Current Date

Search
Close this search box.
Search
Close this search box.

കേണല്‍ ഗദ്ദാഫി; വില്ലനോ നായകനോ?

Gaddafi.jpg

കേണല്‍ ഗദ്ദാഫി എന്ന പേര് കേള്‍ക്കുമ്പോഴേക്ക് എന്താണ് ആദ്യം നിങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുക? ഏകാധിപതി? ഭീകരവാദി? നിഷ്ഠൂരഭരണാധികാരി? പക്ഷെ, ലിബിയയിലെ ഒരു സാധാരണ പൗരന്‍ ചിലപ്പോള്‍ നിങ്ങളോട് യോജിച്ചെന്ന് വരില്ല. 2011 ഒക്ടോബറില്‍ താന്‍ വധിക്കപ്പെടുന്നത് വരേക്കും, 41 വര്‍ഷക്കാലം ലിബിയക്ക് വേണ്ടി അദ്ദേഹം ചെയ്തകാര്യങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. മുഴുവന്‍ ആഫ്രിക്കയേയും ശക്തിപ്പെടുത്താനും ഐക്യപ്പെടുത്താനും വേണ്ടി അദ്ദേഹം നടത്തിയ ത്യാഗപരിശ്രമങ്ങള്‍ അനിര്‍വചനീയമാണ്.

അദ്ദേഹത്തെ കുറിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ നിങ്ങള്‍ കണ്ടും കേട്ടുമറിഞ്ഞ കാര്യങ്ങള്‍ നിരവധിയായിരിക്കും, പക്ഷെ പശ്ചാത്യ മീഡിയ അവതരിപ്പിച്ച ‘ക്രൂരനായ ഗദ്ദാഫി’യുടെ ചിത്രത്തോട് ഒരു തരത്തിലും ചേര്‍ന്നുപോകാത്ത മറ്റൊരു മുഅമ്മര്‍ ഗദ്ദാഫിയെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാവില്ല. ഗദ്ദാഫി ലിബിയക്ക് വേണ്ടി നടപ്പാക്കിയ, നിങ്ങളറിഞ്ഞിരിക്കാന്‍ ഇടയില്ലാത്ത പത്ത് സംഗതികളെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കാന്‍ പോകുന്നത്.

പാര്‍പ്പിടം ഓരോ വ്യക്തിയുടെയും അവകാശമാണ്
ഗദ്ദാഫിയുടെ ‘ഗ്രീന്‍ ബുക്ക്’-ല്‍ ഇപ്രകാരം പറയുന്നു: ‘പാര്‍പ്പിടമെന്നത് വ്യക്തിയുടെയും കുടുംബത്തിന്റെയും അടിസ്ഥാനാവശ്യങ്ങളില്‍ പെട്ട ഒന്നാണ്. അതുകൊണ്ട് അതൊരിക്കലും മറ്റൊരാളുടെ അധീനതയിലാവാന്‍ പാടില്ല’. സാധാരണ നേതാവിന്റെ രാഷ്ട്രീയ തത്വശാസ്ത്രമാണ് ഗദ്ദാഫിയുടെ ഗ്രീന്‍ ബുക്ക്. 1975ലാണ് അതാദ്യമായി പ്രസിദ്ധീകരിച്ചത്. ഓരോ ലിബിയന്‍ പൗരനും വായിക്കണമെന്ന ഉദ്ദേശത്തോടെ എഴുതപ്പെട്ട പ്രസ്തുത ഗ്രന്ഥം ദേശീയ പാഠ്യപദ്ധതിയിലും ഉള്‍പ്പെടുത്തപ്പെട്ടിരുന്നു.

