Current Date

Search
Close this search box.
Search
Close this search box.

കാശ്മീര്‍ ചെറുത്ത് നില്‍പ്പിന്റെ ബുര്‍ഹാന്‍ യുഗം

Burhan-Wani.jpg

മിലിറ്റന്റ് സംഘടന ഹിസ്ബുല്‍ മുജാഹിദീന്‍ കമാണ്ടര്‍ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകം മൊത്തം കാശ്മീരിനെ പിടിച്ചു കുലുക്കുകയുണ്ടായി. വളരെ ചുരുങ്ങിയ സമയം കൊണ്ട് തെരുവുകള്‍ സൈന്യവും പ്രതിഷേധപ്രകടനക്കാരും തമ്മിലുള്ള യുദ്ധക്കളങ്ങളായി മാറി. പള്ളി മിനാരങ്ങളില്‍ നിന്നും ബുര്‍ഹാന്‍ അനുകൂല മുദ്രാവാക്യങ്ങളും പാട്ടുകളും ഒഴുകി. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ ബുര്‍ഹാന്റെ ഫോട്ടോ തങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോകളാക്കി മാറ്റി. ആറ് വര്‍ഷക്കാലത്തെ തോക്കേന്തിയ ജീവിതം, ഇരുപത്തി രണ്ട് വയസ്സ് പ്രായം, കാശ്മീരിലെ വീടുകളില്‍ ബുര്‍ഹാന്‍ എന്ന പേര് സുപരിചിതമായിരുന്നു. ‘തങ്ങളുടെ പ്രിയപ്പെട്ട കമാണ്ടറെ’ അവസാന നോക്ക് കാണാന്‍ വേണ്ടി ത്രാലിലെ ബുര്‍ഹാന്റെ വസതിക്ക് പുറത്ത് ഒരു ജനസാഗരമാണ് ഒത്തുകൂടിയത്. സായുധ മിലിറ്റന്റുകള്‍ ഉള്‍പ്പെടെ നാല് ലക്ഷത്തോളം പേര്‍ പങ്കെടുത്ത തുടര്‍ച്ചയായ അമ്പതോളം മയ്യിത്ത് നമസ്‌കാരങ്ങള്‍ അദ്ദേഹത്തിന് വേണ്ടി നടന്നു. കാശ്മീര്‍ താഴ്‌വരയില്‍ ഉടനീളം കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടും, ത്രാലിലേക്കുള്ള ആളുകളുടെ ഒഴുക്കിനെ തടയാന്‍ വേണ്ട നടപടികള്‍ കൊണ്ടിട്ട് പോലും ജനസാഗരം തങ്ങളുടെ പ്രിയ നേതാവിന്റെ ഭൗതികശരീരം ഒരു നോക്ക് കാണാന്‍ എത്തിച്ചേര്‍ന്നു. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് മുഖം മൂടിയണിഞ്ഞ ആയിരക്കണക്കിന് യുവാക്കള്‍ ബുര്‍ഹാന്‍ വാനിമാരായി മാറി. പാകിസ്ഥാന്‍ പതാകയേന്തിയ അവര്‍ അദ്ദേഹത്തിന്റെ കല്‍പ്പനക്കായി കാത്തിരുന്നു. ‘കൊല്ലപ്പെട്ട ബുര്‍ഹാന്‍ വാനി കൂടുതല്‍ മിലിറ്റന്റുകളെ റിക്രൂട്ട് ചെയ്യും’ എന്നാല്‍ മുന്‍ ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ട്വിറ്ററില്‍ കുറിച്ചത്. ത്രാലിലേക്ക് എത്തിച്ചേരാന്‍ കഴിയാതിരുന്നവര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബുര്‍ഹാന് വേണ്ടി മരണാനന്തര പ്രാര്‍ത്ഥന നിര്‍വഹിച്ചു. അദ്ദേഹത്തിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്, ചിലയിടങ്ങളില്‍ യുവാക്കള്‍ സൈന്യവുമായി ഏറ്റുമുട്ടുകയുണ്ടായി. അവര്‍ പോലിസ് സ്‌റ്റേഷനുകളും, സൈനികത്താവളങ്ങളും ആക്രമിക്കുകയും, അഗ്നിക്കിരയാക്കുകയും ചെയ്തു.

കാശ്മീരി യുവതക്ക് മുന്നില്‍ മിലിറ്റന്‍സിക്ക് പുതിയ മാനങ്ങള്‍ നല്‍കിയ ഒരു മിലിറ്റന്റ് കമാണ്ടറോടുള്ള ഐക്യദാര്‍ഢ്യ പ്രകടനമായിരുന്നു അത്. സൈനിക കേന്ദ്രങ്ങളെ അത് വിറകൊള്ളിച്ചു. ജനരോഷത്തിന്റെയും, സായുധ ചെറുത്ത് നില്‍പ്പിനുള്ള ജനകീയ പിന്തുണയുടെയും പ്രദര്‍ശനമായിരുന്നു അത്. എന്തു കൊണ്ടാണ് ബുര്‍ഹാന്‍ ഇത്രയധികം ആദരിക്കപ്പെടുന്നത്? കാശ്മീര്‍ ചെറുത്ത് നില്‍പ്പിലെ ബുര്‍ഹാന്‍ യുഗം എന്താണ് അര്‍ത്ഥമാക്കുന്നത്?

ബുര്‍ഹാന്‍ ഒരു മിലിറ്റന്റ് മാത്രമായിരുന്നില്ല. കാശ്മീര്‍ ഒരിക്കല്‍ കൂടി വാരിപ്പുണര്‍ന്നിരിക്കുന്ന ആശയത്തിന്റെ വ്യക്തിരൂപമാണ് യഥാര്‍ത്ഥത്തില്‍ ബുര്‍ഹാന്‍. ന്യൂഡല്‍ഹി കാശ്മീരില്‍ നടത്തുന്ന സൈനിക നിയന്ത്രണത്തിന് എതിരെയുള്ള തുറന്ന വിപ്ലവത്തെ മാത്രമല്ല അദ്ദേഹം പ്രതിനിധീകരിക്കുന്നത്, മറിച്ച് ഹുരിയ്യത്ത് നേതൃത്വത്തിന്റെ സമാധാന രാഷ്ട്രീയത്തില്‍ മനംമടുത്ത അസംതൃപ്തരായ കാശ്മീര്‍ യുവതയുടെ പ്രതീക്ഷകളെ കൂടിയാണ് ബുര്‍ഹാന്‍ പ്രതിനിധീകരിക്കുന്നത്. ന്യൂഡല്‍ഹി വരക്കുന്ന ലക്ഷ്മണ രേഖക്ക് അപ്പുറം കടക്കാന്‍ ഹുരിയ്യത്ത് നേതാക്കള്‍ ധൈര്യപ്പെടില്ല. 2008 മുതല്‍ 2010 വരെയുള്ള മൂന്ന് കാലയളവില്‍ കാശ്മീരില്‍ വമ്പിച്ച സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍ അരങ്ങേറി. പക്ഷെ ഈ മൂന്ന് സന്ദര്‍ഭങ്ങളിലും സ്വാതന്ത്ര്യം നേടികൊടുക്കാന്‍ സ്വാതന്ത്ര്യവാദികളായ രാഷ്ട്രീയ നേതൃത്വത്തിന് കഴിയാതെ പോയത് യുവാക്കളെ അവരില്‍ നിന്നും അകറ്റുന്നതിന് കാരണമായി ഭവിച്ചു. ലക്ഷകണക്കിന് ആളുകളാണ് അന്ന് തെരുവിലിറങ്ങിയത്. ഭരണകൂട നടപടിയില്‍ ഒരുപാട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളില്‍ നടന്ന സമാധാനപരമായ പ്രതിഷേധങ്ങളും, തെരുവ് പ്രക്ഷോഭങ്ങളും കേന്ദ്രസര്‍ക്കാര്‍ അതിക്രൂരമായി തന്നെ അടിച്ചമര്‍ത്തി. കാശ്മീര്‍ ശാന്തമായി എന്ന് കേവലം ഒരു തെറ്റിദ്ധാരണ മാത്രമായിരുന്നു. പക്ഷെ കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത മാത്രമാണ് ഇതെന്ന് അന്ന് തന്നെ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കാശ്മീരിലെ അഹിംസയിലധിഷ്ടിതമായ മാറ്റത്തിനോട് പ്രതികരിക്കുന്നതിലെ കേന്ദ്രത്തിന്റെ പരാജയവും, കാശ്മീര്‍ ചെറുത്ത് നില്‍പ്പ് രാഷ്ട്രീയത്തിന്റെ വക്താക്കളുടെ നിശ്ചയദാര്‍ഢ്യമില്ലായ്മയും രാഷ്ട്രീയ പ്രക്രിയയില്‍ ഭാഗഭാക്കാകുന്നതില്‍ നിന്നും യുവാക്കളെ അകറ്റി. ഈ അവസരത്തില്‍, ഇക്കാരണത്താലും മറ്റു പലകാരണങ്ങളാലും ബുര്‍ഹാന്‍ വാനിയെ പോലുള്ള കുട്ടികള്‍ മിലിറ്റന്റുകളുമായി ചേരുന്നതിന് വേണ്ടി ഉള്‍ക്കാടുകളിലേക്ക് വലിഞ്ഞു. വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമുണ്ടായിരുന്ന ആ സംഘത്തിന് സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ ഹിംസയുടെ മാര്‍ഗം സ്വീകരിക്കുന്നതിനെ ചുറ്റിപറ്റിയുള്ള ഭൗമരാഷ്ട്രീയ വ്യവഹാരങ്ങളെ സംബന്ധിച്ചോ, 9/11-ന് ശേഷമുള്ള ഭീകരവാദത്തെ കുറിച്ച സംവാദങ്ങളെ കുറിച്ചോ വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല.

