Current Date

Search
Close this search box.
Search
Close this search box.

കാശ്മീരികളെ വെറുതെ വിടൂ!

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തികച്ചും നാടകീയവും അപ്രതീക്ഷിതവുമായ പാക് സന്ദര്‍ശനവും, പാക്  പ്രധാനമന്ത്രി നവാസ് ശരീഫുമായുള്ള കൂടികാഴ്ച്ചയും ചില കോളിളക്കങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയാക്കി. നവാസ് ശരീഫിന് ജന്മദിനാശംസകള്‍ നേരാനെന്ന പേരിലുള്ള ഈ കൂടികാഴ്ച്ചയുമായി ബന്ധപ്പെട്ട് മിശ്രപ്രതികരണങ്ങളാണ് ഉയര്‍ന്ന് വന്നത്. അവയില്‍ അനുകൂലവും പ്രതികൂലവുമുണ്ടായിരുന്നു. കൂടികാഴ്ച്ച ഇന്ത്യ-പാക് പ്രശ്‌നത്തിന് അറുതിവരുത്തുമെന്ന് ഒരു കൂട്ടര്‍ നിരീക്ഷിച്ചപ്പോള്‍, ഇതുവെറും രംഗം കൈയ്യടക്കാനുള്ള മോദിയുടെ തന്ത്രമാണെന്ന് മറ്റു ചിലര്‍ വിമര്‍ശിച്ചു. 1947-ല്‍ രൂപംകൊണ്ടതിന് ശേഷം മുതല്‍ക്ക് നിലനില്‍ക്കുന്ന രണ്ട് അയല്‍ക്കാര്‍ തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുക എന്നത് എളുപ്പം സാധിക്കുന്ന കാര്യമല്ലെന്നാണ് മറ്റു ചിലര്‍ അഭിപ്രായപ്പെട്ടത്. എന്തൊക്കെയായാലും ഒരു അന്തിമ തീരുമാനത്തിലെത്തുന്നതിന് മുമ്പ് ഇരുകൂട്ടരും തമ്മിലുള്ള ബന്ധത്തിന്റെ എല്ലാ വശങ്ങളെയും വിശകലനം ചെയ്യേണ്ടതുണ്ട്.

ഉപഭൂഖണ്ഡത്തെ വിഭജിച്ചതിലൂടെ ബ്രിട്ടീഷുകാര്‍ സൃഷ്ടിച്ചത് രണ്ട് ശത്രുരാജ്യങ്ങളെയായിരുന്നു എന്നതാണ് വസ്തുത. അതായിരുന്നു ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തിലെ എറ്റവും വലിയ ദുരന്തം. ഇന്ത്യ വിഭജിക്കപ്പെട്ടില്ലായിരുന്നെങ്കില്‍, ലോകത്തിലെ വന്‍ശക്തികളില്‍ ഒന്ന് ഇന്ത്യയാകുമായിരുന്നു. പക്ഷെ രാജ്യം വിട്ട് പോയാലും ഉപഭൂഖണ്ഡത്തില്‍ തങ്ങളുടെ സാന്നിധ്യം നിലനിര്‍ത്താനുള്ള തന്ത്രങ്ങള്‍ ബ്രിട്ടീഷുകാരുടെ പക്കലുണ്ടായിരുന്നു. പരസ്പരം കഴുത്തില്‍ കത്തിവെച്ച് നില്‍ക്കുന്ന രണ്ട് ശത്രുരാജ്യങ്ങള്‍, അത്യാധുനിക യുദ്ധോപകരങ്ങള്‍ക്കായി പാശ്ചാത്യരെ എപ്പോഴും ആശ്രയിക്കുന്ന രണ്ട് രാഷ്ട്രങ്ങള്‍; ഇതായിരുന്നു ബ്രിട്ടീഷുകാരുടെ തന്ത്രം. ആയുധ ഇറക്കുമതിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. തങ്ങളുടെ ബഡ്ജറ്റിന്റെ 23 ശതമാനവും പ്രതിരോധത്തിന് വേണ്ടിയാണ് പാകിസ്ഥാന്‍ നീക്കിവെച്ചിട്ടുള്ളത്. രണ്ട് രാഷ്ട്രങ്ങള്‍ക്കും സ്വന്തമായി ആണവനിലയങ്ങളും, ആണവായുധങ്ങളും, മിസൈലുകളും, മറ്റു മാരകായുധങ്ങളും ഉണ്ട്. അതേസമയം തന്നെ ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്ത ലക്ഷണക്കിന് മനുഷ്യര്‍ ഈ രണ്ട് രാഷ്ട്രങ്ങളിലും ജീവിക്കുന്നുമുണ്ട്. ഈ പ്രതിരോധ കരാരുകള്‍ക്ക് വമ്പിച്ച വിലനല്‍കേണ്ടി വരും. പ്രതിരോധ ബജറ്റ് പകുതിയായി വെട്ടികുറച്ചാല്‍ മാത്രമേ, ഈ രണ്ട് രാഷ്ട്രങ്ങള്‍ക്കും യഥാര്‍ത്ഥ ക്ഷേമരാഷ്ട്രങ്ങളായി മാറാന്‍ കഴിയുകയുള്ളൂ.

എന്തുകൊണ്ടാണ് ഈ രണ്ട് രാഷ്ട്രങ്ങളും ഒരു അനുരഞ്ജനത്തില്‍ എത്താന്‍ സാധിക്കാത്തത്? ഈ രണ്ട് രാഷ്ട്രങ്ങളെയും ചൂഷണം ചെയ്യുന്ന പാശ്ചാത്യശക്തികളുടെ സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ മാറ്റിവെച്ചാല്‍, ഇരുഭാഗത്തുമുള്ളവരുടെ സ്വകാര്യതാല്‍പ്പര്യങ്ങളുടെ ഫലമായി രൂപപ്പെട്ട ഒരിക്കലും അവസാനിക്കാത്ത പരസ്പര പോരാണ് ഇതിന്റെ ഏകകാരണം. ഇരുഭാഗത്തെയും ജനങ്ങള്‍ക്ക് യുദ്ധത്തില്‍ താല്‍പ്പര്യമില്ല, അവര്‍ക്ക് സമാധാനത്തോടെ ജീവിക്കണം. ഇരുഭാഗത്തും ജീവിക്കുന്ന ജനങ്ങള്‍ക്ക് സ്വതന്ത്രമായി പരസ്പരം കണ്ടുമുട്ടാന്‍ സാധിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ ദുരന്തം. കുപ്രസിദ്ധമായ ബെര്‍ലിന്‍ മതിലിനേക്കാള്‍ ഭയാനകമായ ഒന്നാണിത്. ഇരുഭാഗത്ത് നിന്നുമുള്ള ഉന്നതതല നേതാക്കള്‍ ഏതെങ്കിലും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ മുറിയെടുത്ത് നടത്തുന്ന ചര്‍ച്ചകള്‍ ജനങ്ങളുടെ ഹൃദയങ്ങളെ ഒരിക്കലും ഒരുമിപ്പിക്കാന്‍ പോകുന്നില്ല. സ്വതന്ത്ര മനുഷ്യര്‍ പരസ്പരം നടത്തുന്ന കൂടിച്ചേരലുകള്‍ക്ക് മാത്രമേ അവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന മതിലുകളെ തകര്‍ത്തെറിയാന്‍ സാധിക്കൂ. ഇന്ത്യക്കും പാകിസ്ഥാനും ഇടക്കുള്ള മതില്‍ തകര്‍ക്കപ്പെടേണ്ടതുണ്ട്. യൂറോപ്പിനെ പരസ്പരം അകറ്റി നിര്‍ത്തിയിരുന്ന മതിലുകള്‍ ഒന്നൊന്നായി മുഴുവനും തകര്‍ന്നുവീണു കഴിഞ്ഞിരിക്കുന്നു, പക്ഷെ നമ്മളിവിടെ പുതിയ മതിലുകള്‍ സൃഷ്ടിക്കുകയും, പഴയതിനെ ശക്തിപ്പെടുത്തുയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത് ! ജമ്മുകാശ്മീരിലെ നിയന്ത്രണരേഖയിലും, അന്താരാഷ്ട്രാ അതിര്‍ത്തിയിലും കോണ്‍ക്രീറ്റ് മതിലുകള്‍ നിര്‍മിക്കാന്‍ പദ്ധതിയുള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

അതിര്‍ത്തിക്ക് ഇരുവശത്തും സുരക്ഷാ സംബന്ധമായ സംഘടനകളെ വിന്യസിക്കുന്ന ആളുകളുടെ മനോഗതിക്ക് മാറ്റം വരാതെ ഈ മതിലുകള്‍ ഒരിക്കലും തകര്‍ന്ന് വീഴില്ല. തങ്ങളുടെ നിലനില്‍പ്പിന് ഇന്ത്യക്ക് മുറിവേല്‍ക്കേണ്ടത് അനിവാര്യമാണെന്നാണ് പാകിസ്ഥാന്റെ രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്. കൂടാതെ വിഭജന അജണ്ട പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി കാശ്മീര്‍ പാകിസ്ഥാനോട് ചേരുകയും വേണം. അതേസമയം ഇന്ത്യയുടെ റിസര്‍ച്ച് ആന്റ് അനാലിസിസ് വിംഗ് (റോ) കരുതുന്നത്, ഇന്ത്യക്ക് ഉപദ്രവമേല്‍പ്പിക്കുന്നതില്‍ നിന്നും പാകിസ്ഥാനെ തടയണമെന്നുണ്ടെങ്കില്‍ പാകിസ്ഥാനില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ടെന്നാണ്. ഇതിന്റെ കൂടെ, സഊദി അറേബ്യയില്‍ നിന്നും വന്ന മുസ്‌ലിംകള്‍ ഇന്ത്യയുടെ വലിയൊരു ഭാഗം കവര്‍ന്നെടുത്തിരിക്കുകയാണെന്നും, പൗരാണിക കാലത്തെ അഖണ്ഡ ഭാരതമായി ഇന്ത്യയെ മാറ്റാന്‍ കവര്‍ന്നെടുക്കപ്പെട്ട ഭൂമി തിരിച്ചുപിടിക്കേണ്ടതുണ്ടെന്നാണ് ഇന്ത്യയിലെ വലിയൊരു വിഭാഗം ഹിന്ദുത്വ തീവ്രവാദികള്‍ അടിയുറച്ച് വിശ്വസിക്കുന്നത്. പ്രൊഫഷണല്‍ യുദ്ധക്കൊതിയന്‍മാരുടെ വിഷംചീറ്റല്‍ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ നല്ല തുടക്കത്തിന് നമുക്ക് സാധിക്കും. പരസ്പരം ചര്‍ച്ച നടത്തുന്ന കാര്യത്തില്‍ മാത്രം നേതാക്കള്‍ പ്രായോഗിക സമീപനം സ്വീകരിച്ചാല്‍ പോരാ, മറിച്ച് ഇരുഭാഗത്തുമുള്ള സങ്കുചിത തീവ്രദേശീയവാദികള്‍ക്ക് കടിഞ്ഞാണിടാനും നേതാക്കള്‍ക്ക് സാധിക്കേണ്ടതുണ്ട്.

ഇവിടെയാണ് കാശ്മീരിനെ കുറിച്ചുള്ള ചോദ്യം പ്രസക്തമാവുന്നത്. കഴിഞ്ഞ 68 വര്‍ഷമായി ഇരുഭാഗത്തെയും ജനങ്ങള്‍ അവരുടെ നേതാക്കളുടെ കടുംപിടുത്തും കൊണ്ട് വലഞ്ഞിരിക്കുകയാണ്. കാശ്മീര്‍ തങ്ങളുടെ ജീവനാഡിയാണെന്ന് പാകിസ്ഥാന്‍ അവകാശപ്പെടുമ്പോള്‍, അത് തങ്ങളുടെ കിരീടമാണെന്നാണ് ഇന്ത്യയുടെ വാദം. കാശ്മീരാണ് ഇവിടെയെല്ലാം മുഖ്യപ്രശ്‌നം. പക്ഷെ, യഥാര്‍ത്ഥത്തില്‍ കാശ്മീര്‍ ഒരു രോഗലക്ഷണം മാത്രമാണ്, രോഗമല്ല.

എന്നാല്‍ കാശ്മീരികളുടെ അഭിപ്രായത്തില്‍, ഈ രണ്ട് രാഷ്ട്രങ്ങളെ കൊണ്ടും അവര്‍ക്കൊരു നേട്ടവുമില്ല. ഇവിടെ, കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത് എന്ന പ്രശ്‌നമുദിക്കുന്നു. കാശ്മീരാണോ ആദ്യമുണ്ടായത് അതോ ഇന്ത്യയോ പാകിസ്ഥാനോ? ചരിത്രപരമായി, ആയിരകണക്കിന് വര്‍ഷത്തോളം ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായിരുന്നു കാശ്മീര്‍. 1947-ന് മുമ്പ് പാകിസ്ഥാന്‍ ഉണ്ടായിരുന്നില്ല. ചന്ദ്രഗുപ്ത മൗര്യയുടെ കാലത്തും, ബ്രിട്ടീഷ് ഭരണകാലത്തുമാണ് ഇന്ത്യ ഒരു രാഷ്ട്രമായി രൂപംപ്രാപിച്ചത്. ഏതെങ്കിലുമൊരു ജനതയെയല്ല ഇരുരാഷ്ട്രങ്ങളും പ്രതിനിധീകരിക്കുന്നത്, മറിച്ച് പരസ്പരം പോരടിച്ചിരുന്ന ഒരു കൂട്ടം വ്യത്യസ്ത വംശങ്ങളെയാണ് ഇരുരാജ്യങ്ങളും പ്രതിനിധീകരിക്കുന്നത്. എന്നാല്‍ രാഷ്ട്രമീംമാസയുടെ നിര്‍വചനത്തില്‍ കാശ്മീരികള്‍ ഒരു ജനതയാണ്.

സമാധാന ചര്‍ച്ചകള്‍ക്ക് സമ്മിശ്രപ്രതികരണമാണ് കാശ്മീരികളില്‍ നിന്നും ലഭിച്ചത്. ചിലര്‍ അതിനെ സ്വാഗതം ചെയ്തു, മറ്റു ചിലര്‍ കാശ്മീരികളെ കൂടാതെയുള്ള ഏതൊരു അനുരഞ്ജന ചര്‍ച്ചയും അര്‍ത്ഥശൂന്യമാണെന്ന് അഭിപ്രായപ്പെട്ടു. കാശ്മീരികളെ വെറുതെ വിടാന്‍ ഇന്ത്യയും പാകിസ്ഥാനും ഒരുക്കമാണോ! ഭൂമിശാസ്ത്രപരമായും രാഷ്ട്രീയപരമായും ഉപഭൂഖണ്ഡത്തിലെ ഒരു സ്വിറ്റ്‌സര്‍ലാണ്ടായി കാശ്മീരിനെ മാറ്റാന്‍ കഴിയും. ഏഷ്യയുടെ രക്തം വാര്‍ന്നൊലിക്കുന്ന ഹൃദയത്തിന് പകരം, ഏഷ്യയുടെ തുലിപ് പുന്തോട്ടമായി അത് മാറും. സമാധാനം തേടി കൊണ്ടും സന്തോഷം കണ്ടെത്താനും ലോകത്തിന്റെ നാനാഭാഗത്ത് നിന്നുള്ള ആളുകള്‍ അവിടെ ഒത്തുകൂടും. അതാണ് ഇതിനുള്ള സാധ്യമായ പരിഹാരം. ഭാവി തലമുറയുടെ നന്മക്കായി അത്തരമൊരു സംരഭത്തിന് തുടക്കം കുറിക്കാന്‍ രണ്ട് രാഷ്ട്രത്തലവന്‍മാരും സന്നദ്ധരാവുമോ? ഇതാണ് ഇപ്പോഴത്തെ മില്ല്യണ്‍ ഡോളര്‍ ചോദ്യം!
(ജമ്മു കാശ്മീര്‍ ടൂറിസം വകുപ്പിന്റെ മുന്‍ ഡയറക്ടര്‍ ജനറലും റിട്ടയേഡ് ഐ.എ.എസ് ഉദ്യോഗസ്ഥനുമാണ് ലേഖകന്‍)

കടപ്പാട്: Countercurrents.org

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles