Current Date

Search
Close this search box.
Search
Close this search box.

കേരളത്തിലിപ്പോള്‍ എഡിറ്റോറിയല്‍ യുദ്ധം

തെരഞ്ഞെടുപ്പ് പോരാട്ടം കഴിഞ്ഞിട്ടിപ്പോള്‍ കേരളത്തില്‍ നടക്കുന്ന മറ്റൊരു പോര് എഡിറ്റോറിയല്‍ യുദ്ധമാണ്. എഡിറ്റോറിയല്‍ യുദ്ധത്തിലും പ്രധാന പങ്കുവഹിക്കുന്നത് തെരഞ്ഞെടുപ്പിലേതെന്ന പോലെ കോണ്‍ഗ്രസ്, സി.പി.എം, ലീഗ് തുടങ്ങിയ മുഖ്യാധാരാ പാര്‍ട്ടികള്‍ തന്നെ. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ രാജ്യവ്യാപകമായി തകര്‍ന്നടിഞ്ഞ ഇടതുപക്ഷത്ത് നിന്നുമാണ് ആദ്യ എഡിറ്റോറിയല്‍ പ്രതികരണം വന്നത്. കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ് ഇന്ത്യ എന്നത് ‘കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ് തൃശൂര്‍’ എന്ന് ചുരുക്കി വായിക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് കൂപ്പുകുത്തിയ സി.പി.ഐയുടെ മുഖപത്രമാണ് ഈ യുദ്ധത്തിന് തുടക്കം കുറിച്ചത്. ഒരുവീട്ടില്‍ തന്നെയാണെങ്കിലും അമ്മായിഅമ്മയും മരുമകളെയും പോലെ കുശുമ്പും കുന്നായ്മവുമായി ഇനിയും അധികനാള്‍ ഇടതു പാര്‍ട്ടികള്‍ മുന്നോട്ടുപോയാല്‍ ഇടതുപക്ഷമെന്നത് വരും തലമുറക്ക് ചരിത്രപാഠമായി മാറുമെന്നും ഇടതുപക്ഷ ഐക്യം അനിവാര്യമാണെന്നുമായിരുന്നു ‘ജനയുഗം’ എഡിറ്റോറിയല്‍ ആവശ്യപ്പെട്ടത്. ഐക്യാഹ്വാനത്തെ സി.പി.എം മാത്രമല്ല സി.പി.ഐ ദേശീയ നേതാക്കളും തള്ളിപ്പറഞ്ഞതോടെ പഴി മൊത്തം എഡിറ്ററായ മുന്‍മന്ത്രി ബിനോയ് വിശ്വത്തിനായി. അദ്ദേഹത്തിന്റെ സ്ഥാനചലനം ഉടന്‍ പ്രതീക്ഷിക്കാമെന്ന് മറ്റു പത്രങ്ങളും.

എഡിറ്റോറിയല്‍ യുദ്ധത്തില്‍ പങ്കെടുത്ത മറ്റൊരു പത്രം ദേശാഭിമാനിയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ‘പരനാറി’യെന്ന് വിളിച്ചത് സിന്‍ഡിക്കേറ്റ് പത്രങ്ങളും ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ട്ടികളും ഏറ്റെടുത്തപ്പോള്‍ ‘പരനാറി’ പ്രയോഗത്തെ ‘താത്വികമായി’ തന്നെ ന്യായീകരിച്ച് ദേശാഭിമാനി രംഗത്ത് വന്നു. സാധാരണക്കാരായ പാര്‍ട്ടി നേതാക്കള്‍ തോന്നിവാസം കാണിച്ചവരോട് നാട്ടിമ്പുറത്തെ ഭാഷയില്‍ തന്നെ പ്രതികരിക്കുന്നതിലുള്ള വരേണ്യ-ആഭിജാത്യ മാധ്യമങ്ങളുടെ വിഷമമാണ് വിമര്‍ശനത്തിന് പിന്നിലെന്നായിരുന്നു ദേശാഭിമാനിയുടെ കണ്ടെത്തല്‍. പരസ്യമായി തെറിപറഞ്ഞിട്ട് അതിനെ നാടന്മാരുടെ ശൈല്യയാണെന്ന് പറയുന്നത് നാട്ടിമ്പുറത്തുകാരെ അപമാനിക്കലാണെന്നും ‘നല്ല നാടന്‍’ കുടിച്ചവരാണ് നാട്ടിമ്പുറത്ത് ഇത്തരം വര്‍ത്തമാനങ്ങള്‍ പറയുന്നവരെന്നും പാര്‍ട്ടി നേതാക്കളിപ്പോള്‍ ‘നാടന്‍’ അടിച്ചിട്ടാണോ സ്‌റ്റേജില്‍ കയറുന്നതെന്നും ദേശാഭിമാനിക്ക് മറുപടിയായി സോഷ്യല്‍ മീഡിയകളില്‍ ചോദ്യങ്ങളുയരുന്നുണ്ടെന്നത് വേറെ കാര്യം.

