Current Date

Search
Close this search box.
Search
Close this search box.

കുട്ടികള്‍ നമ്മെ വീക്ഷിച്ച് കൊണ്ടേയിരിക്കുന്നു!

നിങ്ങള്‍ കുട്ടിയോട് എത്ര തവണ വസ്ത്രം മാറാനും വൃത്തിയില്‍ നടക്കാനും ഹോംവര്‍ക്ക് ചെയ്യാനും പറയാറുണ്ട്? സത്യത്തില്‍ ഇതിന് ആര്‍ക്കും കൃത്യമായി ഉത്തരം പറയാനാവില്ല. കാരണം ഒരുപാടൊരുപാട് ആവര്‍ത്തിച്ചാലേ കുട്ടികള്‍ വല്ലതും ചെയ്യൂ. നമ്മളില്‍ നല്ലൊരു ശതമാനം ആളുകളുടെയും ദൈനംദിന ജീവിതമെടുത്തു പരിശോധിച്ചു നോക്കൂ. നമുക്ക് ഭാഗ്യമുണ്ടെങ്കില്‍ ഒരു നാലുതവണ പറയുകയോ അല്ലെങ്കില്‍ അല്പം ഒച്ചയിടുകയോ ശകാരിക്കുകയോ ചെയ്താല്‍ അനുസരിച്ചെങ്കിലായി. കുട്ടികള്‍ ഒരിക്കലും ഞങ്ങളെ അനുസരിക്കില്ലെന്ന് സദാ പരാതി പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നു. അച്ചടക്കത്തോടെയും നല്ലശീലത്തോടെയും മക്കളെ പരിപാലിക്കാനുള്ള പാരന്റിങ് ടെക്‌നിക്കുകള്‍ക്കും വേണ്ടി മിക്കപ്പോഴും പുസ്തകങ്ങളും വെബ്‌സൈറ്റുകളും പരിശോധിച്ചു. എന്ത് ചെയ്യാന്‍, കുട്ടികള്‍ ഒരു പിടിപോലും ശ്രദ്ധ തരുന്നില്ല.

പക്ഷെ, അവര്‍ നമ്മെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. നാം അവരെ ഓര്‍ത്ത് വിലപിക്കുമ്പോഴും അവര്‍ നമ്മെ തന്നെ നോക്കിക്കൊണ്ടിരിക്കുന്നു. ഭാര്യഭര്‍ത്താക്കന്മാര്‍ തമ്മില്‍ തര്‍ക്കിമ്പോഴും ഡ്രൈവര്‍മാരെയും കീഴ്‌ജോലിക്കാരെയും ശകാരിക്കുമ്പോഴും അവര്‍ വീക്ഷിക്കുന്നു. നമ്മള്‍ നമ്മുടെ കൂട്ടുകാരോട് ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴും അവര്‍ നമ്മെ നിരീക്ഷിക്കുന്നു. അടുത്ത് ഒരു കൊച്ചുകുട്ടിയാണുള്ളതെങ്കിലും നമ്മള്‍ അല്‍പം വിവേകത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കളിഫോണുപയോഗിച്ച് നിങ്ങള്‍ മൊബൈലില്‍ സംസാരിച്ചപ്പോള്‍ പറഞ്ഞതെല്ലാം അവരും പറഞ്ഞ് നടക്കുന്നതായി നിങ്ങള്‍ക്ക് കാണാം. വീടിനുചുറ്റും കഷ്ടപ്പെട്ട്, കൊച്ച് തോളെല്ലാം ഒന്ന് പൊക്കിപ്പിടിച്ച് തല ഉയര്‍ത്തി ഞെളിഞ്ഞ് ലൈറ്റ് തെളിയുന്ന പാട്ടഫോണും പിടിച്ചായിരിക്കും അവരുടെ നടപ്പ്. അതെ, നമ്മുടെ ഓരോ അനക്കവും അവര്‍ വീക്ഷിച്ചുകൊണ്ടിരിക്കുന്നു.

വാസ്തവത്തില്‍ നമ്മുടെ കുട്ടികള്‍ നമ്മെ ശ്രദ്ധിക്കാത്തതിലല്ല, മറിച്ച് അവര്‍ നമ്മെ സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നതിലാണ് അസ്വസ്ഥതയുണ്ടാവേണ്ടത്. ആലോചിച്ചു നോക്കൂ, നമ്മള്‍ മക്കളോട് അവരുടെ കളിപ്പാട്ടമെടുക്കാന്‍ പറയുമ്പോള്‍ അവരത് കേള്‍ക്കില്ല. നമ്മള്‍ ശബ്ദം വീണ്ടും ഉയര്‍ത്തുന്നതിനനുസരിച്ച് അവര്‍ നമ്മെ അവഗണിച്ചു കൊണ്ടിരിക്കും.  പിന്നെ എന്താ നിനക്ക് പറഞ്ഞത് കേട്ടാല്‍ എന്നാക്രോശിച്ച് നമ്മളവരെ തല്ലാനും തൊഴിക്കാനും തുടങ്ങും. അതോടെ അവര്‍ ദുശ്ശാഠ്യക്കാരാവുകയും പിന്നെ സ്വയം തകര്‍ന്ന് കരച്ചിലിലേക്കും വാശിയിലേക്കും നീങ്ങുകയും ചെയ്യുന്നു. പക്ഷെ, അവര്‍ക്ക് മുമ്പ് ശ്രദ്ധയോടെ നാമത് എടുക്കുകയാണെങ്കില്‍ അവര്‍ നമ്മുടെ ആ പ്രവര്‍ത്തനം ശ്രദ്ധിക്കും. സത്യത്തില്‍, ഏതു നേരവും  നമ്മുടെ ഈ “പറച്ചില്‍” തന്നെ തുടരാതെ ഇടക്കൊക്കെ മാതൃകയാവുക. അതിലൂടെ നാമവരെ അനുസരണത്തിന്റെ പാഠം പഠിപ്പിക്കുകയാണ്. നാമവരോട് ഒരു കാര്യം കല്‍പിക്കുകയും ചെറുതായൊന്നു പോലും ചെയ്യേണ്ടവിധം കാണിക്കാതിരിക്കുകയും ചെയ്യുന്നു. ഇനി മറുവശം കൂടി ചിന്തിക്കുക. നാം ദേഷ്യത്തോടെ അവരെ ശിക്ഷിക്കുമ്പോഴാകട്ടെ, നാമവര്‍ക്ക് കാണിച്ചു കൊടുക്കുന്നത് കാര്യസാധ്യത്തിന് വേണ്ടി എന്തെല്ലാം ചെയ്യണമെന്നതാണ്. നാം മുഷ്ടിപിടിച്ച് കളിപ്പാട്ടമെടുത്ത് അതിന്റെ പെട്ടിയിലേക്ക് എറിയുകയോ കാലുകൊണ്ട് വഴിയില്‍ നിന്നും കളിപ്പാട്ടം തട്ടുകയോ ചെയ്യുമ്പോള്‍ എങ്ങനെ ദേഷ്യം പ്രകടിപ്പിക്കുന്നതെന്ന് നാം കാണിച്ചു കൊടുക്കുന്നു.

എന്നും രാവിലെ വാഹനത്തില്‍ കൂടെ കുട്ടിയേയും ഇരുത്തി സ്‌കൂളിലേക്ക് പോവുന്ന സാഹചര്യമൊന്ന് ഓര്‍ത്തുനോക്കൂ. ഒരു ഡ്രൈവര്‍ അമിതവേഗതയില്‍ നിന്നെ കവച്ചുവെക്കുകയും വഴിയില്‍ നിന്ന് അപകടത്തില്‍ പെടാതിരിക്കാന്‍ തെന്നിമാാറുകയും ചെയ്തു. മന്ദബുദ്ധി! നാശം! എന്നെല്ലാമായിരിക്കും സ്‌ററിയറിങ് ശരിയാക്കുന്ന സമയം പറഞ്ഞു കൊണ്ടിരിക്കുക. എന്നാല്‍ അതേ സമയം ആശ്വാസപ്പെട്ട് കൊണ്ട് മറ്റൊന്നും സംഭവിക്കാത്തതില്‍ അല്ലാഹുവിനോട് നന്ദിപ്രകടിപ്പിക്കുകയാണെങ്കില്‍ പിറകിലിരിക്കുന്ന കുട്ടി ജീവിതത്തില്‍ മാതൃകയാക്കുക അതായിരിക്കും. ഈ സാഹചര്യത്തില്‍ നാം കുട്ടികള്‍ക്ക് വിശദീകരിച്ചു കൊടുക്കുന്നത് മറ്റൊരു ഡ്രൈവര്‍ നിയമം തെറ്റിച്ചാലും നാം യഥാര്‍ഥ പാതയിലൂടെ സഞ്ചരിക്കും എന്നതാണ്. അതോടൊപ്പം നാം കാണിച്ചു കൊടുക്കുന്നത് ശാപത്തിന്റെയും ആവലാതിയുടെയും സാഹചര്യത്തെയും അതിനെ ഏങ്ങിനെ ക്രിയാത്മകമായി കൈകാര്യം ചെയ്യുന്നുവെന്നാണ്.

അഭിമുഖീകരിക്കല്‍ വിഷമകരമായ സാഹചര്യങ്ങള്‍ അനുയോജ്യമായ രീതിയില്‍ പരിഹരിക്കുന്നത് കുട്ടികള്‍ക്ക് നല്‍കുന്ന വലിയ ഒരു അധ്യാപനമാണ്. അവസരങ്ങളെ കുറിച്ച് നാം ബോധവാന്മാരാണെങ്കില്‍ അനേകം സാഹചര്യങ്ങളെ നമുക്ക് ഉപയോഗപ്പെടുത്താനാവും. ഓരോ ദിവസവും കുട്ടികള്‍ അച്ചടക്കത്തോടെ നില്‍ക്കണമെന്നും അതിനനുയോജ്യമായി അവര്‍ക്ക് പരിശീലനം കൊടുക്കണമെന്നും നിങ്ങള്‍ ഉദ്ദേശിക്കുന്നു. ഈ അച്ചടക്ക പരിശീലനത്തിന്റെ നാളുകളില്‍ നാം നമ്മുടെ വേവലാതിയും ദേഷ്യവും, ശകാരവും ഒഴിവാക്കി ദൈനംദിനം ഉപയോഗിക്കുന്ന കോപത്തിന്റെ വാക്കും ഭാവവും മാറ്റി നിര്‍ത്താനും ശ്രമിക്കേണ്ടതുണ്ട്. ഇപ്രകാരം നമ്മുടെ ഉള്ളിലെ പോരായ്മകള്‍ കണ്ടെത്തുവാന്‍ നമുക്ക് സാധിക്കുമ്പോള്‍ മാത്രമേ കുട്ടികളിലെ പോരായ്മകള്‍ പരിഹരിക്കുവാനും കാര്യങ്ങള്‍ പഠിപ്പിക്കാനും കഴിയുകയുള്ളൂ.

വ്യക്തമായിപ്പറഞ്ഞാല്‍, നമുക്ക് നമ്മിലേക്ക് തിരിഞ്ഞുനോക്കുവാന്‍ സാധിക്കുകയില്ലെങ്കില്‍ നമ്മുടെ ചൂടും ദേഷ്യവും പിടിച്ചു നിര്‍ത്താനാവുകയില്ല. നാം തീരുമാനിക്കുകയാണെങ്കില്‍, കുട്ടികളെ ഗുണദോഷിച്ചോ തല്ലിയോ പഠിപ്പിക്കാനെടുക്കുന്ന സമയത്ത് സന്ദര്‍ഭോചിതമായൊരു തന്ത്രത്തിലൂടെയോ കളിയിലൂടെയോ അക്കാര്യം പെട്ടെന്ന് സാധ്യമാക്കാനാവും. ഉദാഹരണത്തിന്, നാം കുട്ടികള്‍  കേള്‍ക്കെ ശകാരവാക്കുകള്‍ ഉച്ചരിക്കരുത്. അതേ സമയം, കുട്ടിയോട് കളിക്കാനുള്ള എന്തെങ്കിലുമൊരു സാധനവും എടുത്തുകൊണ്ടുവരാന്‍ പറയുകയും ഭക്ഷണത്തിന് റെഡിയാവാന്‍ കല്‍പ്പിക്കുകയും സ്വയമൊന്ന് താങ്ങിക്കൊടുക്കുകയും ചെയ്യുക. പറയുന്ന കാര്യം മക്കള്‍ ശ്രദ്ധിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അക്കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കുകയും കുട്ടികള്‍ക്ക് വഴങ്ങുകയും ചെയ്യുക. അവരോട് അലറാതെയും ശകാരിക്കാതെയും അക്കാര്യം പ്രായോഗികമായി ചെയ്തു കാണിക്കുന്നതിലൂടെ അവര്‍ അത് മനസ്സിലാക്കുന്നു.

നമ്മുടെ സന്താനങ്ങള്‍ നമ്മെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് വിചാരത്തോടെ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നാം നടത്തുകയാണെങ്കില്‍ നമുക്ക് നമ്മെ തന്നെ സൂക്ഷിക്കാന്‍ സാധിക്കും. നമ്മുടെ രീതികളെകുറിച്ച് നാം പുനരാലോചിക്കും. കൂടുതല്‍ മൃദുലമായി നാം സംസാരിക്കേണ്ടിയിരിക്കുന്നു. നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കണ്ടിയിരിക്കുന്നു. ആത്യന്തികമായി നമ്മുടെ കുട്ടികള്‍ നമ്മെ നിരീക്ഷിക്കുന്നുവെന്ന കാര്യം നാം ഉള്‍ക്കൊള്ളണം. അവരില്‍ എന്താണോ പ്രകടമാവാന്‍ നാം ആഗ്രഹിക്കുന്നത് അതാണ് നാം സ്വയം പ്രകടമാക്കേണ്ടത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ നല്ല പെരുമാറ്റത്തിനും വികാരങ്ങള്‍ നിയന്ത്രിക്കാനും പരസ്പരം ചങ്ങലപോലെ രക്ഷിതാക്കളും മക്കളും വര്‍ത്തിക്കുകയാണ് വേണ്ടത്.  അപ്പോള്‍, നമ്മുടെ കുട്ടികള്‍ സല്‍പെരുമാറ്റത്തിന് മാതൃകയാവുകയും എല്ലാ മേഖലയിലും വിജയികളാവുകയും ചെയ്യും.

രക്ഷിതാക്കള്‍ കുട്ടികളോട് വാഗ്ദാനങ്ങള്‍ ചെയ്യാറുണ്ട്. പല സമയത്തും പലതും ഓഫര്‍ ചെയ്യാറുണ്ടെങ്കിലും അത് പാലിക്കാന്‍ ശ്രദ്ധിക്കാറില്ല. ചിലപ്പോഴാവട്ടെ മറന്നു പോവുകയും ചെയ്യുന്നു. നിനക്കൊരു കാരക്കയിതാ എന്ന് പറഞ്ഞുകൊണ്ട് കൈമടക്കിപ്പിടിച്ച് ഒരാള്‍ കുട്ടിയെ അടുത്തേക്ക് വിളിച്ചു. പ്രവാചകന്‍ പറഞ്ഞു. നിന്റെ കയ്യില്‍ കാരക്കയുണ്ടോ? അദ്ദേഹം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ കുഴപ്പമില്ല, അല്ലാത്ത പക്ഷം അങ്ങനെചെയ്യരുതെന്ന് അദ്ദേഹത്തെ ഉണര്‍ത്തുകയുണ്ടായി. എത്ര തവണയാണ് നിങ്ങള്‍ മക്കളോട് “അതെ.. അതെ.. ഇന്‍ശാ അല്ലാഹ്” ഞാന്‍ പെട്ടെന്ന് അത് കൊണ്ടുവന്ന് തരാം എന്നൊക്കെ പറയാറ്. ഈ സമയം കുഞ്ഞിന്റെ മൗനം ശ്രദ്ധിച്ചിട്ടുണ്ടോ? നിന്റെ ചുണ്ടില്‍ നിന്നും ആ വാക്ക് പുറപ്പെടുന്നതോടെ കരാര്‍ ഗൗരവത്തില്‍ പരിഗണിക്കേണ്ടതായിത്തീര്‍ന്നു. നിങ്ങള്‍ കുട്ടിയെ മോഹിപ്പിച്ച സമ്മാനമോ കളിപ്പോട്ടമോ യാത്രയോ എന്തായാലും അത് പാലിക്കുന്നതില്‍ വീഴ്ച സംഭവിക്കരുത്. അങ്ങിനെ സംഭവിക്കുന്നുവെങ്കില്‍ കുട്ടി ദു:ഖിതനാവുന്നു. അതോടെ രക്ഷിതാക്കള്‍ ഇന്‍ശാ അല്ലാ എന്ന് പറയുന്നതോടെ  അവര്‍ക്ക് മടുപ്പനുഭവപ്പെടുകയും അതിന്റെ യഥാര്‍ഥ അര്‍ഥം തീര്‍ച്ചയായും കിട്ടും എന്നാണോ കിട്ടിയേക്കാം എന്നാണോ അതോ ഇല്ല എന്നാണോ എന്ന ആശയക്കുഴപ്പത്തിലാവുകയും ചെയ്യുന്നു.

നമ്മുടെ സ്വഭാവത്തിലധികവും ആശ്രയിച്ചു നില്‍ക്കുന്നത് നമ്മുടെ സദുദ്ദ്യേശ്യങ്ങളെയാണ്. നിങ്ങള്‍ ഒരു യഥാര്‍ഥത്തില്‍ കുട്ടിക്ക് ഒരു കളിപ്പാട്ടം കൊടുക്കാനുദ്ദേശിക്കുന്നുവെങ്കില്‍ കുട്ടികള്‍ക്കത് ഉറപ്പ് കൊടുക്കുക. ഇനി വാങ്ങാന്‍ പദ്ധതിയില്ലെങ്കില്‍ അത് സത്യസന്ധമായി പറയുക. ഷോപ്പിങ് സന്ദര്‍ഭങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ചെയ്യുന്ന ആത്മാര്‍ഥതയില്ലാത്ത ഉറപ്പുകള്‍ കുട്ടികളെ അനുസരണക്കേടിലായിരിക്കും കൊണ്ടു ചെന്നെത്തിക്കുക. തെറ്റായ വാഗ്ദാനത്തിലൂടെ നിങ്ങള്‍ നിങ്ങളുടെ സന്താനങ്ങള്‍ക്ക് മുമ്പില്‍ തെറ്റായ പെരുമാറ്റ ശീലമാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇതവര്‍ മനസ്സില്‍ നിന്നും മറക്കാതെ സൂക്ഷിക്കുകയും ഒരുവേള വലുതാവുമ്പോള്‍ ഇത്തരം കപടവാഗ്ദാനങ്ങളുടെ വക്താക്കളാക്കുകയും ചെയ്‌തേക്കാം.

ചുരുക്കത്തില്‍ നമ്മുടെ സ്വന്തം പെരുമാറ്റത്തിലൂടെ മാത്രമാണ് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവിയെ ഡിസൈന്‍ ചെയ്യുന്നത്. അവര്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുക മാത്രമല്ല അവര്‍ നമ്മില്‍ നിന്ന് പഠിക്കുകയും പ്രവര്‍ത്തികമാക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. ഭാവി തലമുറ നാമുദ്ദേശിക്കുന്ന വിധത്തില്‍ വാര്‍ത്തെടുക്കുവാന്‍ സ്വയം മാറ്റത്തിലൂടെ നാം തന്നെ അതിന് തയ്യാറാവേണ്ടത് അനിവാര്യമാണ്.

വിവ. സുഹൈറലി തിരുവിഴാംകുന്ന്

Related Articles