Current Date

Search
Close this search box.
Search
Close this search box.

കേരള മുസ്‌ലിം പണ്ഡിത നേതൃത്വവും സിനിമയോടുള്ള സമീപനവും

cinema02-umar.jpg

നവ സാമൂഹ്യസാഹചര്യങ്ങളോടു സമരസപ്പെടുന്നതിലും മാറ്റങ്ങളെ രചനാത്മകമായി സമീപിക്കുന്നതിലും പരാജയപ്പെട്ട ചരിത്രമാണ് കേരളത്തിലെ യാഥാസ്ഥിക മുസ്‌ലിം പണ്ഡിതനേതൃത്വത്തിന് പൊതുവെയും. ദീനീവിജ്ഞാനീയങ്ങളില്‍ അറിവു പോരാത്തതുകൊണ്ടല്ല, ആ അറിവിനെ ജീവിക്കുന്ന കാലവും സാമൂഹ്യസാഹചര്യങ്ങളുമായി ബന്ധിപ്പിക്കുന്നതില്‍ അവര്‍ക്കു സംഭവിച്ച പിഴവാണ്, സമുദായത്തെ സാമൂഹ്യസാംസ്‌കാരിക മേഖലകളില്‍ പതിറ്റാണ്ടുകള്‍ പിന്നിലാക്കിയത്.

ഇംഗ്ലീഷ് ഭാഷാ പഠനം, പൊതുവിദ്യാഭ്യാസം, ഖുര്‍ആന്‍ തര്‍ജ്ജമ, സ്ത്രീ വിദ്യാഭ്യാസം, സ്ത്രീ പള്ളിപ്രവേശം തുടങ്ങിയ വിഷയങ്ങളില്‍ പ്രതിലോമകരമായ സമീപനമായിരുന്നു ആദ്യകാലങ്ങളില്‍ പണ്ഡിതനേതൃത്വം സ്വീകരിച്ചത്. സാമ്രാജ്യത്വവിരുദ്ധത മുന്‍നിര്‍ത്തി ഇംഗ്ലീഷ് ഭാഷയ്ക്കു തന്നെ വിലക്കേര്‍പ്പെടുത്തിയപ്പോള്‍ വിജ്ഞാനസമ്പാദനത്തിന്റെയും ആശയകൈമാറ്റത്തിന്റെയും പ്രവിശാലമായ ഒരു ലോകമാണ് ആ വിലക്കിലൂടെ സമുദായത്തിന് നിഷേധിക്കപ്പെട്ടത്. ആശയം ചോരണം സംഭവിക്കുമെന്ന കാരണം പറഞ്ഞ്, ഖുര്‍ആന്റെ ആശയം ഗ്രഹിക്കാനുള്ള സാധാരണക്കാരന്റെ അവകാശം ഏറെ കാലം തടയപ്പെട്ടു. പുരുഷന്‍മാരുമായി കൂടിക്കലര്‍ന്നുണ്ടാകുന്ന ‘ഫിത്‌ന’ ഭയന്ന് മുസ് ലിം സ്ത്രീയുടെ മൗലികാവകാശങ്ങളിലൊന്നായ വിദ്യാഭ്യാസം തന്നെ നിഷേധിക്കപ്പെട്ടു. കാലഘട്ടം സമുദായത്തില്‍ നിന്ന് ആവശ്യപ്പെടു അനിവാര്യതാല്‍പ്പര്യങ്ങള്‍ പലതും കാലം ഏറെ കഴിയുമ്പോഴാണ്, പണ്ഡിതര്‍ക്കു ആവശ്യമായി തോന്നുന്നതും  നിലപാടുകള്‍ പുനപ്പരിശോധിക്കുന്നതും. വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍, അപ്പോഴേക്കും മറ്റു സമുദായങ്ങള്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ടാകും. പൊതുരംഗത്തും വിദ്യാഭ്യാസ രംഗത്തുമുള്ള സത്രീയുടെ റോള്‍ ഇപ്പോഴും പൂര്‍ണ്ണാര്‍ത്ഥത്തില്‍ വകവെച്ചു നല്‍കുന്നതില്‍ മുസ്‌ലിം പണ്ഡിതനേതൃത്വത്തിനു വൈമനസ്യമുണ്ട്. സ്ത്രീപള്ളി പ്രവേശം പോലുള്ള വിഷയങ്ങളില്‍ പാരമ്പര്യ നിലപാടില്‍ വലിയ മാറ്റമൊന്നും ഉണ്ടായിട്ടുമില്ല.  