മുന്‍ഗാമികളില്‍ നിന്നും വ്യത്യസ്തമായി, ആയുധപരിശീലനത്തിന് വേണ്ടി ഇവരാരും തന്നെ ആസാദ് കാശ്മീരിലേക്ക് അതിര്‍ത്തി കടന്ന് പോയില്ല. നാട്ടില്‍ തന്നെ വളര്‍ന്നവരായിരുന്നു അവര്‍. ഇതിന്റെയൊന്നും അനന്തരഫലങ്ങളെ സംബന്ധിച്ച് അവര്‍ ബോധവാന്‍മാരായിരുന്നില്ല, അല്ലെങ്കില്‍ അതെല്ലാം നേരിടാന്‍ തയ്യാറായിരുന്നു അവര്‍. മറ്റുള്ളവരില്‍ നിന്നും ബുര്‍ഹാനെ വ്യത്യസ്തനാക്കുന്ന ഒരു ഘടകമെന്തായിരുന്നെന്നാല്‍, ഒരു പ്രാദേശിക മിലിറ്റന്റിന്റെ മുഖത്തുണ്ടായിരുന്ന മുഖംമൂടി മാറ്റാന്‍ അവന്‍ അസാമാന്യ ധൈര്യം കാണിച്ചു എന്നതാണ്. കാശ്മീരിന്റെ സായുധ ചെറുത്ത് നില്‍പ്പ് ചരിത്രത്തില്‍ ആദ്യത്തെ സംഭവമായിരുന്നു അത്.

