Current Date

Search
Close this search box.
Search
Close this search box.

കൊളോണ്‍ ലൈംഗികാതിക്രമം; പ്രതികള്‍ അഭയാര്‍ഥികളോ?

anti-refugee.jpg

ദശലക്ഷക്കണക്കിന് അഭയാര്‍ഥികളെ സ്വീകരിച്ച ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനും അവരുടെ ഭരണകൂടത്തിനും മേല്‍ പ്രശംസയുടെയും അഭിനന്ദനത്തിന്റെയും പൂച്ചെണ്ടുകളാണ് ചൊരിയപ്പെട്ടത്. മരണത്തില്‍ നിന്ന് സ്വന്തത്തെയും മക്കളെയും രക്ഷിക്കുന്നതിന് അഭയം കിട്ടാതെ ഓടിയ സിറിയക്കാരായിരുന്നു അഭയാര്‍ഥികളിലധികവും. അതിലൂടെ മെര്‍ക്കല്‍ ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ക്കിടയില്‍ സ്ഥാനം പിടിച്ചു. എന്നാല്‍ അതുണ്ടാക്കിയ സന്തോഷം അധികനാള്‍ നീണ്ടു നിന്നില്ല.

ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പേ ചിത്രം മാറിയിരിക്കുന്നു. അഭയാര്‍ഥികളെ പിശാചുക്കളായി ചിത്രീകരിച്ചു കൊണ്ടുള്ള ശക്തമായ രാഷ്ട്രീയ, മാധ്യമ കാമ്പയിന് ജര്‍മനിയില്‍ തുടക്കം കുറിച്ചിരിക്കുന്നു. ചാരിത്രവതികളും നിഷ്‌കളങ്കരുമായ ജര്‍മന്‍ യുവതികളെ അഭയാര്‍ഥികള്‍ ലൈംഗികമായി കയ്യേറ്റം ചെയ്തതായി ആരോപണം ഉയര്‍ന്നിരിക്കുന്നു. നിലവിലുള്ളവരെ ആട്ടിയോടിക്കണമെന്നും പുതുതായി വരുന്നവര്‍ക്ക് പ്രവേശനം അനുവദിക്കരുതെന്നുമുള്ള ആവശ്യങ്ങളും ഉയര്‍ന്നിരിക്കുന്നു.

കഴിഞ്ഞ വര്‍ഷം ഭീകരാക്രമണത്തിന് വിധേയമാക്കപ്പെട്ട ‘ഷാര്‍ലി എബ്ദോ’ എന്ന ഫ്രഞ്ച് ഹാസ്യ മാസിക ഐലന്‍ കുര്‍ദിയെ അപകീര്‍ത്തിപ്പെടുത്തി കൊണ്ട് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കുക വരെ ചെയ്തു. മാസികക്കെതിരെ ആക്രമണമുണ്ടായപ്പോള്‍ അറബ് നേതാക്കളടക്കമുള്ള ലോകം അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ‘ഞങ്ങളെല്ലാം ഷാര്‍ലി’ മുദ്രാവാക്യം വിളിച്ചവരാണ്. ഐലന്‍ വളര്‍ന്നു വലുതായിരുന്നേല്‍ അവനും ഒരു സ്ത്രീ പീഡകനായി മാറുമെന്നായിരുന്നായിരുന്നു കാര്‍ട്ടൂണ്‍ പറയുന്നത്. പ്രവാചകന്‍ മുഹമ്മദ് നബിയെ അടക്കം മോശമായി ചിത്രീകരിച്ച്, വംശീയ അധിക്ഷേപങ്ങള്‍ക്ക് പേരുകേട്ട മാസിക അതിലൂടെ തങ്ങളുടെ ചരിത്രത്തിലേക്ക് നിന്ദ്യതയുടെ പുതിയ ഒരേടു കൂടി ചേര്‍ത്തു വെച്ചു.

കെട്ടിച്ചമച്ച റിപോര്‍ട്ടുകള്‍ അറബ് ചാനലുകളില്‍ പരിമിതപ്പെട്ടില്ല. ദുഖകരമെന്ന് പറയട്ടെ അത് ജര്‍മനിയിലെയും മറ്റ് പാശ്ചാത്യ നാടുകളിലെയും ചാനലുകളും സോഷ്യല്‍ മീഡിയകളിലും ഉണ്ടായി. ലൈംഗികാതിക്രമങ്ങള്‍ക്ക് പിന്നില്‍ സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നും മറ്റ് മിഡിലീസ്റ്റ് നാടുകളില്‍ നിന്നും വന്ന അഭയാര്‍ഥികളാണെന്ന ആരോപണമായിരുന്നു അത്. അവരെയെല്ലാം ആട്ടിയോടിക്കുന്നതിന് നിയമ ഭേദഗതി വരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഈജിപ്തില്‍ നടന്ന ഒരു ബലാല്‍സംഗത്തിന്റെ ഫോട്ടോ നല്‍കിയാണ് പുതുവല്‍സര ദിനത്തില്‍ ജര്‍മനിയിലെ കൊളോണില്‍ നടന്ന പീഢനത്തിന്റേതെന്ന് പറഞ്ഞ് ഡന്‍മാര്‍ക് പത്രം തങ്ങളുടെ വാര്‍ത്ത പൊലിപ്പിച്ചത്.

നാല്‍പത് വര്‍ഷത്തോളമായി യൂറോപില്‍ ജീവിക്കുന്ന ഒരാളാണ് ഞാന്‍. പുതുവല്‍സര ദിനങ്ങളില്‍ പുതുവര്‍ഷത്തെ സ്വീകരിക്കാന്‍ നഗര കേന്ദ്രങ്ങളിലെ മൈതാനങ്ങളില്‍ ആയിരങ്ങള്‍ ഒരുമിച്ചു കൂടൂമ്പോള്‍ അവിടെ സാധാരണ സംഭവിക്കാറുള്ളതാണ് ലൈംഗികാതിക്രമങ്ങളും പീഢനങ്ങളും. സ്വന്തത്തിന്റെ എല്ലാ നിയന്ത്രണവും നഷ്ടപ്പെടും വിധം മദ്യപിച്ച അവസ്ഥയിലാണ് മിക്ക ആളുകളും അവിടെയുണ്ടാവാറുള്ളത്. അതില്‍ സ്ത്രീകളും പുരുഷന്‍മാരും തുല്യരാണ്. അതില്‍ സ്ത്രീകളുടെ ഭാഗത്തു നിന്നു തന്നെ നിരവധി ലൈംഗികാതിക്രമങ്ങള്‍ നടക്കാറുണ്ടെന്നത് ഒട്ടും അതിശയോക്തി കലര്‍ത്താതെ തന്നെ പറയാം. ജര്‍മനി എന്ന രാഷ്ട്രം അതില്‍ നിന്നൊഴിവല്ല. രാജ്യത്തെ ആഭ്യന്തര വകുപ്പ് അത്തരം സംഭവങ്ങളെ വേണ്ടത്ര ഗൗരവത്തിലെടുക്കാറില്ലെന്നതും ഇതോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

അറബികളും മുസ്‌ലിംകളുമായ അഭയാര്‍ഥികള്‍ക്കെതിരെയുള്ള വംശീയ കാമ്പയിന്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വ്യാപിക്കുന്നു എന്നത് ഏറെ അപകടകരമായ ഒന്നാണ്. ഇതിന് സമാനമായ സംഭവങ്ങളായിരുന്നു നാസി ഭരണത്തിന് കീഴിലും സംഭവിച്ചത്. ഇതര വംശജര്‍ക്കെതിരെ ആക്രമണത്തിന് പ്രേരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളായിരുന്നു അവിടെ നടന്നത്. നാലു കോടി ആളുകളുടെ മരണത്തിന് കാരണമായ രണ്ടാം ലോക മഹായുദ്ധത്തിലേക്കാണത് നയിച്ചത്.

നഗ്നരായ ജര്‍മന്‍ യുവതികളുടെ ലൈംഗികാവയവങ്ങളില്‍ പരതുന്ന കറുത്ത കൈകളുടെ ചിത്രങ്ങള്‍ ജര്‍മന്‍ പത്രങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരിച്ചു. ജര്‍മന്‍ വംശജര്‍ക്ക് നേരെ വിദേശികളായ അഭയാര്‍ഥികള്‍ അതിക്രമം പ്രവര്‍ത്തിക്കുന്നു എന്ന് ദ്യോതിപ്പിക്കുന്നതിനും അതിലൂടെ അവര്‍ക്കെതിരെ വൈകാരികമായി ആളുകളെ ഇളക്കി വിടുന്നതിനും വേണ്ടിയായിരുന്നു അത്. തങ്ങളുടെ ശുദ്ധമായ ആര്യ പാരമ്പര്യത്തെ കളങ്കെപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ പ്രതികാരത്തിന് പ്രേരിപ്പിക്കുന്നതായിരുന്നു അത്. നാസികളും ഇതേ തന്ത്രം തന്നെയായിരുന്നു മുമ്പ് സ്വീകരിച്ചിരുന്നത്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഏതാനും സിറിയന്‍ അഭയാര്‍ഥികളെ മാത്രം സ്വീകരിച്ച ബ്രിട്ടനില്‍ വരെ അഭയാര്‍ഥി വിരുദ്ധ പ്രചാരണങ്ങള്‍ നടന്നു. ട്വിറ്ററില്‍ ലക്ഷക്കണക്കിന് ഫോളോവേസ് ഉള്ള ഒരു പ്രമുഖ പരിപാടിയുടെ അവതാരകന്‍ പറഞ്ഞത് ബ്രിട്ടന്‍ അഭയാര്‍ഥികളെയും വിദേശികളെയും കൊണ്ട് തിങ്ങിഞെരുങ്ങുകയാണെന്നായിരുന്നു.

ലോക്കര്‍ബി സംഭവത്തിന് ശേഷം ലിബിയക്കെതിരെ നടന്ന പ്രചരണങ്ങളെ ഞാനിപ്പോള്‍ ഓര്‍ക്കുകയാണ്. അഞ്ചുദശലക്ഷം കോപ്പികള്‍ വിറ്റഴിക്കുന്ന ഒരു ബ്രിട്ടീഷ് പത്രം ‘The Libyan Romeos’ എന്ന തലക്കെട്ടില്‍ ഏതാനും പേജുകളില്‍ തന്നെ അന്വേഷണ റിപോര്‍ട്ട് കൊടുത്തു. ലിബിയക്കാരായ ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിച്ചു പോയ ബ്രിട്ടീഷ് ഭാര്യമാരുടെ അഭിമുഖകങ്ങളായിരുന്നു അതില്‍. തങ്ങളെയും കുട്ടികളെയും ഉപേക്ഷിച്ച് അവര്‍ നാട്ടിലേക്ക് തന്നെ മടങ്ങിയെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ 70 ശതമാനം വിവാഹ മോചനം നടക്കുന്ന രാജ്യമാണ് ബ്രിട്ടന്‍ എന്നതും വിജയകരമായ ദാമ്പത്യ ബന്ധം പുലര്‍ത്തി സന്തോഷത്തോടെ ജീവിതം നയിക്കുന്ന നിരവധി ലിബിയന്‍ – ബ്രിട്ടീഷ് ദമ്പതികളുണ്ടെന്നതും പത്രം വിസ്മരിച്ചു.

ജര്‍മനിയിലെത്തിയ അഭയാര്‍ഥികളില്‍ ബഹുഭൂരിപക്ഷവും മതനിഷ്ഠ പുലര്‍ത്തുന്ന മുസ്‌ലിംകളാണ്. അറബ് സഹോദര രാഷ്ട്രങ്ങള്‍ പോലും മുഖം തിരിച്ചപ്പോള്‍ തങ്ങള്‍ക്ക് മുന്നില്‍ വാതില്‍ തുറന്നു തന്ന യൂറോപ്യന്‍ നാടുകളോട് ആദരവും നന്ദിയും സ്‌നേഹവും മനസ്സില്‍ കൊണ്ടു നടക്കുന്നവരാണവര്‍. സിറിയയില്‍ നിന്നും യൂറോപ്പിലെത്തിയ യുവാക്കള്‍ തങ്ങള്‍ എത്തിചേര്‍ന്നിരിക്കുന്ന പുതിയ നാടിന്റെ സംസ്‌കാരത്തോടും സമ്പ്രദായങ്ങളോടും ഇണങ്ങി ചേരുന്നതിനും ആഹാരവും മരുന്നും നേടുന്നതിനും ഭാഷ പഠിക്കാനും ആ സമൂഹത്തിന്റെ ഭാഗമാകുന്നതിനും ജോലി കണ്ടെത്തുന്നതിനുമാണ് പ്രാധാന്യം നല്‍കിയത്. ലൈംഗികാത്രിക്രമം അവരുടെ ആവശ്യങ്ങളുടെയോ ലക്ഷ്യങ്ങളുടെയോ കൂട്ടത്തില്‍ ഇല്ലെന്ന് തന്നെ പറയാം. അതേസമയം ഈ സിറിയന്‍ യുവാക്കള്‍ ജര്‍മന്‍, യൂറോപ്യന്‍ യുവതികളുടെ പ്രേരണകള്‍ക്ക് വിധേയപ്പെട്ടിരിക്കാനുള്ള സാധ്യത നാം തള്ളിക്കളയുന്നില്ല. കാരണം ചുറുചുറുക്കും മര്യാദയുമുള്ളവരും കൂടുതല്‍ വൈകാരിതയുള്ളവരുമായ അവരെ വിവാഹം പോലുള്ള പ്രലോഭനങ്ങള്‍ അകപ്പെടുത്താന്‍ എളുപ്പമാണ്. ഒരുപക്ഷേ, നേരെ മറിച്ച് ജര്‍മന്‍ യുവാക്കള്‍ സിറിയന്‍ യുവതികളുടെ സൗന്ദര്യത്തിലും മറ്റും ആകൃഷ്ടരായി അവരെ ലൈംഗികമായി കൈയ്യേറ്റം ചെയ്തു എന്നു പറഞ്ഞാല്‍ അതില്‍ അതിശയിക്കേണ്ടതില്ല. മാത്രമല്ല പോലീസിനോട് പരാതിപ്പെടാന്‍ അവരുടെ പ്രകൃതവും മാനഹാനിയെ കുറിച്ച ഭയവും അവരെ അനുവദിക്കുകയുമില്ല.

ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് യൂറോപിലെ സോഷ്യല്‍ മീഡിയകളടക്കമുള്ള മാധ്യമങ്ങള്‍ നടത്തിയ ആരോപണങ്ങള്‍ അഭയാര്‍ഥികള്‍ക്ക് നേരെ വെറുപ്പുല്‍പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് കാണാം. അതിലൂടെ അവരെ തിരിച്ചയക്കുന്നതിനും അഭയാര്‍ഥിത്വം നല്‍കുന്നത് തടയുകയും ചെയ്യുന്ന നിയമഭേദഗതികളാണ് അവര്‍ക്ക് ആവശ്യം. ഇങ്ങനെ വരുന്നവരില്‍ ബഹുഭൂരിപക്ഷവും മുസ്‌ലിംകളാണെന്നതാണ് കാരണം. വളര്‍ന്നു വരുന്ന ഇസ്‌ലാമോഫോബിയയും മാസങ്ങള്‍ക്ക് മുമ്പ് യൂറോപ്യന്‍ തലസ്ഥാനങ്ങളിലുണ്ടായ ഭീകരപ്രവര്‍ത്തനങ്ങളും അതിന് കാരണമായിരിക്കാം. എന്നാല്‍ ജര്‍മനിയിലെ ലൈംഗികാതിക്രമങ്ങളെ പെരുപ്പിച്ചു അവതരിപ്പിക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം മെര്‍ക്കലിനെയും അവരുടെ പാര്‍ട്ടിയെയും അധികാരത്തില്‍ താഴെയിറക്കലാണ്. അപ്രകാരം ജര്‍മനിയുടെ സൈനികമായ റോള്‍ വീണ്ടെടുക്കലും, മിഡിലീസ്റ്റിലെയും സിറിയയിലെയും ജര്‍മന്‍ ഇടപെടലിന് ന്യായീകരണം കണ്ടെത്തലും അവരുടെ ലക്ഷ്യമാണ്. വംശീയതയെന്ന ഘടകത്തെ സജീവമാക്കിയിട്ടല്ലാതെ ഒരു യുദ്ധത്തിനിറങ്ങാന്‍ സാധ്യമല്ലെന്നാണ് ജര്‍മനിയിലെ ഭരണവര്‍ഗം കഴിഞ്ഞ നൂറ്റാണ്ടിലെ അനുഭവങ്ങളിലൂടെ തെളിയിച്ചിട്ടുള്ളത്.

എന്നാല്‍ ഈ ഈ പൈശാചിക വല്‍കരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെങ്കില്‍ ദോഷഫലങ്ങളാണ് അതുണ്ടാക്കുകയെന്ന് അവര്‍ തിരിച്ചറിയേണ്ടതുണ്ട്. വാര്‍ധക്യം ബാധിച്ച ഈ യൂറോപ്യന്‍ സമൂഹങ്ങള്‍ക്ക് അവരുടെ ഉറങ്ങിക്കിടക്കുന്ന സാമ്പത്തിക മേഖലയെ ഉണര്‍ത്തുന്നതിന് യുവാക്കളായ ഈ അഭയാര്‍ഥികളുടെ തൊഴില്‍ ശക്തി വളരെ അത്യാവശ്യമാണ്.

അതോടൊപ്പം കാര്യങ്ങള്‍ ദാരുണമായ ഈ അവസ്ഥയില്‍ എത്തിക്കുന്നതില്‍ പങ്കുള്ള നമ്മുടെ ഭരണകൂടങ്ങള്‍ (അറബ്) ആക്ഷേപത്തിന് അര്‍ഹരാണെന്നത് നാം വിസ്മരിക്കരുത്. നമ്മുടെ ആളുകളെ മറ്റു സമൂഹങ്ങളിലേക്ക് പലായനത്തിന് പ്രേരിപ്പിച്ച നമ്മെയും ആക്ഷേപിക്കേണ്ടതുണ്ട്. നമ്മുടെ നാടുകളെ പിച്ചിചീന്താനും അതിനുള്ളിലെ വിഭാഗീയതകളുടെ ആഴം വര്‍ധിപ്പിക്കാനും അങ്ങനെ ആഭ്യന്തര, വിഭാഗീയ യുദ്ധങ്ങളിലൂടെ നമ്മെ തകര്‍ക്കാനുമുള്ള ശത്രുക്കളുടെ കെണിയില്‍ അകപ്പെടുകയായിരുന്നു നാം.

വിവ: നസീഫ്‌

Related Articles