Current Date

Search
Close this search box.
Search
Close this search box.

കാശ്മീര്‍; ആര്‍ ആരെയാണ് തോല്‍പ്പിച്ചത്?

kashmir-secur.jpg

കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് ‘നേതാക്കള്‍’ ‘ജനങ്ങള്‍’ എന്നീ രണ്ട് വിഭാഗങ്ങളെ സംബന്ധിച്ച് ഒരു സംവാദത്തിന് തുടക്കം കുറിക്കപ്പെട്ടിരുന്നു. ഒന്ന് മറ്റൊന്നിനെ പരാജയപ്പെടുത്തുകയാണെന്ന രീതിയിലുള്ള ഒരുപാട് അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നു. കാശ്മീര്‍ ജനതയാണ് അവരുടെ നേതാക്കളെ നിരാശരാക്കിയതെന്ന് ചിലര്‍ നിരീക്ഷിച്ചു. അതുപോലെ നേതാക്കള്‍ കാശ്മീര്‍ ജനതയെ പരാജയപ്പെടുത്തുകയായിരുന്നെന്ന് മറ്റു ചിലരും അഭിപ്രായപ്പെട്ടു. കാശ്മീരിലെ ജനകീയ മുന്നേറ്റം മുന്നോട്ട് ചലിക്കുന്നില്ലെന്നും നിശ്ചലമായിരിക്കുന്നെന്നുമുള്ള പൊതുജനാഭിപ്രായമായിരിക്കാം ചിലപ്പോള്‍ സംവാദത്തിന് തിരികൊളുത്തിയത്. പക്ഷെ, അത് സത്യമല്ല. കാരണം, ഇന്നത്തെ അവസ്ഥയില്‍ കാശ്മീരിലെ ജനകീയ മുന്നേറ്റം വളരെ ശക്തവും അവസാനഘട്ടത്തിലുമാണെന്ന് പറയാം. കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് വാദിക്കുന്ന മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും ഇന്ന് സ്വീകാര്യത നേടാനുള്ള പെടാപാടിലാണെന്നത വസ്തുതയില്‍ നിന്ന് തന്നെ ജനകീയ മുന്നേറ്റത്തിന്റെ ശക്തി എത്രത്തോളമുണ്ടെന്ന് അറിയാന്‍ സാധിക്കും. ഒരു സുഹൃത്ത് പറഞ്ഞത് പോലെ, എല്ലായിടത്തും ഒഴുകിപരന്ന് പതുക്കെ ഉയര്‍ന്ന് പൊങ്ങുന്ന വെള്ളം പോലെയാണ് ചെറുത്ത് നില്‍പ്പ് പോരാട്ടം. ജനങ്ങളുടെ, പ്രത്യേകിച്ച് പുതുതലമുറയുടെ എതിര്‍പ്പ് അതിന്റെ ഉച്ചിയിലെത്തി കഴിഞ്ഞു. കഴിഞ്ഞ 69 വര്‍ഷത്തെ ചരിത്രത്തില്‍ ഇത്രത്തോളം വ്യാപകമായ ഒരു ചെറുത്ത് നില്‍പ്പ് മുന്നേറ്റം കാണാന്‍ കഴിഞ്ഞിട്ടില്ല. ചെറുത്ത് നില്‍പ്പ് അതിന്റെ വലുപ്പം സ്വയം പുറത്ത് കാണിക്കുന്നില്ലെങ്കിലും അതൊരു പ്രശ്‌നമല്ല. അവസരം കിട്ടുമ്പോഴൊക്കെ സ്വയം പ്രദര്‍ശിപ്പിക്കുന്ന സഹജമായ ചെറുത്ത് നില്‍പ്പ് വീര്യം അവിടെയുണ്ട്.

