Current Date

Search
Close this search box.
Search
Close this search box.

കുന്നിടിച്ച് നിരത്തുന്ന യന്ത്രമേ , പന്തുപോലൊന്ന് കണ്ടാല്‍ നിറുത്തണേ

അമ്മയെക്കുറിച്ച് എത്ര കഥകളും കവിതകളുമുണ്ട്….
വൈക്കം മുഹമ്മദ് ബഷീറിന്റെ അമ്മ എന്ന കഥ ഉള്ള് നീറ്റുന്നൊരു വിങ്ങലായി നമ്മിലിപ്പോഴും കാണും..
മരിക്കുന്നതിനു മുമ്പ് അമ്മയുണ്ടാക്കിവെച്ച പാല്‍പ്പായസത്തിന്‍രെ കഥ നമ്മോട് പറഞ്ഞത് കമലാസുറയ്യ.
സൂര്യനായ് തഴുകി ഉറക്കമുണര്‍ത്തുമെന്‍ അഛനെയാണെനിക്കിഷ്ടം എന്ന രീതിയില്‍ അഛന്‍ സ്‌നേഹമായി എഴുതപ്പെട്ട രചനകള്‍ അത്ര കാണില്ല..

വടിയെടുത്ത് തല്ലാന്‍ നില്‍ക്കുന്ന അധികാരത്തിന്റെ ചിഹ്നമാണ് പല രചനകളിലും അഛന്‍ ….

അഛനെനിക്ക് മദ്യമണമാണെന്ന് പറയുന്നുണ്ട് വെള്ളനാടന്‍ ഡയറിയില്‍ (www.vellanadandiary.com) മനോജ് കുമാര്‍ എം.

മദ്യം വിഷമല്ലേ.. എങ്കില്‍ അഛന്‍ മരിക്കില്ലേ..അഛന്‍ മരിച്ചാലെന്റെ സങ്കടം തീരില്ലേ..
അഛന്‍ മരിച്ചിട്ടെനിക്ക് അമ്മയെ പോറ്റണം.. പെങ്ങളെ കാക്കണം..
മദ്യപിച്ച് അമ്മയെ തൊഴിക്കുന്ന അഛന്‍മാരോടുള്ള അമര്‍ഷമാണ് മനോജിന്റെ അഛന്‍മരിച്ചെങ്കില്‍ എന്ന കവിത….

ബെന്‍ജി നെല്ലിക്കാലയുടെ സൗമ്യദര്‍ശനം ബ്ലോഗിലും (saumyadharsanam.blogspot.in) അഛന്‍ മരിച്ചു എന്നും പറഞ്ഞ് കേള്‍വിക്കാരില്‍ സഹതാപം ഉണര്‍ത്തി പപ്പടം വില്‍ക്കുന്ന ബാലന്റെ കഥ പറയുന്നുണ്ട്…
വീടിന് ഗുണം ചെയ്യാത്ത അഛന്‍ അവനെ സംബന്ധിച്ചിടത്തോളം എന്നേ മരിച്ചിരുന്നു..

ഇത്തരത്തില്‍ അഛന്‍ വില്ലനാകുന്ന ഒട്ടേറെ രചനകള്‍ കാണാം….
ഹാരിസ് എടവനയുടെ (Haris Edavana) ഉപ്പ എന്ന കവിത അഛനെന്ന സ്‌നേഹത്തെ പറ്റിയാണ് പറയുന്നത്…ഒറ്റവാക്കിലൊതുങ്ങാത്ത കടലും കാലവും കൈത്താങ്ങുമാണുപ്പ എന്ന് പറയുന്നു ഹാരിസ്..

ഉപ്പ

ഉറങ്ങിയാലും ഉറങ്ങാത്ത
രണ്ടുകണ്ണുകള്‍
വീടിനു ചുറ്റും നടക്കുന്നുണ്ടാവും

ഗൗരവത്തില്‍
സ്‌നേഹം ചേര്‍ത്തു
വേവിച്ച ഉപദേശങ്ങള്‍
കഴിക്കാന്‍ നിര്‍ബന്ധിക്കും..

