Current Date

Search
Close this search box.
Search
Close this search box.

കുനന്‍ പോഷ്‌പോര നമുക്ക് സൗകര്യപൂര്‍വം മറക്കാം!

ഫെബ്രുവരി 23 ന് (ഇന്നലെ) കുനന്‍ പോഷ്‌പോര സംഭവം നടന്നിട്ട് 23 വര്‍ഷം പിന്നിട്ടിരിക്കുന്നു. തീവ്രവാദികള്‍ക്കു വേണ്ടിയുള്ള തിരച്ചിലിനെന്ന പേരില്‍ കാശ്മീരിലെ കുപ്‌വാര ജില്ലയിലെ കുനന്‍ പോഷ്‌പോര ഗ്രാമത്തിലേക്ക് ഇരച്ചു കയറിയ ഇന്ത്യന്‍ സൈന്യം അന്ന് ഒറ്റ രാത്രിയില്‍ മാത്രം ബലാത്സംഗത്തിനിരയാക്കിയത് 53 സ്ത്രീകളെയാണ്. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചടക്കമുള്ള സംഘടനകളുടെ കണക്കു പ്രകാരം അത് നൂറിലധികവുമാണ്. സംഭവം നടന്ന് 23 വര്‍ഷം പിന്നിട്ടിട്ടും ഇരകള്‍ക്ക് നീതി ലഭ്യമാക്കാനോ കുറ്റവാളികളെ ശിക്ഷിക്കാനോ തയ്യാറാകാത്ത കേന്ദ്ര സര്‍ക്കാര്‍ അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നും സൈന്യത്തിനെതിരായ തികിച്ചും അടിസ്ഥാന രഹിതമായ ആരോപണമാണെന്നും വിധിയെഴുതുകയാണുണ്ടായത്. അന്താരാഷ്ട്ര മനുഷ്യവകാശ സംഘടനകള്‍ പോലും ഇന്ത്യന്‍ സര്‍ക്കാറിന്റെ നിലപാടിനെയും സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിന്റെ രീതിയെയും അതിന്റെ വിശ്വാസ്യതയെയും കുറിച്ച് കടുത്ത സംശയം പ്രകടിപിച്ചിട്ടും ഇരകള്‍ക്ക് ഇന്നും നീതി ലഭ്യമാക്കാന്‍ സര്‍ക്കാറിനായിട്ടില്ല.
ഇന്ത്യന്‍ സേനയിലെ ക്രിമിനലുകള്‍ കാശ്മീരില്‍ നടത്തുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെയും ക്രൂരതകളുടെയും ചെറിയ ഉദാഹരണം മാത്രമാണ് കുനന്‍ പോഷ്‌പോര. സൈന്യത്തിന് നല്‍കിയിരിക്കുന്ന പ്രത്യേകാധികാര നിയമത്തിന്റെ (അഫ്‌സ്പ) പിന്‍ബലത്തില്‍ കാശ്മീരിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും തങ്ങളുടെ ക്രൂരതകള്‍ എതേഷ്ടം തുടരാന്‍ ഇന്നും സൈന്യത്തിനാവുന്നു. അഫ്‌സ്പ പിന്‍വലിക്കണമെന്നോ സൈന്യം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നോ ആവശ്യപ്പെട്ടാല്‍ പോലും അത് കടുത്ത ദേശദ്രോഹ നടപടിയും സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കലിന് തുല്യവുമായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. അഫ്‌സ്പയുമായി ബന്ധപ്പെട്ട് അഭിപ്രായം പ്രകടനം നടത്തിയതിന്റെ പേരില്‍ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും എ.എ.പി നേതാവുമായ പ്രശാന്ത് ഭൂഷണ്‍ അക്രമിക്കപ്പെട്ടതും കാശ്മീരിലെ സൈനിക ക്രൂരതകളുടെ നഗ്ന മുഖം വ്യക്തമാക്കുന്ന ‘ഓഷ്യന്‍ ഓഫ് ടിയേര്‍സ്’ എന്ന സിനിമക്കെതിരെ കഴിഞ്ഞ ആഴ്ച്ച തൃശൂരില്‍ സംഘ്പരിവാരം രംഗത്ത് വന്നതും അതിന്റെ ഏറ്റവും സമകാലിക ഉദാഹരണങ്ങള്‍ മാത്രം. ബലാത്സംഗത്തെ സൈന്യവും പോലീസും ആയുധമാക്കി ഉപയോഗിക്കുമ്പോള്‍ അവരെ സംരക്ഷിക്കാന്‍ പ്രത്യേക നിയമങ്ങളുണ്ടാക്കുന്ന സര്‍ക്കാര്‍ തന്നെ സ്ത്രീ സുരക്ഷക്കും പ്രത്യേക നിയമങ്ങളുണ്ടാക്കുന്ന അത്യപൂര്‍വ വൈരുധ്യത്തിനും നമ്മള്‍ സാക്ഷികളാണ്. ദല്‍ഹിയില്‍ ‘നിര്‍ഭയ’ എന്ന പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടപ്പോഴായിരുന്നല്ലോ സര്‍ക്കാര്‍ സ്ത്രീ സുരക്ഷക്ക് ‘നിര്‍ഭയ’ പദ്ധതി കൊണ്ടുവന്നത്.
ഡല്‍ഹിയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടപ്പോള്‍ നമ്മുടെ ഭരണസിരാ കേന്ദ്രത്തില്‍ തടിച്ചു കൂടിയ ജനങ്ങളെയും അവരുയര്‍ത്തിയ പ്രക്ഷോഭത്തെയും നാം കണ്ടതാണ്. രാജ്യം ഇന്നുവരെ കാണാത്ത പ്രക്ഷോഭത്തിനാണ് അന്ന നമ്മള്‍ സാക്ഷികളായത്. അതേസമയം, കാശ്മീരിലേയോ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേയോ സൈനിക – പോലീസ് ബലാല്‍ക്കാരങ്ങളെ കുറിച്ച് ഇതുപോലെ പ്രതികരിക്കാനോ പ്രതിഷേധിക്കാനോ നമ്മുടെ തെരവീതികളില്‍ എന്തുകൊണ്ട് ആളുകളുണ്ടാവുന്നില്ല. കുനന്‍ പോഷ്‌പോറയിലെ 53 സ്ത്രീകളും ഛത്തീസ്ഗഢിലെ സോണി സോറിയുമൊക്കെ എന്തുകൊണ്ട് മറവിയുടെ അഗാധ ഗര്‍ത്തങ്ങളില്‍ അതിവേഗം കുഴിച്ചു മൂടപ്പെടുന്നു? ‘നിര്‍ഭയ’യുടെ ഓര്‍മ്മക്ക് നാം പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍, സൗമ്യയുടെ ഓര്‍മ്മക്ക് നാം മെഴുകുതിരികള്‍ കത്തിക്കുമ്പോള്‍ എന്തുകൊണ്ട് കുനന്‍ പോഷ്‌പോറ ഓര്‍മ്മകളുടെ നാലയലത്ത് വരുന്നില്ല? ‘സവര്‍ണപ്രത്യയ ശാസ്ത്രത്തിന് അലോസരമുണ്ടാക്കുന്ന ആലോചനകളെല്ലാം എത്ര വേഗത്തിലാണ് മറവിയുടെ മഹാസമുദ്രങ്ങളില്‍ മുങ്ങി മരിച്ചു കൊണ്ടിരിക്കുന്നത്. അസ്വസ്ഥജനകാം വിധം അതോര്‍മ്മിപ്പിക്കുന്നവരെ മുഴുവന്‍ തളച്ചിടാന്‍ ഭീകരമുദ്രയുള്ള തുടലുകള്‍ തയ്യാറാക്കി വെച്ചിരിക്കുന്നു’ എന്ന കെ.ഇ.എന്‍ കുഞ്ഞഹമ്മദിന്റെ വാക്കുകള്‍ ശ്രദ്ധേയമാകുന്നത് ഇവിടെയാണ്. മധ്യ വര്‍ഗത്തില്‍പെട്ട പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടാല്‍ മാത്രമാണ് പ്രതിഷേധവും കുറ്റവാളികള്‍ക്ക് ശിക്ഷയുറപ്പാക്കാനുള്ള മുറവിളിയും ഉയരുന്നതെന്നും മേല്‍ജാതിക്കാരനും പട്ടാളവും പോലീസുമെല്ലാം ബലാത്സംഗത്തെ അധീശത്വത്തിനുള്ള ഉപകരണമാക്കുന്ന കേസുകളിലൊന്നും പ്രതിഷേധങ്ങളുണ്ടാകുകയോ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ലെന്നുമുള്ള അരുന്ധതി റോയിയുടെ നിരീക്ഷണം നാം ജീവിക്കുന്ന സമൂഹത്തെ സംബന്ധിച്ച എത്രമാത്രം കൃത്യമായ വിലയിരുത്തലാണ്. അതുകൊണ്ട് ‘നിര്‍ഭയ’യുടെ ഘാതകര്‍ക്കെതിരെ മുറവിളിക്കുമ്പോഴും സൗമ്യക്കുവേണ്ടി ഒരായിരം മെഴുകുതിരികള്‍ കത്തിക്കുമ്പോഴും തന്നെ കുനന്‍ പോഷ്‌പോര സൗകര്യപുര്‍വം മറക്കാനോ സോണി സോറിയെ മറവിയുടെ അഗാധ ഗര്‍ത്തത്തില്‍ കുഴിച്ചു മൂടാനോ ഉള്ളതല്ല. ഓര്‍മ്മകളുണ്ടാവുക എന്നത് ഒരു ജനതയുടെ നിലനില്‍പ്പിന്റെ കൂടി ഭാഗമാണെന്ന് നാം തിരിച്ചറിയുക.

Related Articles