാണാനാകും. ഇവയെല്ലാം മനസ്സിലാക്കണമെങ്കില്‍ ആഴമുള്ള ചിന്ത ആവശ്യമാണ്. ഇങ്ങനെ ചിന്തിക്കുന്നവന് അതിന്റെ മനനത്തിലും നിര്‍ദ്ധാരണത്തിലുമുള്ള പദ്ധതി തിരിച്ചറിയാനാകും. ഇപ്രകാരം അതിന്റെ ചിന്താപദ്ധതിയെ തിരിച്ചറിഞ്ഞവന്‍ ന്യൂതനമനുഷ്യനായി മാറും. അപ്രകാരം ഖുര്‍ആനിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിചെന്നവന് അതിന്റെ വാക്കുകളും വാക്യങ്ങളും സൂറത്തുകളും തമ്മിലുള്ള അടുത്ത ബന്ധത്തെ തിരിച്ചറിയാനാകും. ഖുര്‍ആന്റെ ആശയങ്ങളിലും വാക്കുകളിലുമുള്ള അമാനുഷികത അവന് കണ്ടെത്താനാവും.

ഇസ്‌ലാമിക ചിന്താ പദ്ധതിയുടെ ചരിത്രത്തെ കുറിച്ച് പഠിക്കുകയാണെങ്കില്‍ നമ്മുക്ക് വ്യത്യസ്തതയും വ്യതിരിക്തതയും ഗ്രഹിക്കാനാകും. കര്‍മശാസ്ത്ര നിദാനശാസ്ത്രം, ഹദീസ് നിദാനശാസ്ത്രം, വചനശാസ്ത്രം, വ്യാകരണശാസ്ത്രം, ഭാഷാസൗന്ദര്യ ശാസ്ത്രം എന്നിവയെല്ലാം അതിന്റെ ഭാഗങ്ങളാണ്. ഇസ്‌ലാമിക ചരിത്രത്തില്‍ വൈദ്യശാസ്ത്രവും ഭൂമിശാസ്ത്രവും രസതന്ത്രവും ഗണിതവും രൂപപ്പെടുന്നതിന് മുമ്പ് ഇത്തരം ശാസ്ത്രങ്ങളാണ് വികസിച്ച് വന്നതെന്നത് ഇസ്‌ലാമിന്റെ ചിന്താപദ്ധതിയുടെ വ്യതിരിക്തതയെയാണ് സൂചിപ്പിക്കുന്നത്. അങ്ങിനെയാണ് മദ്ഹബ് ഇമാമുമാരും ശേഷമുള്ള ഓരോ പണ്ടിതരും വന്നത്. മറ്റൊരു വഴിയിലാണ് ഖലീല്‍ ബിന്‍ അഹ്മദും ഇബ്‌നു സീനയും ജാബിറുബിന് ഹയ്യാനും വളര്‍ന്നു വന്നത്. രണ്ട് വിഭാഗവും ഇസ്‌ലാമിക ചിന്തയുടെ വ്യത്യസ്ത ധാരകളെയാണ് പ്രതിനിധീരിക്കുന്നത്.

ഇസ്‌ലാമിക ചിന്താപദ്ധതിയുടെ വ്യത്യസ്തതയും വ്യതിരിക്തതയും മനസ്സിലാക്കുകയും അതില്‍ ഉള്‍കൊണ്ടിട്ടുള്ള പ്രാപഞ്ചികവും ഭൗതികവുമായ വിവരങ്ങള്‍ അറിയുകയും ചെയ്താല്‍ അതിന്റെ മഹത്വം മനസ്സിലാകും. മനുഷ്യചിന്തയെ രണ്ട് ഘട്ടങ്ങളാക്കി വേര്‍ത്തിരിക്കാവുന്നതാണ്. ഖുര്‍ആന്റെ അവതരണത്തിന് മുമ്പുള്ള ഒരു ഘട്ടവും, അതിന് ശേഷമുള്ള രണ്ടാമത്തെ ഘട്ടവും. പാശ്ചാത്യവും പൗരസ്ത്യവുമായ എല്ലാ വിവരങ്ങളും ഉണ്ടായത് ഖുര്‍ആനിന്റെ അടിസ്ഥാനത്തിലാണ്. പ്ലാറ്റോയുടെയു അരിസ്‌ടോട്ടിലിന്റെയും ചിന്തകള്‍ വരെ ഇന്നത്തെ പാശ്ചാത്യര്‍ക്ക് എത്തിയത് മുസ്‌ലിം പണ്ഡിതന്മാരിലൂടെയായിരുന്നു.