എഡിറ്റോറിയല്‍ യുദ്ധത്തില്‍ ഏറ്റവും ശ്രദ്ധേയമായത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ വൈസ്പ്രസിഡന്റും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തലവനുമായിരുന്ന രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ‘ചന്ദ്രിക’ എഴുതിയതായിരുന്നു. കുന്നുംപുറത്തെ തട്ടുകടയില്‍ നിന്ന് കട്ടന്‍ചായ കുടിച്ചും ഉത്തരേന്ത്യയിലെ ആദിവാസി ഗ്രാമങ്ങളില്‍ ഉണ്ടും ഉറങ്ങിയുമുള്ള രാഹുലിന്റെ ഊരുചുറ്റലും വണ്‍മാന്‍ഷോയുംകൊണ്ട് വല്യ കാര്യമുണ്ടായില്ലെന്നും ‘താത്വികമായ’ അവലോകനത്തിനപ്പുറം ‘റാഡിക്കലായിട്ടുള്ള’ മാറ്റമാണ് കോണ്‍ഗ്രസിന് വേണ്ടതെന്നായിരുന്ന ചന്ദ്രികയുടെ ഉപദേശം. തെരഞ്ഞെടുപ്പില്‍ എട്ടുനിലയില്‍ പൊട്ടിയതിന് ശേഷം രാഹുലിനെ വിമര്‍ശിക്കുന്നതും തുറിച്ചു നോക്കുന്നതും കോണ്‍ഗ്രസുകാരായ ആര്‍ക്കും ഇപ്പോള്‍ തീരെപിടിക്കാറില്ല എന്നതുകൊണ്ടു തന്നെ പിറ്റേന്ന് തന്നെ ‘വീക്ഷണം’ ഗമണ്ടന്‍ മറുപടിയും പാസാക്കി. കേരളമല്ല ഇന്ത്യയെന്നും 25 ശതമാനം മുസ്‌ലിംകളുള്ള യു.പിയിലും ബംഗാളിലും ഒരു പഞ്ചായത്തംഗത്തെ പോലും ജയിപ്പിക്കാനാകാത്ത ലീഗ് കോണ്‍ഗ്രസിനെ പഠിപ്പിക്കേണ്ടതില്ലെന്നും പറഞ്ഞു കളഞ്ഞു ‘വീക്ഷണം’. പത്രയുദ്ധം ഖദറിട്ട പാര്‍ട്ടിക്കാരും ഏറ്റെടുത്തതോടെ ചന്ദ്രികയുടെ എഡിറ്റോറിയല്‍ തലപ്പത്തുള്ളവര്‍ക്ക് പണികൊടുക്കുമെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി ഉത്തരവിട്ടു കഴിഞ്ഞു. നേരത്തെ എന്‍.എസ്.എസിനെ വിമര്‍ശിച്ചതിന്റെ പേരില്‍ തങ്ങളെ കോടതി കയറ്റിയതിന് പഴികേട്ടിട്ടുള്ള എഡിറ്റര്‍ വീണ്ടും ‘തെറ്റ്’ ആവര്‍ത്തിച്ചാല്‍ നടപടി എടുക്കാതിരിക്കാന്‍ പറ്റുമോ? ബിനോയ് വിശ്വത്തിനു തുല്യം സി.പിക്കും കേള്‍ക്കേണ്ടി വരുമെന്ന് ചുരുക്കം.

എന്നാല്‍ പത്രാധിപന്‍മാരെ വിമര്‍ശിച്ചും അവരുടെ സ്ഥാനം തെറിപ്പിച്ചുമാണോ മാധ്യമങ്ങള്‍ ഉയര്‍ത്തിയ ഗൗരവതരമായ വിമര്‍ശനങ്ങളെ പാര്‍ട്ടി നേതാക്കള്‍ നേരിടേണ്ടത് എന്നത് പ്രസക്തമായ ചോദ്യമാണ്. പ്രത്യേകിച്ച്, ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയം സംസ്ഥാനത്തും രാജ്യത്തെമ്പാടും ശക്തി പ്രാപിച്ചു വരികയും ഇടതുപക്ഷ പാര്‍ട്ടികളുടെ വോട്ട് ബാങ്കായ ഭൂരിപക്ഷ സമുദായ വോട്ടുകളില്‍ ബി.ജെ.പി കയറിക്കൂടുകയും ചെയ്യുന്ന വേളയില്‍ ഇടതുപക്ഷ ഐക്യമെന്ന ‘ജനയുഗ’ത്തിന്റെ ആവശ്യം ന്യായമല്ലേ എന്ന് പാര്‍ട്ടികള്‍ ചിന്തിക്കേണ്ടതുണ്ട്. വര്‍ഗീയ രാഷ്ട്രീയത്തിന് തടയിടാനെങ്കിലും ഇത്തരം ഐക്യങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് തോന്നുന്നത്. അതുപോലെ, 128 കൊല്ലത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഒരു പാര്‍ട്ടി ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ടിട്ടും അതിന്റെ മൂലകാരണം കണ്ടെത്താനും അതിനെ ചികിത്സിക്കാനും നില്‍ക്കാതെ സ്ഥിരം പല്ലവികള്‍ ഉരുവിട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അവലോകനം മതിയാക്കുമ്പോള്‍ ‘ചന്ദ്രിക’ ആവശ്യപ്പെട്ടത് പോലെ ഒരു റാഡിക്കലായിട്ടുള്ള മാറ്റവും ആവശ്യമാണെന്ന് ബോധ്യപ്പെടും. ജനങ്ങളോടൊപ്പം നില്‍ക്കുന്ന നേതാക്കളുണ്ടാകുകയും രാജ്യത്തെ ഭൂരിപക്ഷം വരുന്ന ദരിദ്ര നാരാണന്മാരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും അവരുടെ ഉന്നമനത്തിനും വികസനത്തിനും വേണ്ട പോളിസികള്‍ പാര്‍ട്ടികള്‍ രൂപീകരിക്കുകയും ചെയ്യുമ്പോഴാണ് ജനങ്ങളുടെ പിന്തുണ ഉറപ്പാകാനാകുക. കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണകാലം അത്തരത്തിലുള്ളതായിരുന്നോ എന്ന് ചിന്തിക്കാനും അതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ഭാവിയിലേക്കുള്ള കരുക്കള്‍ നീക്കാനും കോണ്‍ഗ്രസിന് കഴിയേണ്ടതുണ്ട്.

അതോടൊപ്പം ‘വീക്ഷണം’ പറഞ്ഞിലും ചില കാര്യങ്ങളുണ്ടെന്ന് ലീഗും മനസ്സിലാക്കണം. ഒരുകാലത്ത് ബംഗാളിലും മഹാരാഷ്ട്രയിലുമൊക്കെ വലിയ രാഷ്ട്രീയ ശക്തിയായിരുന്ന ലീഗ് എങ്ങനെ കേരളത്തില്‍ മാത്രം ഒതുങ്ങുന്ന പാര്‍ട്ടിയായി മാറിയെന്നും രാജ്യത്തെ ഭൂരിപക്ഷം മുസ്‌ലിംകളും താമസിക്കുന്ന ഉത്തരേന്ത്യന്‍ ഗ്രാമപ്രദേശങ്ങളില്‍ എന്തുകൊണ്ട് പാര്‍ട്ടിക്ക് സ്വാധീനം ചെലുത്താന്‍ സാധിക്കുന്നില്ലായെന്നും ലീഗും പരിശോധിക്കേണ്ടതുണ്ട്. കേരളത്തില്‍ ബൈത്തുറഹ്മ പോലുള്ള ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ലീഗ് മലയാളികളേക്കാള്‍ കൊടും ദുരിദത്തിലായി ഉത്തരേന്ത്യന്‍ മുസ്‌ലിമിനെ എത്രമാത്രം പരിഗണിച്ചിട്ടുണ്ടെന്നും വിലയിരുത്തണം. പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ പോലും ബി.ജെ.പി വെന്നിക്കൊടി പാറിച്ചിരിക്കെ. വര്‍ഗീയ രാഷ്ട്രീയം അത്രമേല്‍ ഭീഷണിയായി രാജ്യത്ത് ശക്തിപ്രാപിച്ചു വന്നുകൊണ്ടിരിക്കെ അതിനെ ചെറുക്കാനും മതേതര കൂട്ടായ്മകള്‍ ശക്തിപ്പെടുത്താനും മേല്‍ പറഞ്ഞ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബാധ്യതയുണ്ട്. രാജ്യം ഇന്ന് അതാവശ്യപ്പെടുന്നുമുണ്ട്. അതിന് ചെവികൊടുക്കാനും കാതലായ തിരുത്തലുകള്‍ക്കും ഐക്യപ്പെടലുകള്‍ക്കും മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ സന്നദ്ധമാകുകയാണ് വേണ്ടത്.

Related Articles