താരതമ്യത്തിന് വേണ്ടി എഴുപതുകളുടെ പകുതിയിലെയും ഇപ്പോഴത്തെയും പൊതുവായ അവസ്ഥകള്‍ എടുക്കാം. അന്നൊന്നും തന്നെ സുരക്ഷാ സൈന്യങ്ങളുടെ കാര്യത്തില്‍ പൊതുജനങ്ങള്‍ ആശങ്കപ്പെട്ടിരുന്നില്ല. ഒരു തരം സൗഹൃദാന്തരീക്ഷമായിരുന്നു അവിടെ നിലനിന്നിരുന്നത്. എല്ലാ തലത്തില്‍ നിന്നുമുള്ള നിരവധി സുരക്ഷാ ഉദ്യോഗസ്ഥന്‍മാര്‍ ശ്രീനഗറിലെ ഏറ്റവും മികച്ച ഇടങ്ങളില്‍ വാടകവീടുകളെടുത്ത് താമസിക്കാറുണ്ടായിരുന്നു. കണ്ഡോന്‍മെന്റുകള്‍ സൈനിക-സുരക്ഷാ ക്യാമ്പുകള്‍ തുടങ്ങിയ സുരക്ഷാ മേഖലകളില്‍ ജനങ്ങള്‍ യാതൊരു തടസ്സവും കൂടാതെ പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നു. ബദാമി ബാഗ് കണ്ഡോന്‍മെന്റിനുള്ളിലൂടെയാണ് ഗുപ്കറില്‍ നിന്നും ബത്‌വാരയിലേക്ക് കുട്ടികള്‍ സൈക്കിളില്‍ സ്‌കൂളിലേക്ക് പോയിരുന്നത്. ഇന്ന് ഒരു സര്‍ക്കാര്‍ വാഹനത്തിലായാല്‍ പോലും പ്രസ്തുത പ്രദേശം മുറിച്ച് കടക്കുന്നതിനെ പറ്റി ആര്‍ക്കും ചിന്തിക്കാന്‍ സാധിക്കില്ല. വിവിധ ആഘോഷ സന്ദര്‍ഭങ്ങളില്‍ സൈനിക-വ്യോമസേന മെസ്സുകളിലേക്ക് ജനങ്ങള്‍ ക്ഷണിക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് ഒരു സൃഹൃത്തിനോട് അവന്റെ ഒരു ബ്രിഗേഡിയര്‍ സുഹൃത്ത് പറയുകയുണ്ടായി, മൗലാന ആസാദ് റോഡിലെ ഒരു ബേക്കറിയിലേക്ക് അദ്ദേഹം എന്നും ബ്രഡ് വാങ്ങാന്‍ പോകാറുണ്ടായിരുന്നു, പക്ഷെ ഇന്ന് അത് പറ്റില്ലെന്ന്. ഇന്ന് പോകണമെങ്കില്‍ ഒരു കൂട്ടം സെക്യൂരിറ്റി ഗാര്‍ഡുകളെ അദ്ദേഹത്തിന് തന്റെ ചുറ്റും അണിനിരത്തേണ്ട അവസ്ഥയാണത്രെ! തൊണ്ണൂറുകളില്‍ സായുധ വിമത ആക്രമണങ്ങള്‍ ആരംഭിച്ചതിന് ശേഷം സുരക്ഷാസന്നാഹങ്ങള്‍ വന്‍തോതില്‍ ശക്തമാക്കിയെന്നത് ശരിയാണ്. ഇങ്ങനെയൊക്കെയാണെങ്കിലും, ഇന്ന് സ്ഥിതിഗതികള്‍ പൊതുവെ ശാന്തമാണ്. പക്ഷെ എഴുപതുകളിലെ ആ സൗഹൃദാന്തരീക്ഷത്തിന്റെ അഭാവം ശരിക്കും മുഴച്ച് നില്‍ക്കുന്നുണ്ട്.