സിനിമയുടെ കാര്യത്തില്‍ പണ്ഡിതന്‍മാരുടെ സമ്പൂര്‍ണ്ണ വിലക്കിനു പിന്നില്‍ ഒരു സാംഗത്യവുമില്ല എന്ന് പറയുക സാധ്യമല്ല. മുഖ്യധാരാ സിനിമ പ്രതിനിധീകരിക്കുന്ന കലയും സംസ്‌കാരവും അതു പ്രസരിപ്പിക്കുന്ന സന്ദേശവും പൊതുവെയും മതസദാചാര മൂല്യങ്ങള്‍ക്കെതിരാണ് എന്നുള്ളതാണ് അതിനോടുള്ള നിഷേധാത്മ സമീപനത്തിന്റെ പ്രഥമ കാരണം. ഇസ്‌ലാമിന്റെ കാര്യത്തില്‍ മാത്രമില്ലിത്. ഏതൊരു മതവും ഉയര്‍ത്തിപ്പിടിക്കുന്ന പൊതുവായ മൂല്യബോധ്യത്തെയും സദാചാരസങ്കല്‍പ്പങ്ങളെയും വെല്ലുവിളിക്കുന്നതാണ് മുഖ്യധാരാ സിനിമകള്‍. എന്നാല്‍ ഈ കലാരംഗത്തെ തിന്മകളുടെ നിലവിലെ ബാഹുല്യം, ആ കലാരൂപത്തത്തന്നെ നിഷിദ്ധമാക്കി വിധിയെഴുതാന്‍ കാരണമാകാമോ എന്നതാണ് ചോദ്യം. മുന്‍പ് ഇംഗ്ലീഷ് ഭാഷയ്ക്കുള്ള വിലക്കും സമാനമായ ഭൂമികയില്‍ നിന്നുകൊണ്ടായിരുന്നു പണ്ഡിതര്‍ രൂപപ്പെടുത്തിയത്. ഇംഗ്ലീഷ് ഭാഷയോടുള്ള അസ്പര്‍ശ്യത ക്രമേണ മാറ്റിയെടുക്കാന്‍ നിര്‍ബന്ധിതരായതുപോലെ സിനിമയോടുള്ള പണ്ഡിതനിലപാടും പുനപ്പരിശോധിക്കാന്‍ നിര്‍ബന്ധിതരാകും. അടിസ്ഥാനപ്രമാണങ്ങളിലൂടെ സ്ഥിരപ്പെട്ട വിധിവിലക്കുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍, പുതിയ സ്ഥലകാല സാഹചര്യങ്ങളില്‍ പുതിയ പ്രശ്‌നങ്ങളില്‍ ഉണ്ടാകുന്ന മതവിധികള്‍ക്ക് സ്ഥായി സ്വഭാവം ഉണ്ടായിരിക്കുകയില്ല. സാഹചര്യങ്ങളുടെ മാറ്റങ്ങള്‍ മതവിധിയിലും പ്രതിഫലിക്കും.  

സ്ഥലകാല സാഹചര്യങ്ങളുടെ മാറ്റങ്ങള്‍ക്കനുസൃതമായി മതനിലപാടുകള്‍ക്കും മാറ്റമുണ്ടാകുമെന്നത് ഇസ്‌ലാമിക പ്രമാണങ്ങളാല്‍ സ്ഥിരപ്പെട്ട കാര്യമാണ്. മക്കയിലെ അവിശ്വാസികളോടുള്ള സമീപനത്തില്‍ ഹിജ്‌റക്കു മുമ്പുള്ള സമീപനത്തേക്കാള്‍ വ്യത്യസ്തമായ സമീപനം കൈക്കൊള്ളാന്‍ ആവശ്യപ്പെടുന്നത് ഈ സ്ഥല കാല സാഹചര്യങ്ങളുടെ മാറ്റത്തിനനുസൃതമായി വിധിയില്‍ വരുന്ന മാറ്റത്തിനുദാഹരണമാണ്. നോമ്പുകാരനായിരിക്കെ ഭാര്യയെ ചുംബിക്കാമോ എന്നന്വേഷിക്കുന്ന രണ്ട് അനുചരന്‍മാര്‍ക്ക്, വ്യത്യസ്തമായ രണ്ട് വിധികള്‍ നല്‍കുന്ന പ്രവാചക സമീപനം ഈ രണ്ടുവ്യക്തികളുടെ സാഹചര്യങ്ങളിലെ മാറ്റം മനസ്സിലാക്കിക്കൊണ്ടുള്ളതാണ്. ഫിഖ്ഹിലെ അറിയപ്പെട്ട  ഒരു നിയമം തന്നെയും അങ്ങനെയാണ്. സ്ഥലകാല സാഹചര്യങ്ങള്‍ക്കനുസരിച്ച് മത വിധിയും മാറും. പൊതുവായി എല്ലാ മദ്ഹബും അംഗീകരിക്കുന്ന ഈ നിയമത്തിനുമപ്പുറം ഇമാം ശാത്വിബിയെ പോലുള്ള പണ്ഡിതര്‍, ഒരോ വ്യക്തിയുടെയും മനോഭാവത്തെയും കൂടി മതവിധി മാറാനുള്ള ഉപാധിയായി കണക്കാക്കുന്നുണ്ട്. അതിനാല്‍ ഓരോ വ്യക്തിക്കുമുള്ള മതവിധികള്‍ സവിശേഷമാണെന്നും, അയാളുടെ സവിശേഷമായ സാഹചര്യവും മനോഭാവവും കൂടി കണക്കിലെടുത്തു വേണം മതവിധികള്‍ രൂപീകരിക്കാനെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. (മുഹമ്മദ് ഖാലിദ് മസൂദ്, ശാത്വിബിസ് ഫിലോസഫി ഓഫ് ഇസ്‌ലാമിക് ലോ.)  

പതിറ്റാണ്ടുകള്‍ക്കു മുമ്പ് സിനിമയെ സംബന്ധിച്ച് മതവിധി രൂപപ്പെടുത്തിയ, ഭൂതകാലമാപിനിയുടെ ദര്‍പ്പണത്തിലൂടെയല്ല, ഇന്ന് സിനിമ വീക്ഷിക്കപ്പെടേണ്ടത്. ദൈവിക ചിന്തയില്‍ നിന്ന് വിശ്വാസിയെ അകറ്റിക്കളയുകയും അക്രമവും അനാശാസ്യവും പ്രോത്സാഹിപ്പിക്കുന്ന ഒരു വിനോദോപാധിയും മാത്രമായിരുന്നു മുമ്പ് സിനിമ. ആ ഭൂമികയില്‍ നിന്നായിരുന്നു മുമ്പ് സിനിമയോടുള്ള വിലക്ക് രൂപപ്പെട്ടത്. എന്നാല്‍ അതു മാത്രമല്ല ഇന്ന് സിനിമ. ഇന്ന് സിനിമക്ക് നവീനമായ പല മാനങ്ങളും കൈവന്നിരിക്കുന്നു. സൂക്ഷ്മമായ അപഗ്രഥനത്തില്‍ സിനിമ എന്നത് കേവല വിനോദത്തിനപ്പുറം ആശയപ്രകാശനത്തിന്റെ ഏറ്റവും സംവേദനക്ഷമതയുള്ള മാധ്യമമായും കലാരൂപമായും പരിണമിച്ചുകഴിഞ്ഞു. ആ നിലയ്ക്ക് ആശയകൈമാറ്റത്തിനുള്ള പ്രചരണോപാധിയായും ശക്തമായ രാഷ്ട്രീയ ആയുധമായും സിനിമ ഇന്ന് ഉപയോഗപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുന്നു. പാശ്ചാത്യര്‍ തന്നെയാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും ജനപ്രിയ മാധ്യമമായ സിനിമയെ തങ്ങളുടെ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ആദ്യമായി ഉപയോഗിച്ചുതുടങ്ങിയത്. യു എസ് റഷ്യ ശീത യുദ്ധകാലത്ത് പുറത്തിറങ്ങിയ പല ഹോളിവുഡ് സിനിമകള്‍ക്കു പിന്നിലും ശക്തമായ രാഷ്ട്രീയമുണ്ടായിരുന്നു. ലോകത്തിന്റെ മുക്കുമൂലകളില്‍ രാഷ്ട്രീയപ്രബുദ്ധരല്ലാത്ത പച്ചമനുഷ്യരായ അനേകായിരങ്ങള്‍ക്കു പോലും അമേരിക്ക രക്ഷക രാഷ്ടമാവുന്നതും റഷ്യ തിന്മയുടെ കേന്ദ്രമാകുന്നതും അങ്ങനെയാണ്. ആഗോളതലത്തില്‍ അമേരിക്കന്‍ അനുകൂല പൊതുമനസ്സ് രൂപപ്പെടുത്തുന്നതില്‍ ഹോളിവുഡ് സിനിമകള്‍ക്കും വലിയ പങ്കുണ്ട്. ഞീരസ്യ കഢ, ഞമായീ, ഞീൗിറലൃ െപോലുള്ള സിനിമകള്‍ ഉദാഹരണം. (ഒീഹഹ്യംീീറ ടലേൃശീ്യേീുല:െ ണവ്യ അൃല വേല ഞൗശൈമി െവേല ആമറ ഏൗ്യ,െ ഠീാ ആൃീീസ, ആആഇ ഇീഹൗാിശേെ) മുസ്‌ലിം സമൂഹം തീണ്ടാപ്പാട് അകലെ നിര്‍ത്തിയിട്ടുള്ള ഈ മാധ്യമത്തിലൂടെ ഇസ്‌ലാമിനെതിരിലും ഒളിഞ്ഞും തെളിഞ്ഞുമുള്ള അക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഫിത്‌നയും (2008) ഇന്നസന്റസ് ഓഫ് മുസ്‌ലിമും (2012) അതിലെ അവസാനക്കണ്ണികള്‍ മാത്രം. ദൃശ്യവിസ്മയങ്ങളുടെ ഇക്കാലത്ത്, ഇമാം ഗസ്സാലി ഗ്രീക്ക് തത്വചിന്തയെ അതേനാണയത്തില്‍ പ്രതിരോധിച്ചപോലെ, ഇസ്‌ലാം വിരുദ്ധ ആംഗലേയ കൃതികളെ ആധുനിക കാലത്ത് മുസ്‌ലിം പണ്ഡിതര്‍ അതേ ഭാഷയില്‍ പ്രതിരോധിച്ചപോലെ, ദൃശ്യാവഷിക്കാരങ്ങളിലൂടെയുള്ള ഇസ്‌ലാം വിരുദ്ധ കുപ്രചരണങ്ങളെ അതേ മാധ്യമത്തിലൂടെ തന്നെ പ്രതിരോധിക്കാനുള്ള ഒരു മാധ്യമമായി എന്തുകൊണ്ടു സിനിമയെ കണ്ടു കൂടാ?

കേരള മുസ്‌ലിംകളും സിനിമയും
സിനിമ; സലഫീ വീക്ഷണത്തില്‍

Related Articles