Current Date

Search
Close this search box.
Search
Close this search box.

കേരള മുസ്‌ലിംകളും സിനിമയും

cinema01.jpg

മലയാളത്തിലെ ഒരു മാസിക പ്രസിദ്ധീകരിച്ച പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുമായുള്ള അഭിമുഖം കേരള മുസ്‌ലിംകള്‍ക്കിടയില്‍ സിനിമ ഒരു ചര്‍ച്ച വിഷയമായിരിക്കുകയാണ്. അഭിമുഖത്തില്‍ അദ്ദേഹം സിനിമയെ കുറിച്ച് നടത്തിയ ചില പരാമര്‍ശങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് വിവാദമാക്കിയിരിക്കുന്നത്. ഏവരാലും ആദരിക്കപ്പെടുന്ന മത ആത്മീയ നേതൃത്വം എന്ന നിലയില്‍, തങ്ങള്‍ അങ്ങനെ പറയരുതായിരുന്നുവെന്നാണ് യാഥാസ്തിക മുസ്‌ലിം പണ്ഡിതനേതൃത്വത്തിന്റെയും അവരെ പിന്തുണക്കുന്നവരുടെയും നിലപാട്. തങ്ങള്‍ പ്രതിനിധീകരിക്കുന്ന യാഥാസ്ഥികപണ്ഡിതനേതൃത്വം നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതും നിലനിര്‍ത്തിപ്പോന്നിട്ടുള്ളതുമായ സിനിമയോടുള്ള നിലപാടിന് കടകവിരുദ്ധമാണ് ഇപ്പോഴത്തെ തങ്ങളുടെ അഭിപ്രായം എന്നുള്ളതുകൊണ്ടാണ് ദിവസങ്ങള്‍ക്കുള്ളില്‍തന്നെ നിഷേധക്കുറിപ്പ് ഇറക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായത്.

സിനിമ എന്ന മാധ്യമത്തോടുള്ള ഇസ്‌ലാമിന്റെ (പണ്ഡിതന്‍മാരുടെ) നിലപാട് ബഹുസ്വരമാകുന്നതില്‍ അപാകതയില്ല. ഒരു നൂതന സംവിധാനം എന്ന നിലയില്‍ സിനിമയെ കുറിച്ച് മൗലികപ്രമാണങ്ങളില്‍ ഖണ്ഡിതമായ വിധിവിലക്കുകള്‍ ഇല്ല. ഇക്കാരണത്താല്‍ അടിസ്ഥാന പ്രമാണങ്ങളുടെ വെളിച്ചത്തില്‍ പണ്ഡിതന്‍മാര്‍ സിനിമയെ വിശകലനം ചെയ്താണ് അതിനോടുള്ള വിധി രൂപപ്പെടുത്തുന്നത്. പ്രമാണങ്ങളില്‍ നിന്ന് തെളിവു സ്വീകരിക്കുന്നതിലെ വൈവിധ്യം, പ്രശ്‌നവല്‍ക്കരിക്കുന്ന പുതിയ വിഷയത്തെ കുറിച്ച് ആഴത്തിലുള്ള അറിവ്, സംഭവലോകത്ത് അതിനെ സസൂക്ഷ്മം വിശകലനം ചെയ്യാനുമുള്ള ശേഷി ഇവയൊക്കെ, പ്രസ്തുത വിഷയത്തിലെ മതവിധിയെ സാരമായി നിര്‍ണ്ണയിക്കുന്ന ഘടകങ്ങളാണ്. മേല്‍പറഞ്ഞ കാര്യങ്ങളിലെ ഏറ്റക്കുറച്ചിലുകള്‍ അവയുടെ വിധികളിലെ വൈവിധ്യത്തിനു കളമൊരുക്കുമെന്നത് തികച്ചും സ്വാഭാവികമാണെന്നു സാരം. മാത്രമല്ല, ഹറാമോ ഹലാലോ എന്ന് ഖണ്ഡിതമായി വിധി പറയുക പ്രയാസമായി മാറുകയും ചെയ്യും. ഇവിഷയത്തിലുള്ള പണ്ഡിതവീക്ഷണങ്ങളെ കുറിച്ച് പറയുന്നതിനു മുമ്പ് കേരളീയ മുസ്‌ലിം സമൂഹം എങ്ങനെ ഈ വിധിയോടു പ്രതികരിക്കുന്നുവെന്ന അന്വേഷണവും പ്രസക്തമായിരിക്കും.
 