വിമാനത്താവളത്തിലേക്കുള്ള റോഡിലും, വിമാനത്താവള ടെര്‍മിനലിലും ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാ സന്നാഹങ്ങള്‍ ലോകത്തിലെ തന്നെ ഏറ്റവും ശക്തമായവയില്‍ എണ്ണപ്പെടുന്നതാണ്! ടെര്‍മിനല്‍ കെട്ടിടത്തിലേക്ക് എത്തുന്നതിന് മുമ്പുള്ള ഓരോ ഒരു കിലോമീറ്ററിലും യാത്രക്കാരുടെ ബാഗുകള്‍ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കുന്ന ഒരു എയര്‍പ്പോര്‍ട്ട് ലോകത്ത് വേറെ എവിടെയുമുണ്ടാകില്ല. കാശ്മീരിനെ ഒരു അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റിയെടുക്കുന്നതിന് മുമ്പിലെ പ്രധാന തടസ്സങ്ങളെ കുറിച്ച് അടുത്ത കാലത്ത് കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ ടൂറിസം മന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഈയൊരു വശം പ്രത്യേകം എടുത്ത് പറഞ്ഞിരുന്നു. കുപ്രസിദ്ധമായ ശരീര പരിശോധനയും മറ്റും അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ നടക്കുന്നുണ്ടെന്നത് ശരിതന്നെയാണ്. പക്ഷെ ശ്രീനഗര്‍ വിമാനത്താവളത്തിലെ സുരക്ഷാക്രമീകരണങ്ങള്‍ അവയെയെല്ലാം കടത്തി വെട്ടുന്നതാണെന്ന് നിസ്സംശയം പറയാന്‍ സാധിക്കും. അവിടെ വന്നിറങ്ങുന്ന യാത്രക്കാര്‍ വിമാനത്താവളത്തില്‍ നിന്നും പുറത്ത് കടന്നാല്‍, ഒരു കിലോമീറ്റര്‍ നീളത്തില്‍ നീണ്ട് കിടക്കുന്ന സുരക്ഷാ വാഹനങ്ങളുടെ ഒരു നിര തങ്ങളെ കാത്ത് നില്‍ക്കുന്നതായി കാണാം.

പട്ടാളസാന്നിധ്യത്തിന്റെ അടിസ്ഥാനത്തില്‍, ഭൂമിയില്‍ ഏറ്റവും വലിയ അളവില്‍ സൈനികവല്‍ക്കരിക്കപ്പെട്ട പ്രദേശമായിട്ടാണ് കാശ്മീര്‍ കണക്കാക്കപ്പെടുന്നത്. ഏകദേശം ഒരു മില്ല്യണിലധികം സൈനികര്‍. അതിനേക്കാളുപരി, ആഫ്‌സ്പ (Armed Forces Special Powers Act) യുടെ പിന്‍ബലത്തില്‍ ഈ സൈനികര്‍ക്ക് ആരെ വേണമെങ്കിലും കൊല്ലാനും, സ്വത്തുവകകള്‍ നശിപ്പിക്കാനും കഴിയും!

എല്ലായിടത്തും കനത്ത സുരക്ഷാസൈനിക സാന്നിധ്യമുണ്ട്. വലിയ ഒരു ജയില്‍ പോലെയാണിവിടം. സ്വാതന്ത്ര്യ ദിനവും, റിപ്പബ്ലിക്ക് ദിനവും പ്രദേശത്തെ ആളുകളെ സംബന്ധിച്ചിടത്തോളം രണ്ട് അഗ്നിപരീക്ഷണങ്ങളാണ്. ഇത്രയും ശക്തമായ നിയന്ത്രണങ്ങള്‍ ഉണ്ടായിട്ട് കൂടി അവര്‍ അതൊന്നും വലിയ കാര്യമാക്കാറില്ല. അതവരുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു!

അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുകയാണെങ്കില്‍, വളരെ കുറിച്ച് സംസാരിക്കുന്നതാണ് നല്ലത്. ആ പദം ഞങ്ങളുടെ ലിഘണ്ടുവില്‍ നിന്നും അപ്രത്യക്ഷമായി കഴിഞ്ഞിരിക്കുന്നു. ഒരു വിധത്തിലുള്ള പൊതുസമ്മേളനങ്ങളും മാര്‍ച്ചുകളും അനുവദനീയമല്ല, അതിനി രാഷ്ട്രീയപരമല്ലെങ്കില്‍ കൂടി. ശമ്പളത്തിന് വേണ്ടിയും, കറന്റ് കട്ടിനെതിരെയും പ്രതിഷേധിച്ചാല്‍ പോലും അവയെല്ലാം മൃഗീയമായി അടിച്ചമര്‍ത്തപ്പെടും. മുഹറം താസിയാസ് പോലെയുള്ള മതപരമായ ആഘോഷപരിപാടികള്‍ നിരോധിക്കപ്പെട്ടിട്ട് ദശാബ്ദങ്ങളായി. നേതാക്കളില്‍ ചിലര്‍ ഇപ്പോഴും വര്‍ഷങ്ങളായി വീട്ടുതടങ്കലില്‍ തന്നെയാണ്. പൊതുസുരക്ഷാ നിയമം എന്ന ഭീകരനിയമത്തിന്റെ പേരില്‍ ഒരു നേതാവിന്റെ മോചന അഭ്യര്‍ത്ഥ 31 തവണയാണ് സംസ്ഥാന ഹൈകോടതി തള്ളിക്കളഞ്ഞത്! ഉത്തരവാദിതബോധത്തിന്റെ കൂടെ സത്യവും കാശ്മീരില്‍ നിരോധിക്കപ്പെട്ടിരിക്കുന്നെന്ന് തോന്നുന്നു. ഇവിടെ നടമാടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ആഗോളാടിസ്ഥാനത്തില്‍ വിവിധങ്ങളായ സംഘടനകള്‍ ഉയര്‍ത്തികാട്ടുകയുണ്ടായി. പക്ഷെ അതിനൊന്നും തന്നെ യാതൊരു വ്യത്യാസവും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.

വ്യക്തിഗത സുരക്ഷ മറ്റെല്ലാത്തിനെയും മറികടന്നിരിക്കുന്നു. ബുള്ളറ്റ് പ്രൂഫ് കാറുകള്‍, ജാമറുകള്‍, അകമ്പടി വാഹനങ്ങള്‍, വീട്ടു കാവല്‍, അണ്ടനും അടകോടനും വരെ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥന്‍മാര്‍ ഉള്ള അവസ്ഥ! കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു. അതുപോലെ വിരമിച്ച ഉദ്യോഗസ്ഥന്‍മാര്‍ക്കും. സത്യത്തെ മൂടിവെക്കാനുള്ള ഈ സുരക്ഷാ സംവിധാനങ്ങളും മറ്റും സര്‍ക്കാറിന് വലിയ സാമ്പത്തിക ചെലവാണ് വരുത്തിവെക്കുന്നത്. സുരക്ഷയുമായും പ്രതിരോധവുമായും ബന്ധപ്പെട്ട ചെലവുകള്‍ കോടികണക്കിന് രൂപവരും. രണ്ട് രാജ്യങ്ങളിലെയും ഇന്റലിജന്‍സ് ഏജന്‍സികള്‍ വിവിധങ്ങളായ രാഷ്ട്രീയ ധാരകളെ തങ്ങള്‍ക്കനുകൂലമാക്കി മാറ്റാന്‍ കോടികണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. കാശ്മീരിന്റെ കാര്യത്തില്‍ ഇന്ത്യ ഒരുപാട് പണം ഒഴുക്കുന്നുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, സംസ്ഥാനത്ത് ഒരു ജനകീയ മുന്നേറ്റം ഉണ്ടായപ്പോള്‍, ഇന്ത്യ ഇനി കാശ്മീരിന്റെ കാര്യത്തില്‍ പണം ചെലവഴിക്കരുതെന്നാണ് ആര്‍.എസ്.എസ് സൈദ്ധാന്തികനായ താക്കൂര്‍ പറഞ്ഞത്. കാശ്മീര്‍ പ്രശ്‌നം കാരണമായി ഉപഭൂഖണ്ഡത്തെ ചൂഴ്ന്ന് നില്‍ക്കുന്ന അനിശ്ചിതാവസ്ഥ രാജ്യത്തെ എന്‍.ആര്‍.ഐക്കാരുടെ ബില്ല്യണ്‍ കണക്കിന് ഡോളര്‍ നിക്ഷേപത്തെയാണ് ഇല്ലാതാക്കിയത്.

