Current Date

Search
Close this search box.
Search
Close this search box.

കോടതി വാതിലും അടഞ്ഞാല്‍….?

പത്രങ്ങളിലും ചാനലുകളിലും മഅ്ദനി  അനുബന്ധ കേസുകളെക്കുറിച്ച് കേള്‍ക്കുമ്പോള്‍ സെന്റ് അഗസ്റ്റിന്‍ ഉദ്ധരിച്ച ഒരു സാരോപദേശ കഥയാണ് ഓര്‍മവരിക (നോം ചോസ്‌കി അദ്ദേഹത്തിന്റെ പൈറേറ്റ്‌സ് ആന്റ് എംപറേഴ്‌സ് എന്ന പുസ്തകത്തില്‍ ഈ കഥ ഉദ്ധരിച്ചിട്ടുണ്ട് ). കടലില്‍ കൊള്ള നടത്തി പിടിയിലായ കൊള്ളക്കാരനോട് അലക്‌സാണ്ടര്‍ ചക്രവര്‍ത്തി : ലോകം മുഴുവന്‍ കൊള്ള നടത്താന്‍ നിനക്കെങ്ങനെ ധൈര്യം കിട്ടി ?
കൊള്ളക്കാരന്‍ : ലോകം മുഴുവന്‍ കൊള്ളനടത്താന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം കിട്ടി ? ‘ ഞാന്‍ ചെറുവഞ്ചി ഉപയോഗിച്ച് പിടിച്ച് പറി നടത്തുന്നത് കൊണ്ട് ആളുകള്‍ എന്നെ കൊള്ളക്കാരന്‍ എന്ന് വിളിക്കുന്നു. ഒരു നാവിക സേന ഉപയോഗിച്ച് ഇതേ കാര്യം ചെയ്യുന്നതിനാല്‍ താങ്കളെ ചക്രവര്‍ത്തിയെന്ന് വിളിക്കുന്നു.’
ഇതു പോലെയാണ് നമ്മുടെ നാട്ടിലെ നിയമങ്ങളില്‍ പലതും, അത് താഴ്ന്നവര്‍ക്കും ന്യൂനപക്ഷങ്ങഴക്കും മാത്രമുള്ളതാണെന്ന് ചിലപ്പോള് നമുക്ക് തോന്നിപ്പോകും. വന്‍കമ്പനികളെയോ രാഷ്ട്രീയ സ്വധീനമുള്ളവനെയോ അതിന് പിടികൂടാന്‍ കഴിയില്ല. ഇത് തിരിച്ചറിഞ്ഞ് കൊണ്ടായിരിക്കണം പണ്ടൊരു വിദ്വാന്‍ പറഞ്ഞത് നിയമം ചിലന്തി വല പോലെയാണെന്ന് വലിയ ഇരകള്‍ വന്നാല്‍ അതിനെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതു കാരണം ചിലന്തി വല അറ്റുപോകുന്നു.
 
നമ്മുടെ നിയമങ്ങള്‍ നമുക്ക് വേണ്ടി  നാം തന്നെ ഉണ്ടാക്കിയതാണ്. സുരക്ഷിതമായ സാമൂഹ്യ ജീവിതം സാധ്യമാക്കാനാണ് നിയമങ്ങളുടെ നിര്‍മാണം. എന്നാല്‍ അത് നടപ്പാക്കുന്നേടത്ത് അനീതിയുണ്ടായാല്‍ നിയമ വ്യവസ്ഥയുടെ ലംഘനം പോലെ തന്നെ വലിയ പ്രത്യാഘാതങ്ങളാണ് അതിനുണ്ടാകുക. നീതിന്യായ വ്യവസ്ഥ സത്യസന്ധമായി പാലിക്കപ്പെടുന്നുവെന്ന ബോധമുണ്ടാകുമ്പോള്‍ മാത്രമേ ജനങ്ങള്‍ക്ക് നീതി പീഠത്തോട് ബഹുമാനവും വിശ്വാസവുമുണ്ടാകുകയുള്ളു. വൈകികിട്ടുന്ന നീതി കിട്ടാത്ത നീതിക്ക് തുല്യമാണൈന്ന് സുപ്രീം കോടതി തന്നെ മുമ്പൊരു കേസില്‍ വിധി പറഞ്ഞപ്പോള്‍ നിരീക്ഷിച്ചിരുന്നുവല്ലോ. എന്നാല്‍ ഇക്കാര്യം എന്ത് കൊണ്ടാണ് മഅ്ദനിയുടെ കാര്യത്തില്‍ പാലിക്കപ്പെടാത്തത്?  

തെറ്റ് സംഭവിക്കുക  മാനുഷികമാണ്. നിലപാടുകളിലും പ്രവര്‍ത്തനങ്ങളിലും തെറ്റുകളുണ്ടാകും. അത് തിരുത്താനും ഇല്ലാതാക്കാനുമാണ് നീതിന്യായ സംവിധാനങ്ങള്‍ നില നില്‍ക്കുന്നത്. തെറ്റ് ചെയ്്തവരെ വിചാരണ ചെയ്ത് ശിക്ഷിക്കണം. വിചാരണക്കുള്ള അവസരം ലഭിക്കുക എന്നത് ഒരു കുറ്റവാളിയുടെ യും അവകാശമാണ്. അതിന് ശേഷമാണ് കുറ്റവാളികളെ ശിക്ഷിക്കേണ്ടത്. അതിന് സാധ്യമല്ലാത്ത വിധം ദുര്‍ഘടമാണ്  നമ്മുടെ ഭരണഘടന എന്നാണ് മഅ്ദനികേസ് പരിശോധിക്കുന്ന ഒരു സാധാരണക്കാരന് തോന്നിയാല് അത് ശരിയല്ലെന്ന് പറയാനാകുമോ
തീവ്രവാദക്കേസില്‍ അകപ്പെട്ട് ജയിലില്‍ കഴയുന്ന മഅ്ദനി പലപ്പോഴും കോടതിയുടെ മുന്നില്‍ വരാറുണ്ട്. അപ്പോഴെല്ലാം മാധ്യമങ്ങളില്‍ അത് വാര്‍ത്തയാകാറുമുണ്ട്. പക്ഷെ അദ്ദേഹത്തെ വിചാരണ ചെയ്യാന്‍ കോടതിക്കെന്ത് കൊണ്ട് സാധിക്കുന്നില്ല? ഒരു കുറ്റവാളിയെ വിചാരണ ചെയ്യാന്‍ കഴിയാത്ത വിധം ദുര്‍ബലമാണോ നമ്മുടെ നീതി ന്യായ സംവിധാനം ? അത്തരം ദൗര്‍ബല്യങ്ങളുണ്ടെങ്കില്‍ നമുക്കത് പരിഹരിക്കേണ്ടതില്ലെ ?
കോടതിക്ക് വ്യക്തികളോട് വിരോധമില്ലല്ലോ, തെറ്റുകളോടാണല്ലോ വിരോധമുള്ളത്. പിന്നെയെന്ത് കൊണ്ട് മഅ്ദനിക്ക് വിചാരണയും നീതിയും ലഭിക്കാത്തത്. സാധാരണക്കാരന് നീതിക്ക് വേണ്ടി ആശ്രയിക്കാവുന്ന നീതി ന്യായ സംവിധാനങ്ങള്‍ അതിന് സാധ്യമല്ലാത്തവിധം ദുര്‍ഘടമായാല്‍ പിന്നീട് ആ സംവിധാനത്തെ ജനങ്ങള്‍ തിരിഞ്ഞ് നോക്കുമോ? അതിനെ പരിഗണിക്കുമോ? നീതി കിട്ടിയില്ലെങ്കില്‍ തീവ്രവാദികള്‍ വളരാനിടയാകുമെന്ന് നമ്മുടെ ബഹുമാനപ്പെട്ട കോടതി തന്നെ നിരീക്ഷിച്ചിരുന്നല്ലോ.. ശക്തന്മാര്‍ക്ക് അധികാരത്തിന്റെ ഭരണവും ദുര്‍ബലര്‍ക്ക് നിയമത്തിന്റെ ഭരണവും ലഭിക്കുന്നതിനുള്ള പ്രചാര വേലാ (propaganda model)  സ്ഥാപനങ്ങളായി നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാറുകയാണോ?(നോം ചോസ്കിയുടെ പൈറേറ്റ്സ് ആന്റ എംപറേഴ്സില് ഭരണ കൂടങ്ങളെ അങ്ങനെ വിമര്ശിക്കുന്നുണ്ട്)  അത് കൊണ്ടല്ലേ വിജയ് മല്യയുടെ കോടിക്കണക്കായ കടങ്ങള്‍ എഴുതി തള്ളുമ്പോഴും കേരളത്തിലെ കര്‍ഷകന്റെ തുച്ഛമായ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാനോ ലഘൂകരിക്കാനോ സാധിക്കാതെ പോകുന്നത?

കൊലപാതക കുറ്റകൃത്യങ്ങളില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്ക് വരെ ജാമ്യമനുവദിക്കുന്ന കോടതി രോഗിയും വൃദ്ധനുമായ ഒരു പ്രതിയുടെ നീതിക്ക് വേണ്ടിയുള്ള യാചന തള്ളിക്കളയുന്നുവെങ്കില്‍ ഇന്ത്യാ ചരിത്രത്തില്‍ അതെങ്ങനെയായിരിക്കും രേഖപ്പെടുത്തുക. മഅ്ദനിയിലുള്ള ഏത് കുറ്റമാണ് അദ്ദേഹത്തിന് നീതി നിഷേധിക്കുന്നത്. ഇങ്ങനെ ഒരു പാട് ചോദ്യങ്ങളാണ് മഅ്ദനി  നാമോരോരുത്തരോടും ചോദിക്കുന്നുത്. ഒരു പാട് കൊലപാതകങ്ങളില്‍ സംശയിക്കപ്പെടുന്ന പലരും നമ്മെ ഭരിക്കുന്നുണ്ടല്ലോ…അവരെയെന്ത് കൊണ്ട് സംശയത്തിന്റെ പേരില്‍ സര്‍ക്കാരും കോടതിയും ശിക്ഷിക്കുന്നില്ല?  അവകാശങ്ങള്‍ നേടിക്കൊടുക്കേണ്ട കോടതി അതു കൊടുത്തില്ലെങ്കില്‍ പിന്നെ അത് എവിടെ നിന്നാണ് ലഭിക്കുക? പ്രമുഖ ഫലസ്തീനി കവി മുഹമ്മദ് ദര്‍വീശ് നമ്മോട് ചോദിച്ചത് പോലെ
‘അവസാന അതിര്‍ത്തിയും കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ എങ്ങോട്ട് പോകും ?
അവസാന ആകാശവും കഴിഞ്ഞാല്‍ പക്ഷികള്‍ പിന്നെ എവിടെയാണ് പറക്കുക?
അവസാന ശ്വാസവുമെടുത്ത് കഴിഞ്ഞാല്‍ ചെടികള്‍ പിന്നെ എവിടെയാണുറങ്ങുക? ‘

Related Articles