തൊണ്ണൂറുകളില്‍ മിലിറ്റന്റുകള്‍ തങ്ങളുടെ ഐഡന്റിറ്റി എന്ത് വിലകൊടുത്തും മറച്ചുവെക്കാന്‍ പരമാവധി ശ്രമിക്കുമായിരുന്നു. എന്നാല്‍ ബുര്‍ഹാന്റെ രീതി ഇതില്‍ നിന്നും തികച്ചും വ്യത്യസ്തവും, വ്യതിരിക്തവുമായിരുന്നു. പ്രസ്തുത രീതി ഫലം കാണുകയും ചെയ്തു. കുറഞ്ഞ വര്‍ഷം കൊണ്ട് തെക്കന്‍ കാശ്മീരില്‍ നിന്നുള്ള ഒരുപാട് വിദ്യാസമ്പന്നരായ യുവാക്കളെ തന്റെ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ബുര്‍ഹാന് സാധിച്ചതായി സുരക്ഷാ വൃത്തങ്ങള്‍ തന്നെ തുറന്ന് പറയുന്നുണ്ട്. കൂടാതെ, കാശ്മീരിന്റെ മിലിറ്റന്റ് ഭൂമികയിലെ ബുര്‍ഹാന്റെ ഉയര്‍ച്ച അതുവരെ മുഖമില്ലാതിരുന്ന സായുധചെറുത്ത് നില്‍പ്പിന് ഒരു പ്രാദേശിക മുഖം നല്‍കുകയും, അതിന്റെ പ്രതിച്ഛായ തന്നെ മാറ്റുകയും ചെയ്തു. ഈ മാറ്റത്തോടെ, കാശ്മീരിലെ മിലിറ്റന്‍സിക്കുള്ള ജനകീയ പിന്തുണ ഒരിക്കല്‍ കൂടി വര്‍ദ്ധിച്ചു. പ്രാദേശിക ഇന്ത്യന്‍ മാധ്യമങ്ങള്‍ മാത്രമല്ല അന്താരാഷ്ട്ര മാധ്യമങ്ങളും ഇതോടെ ബുര്‍ഹാന് പിന്നാലെ കൂടാന്‍ തുടങ്ങി.

ജമ്മുകാശ്മീരിന് നേര്‍ക്കുള്ള കേന്ദ്രത്തിന്റെ ധാര്‍ഷ്ട്യനയങ്ങള്‍ക്കെതിരെയുള്ള കാശ്മീരികളുടെ നിരാശനിറഞ്ഞ പ്രതികരണങ്ങളുടെ പ്രതിനിധിയാണ് ബുര്‍ഹാന്‍. ഇതാണ് അദ്ദേഹത്തിന് വമ്പിച്ച ജനപിന്തുണ ലഭിക്കാന്‍ കാരണം.

സമാധാനപരമായ പ്രതിഷേധപ്രകടനങ്ങളെ അടിച്ചമര്‍ത്തല്‍, പ്രായപൂര്‍ത്തിയാവാത്തരെ അടക്കം അറസ്റ്റ് ചെയ്യല്‍, 2009-ല്‍ ബലാത്സംഗം ചെയ്യപ്പെട്ട് കൊലചെയപ്പെട്ട ഷോപിയാനിലെ ആസിയ, നിലോഫര്‍ എന്നിവര്‍, 2013-ല്‍ മുഹമ്മദ് അഫ്‌സല്‍ ഗുരുവിനെ തൂക്കികൊന്നത് തുടങ്ങിയ സംഭവങ്ങള്‍ കാശ്മീരിനെ പ്രകമ്പനം കൊള്ളിച്ചു. ഇതിനെല്ലാം കാശ്മീരി യുവതയുടെ മനസ്സിനെ രൂപപ്പെടുത്തിയതിലും, കേന്ദ്രത്തിന്റെ രാഷ്ട്രീയ സൗജന്യങ്ങള്‍ക്കെതിരെയുള്ള അവരുടെ നിലപാടിലും വലിയ പങ്കുണ്ട്. 2014-ലെ തെരഞ്ഞെടുപ്പിന് ശേഷം പ്രാദേശിക ഇന്ത്യാഅനുകൂല പാര്‍ട്ടിയായ പി.ഡി.പി ഇന്ത്യയിലെ ബി.ജെ.പിയുമായി സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചതോടെ, നാഗ്പൂരിലെ ആര്‍.എസ്.എസ് കാര്യാലയമാണ് കാശ്മീര്‍ ഭരിക്കുന്നത് എന്ന പ്രചാരണം ശക്തമായി. ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി.  ബി.ജെ.പി എന്ന ഹിന്ദുത്വ പാര്‍ട്ടിയുമായി ചേര്‍ന്ന് പി.ഡി.പി സര്‍ക്കാര്‍ രൂപവത്കരിച്ചത് കാശ്മീരികളെ സംബന്ധിച്ചിടത്തോളം വലിയ പ്രഹരമായിരുന്നു.

കാശ്മീരികളുടെ മനസ്സില്‍, നരേന്ദ്ര മോദി നയിക്കുന്ന ബി.ജെ.പി എന്നാല്‍ ചിലതൊക്കെയാണ്. മോദിയുടെ ബി.ജെ.പി എന്നാല്‍ അമര്‍നാഥ് നഗറിന്റെ നിര്‍മാണം എന്നാണ് കാശ്മീരികളെ സംബന്ധിച്ചിടത്തോളം അര്‍ത്ഥം. അതായത് കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പില്‍ പറയുന്ന കാര്യങ്ങള്‍ ലംഘിച്ച് മുസ്‌ലിം ഭൂരിപക്ഷ കാശ്മീര്‍ താഴ്‌വരയുടെ ഒത്തനടുവില്‍, പ്രാദേശിക ഹിന്ദു ജനസാമാന്യത്തിന് പ്രത്യേകമായി ഒരു ഭൂപ്രദേശം പതിച്ച് നല്‍കി പാര്‍പ്പിട കേന്ദ്രം നിര്‍മിക്കുന്ന പദ്ധതിയാണ് അമര്‍നാഥ് നഗര്‍. അതുപോലെ പ്രത്യേക പണ്ഡിറ്റ് ടൗണ്‍ഷിപ്പുകളുടെയും, സൈനിക് കോളനികളുടെയും നിര്‍മാണമാണ് ബി.ജെ.പി എന്ന് കേള്‍ക്കുമ്പോള്‍ കാശ്മീരികളുടെ മനസ്സിലേക്ക് ഓടിയെത്തുക. ബീഫ് നിരോധനം എന്നും ബി.ജെ.പിക്ക് അര്‍ത്ഥമുണ്ട്. ബീഫ് കഴിച്ചതിന്റെ പേരില്‍ ഹിന്ദുത്വ സൈന്യത്തിന്റെ കൈകളാല്‍ ആരും കൊല്ലപ്പെടാം. പുതിയ വ്യവസായ നയമെന്നും അര്‍ത്ഥമുണ്ട്. 370-ാം വകുപ്പിന് വിരുദ്ധമായി കാശ്മീരില്‍ എവിടെയും വ്യവസായ ശാലകള്‍ ഉയര്‍ന്ന് പൊങ്ങും. ഗുജറാത്തിലും, മുസ്സഫര്‍നഗറിലും മുസ്‌ലിംകള്‍ക്കെതിരെ നടന്ന കൂട്ടക്കൊലകളാണ് അവര്‍ക്ക് ബി.ജെ.പി. മതഅസഹിഷ്ണുതയാണ് ബി.ജെ.പിയുടെ അര്‍ത്ഥം. ഒറ്റവാക്കില്‍ പറഞ്ഞാല്‍, കാശ്മീരി മുസ്‌ലിം സ്വത്വത്തിന്റെ ഉന്മൂലനവും, ഇന്ത്യന്‍ മുഖ്യധാരയിലേക്ക് കാശ്മീരികളെ ചേര്‍ത്ത് വെക്കുന്നതിനെയുമാണ് ബി.ജെ.പി എന്ന് കാശ്മീരികള്‍ അര്‍ത്ഥമാക്കുന്നത്. ഇതുതന്നെയാണ് കാശ്മീരികള്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നതും.

മുന്‍ ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ളയുമായി ഇന്ത്യ ടുഡേയുടെ രാജ്ദീപ് സര്‍ദേശായി ജൂലൈ 11-ന് നടത്തിയ അഭിമുഖത്തില്‍, ബുര്‍ഹാന്റെ ശവസംസ്‌കാര ചടങ്ങളില്‍ പങ്കെടുത്ത ജനസാഗരം കാശ്മീരിലെ അവസ്ഥ മനസ്സിലാക്കുന്നതിന് കേന്ദ്രത്തിനുള്ള ഒരു ഉണര്‍ത്തുപാട്ടാണെന്ന് ഉമര്‍ അബ്ദുല്ല പറഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞത് ശരിയല്ല. കാശ്മീരിന്റെ കാര്യത്തില്‍ മാറിമാറി വന്ന കേന്ദ്ര സര്‍ക്കാറുകള്‍ സ്വീകരിച്ച പരോക്ഷമായ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ തന്നെയാണ് കേന്ദ്രത്തിനെതിരെയുള്ള പ്രത്യക്ഷമായ കലാപ പ്രവണതയുടെ മുന്നേറ്റത്തിന് ആക്കംകൂട്ടിയത്. ജനകൂട്ടം പട്ടാളത്തെ കണ്ടാല്‍ പേടിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞിരിക്കുന്നു. ഇന്ന്, സ്ത്രീകളും കുട്ടികളുമടക്കമുള്ള ജനങ്ങള്‍ യാതൊരു ഭയവും കൂടാതെയാണ് വെടിയുണ്ടകളെയും ബാറ്റണുകളെയും നേരിടുന്നത്. ഉന്മൂലനം ചെയ്യപ്പെടുമെന്ന ഭയത്താല്‍ സ്വന്തം ഐഡന്റിറ്റി ഒളിച്ച് വെച്ചിരുന്ന മിലിറ്റന്റുകളുടെ കാലവും കഴിഞ്ഞ് പോയിരിക്കുന്നു. ഇതിപ്പോള്‍ ബുര്‍ഹാന്റെ കാശ്മീരാണ്. മിലിറ്റന്റ് ജീവിതം വളരെ ആസ്വാദ്യകരമായ ഒന്നായാണ് ഇപ്പോള്‍ അവിടെ കരുതപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന തോക്കേന്തിയുള്ള അവരുടെ സെല്‍ഫികളും, ക്രിക്കറ്റ് കളിക്കുന്നതിന്റെ വീഡിയോകളും ഏതൊരു കാശ്മീരിയിലും അസൂയജനിപ്പിക്കും.

യഥാര്‍ത്ഥത്തില്‍, നിര്‍ഭാഗ്യകരമെന്നും പറയട്ടെ, ആ ജനസാമാന്യം ഒന്നടങ്കം ഇന്ന് മിലിറ്റന്റുകളായി മാറി കഴിഞ്ഞിരിക്കുന്നു എന്നതാണ് വാസ്തവം. ഇന്ത്യയിലെ നയരൂപകര്‍ത്താക്കളുടെ ഒരു പേടി സ്വപ്‌നം എന്താണെന്നാല്‍, പേടിപ്പിച്ച് നിര്‍ത്തല്‍ ഇനി കാശ്മീരില്‍ നടപ്പിലാവില്ല.

കാശ്മീരിലെ സായുധ ചെറുത്ത് നില്‍പ്പ് പ്രസ്ഥാനത്തെ ചടുലമാക്കുക മാത്രമല്ല ബുര്‍ഹാന്‍ ചെയ്തത്, കാശ്മീരിനെ അന്താരാഷ്ട്രാ തലത്തില്‍ ശ്രദ്ധേയമാക്കുന്നതിനും ബുര്‍ഹാന് കഴിഞ്ഞു. പക്ഷെ, ബുര്‍ഹാന്റെ ഏറ്റവും വലിയ നേട്ടം എന്താണെന്നാല്‍ : ബുര്‍ഹാന്റെ കാശ്മീര്‍ ഭയത്തില്‍ നിന്നും ആസാദി നേടിയിരിക്കുന്നു.

(ശ്രീനഗറില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകനാണ് ഉമര്‍ സുല്‍ത്താന്‍. Burhan Era Of Kashmir Resistance എന്ന ലേഖനത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങളാണിത്.)

വിവ: ഇര്‍ഷാദ് ശരീഅത്തി
അവലംബം: countercurrents.org

Related Articles