ഈ വസ്തുതകള്‍ വെച്ച് നോക്കുമ്പോള്‍, ആര് ആരെയാണ് തോല്‍പ്പിച്ചത് എന്ന ചോദ്യം അപ്രസക്തമാണ്. നേതൃത്വത്തിന്റെ ഐക്യത്തെ സംബന്ധിച്ചായിരിക്കണം ചോദ്യമുയര്‍ന്ന് വരേണ്ടത്. ഈ അവസരത്തില്‍ അതാണ് ഏറ്റവും പ്രസക്തവും പ്രധാനവും. ലക്ഷ്യമൊന്നാണെങ്കില്‍ പിന്നെന്തുകൊണ്ടാണ് നേതാക്കാള്‍ ഒന്നിക്കാത്തത്? എന്തുകൊണ്ടാണ് ഓരേ ലക്ഷ്യത്തിന് വേണ്ടി ഡസണ്‍ കണക്കിന് പാര്‍ട്ടികളും, അതിനേക്കാളേറെ നേതാക്കളും ഉണ്ടായത്? സന്ദര്‍ഭവശാല്‍, ജനകീയ മുന്നേറ്റവും, ജനകീയ ചെറുത്ത് നില്‍പ്പും മുമ്പത്തേക്കാളേറെ ശക്തിപ്രാപിച്ചിട്ടുണ്ട്. കാലങ്ങളോളം കാശ്മീരിന്റെ ഓരോ ജീവിതമേഖലകളിലും പ്ലേഗ് പോലെ പടര്‍ന്ന് പിടിച്ചിരുന്ന വ്യക്തികേന്ദ്രീകൃത സംഘങ്ങളെ കാശ്മീരികള്‍ ഉപേക്ഷിച്ച് കഴിഞ്ഞു.

അക്രമ സംഭവങ്ങളും, പുതിയതലമുറ സായുധ സംഘങ്ങളും സ്വാഭാവികം മാത്രമാണ്. അടിച്ചമര്‍ത്തല്‍ അതിന്റെ പരിധികള്‍ ലംഘിക്കുകയും, എല്ലാവിധത്തിലുള്ള അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ക്കും കൂച്ച് വിലങ്ങിടപ്പെടുകയും ചെയ്യുമ്പോള്‍ ചിലര്‍ അക്രമ മാര്‍ഗം കൈകൊള്ളുന്നത് സ്വാഭാവികം മാത്രമാണ്. അപ്പോള്‍ ജനങ്ങളോട് ആയുധമെടുക്കാന്‍ ആരും പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. അക്രമമാണ് അക്രമണത്തെ സൃഷ്ടിക്കുന്നത് എന്നത് ഒരു പ്രാപഞ്ചിക സത്യമാണ്. പക്ഷെ, അക്രമം ഒന്നിനും ഒരു പരിഹാരമല്ല. കാശ്മീരിന്റെ മേല്‍ അവകാശവാദം ഉന്നയിക്കുന്ന എല്ലാവരും ഒരുമിച്ചിരുന്ന് മനസ്സ് തുറന്ന് സംസാരിക്കുക മാത്രമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പ്രായോഗികവും വിവേകപൂര്‍ണ്ണവുമായ പരിഹാരം. കഴിഞ്ഞ 68 വര്‍ഷമായി അനിശ്ചിതത്വം നിറഞ്ഞ അന്തരീക്ഷത്തില്‍ ജീവിച്ച് വരുന്ന ആ പ്രദേശത്തെ ജനങ്ങള്‍ക്കാണ് അതിന് ഏറ്റവും കൂടുതല്‍ അവകാശമുള്ളത്. അവരാണ് മുഖ്യകക്ഷികള്‍! അവരുടെ പങ്കാളിത്തമില്ലാതെയുള്ള ഒരു പരിഹാരവും ഒരിക്കലും നിലനില്‍ക്കില്ല!

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles