Current Date

Search
Close this search box.
Search
Close this search box.

കൃഷ്ണയ്യര്‍: സൗഹാര്‍ദത്തിന്റെ കാവലാള്‍

വി.ആര്‍ കൃഷ്ണയ്യര്‍ കേരള ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നപ്പോഴും അദ്ദേഹത്തിന്റെ സാമുഹിക അര്‍ഥതലങ്ങളുള്ള വിധിയെ സംബന്ധിച്ച് വാര്‍ത്തകളും വിശകലനങ്ങളും കാണുകയും കേള്‍ക്കുകയും ചെയ്തതിലപ്പുറം നാട്ടുകാരനായിട്ടു പോലും അദ്ദേഹവുമായി നേരില്‍ കാണാനോ ബന്ധപ്പെടാനോ അവസരം ലഭിച്ചിരുന്നില്ല. 1992 ഒക്‌ടോബര്‍ രണ്ടാമത്തെ ആഴ്ച മട്ടാഞ്ചേരിയിലും പള്ളുരുത്തിയിലും സംഘര്‍ഷം നിലനില്ക്കുന്ന സമയം. സമാധാനസന്ദേശവുമായി രാഷ്ട്രീയ-സാമൂഹിക സാംസ്‌കാരിക നായകരുടെ യാത്രയില്‍ പങ്കെടുക്കണമെന്ന് അമീര്‍ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍ എന്നോട് ആവശ്യപ്പെട്ടു. പ്രസ്തുത സമാധാന സന്ദേശ യാത്രയിലാണ് ജസ്റ്റിസ് കൃഷ്ണയ്യരുമായി അടുത്തറിയുന്നത്. രണ്ട് പതിറ്റാണ്ടിലധികമായുള്ള വ്യക്തിബന്ധത്തിന്റെ തുടക്കം. ഏറെ നല്ല അനുഭവങ്ങള്‍ സമ്മാനിച്ച ജീവിതത്തിലെ അമൂല്യമായ സൗഹൃദം. ആ ബന്ധം  ഒരു കുടുംബാംഗത്തിന്റെ സ്വാതന്ത്ര്യം എനിക്ക് അനുവദിച്ചു. ജമാഅത്തെ ഇസ്‌ലാമി സംഘടിപ്പിച്ച മനുഷ്യാവകശ ക്യാമ്പയിലന്റെ ഉദ്ഘാടനവേളയില്‍ ന്യൂനപക്ഷ കമ്മീഷന്റെ ചെയര്‍മാന്‍ ഡോക്ടര്‍ താഹിര്‍ മുഹമ്മദിനോട് സമ്മേളനസ്റ്റേജില്‍ നിന്ന് താഴെയിറങ്ങുന്ന വേളയില്‍ ചിരിച്ചുകൊണ്ട് കൃഷ്ണയ്യര്‍ പറഞ്ഞു. ‘താങ്കള്‍ക്ക് എന്റെ സ്വീകരണമുറിവരെ വരാം. എന്നാല്‍ ഈ ഹുസൈന് എന്റെ വീട്ടിലെ എല്ലായിടങ്ങളിലും പ്രവേശിക്കാനുള്ള അനുവാദം കൊടുത്തിട്ടുണ്ട്.’          സാമുദായിക കലാപത്തില്‍ വിറങ്ങലടിച്ചുനില്‍ക്കുന്ന മട്ടാഞ്ചേരി, ഫോട്ടുകൊച്ചി പള്ളുരുത്തി പ്രദേശങ്ങളില്‍ സ്‌നേഹന്ദേശദൂതുമായി, ഹൈന്ദവ-ക്രൈസ്തവ മുസ്‌ലിം ആരാധനാലയങ്ങള്‍ തൊട്ടുരുമ്മി നില്‍ക്കുന്ന അമരാവതി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച വി.ആര്‍. കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള യാത്രയില്‍ ജസ്റ്റിസ്മാരായ ജാനകിയമ്മ, ചന്ദ്രശേഖരമേനോന്‍, എസ്. കെ ഖാദര്‍, നരേന്ദ്രന്‍ കേന്ദ്രമന്തി എഎം തോമസ്, അമീര്‍ പ്രൊഫസര്‍ കെ.എ. സിദ്ദീഖ് ഹസന്‍, ഡോ. മൊഹ്‌യയുദ്ദീന്‍ ആലുവായ്, സി.പി ശ്രീധരന്‍, സി. രാമചന്ദ്രന്‍ പോറ്റി, എ.എ കൊച്ചുണ്ണി, ടി.എസ് ധാരാസിങ്ങ് മുന്‍ കോര്‍പറേഷന്‍ മേയര്‍മാരായ കെ.എം ഹംസകുഞ്ഞ്, എകെ ശേഷാദ്രി, പ്രൊഫസര്‍. മാത്യുപൈലി തുടങ്ങി സാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖരുണ്ടായിരുന്നു. അതില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതും, അതുപോലെ എഫ്.ഡി.സി (ഫോറം ഫോര്‍ ഡെമോക്രസി ആന്റ് കമ്മ്യൂണല്‍ അമിറ്റി) യുടെ സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ കൃഷ്ണയ്യരോടൊപ്പം കണ്ണൂര്‍, തലശ്ശേരി, നാദാപുരം, വളയം മാറാട് പ്രദേശങ്ങളിലെ സമാധാനയാത്രകളും എനിക്ക് പുതിയപാഠങ്ങളും അനുഭവങ്ങളുമായിരുന്നു.
    
സമാധാന സന്ദേശയാത്രയെ സ്വീകരിക്കാന്‍ മട്ടാഞ്ചരിയിലെ കലാപബാധിത പ്രദേശത്ത് റോഡിന്റെ ഇരുവശത്തും തടിച്ചുകൂടിയ ജനക്കൂട്ടത്തിലേക്ക് ഇറങ്ങി ചെന്ന് ജസ്റ്റിസ് കൃഷ്ണയ്യര്‍ പറഞ്ഞു: ”നാം ഹിന്ദുവോ ക്രിസ്ത്യാനിയോ മുസ്‌ലിമോ  ആരുമായികൊള്ളട്ടെ. ഒരു അമ്മയുടെ മക്കളാണ്. ഭാരതീയര്‍; സര്‍വോപരി മനുഷ്യര്‍. ആര്‍ക്കും ഇത് വിസ്മരിക്കാനാവില്ല. മട്ടാഞ്ചേരി കേരളത്തിന് കളങ്കമാണ്. മൈത്രീഭാവം വിടാതെ എല്ലാവരും സ്‌നേഹത്തോടും ബഹുമാനത്തോടും കൂടി വര്‍ത്തിക്കണം. നിങ്ങളത് അനുസരിക്കുകയില്ലേ എന്ന് ജനകൂട്ടത്തെ നോക്കി അദ്ദേഹം വിളിച്ചു ചോദിച്ചപ്പോള്‍ തീര്‍ച്ചയായും എന്നതായിരുന്നു ജനക്കൂട്ടത്തിന്റെ മറുപടി.
    
1992 ഡിസംബര്‍ ആറിന് കര്‍സേവകര്‍ ഫൈസാബാദിലെ അഞ്ച് നൂറ്റാണ്ടോളം പഴക്കമുള്ള ചരിത്ര പ്രധാനമായ ബാബരി മസ്ജിദ് തകര്‍ത്തതിനെതുടര്‍ന്നുണ്ടായ വര്‍ഗീയ ധ്രുവീകരണം കാരണം രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ന്ന, ഇന്ത്യയുടെ മതേതരത്തിന് കടുത്ത വെല്ലുവിളി ഉയര്‍ന്ന സമയത്ത് നിരോധിക്കപ്പെട്ട ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി നിരാശ കൈവെടിഞ്ഞ് ക്രിയാത്മകമായ പരിപാടിയുമായി മുന്നോട്ടുവന്നു. രാജ്യത്തെ മതനിരപേക്ഷതയോട് പ്രതിബന്ധതയുള്ള സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരെ വിളിച്ചുചേര്‍ത്ത്, 1993 ജൂലൈ 13 ന് ജല്‍ഹി കോണ്‍സ്റ്റിറ്റുഷന്‍ ക്ലബില്‍ ജസ്റ്റിസ് വി.എം താര്‍ക്കുണ്ഡയുടെ നേതൃത്വത്തില്‍ എഫ്.ഡി.സിയെ രൂപീകരിച്ചു. സാമുദായികമോ രാഷ്ട്രീയമോ ആയ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നേടത്ത് സമാധാനം പുനസ്ഥാപിക്കുക എന്നതായിരുന്നു സംഘടനയുടെ പ്രധാന ലക്ഷ്യം. സംഘര്‍ഷവും കലാപവും പൊട്ടിപ്പുറപ്പെട്ട ഇടങ്ങളിലൊക്കെ സമാധാന ദൂതുമായി ഫോറം ഫോര്‍ ഡെമോക്രസി ആന്റ് കമ്മ്യൂണല്‍ അമിറ്റി ഓടിയെത്തി. ഭൂരിപക്ഷ സമുദായത്തിന്റെ ആശങ്കകള്‍ അകറ്റുവാനും ന്യൂനപക്ഷ മനസ്സുകളില്‍ വിശ്വാസവും പ്രതീക്ഷയും വളര്‍ത്താനും കിണഞ്ഞു ശ്രമിച്ചു.
    