സിനിമ ഹറാമാണെന്നു തന്നെയാണ് കേരളീയ മുസ്‌ലിംകള്‍ പൊതുവെയും മനസ്സിലാക്കിപ്പോരുന്നത്. എന്നാല്‍ ഈ വിലക്ക്, കേരളീയ പൊതു മുസ്‌ലിം ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം തുലോം തുച്ഛമാണെന്നു മനസ്സിലാക്കാന്‍ വലിയ ഗവേഷണത്തിന്റെ ആവശ്യമില്ല. ജനമനസ്സുകളില്‍ ശക്തമായ സ്വീധീനം ചെലുത്തുന്ന അതിസംവേദനക്ഷമമായ ഒരു മാധ്യമം എന്ന നിലയില്‍ സിനിമ, മറ്റേതൊരു ജനസമൂഹത്തെയും പോലെ മുസ്‌ലിം സമൂഹത്തെയും ഗണ്യമായി സ്വീധീനിച്ചിട്ടുണ്ട്. ഈ ജനപ്രിയകലാരൂപത്തിന്റെ വിപുലമായ സ്വാധീനവലയത്തില്‍ നിന്ന് മുസ്‌ലിം സമൂഹവും ഒഴിവല്ല എന്നല്ല, മുമ്പത്തേക്കാള്‍ അതില്‍ ആകൃഷ്ടരുമാണ്. സിനിമക്കു മേല്‍ മതപരമായ വിലക്കുകളും താക്കീതുകളും എത്രയുണ്ടെങ്കിലും ആ വിലക്കുകള്‍ക്കപ്പുറം കേരളത്തിലെ പൊതു മുസ്‌ലിം മനസ്സിനെ സിനിമ കീഴിടക്കിയിട്ടുണ്ട്. സിനിമ ഹറാമാണെന്ന വിധി ഭാഗികമായെങ്കിലും സമുദായം സ്വീകരിക്കുന്നുണ്ടെങ്കില്‍ അത് റമദാന്‍ മാസത്തില്‍ മാത്രം പരിമിതമായിരിക്കും. ഒരു ന്യൂനപക്ഷമൊഴിച്ച് സമുദായത്തിലെ ആണും പെണ്ണും കുട്ടികളും യുവാക്കളും കുറഞ്ഞോ കൂടിയോ അളവില്‍ സിനിമയുടെ സ്വാധീനവലയത്തിലാണ്. മുമ്പ് യുവാക്കള്‍ രഹസ്യമായും സ്ത്രീകള്‍ അത്യപൂര്‍വമായും ആസ്വദിച്ചിരുന്ന ഈ കലാരൂപം, ടെലിവിഷനും ചാനലുകളും ഇന്റര്‍നെറ്റ് സൗകര്യവും സാവര്‍വത്രികമായതോടെ വീടകങ്ങളില്‍ കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍വരെ ആസ്വദിക്കുന്ന ജനപ്രിയ വിനോദോപാതിയായി മാറി. സിനിമയിലെ താരങ്ങളും മുന്‍നിര നായികാ നായകന്‍മാരും മാത്രമല്ല, ഹാസ്യസഹ നടീ നടന്‍മാരടക്കം മുസ്‌ലിം വീടകങ്ങളിലെ ചിരപരിചതരായ കുടുംബാംഗങ്ങളെ പോലെയായി. മറ്റുള്ളവര്‍ അറിഞ്ഞാല്‍ മോശമായി കരുതിയിരുന്ന, മുമ്പ് രഹസ്യമായി മാത്രം കണ്ടിരുന്ന സിനിമ, ഒരുമിച്ചിരുന്നു കാണുന്നതിലും അതേകുറിച്ച് പരസ്യമായി സംസാരിക്കുന്നതിലും ഒരു ജാള്യതയുമില്ലാതായി.
    
സിനിമയെ കേവല ഒരു വിനോദാപാധി എന്നതിലപ്പുറം ഗൗരവതരമായി സമീപിക്കുന്നവരും സമുദായംഗങ്ങളില്‍ നിന്നു തന്നെയുണ്ടായി. നമസ്‌കരിക്കുകയും നോമ്പു നോക്കുകയും ഇസ്‌ലാമികമായ എല്ലാ ചിട്ടാവട്ടങ്ങളും അധ്യാപനങ്ങളും ജീവിതത്തില്‍ മുറുകെപിടിക്കുന്നവരും ചിലപ്പോഴൊക്കെ മാനസികോല്ലാസത്തിനും ചിലപ്പോള്‍ കഥയുടെയും പ്രമേയത്തിന്റെയും മൂല്യം നോക്കിയും സിനിമ കണ്ടു. ഇസ്‌ലാമിന്റെ നൈതികധാര്‍മിക മൂല്യങ്ങളെ മാനദണ്ഡമാക്കി, സിനിമയിലെ ശരിതെറ്റുകള്‍ക്ക്, തങ്ങളുടെ മനസ്സാക്ഷിയില്‍ അവര്‍ അതിര്‍വരമ്പുകള്‍ നിശ്ചയിച്ചു. ഏതൊരു കാര്യത്തിലും നല്ലതും തിയ്യതും സ്വയം വിവേചിച്ചു മനസ്സിലാക്കാന്‍ കഴിയുന്നതുപോലെ സിനിമയിലും അവര്‍ നന്മതിന്‍മകള്‍ വിവേചിച്ചു മനസ്സിലാക്കി. വായനയിലും ശ്രവണത്തിലും കാഴ്ചയിലും പൊതുവായി ഹറാമും ഹലാലും കടന്നുവരുമെന്നതുപോലെ സിനിമയിലും ഹലാലും ഹറാമുകളുമുണ്ടെന്ന് സ്വയം ബോധ്യപ്പെടുത്തി. നല്ലതിനും തിയ്യതിനും ഒരു പോലെ ഉപയോഗിക്കാന്‍ കഴിയുന്ന മികവുറ്റ ഒരു മാധ്യമത്തെ, മതപണ്ഡിതന്‍മാരുടെ ഹറാം ഫത്‌വകളുടെ വെളിച്ചത്തില്‍, സമ്പൂര്‍ണ്ണ ഹറാം പട്ടികയില്‍പെടുത്തി മാറ്റി നിര്‍ത്താന്‍ അവര്‍ക്കാകുമായിരുന്നില്ല. നിരുപാധികമായ ഹറാമിന്റെയും ഹലാലിന്റെയും ഇടയിലുള്ള വലിയ സാധ്യതയില്‍ അവര്‍ സിനിമയ്ക്കും ഒരു സ്ഥാനം നല്‍കി. ഇതു സൂചിപ്പിക്കുന്നത് യാഥാസ്ഥികനവയാഥാസ്ഥിക പുരോഹിതന്‍മാരുടെ വിലക്കിനും മുസ്‌ലിം സമൂഹത്തിന്റെ പ്രയോഗിക ജീവിതത്തിനുമിടയില്‍ വലിയ വിടവുണ്ടെന്നാണ്.  

സിനിമ എന്ന മാധ്യമത്തെ കൃത്യമായ മതാധ്യാപനങ്ങളുടെ വെളിച്ചത്തില്‍ സംഭവലോകത്തെ സാമൂഹ്യസാഹചര്യങ്ങള്‍കൂടി മുന്നില്‍ വെച്ചായിരുന്നുവോ കേരളത്തിലെ യാഥാസ്ഥിക മുസ്‌ലിം പണ്ഡിതര്‍ ഇക്കാലമത്രയും അഡ്രസ്സു ചെയ്തിരുന്നത് എന്ന അന്വേഷണം ഇത്തരുണത്തില്‍ പ്രസക്തമാണ്. ഇവ്വിഷയകമായി ആധുനിക മുസ്‌ലിം പണ്ഡിതരുടെ വീക്ഷണങ്ങള്‍ തങ്ങളുടെ നിലപാടുകളില്‍ എത്ര മാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ട്?  കേവലം ഒരു വിനോദം എന്നതിനപ്പുറം, ആശയപ്രകാശനത്തിന്റെ ഫലപ്രദമായ ഒരു മാധ്യമമായി സിനിമ സമീപകാലത്ത് ഏറെ തിളങ്ങി നില്‍ക്കുകയും, ഇസ്‌ലാം വിരുദ്ധ സന്ദേശങ്ങള്‍ ഈ മാധ്യമത്തിലൂടെ വ്യാപകമായി പ്രസരിപ്പക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുമ്പ് സ്വീകരിച്ച നിലപാടില്‍ പുനപ്പരിശോധനയ്ക്ക് സാധ്യതയുണ്ടോ?  എന്ന അന്വേഷണവും ഏറെ പ്രസക്തമായിരിക്കും.   

കേരള മുസ്‌ലിം പണ്ഡിത നേതൃത്വവും  സിനിമയോടുള്ള സമീപനവും

Related Articles