സൗജന്യ വിദ്യഭ്യാസവും രോഗചികിത്സയും
വൈദ്യചികിത്സാ രംഗത്ത് ആഫ്രിക്കയിലും മിഡിലീസ്റ്റിലും വെച്ച് ഏറ്റവും മികച്ച സേവനം കാഴ്ച്ചവെച്ചിരുന്നത് ഗദ്ദാഫിയുടെ കീഴിലെ ലിബിയയായിരുന്നു എന്നത് ഓരോ ലിബിയന്‍ പൗരന്റെയും സ്വകാര്യ അഹങ്കാരം തന്നെയാണ്. കൂടാതെ, താന്‍ ഇഷ്ടപ്പെട്ട കോഴ്‌സ് അല്ലെങ്കില്‍ അനുയോജ്യമായ ചികിത്സാ സൗകര്യം ഒരു ലിബിയന്‍ പൗരന് ലിബിയയില്‍ ലഭ്യമല്ലെങ്കില്‍ അതിനായി വിദേശത്ത് പോകാനുള്ള എല്ലാ ചെലവും ഗദ്ദാഫി ഭരണകൂടമാണ് വഹിച്ചിരുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ജനസേചന പദ്ധതി ഗദ്ദാഫിയാണ് നടപ്പാക്കിയത്
രാജ്യത്തുടനീളമുള്ള പൗരന്‍മാര്‍ക്ക് ജലലഭ്യത ഉറപ്പുവരുത്തുന്ന രീതിയിലായിരുന്നു ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത നദി എന്ന പേരില്‍ അറിയപ്പെടുന്ന പ്രസ്തുത ജനസേചന പദ്ധതിയുടെ നിര്‍മാണം. ഗദ്ദാഫി ഭരണകൂടമാണ് അതിന് വേണ്ട സാമ്പത്തിക സഹായമെല്ലാം നല്‍കിയത്. ‘ലോകത്തിലെ എട്ടാമത്തെ മഹാത്ഭുതം’ എന്നാണ് ഗദ്ദാഫി അതിനെ വിശേഷിപ്പിച്ചിരുന്നത്.

കൃഷി ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ ലിബിയന്‍ പൗരന്‍മാര്‍ക്കും വീട്, കൃഷി ഭൂമി, കന്നുകാലികള്‍, വിത്തുകള്‍ എന്നിവ തികച്ചും സൗജന്യമായി ഗദ്ദാഫി സര്‍ക്കാര്‍ നല്‍കിയിരുന്നു.

കുഞ്ഞ് ജനിക്കുന്ന ഓരോ ലിബിയന്‍ പൗരക്കും 5000 ഡോളര്‍ നല്‍കപ്പെട്ടിരുന്നു. വൈദ്യുതി തികച്ചും സൗജന്യമായിരുന്നു അതായത് വൈദ്യുതി ബില്‍ എന്നൊന്ന് ഉണ്ടായിരുന്നേയില്ല. ഗദ്ദാഫിയുടെ ഭരണകാലത്ത് പെട്രോള്‍ വില ലിറ്ററിന് 0.14 ഡോളറിനും താഴെയായിരുന്നു.

ഗദ്ദാഫിയുടെ ഭരണത്തിന് മുമ്പ് 25 ശതമാനം മാത്രമുണ്ടായിരുന്ന സാക്ഷരത അദ്ദേഹത്തിന്റെ വരവോടെ 87 ശതമാനമായി ഉയര്‍ന്നു. അതില്‍ 25 ശതമാനം സര്‍വകലാശാലാ ബിരുദധാരികള്‍ ആയിരുന്നു.

ലിബിയക്ക് സ്വന്തമായി ദേശീയ ബാങ്കുണ്ടായിരുന്നു. പൂജ്യം ശതമാനം പലിശനിരക്കിലായിരുന്നു ആ ബാങ്കുകള്‍ പൗരന്‍മാര്‍ക്ക് ലോണുകള്‍ നല്‍കിയിരുന്നത്. ലിബിയക്ക് ഒരുതരത്തിലുള്ള ബാഹ്യകടബാധ്യതകളും ഉണ്ടായിരുന്നില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കണം.

ട്രിപ്പോളിയുടെ പതനത്തിനും, അദ്ദേഹത്തിന്റെ മരണത്തിനും മുമ്പ്, സ്വര്‍ണ്ണവുമായി ബന്ധപ്പെടുത്തി ഒരു ഏക ആഫ്രിക്കന്‍ കറന്‍സി കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു ഗദ്ദാഫി. ‘യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് ആഫ്രിക്ക’ എന്ന സംജ്ഞ ആദ്യമായി അവതരിപ്പിച്ച മഹാനായ മാര്‍ക്വസ് ഗാര്‍വെയുടെ കാലടിപ്പാടുകളാണ് അക്കാര്യത്തില്‍ ഗദ്ദാഫി പിന്തുടര്‍ന്നത്. ആഫ്രിക്കന്‍ ഗോള്‍ഡ് ദിനാര്‍ പ്രയോഗത്തില്‍ വരുത്തുകയായിരുന്നു ഗദ്ദാഫിയുടെ ലക്ഷ്യം. ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടംമറിക്കുമായിരുന്ന ഒരു നീക്കം തന്നെയായിരുന്നു അത്.

പ്രസ്തുത ദിനാറിനെ ഇന്നത്തെ ‘വരേണ്യ’ വര്‍ഗം വ്യാപകമായി എതിര്‍ത്തു. ഗദ്ദാഫിയുടെ പദ്ധതി നടപ്പിലായിരുന്നെങ്കില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ കടത്തില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും എന്നേ കരകയറിയിട്ടുണ്ടാകുമായിരുന്നു. കൂടാതെ ബാഹ്യശക്തികളുടെ ചൂഷണങ്ങള്‍ അവസാനിപ്പിക്കാനും, തങ്ങളുടെ അമൂല്യമായ വിഭവസോത്രസ്സുകള്‍ക്ക് തങ്ങള്‍ നിശ്ചയിക്കുന്ന വിലയിടാനുമുള്ള ചങ്കൂറ്റം അവര്‍ക്ക് കൈവരുമായിരുന്നു. ലിബിയയുടെ നേര്‍ക്ക് നാറ്റോയുടെയും സഖ്യകക്ഷികളുടെയും കരാളഹസ്തങ്ങള്‍ നീളാനുള്ള യഥാര്‍ത്ഥ കാരണം ഗദ്ദാഫിയുടെ ഗോള്‍ഡ് ദിനാറാണെന്ന് കരുതുന്നവര്‍ നിരവധിയാണ്. ഗദ്ദാഫിയെ തകര്‍ക്കാനായി ആസൂത്രണം ചെയ്ത ഒന്നായിരുന്നു വിമതപ്രക്ഷോഭം.

ഇനി പറയൂ, ഗദ്ദാഫി ഭീകരവാദിയായിരുന്നോ?

വളരെ കുറച്ച് പേര്‍ക്ക് മാത്രമേ നീതിപൂര്‍വ്വകമായ മറുപടി പറയാന്‍ സാധിക്കുകയുള്ളു. അങ്ങനെ ആര്‍ക്കെങ്കിലും ഉത്തരം പറയാന്‍ സാധിക്കുമെങ്കില്‍, അദ്ദേഹത്തിന്റെ ഭരണത്തിന് കീഴില്‍ ജീവിച്ച ഒരു ലിബിയന്‍ പൗരന് മാത്രമേ കഴിയൂ. കാര്യം എന്തുതന്നെയായാലും, അദ്ദേഹത്തിന്റെ പേരിനെ ചുറ്റിപറ്റി നില്‍ക്കുന്ന കുപ്രസിദ്ധിയോടൊപ്പം തന്നെ തന്റെ രാജ്യത്തിന് വേണ്ടി അദ്ദേഹം ചെയ്ത ഒട്ടനേകം നന്മകള്‍ നിഷേധിക്കാന്‍ കഴിയാത്ത യാഥാര്‍ത്ഥ്യം തന്നെയാണ്. അദ്ദേഹത്തെ സംബന്ധിച്ച അഭിപ്രായ രൂപീകരണത്തിനിടെ ഇവയുമൊന്ന് ഓര്‍ക്കുന്നത് നല്ലതാണ്.

നമ്മുടെ ധാരണകളില്‍ പലതും മുന്‍വിധികള്‍ മാത്രമായിരുന്നുവെന്ന് ബോധ്യപ്പെടാന്‍ ഈ വീഡിയോ കൂടിയൊന്ന് കണ്ടു നോക്കുക.

അവലംബം:  www.globalresearch.ca

Related Articles