എഫ്.ഡി.സിയുടെ കേരളചാപ്റ്ററിന്റെ അമരക്കാരനും കേന്ദ്ര നിര്‍വ്വാഹകസമിതി അംഗവുമായിരുന്ന ജസ്റ്റിസ് കൃഷ്ണയ്യര്‍ കൊച്ചിയിലെ ഭാരത് ടൂറിസ്റ്റ് ഹോമില്‍ വിളിച്ചു ചേര്‍ത്ത നൂറിലധികം പ്രമുഖര്‍ പങ്കെടുത്ത യോഗത്തില്‍ ഈ കുറിപ്പുകാനുമുണ്ടായിരുന്നു. നാദാപുരത്ത് സംഘട്ടനങ്ങളും വളയത്തെ നശീകരണ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാന്‍ കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ നടന്ന ശ്രമം വലിയ തോതില്‍ സഫലമായി. വിവിധ സന്ദര്‍ഭങ്ങളായി മൂന്ന് തവണ കൃഷ്ണയ്യര്‍ നാദാപുരം സന്ദര്‍ശിച്ചിട്ടുണ്ട്. തെരുവന്‍പറപമ്പില്‍ കയ്യേറ്റത്തിനിരയായ നഫീസ എന്ന വീട്ടമ്മയുമായി അദ്ദേഹം നേരില്‍ സംസാരിച്ചു. സമാധാന പാലനത്തിനായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത് കെ. മൊയ്തു മൗലവി താന്‍ ചിരുത എന്ന ഹരിജന്‍ സ്ത്രീയുടെ മുലപ്പാല്‍ കുടിച്ചുവളര്‍ന്ന കഥ വിശദീകരിക്കവെ, ‘ഞാനിത് ലോകം മുഴുവന്‍ ഉച്ചത്തില്‍ വിളിച്ചുപറയുമെന്ന്’കൃഷ്ണയ്യര്‍ ഉറക്കെ പ്രഖ്യാപിക്കുയുണ്ടായി.
    
നാദാപുരത്ത് മുസ്‌ലിംലീഗും സിപിഎമ്മും തമ്മിലായിരുന്ന സംഘര്‍ഷത്തില്‍ വര്‍ഗീയ നിറം എളുപ്പത്തില്‍ കൈവന്നു. സംഭവത്തെ സംബന്ധിച്ച് ജനകീയ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി കേരള ആന്ധ്രാ ഹൈക്കോടതി റിട്ടേര്‍ഡ് ചീഫ് ജസ്റ്റിസ് കെ. ഭാസ്‌കരന്‍ ചെയര്‍മാനും ജസ്റ്റിസ് കെ. ജോണ്‍മാത്യു, റിട്ടേ: ഐ.എഎസ് ഓഫീസര്‍ മൂര്‍ക്കോത്ത് രാമുണ്ണി അഡ്വേക്കറ്റ് മഞ്ചേരി സുന്ദര്‍ രാജ് എന്നിവര്‍ അംഗങ്ങളുമായി ഒരു കമ്മിഷനെ കൃഷ്ണയ്യര്‍ ചുമതലപ്പെടുത്തി.     കമ്മീഷന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 22 അംഗഅഭിഭാഷക സംഘത്തിന്റെ നേതൃത്വത്തില്‍ കക്കട്ടില്‍ തെരുവന്‍ പറമ്പ് നാദാപുരം പാറക്കടവ് എന്നീസ്ഥലങ്ങളില്‍ നടത്തിയ സിറ്റിങ്ങുകളില്‍ വെച്ച് കലാപത്തിനിരയായവരുടെയും സാക്ഷികളുടെയും ജനനേതാക്കളുടെയും മൊഴിയെടുത്തു. 9 നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. പോലീസിന്റെ കാര്യക്ഷമത കൂട്ടുവാനായി പ്രദേശങ്ങളുടെ കിടപ്പും അക്രമസ്വഭാവങ്ങളും കണക്കിലെടുക്കുമ്പോള്‍ നാദാപുരം പോലീസ് സ്റ്റേഷന് പുറമെ വളയത്ത് കൂടി ഒരു പോലീസ് സ്റ്റഷന് സ്ഥാപിക്കണമെന്ന നിര്‍ദേശം ഉടനെ നടപ്പാക്കുകയുണ്ടായി. അക്രമ സംഭവങ്ങളില്‍ കഷ്ടനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് ന്യായമായ നഷ്ടപരിഹാരവും നല്‍കി.
    
മറ്റൊരു അവിസ്മരണിയമായ സംഭവം സി.പി.എം – ബി.ജെ.പി സംഘര്‍ഷങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കാന്‍ കണ്ണൂരില്‍ കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ അശാന്ത പരിശ്രമം നടന്നു. തലശ്ശേരി, കതിരൂര്‍, പാനൂര്‍, പൊയിലൂര്‍, ആയിത്തറ, കാഞ്ഞിലേറി, മമ്പുറം, കൂത്തുപറമ്പ്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ദൗത്യസംഘം സന്ദര്‍ശിച്ചു. സര്‍വ്വ കക്ഷി നേതാക്കളെ എറണാകുളത്തെ ബി.ടി.എച്ചില്‍ ഒരുമിച്ച് ചേര്‍ത്ത് സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു. 1999 നവംബര്‍30ന് 11 നിര്‍ദേശങ്ങളുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചു അത് ലംഘിക്കപ്പെടുകയും പരസ്പരം കൊലപാതകങ്ങള്‍ പുനരാരംഭിക്കുകയും ചെയ്തു.
    
കുറെകൂടി ഭീകരമായിരുന്ന മാറാട് കലാപം, ചരിത്രത്തില്‍ തുല്ല്യതയില്ലാത്ത ഉദാഹരണം. ഭൂരിപക്ഷ സമൂദായത്തിലെ 8 പേരെ,  ഒന്നാം മാറാട് കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നടത്തിയ പ്രതികാരനടപടിയുടെ ഫലമായി വര്‍ഗ്ഗീയ സാമ്പ്രദായിക കക്ഷികള്‍ അന്തരീക്ഷം കലുഷിതമാക്കാന്‍ ആസൂത്രിതമായ ശ്രമം ആരംഭിച്ചു. പുറത്തുനിന്ന് വരുന്നവര്‍ക്ക് പ്രവേശനം നിഷേധിച്ച മാറാട് പ്രദേശത്തേക്ക് കടന്നുചെന്ന് സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാന്‍ കൃഷ്ണയ്യര്‍ കോഴിക്കോട്ടെത്തി. പരിനഞ്ച് അംഗങ്ങളടങ്ങിയ ദൗത്യ സംഘത്തിന്റെ സന്ദര്‍ശനത്തിനൊടുവില്‍ കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനം സംഘടിപ്പിച്ചു. വര്‍ഗീയത തല്ലിക്കെടുത്തേണ്ടതിനായി സര്‍ക്കാറിന്റേയും സാംസ്‌കാരിക പ്രവര്‍ത്തകരുടേയും സജീവ ശ്രദ്ധ അദ്ദേഹം ആവശിയപ്പെടുകയുണ്ടായി.
    
മനുഷ്യസാഹോദര്യത്തിന്റെയും സാമുദായി സൗഹാര്‍ദ്ദത്തിന്റേയും നീതിയുടേയും സര്‍വ്വോപരി മതസൗഹാര്‍ദത്തിന്റേയും കാവലാളായ കൃഷ്ണയ്യര്‍ക്ക് തുല്യം കൃഷ്ണയ്യര്‍മാത്രം. ലോകത്ത് ജ്വലിച്ചു നിന്ന ആ ഭദ്രദീപം പൊലിഞ്ഞു., അദ്ദേഹത്തിന്റെ ജീവിത ദൗത്യം ഒരു നൂറ്റാണ്ട് സഫലീകരിച്ചതിന് ശേഷം.

Related Articles