എന്നാല്‍ ഇന്നത്തെ മുസ്‌ലിങ്ങള്‍ ചിന്താപരമായി ഇത്ര പിറകോട്ട് പോകാന്‍ കാരണമെന്താണ്!

മുസ്‌ലിങ്ങള്‍ ഖുര്‍ആനിനെ വേണ്ട രീതിയില്‍ പരിഗണിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. അതിന്റെ വ്യതിരിക്തതയെയോ ആശയങ്ങളെയോ ഉള്‍കൊള്ളാന്‍ അവര്‍ തയ്യാറല്ല. അവരിലൊരു കൂട്ടര്‍ക്ക് അല്ലാഹുവിന്റെയും ഖുര്‍ആനിന്റെയും ശത്രുക്കളുടെ വിലകുറഞ്ഞ വാക്കുകളാണ് വേദവാക്യങ്ങളെക്കാള്‍ മഹത്തരമായത്. മറ്റൊരു കൂട്ടര്‍ ഖുര്‍ആനിനെ വാക്കുകള്‍ക്കും അക്ഷരങ്ങള്‍ക്കുമപ്പുറം മനസ്സിലാക്കാന്‍ സന്നദ്ധരാവാത്തവരാണ്. അവര്‍ക്ക് ദൈവവചനങ്ങള്‍ ചില കെട്ടുകളും അര്‍ഥമറിയാത്ത ജല്‍പനങ്ങളും മാത്രമാണ്.

ഇനിയുമുണ്ട് മറ്റൊരു വിഭാഗം. അവര്‍ ഖുര്‍ആനും അറബിയും പഠിച്ചവരാണ്. പക്ഷെ, ചില ഉപരിപ്ലവമായ ചിന്തകള്‍ക്കും നിവേദനങ്ങള്‍ക്കും അപ്പുറത്തേക്ക് പോകാന്‍ അവര്‍ സന്നദ്ധരല്ല. ആഴത്തിലുള്ള വിശകലനങ്ങളോ പഠനങ്ങളോ അവരുടെ ലക്ഷ്യമല്ല. ഉപജീവനമാര്‍ഗം നേടല്‍ മാത്രമാണ് അവരുടെ ലക്ഷ്യം. വയറല്ലാതെ ബുദ്ധിയല്ല അവരെ ഖുര്‍ആന്‍ പഠിക്കാന്‍ പ്രേരിപ്പിക്കുന്നത്. ജനങ്ങളെ വികാരം കൊള്ളിക്കുന്ന ചില ഭയപ്പെടുത്തലുകളും പ്രേരണകളും മാത്രമാണ് അവര്‍ക്ക് ഖുര്‍ആന്‍. പണം പിരിക്കാനുള്ള മറയും.

ഖുര്‍ആനില്‍ ആധികാരികമായി പഠനം നടത്തി അതിനെ ജനങ്ങളിലേക്ക് എത്തിക്കാന്‍ സന്നദ്ധരായ ഒരു തലമുറയെയാണ് ആവശ്യം. ഇസ്‌ലാമിന്റെ ചിന്താപദ്ധതിയും അധ്യാപനങ്ങളും അല്ലാഹു നിലനിര്‍ത്തുകതന്നെ ചെയ്യും. അത് അവന്റെ വാഗ്ദാനമാണ്. ‘നാമാണ് അതിനെ ഇറക്കിയത്. അതിനെ സംരക്ഷിക്കുന്നതും നാമാണ്.’ (അല്‍ ഹിജ്ര്‍: 9) അതുകൊണ്ട് തന്നെ അതിന്റെ സംരക്ഷണവും പഠനവും ഏറ്റെടുക്കാന്‍ നമ്മള്‍ സന്നദ്ധരല്ലെങ്കില്‍ അല്ലാഹു അതിനായി മറ്റൊരു സമൂഹത്തെ വളര്‍ത്തി കൊണ്ടുവരും. അങ്ങിനെ നമ്മള്‍ കാലക്രമത്തില്‍ തമസ്‌കരിക്കപ്പെടും. ചിരിത്രത്തിന്റെ താളുകളില്‍ ഒരു വിലയുമില്ലാത്ത കാലികള്‍ മാത്രമായി നാം മണ്ണടിയും. അതിനെ അതിജയിക്കാന്‍ അല്ലാഹു നമ്മുക്ക് കാണിച്ച് തന്ന മാര്‍ഗം ഖുര്‍ആനെയും അതിന്റെ ചിന്തയെയും ഏറ്റെടുക്കുക എന്നതാണ്.

Related Articles