താനെന്നു വിളിക്കുന്ന
പ്രായത്തിലേക്കെത്തുമ്പോഴറിയാം
ഓര്‍ത്തോര്‍ത്ത്
ആകുലപ്പെട്ടു വെന്ത നെഞ്ചിലാകെ
നരച്ചുപോയ കാലത്തിന്റെ
തിരുശേഷിപ്പുകള്‍

ഉപ്പ
ഒറ്റവാക്കിലൊതുങ്ങാത്ത
കടലോ കാലമോ
കൈത്താങ്ങോ
അതോ
വേരുണങ്ങിയാലും ചില്ലകളില്‍
ചിരിച്ചു നില്‍ക്കുന്ന
വടവൃക്ഷമോ….

*************************************************************

ബാലകൃഷ്ണന്‍ അഞ്ചത്തിന്റെ , ഒരാള്‍ മരം മുറിക്കുന്ന ചിത്രത്തോടൊപ്പം വന്ന കവിത അതിസുന്ദരം.. വരള്‍ച്ചാകാലത്ത് ഈ കവിത ശരിക്കും നമ്മുടെ ഉള്ളില്‍ തട്ടും… ഞങ്ങള്‍ മരങ്ങളിങ്ങനെ നാടുകടത്തപ്പെട്ടാല്‍ കാര്‍മേഘം വഴിമുട്ടില്ലേ..
പൊള്ളില്ലേ ഇടവം പോലും എന്ന് ചോദിക്കുന്നു  ബാലകൃഷ്ണന്‍

ഇനി കവിതയിലേക്ക്

മരം

സുഹൃത്തേ പേടിക്കേണ്ട
പിടിച്ചിരുന്നോളൂ നന്നായ്..
പ്രാണപ്പിടച്ചില്‍ കൊണ്ടാണെന്‍
തലയിത്ര വിറക്കുന്നത്..

താങ്കള്‍ തള്ളിയിട്ടതുപോലെ
താങ്കളെത്തള്ളില്ല ഞാന്‍ ..
കാലുറപ്പിച്ചിരിക്കുന്ന വിശ്വാസം
ഞാന്‍ തകര്‍ക്കില്ല..

നീലാകാശപ്പേടി ഞങ്ങ
ളിങ്ങനെയന്യം നിന്നാല്‍
കാര്‍മേഘം വഴിമുട്ടില്ലേ
പൊള്ളില്ലേയിടവം പോലും..?

*********************************************************

പഴയൊരു പ്ലസ് റ്റു ചോദ്യ പേപ്പറില്‍ കണ്ടത് എന്ന കുറിപ്പോടെ ഫേസ്ബുക്കില്‍ പ്രചരിക്കുന്ന കവിത നമ്മെ എത്ര കാലം പിറകിലേക്കാണ് വഴി നടത്തുന്നത്..
നമ്മള്‍ കളിച്ചു നടന്ന കുന്നുംപുറങ്ങളെ ഇടിച്ചു നിരത്തുന്ന യന്ത്രത്തോട് , ഞങ്ങടെ പന്ത് കിട്ടിയാല്‍ ഒന്ന് നിറുത്തണേ എന്ന അപേക്ഷയില്‍ ഗൃഹാതുരതയുടെ എത്ര സമുദ്രങ്ങള്‍ ഉള്ളടങ്ങിയിട്ടുണ്ട്….

പന്ത്

കുന്നിടിച്ച് നിരത്തുന്ന യന്ത്രമേ
മണ്ണ് മാന്തിയെടുക്കുന്ന കൈകളില്‍
പന്തുപോലൊന്ന് കിട്ടിയാല്‍ നിര്‍ത്തണേ..
ഒന്ന് കൂക്കി വിളിച്ചറിയിക്കണേ..
പണ്ട് ഞങ്ങള്‍ കുഴിച്ചിട്ടതാമത്
പന്ത് കായ്ക്കും മരമായ് വളരുവാന്‍ ..

Related Articles