Current Date

Search
Close this search box.
Search
Close this search box.

കാലം കാലനാകുമോ?

fascism-india.jpg

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 31 ശതമാനം വോട്ടര്‍മാര്‍ പിന്തുണച്ച ബി.ജെ.പി സഖ്യം 332 സീറ്റുകളില്‍ ആണിയടിച്ചാണ് അധികാരത്തിലെത്തിയത്. അവരുടെ തെരെഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളില്‍ ലഘുലേഖകളില്‍ ന്യുനപക്ഷത്തിനെതിരെ ഉയര്‍ത്തിയ തീപാറും ഭീഷണികള്‍ അവര്‍ വൃത്തിയായി നടപ്പില്‍ വരുത്തുന്നുമുണ്ട്. നരേന്ദ്ര മോദിയുടെ തലച്ചോറായ ഗീബല്‍സ് അമിത് ഷായുടെ കണക്കുക്കുട്ടലിന്റെ ധൈര്യത്തില്‍ തിന്മയുടെ മലപ്പടക്കങ്ങള്‍ക്ക് തിരികൊളുത്തി തങ്ങളുടെ ചിരകാല സ്വപ്നംങ്ങള്‍ പൂവണിയിക്കാനായി മുന്നോട്ട് കുതിക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍.

അതിനുള്ള എല്ലാ കുറുക്കുവഴികളുടെ രൂപരേഖയും അണിയറയില്‍ തയ്യാര്‍. അതിലെ ചില പൂത്തിരികള്‍ നമ്മുടെ അടുക്കളയില്‍ വരെ എത്തി. അതില്‍ ചിലത് പിശാചിന് പോലും നാണം ഉളവാക്കുന്നതാണ്. ഇതിനെതിരെ പ്രതികരിക്കാന്‍ അരമുറുക്കി ഇറങ്ങിയവര്‍ക്ക് അരക്കിട്ടു തന്നെ പണി കൊടുക്കുന്ന സംഘപരിവാര്‍ ശക്തികള്‍ക്ക് എതിരെ എങ്ങനെ രംഗത്ത് ഇറങ്ങണം? ആയുധ മേന്തിയോ, സ്‌നേഹത്തിന്റെ വിത്തുകള്‍ നട്ടുപിടിപ്പിച്ചോ മുന്നോട്ട് യാത്ര ചെയ്യാനും സാധ്യമല്ല. എവിടെയാണ് അവര്‍ ഭയപ്പെടുന്നതിന്റെ മര്‍മ്മസ്ഥാനം അവിടെ നോക്കി നുള്ളിയാല്‍ ഒരു പരിധി വരെയെങ്കിലും സംഘപരിവാറിനെ ചങ്ങലയില്‍ തളക്കാന്‍ സാധിക്കും. ആ മര്‍മ്മ സ്ഥാനങ്ങള്‍ അവരുടെ പ്രവര്‍ത്തന മികവിലൂടെ അവര്‍ തന്നെ വ്യക്തമാക്കി തന്നു.

ഒന്ന്, മുര്‍ച്ചയുള്ള എഴുത്തുകാരോടും ചിന്തകന്‍മാരോടുമുള്ള അവരുടെ ഒടുങ്ങാത്ത പേടി അത് അവരുടെ അജണ്ടക്കു മേല്‍ വേലി കെട്ടുമെന്ന് ഉറപ്പായപ്പോള്‍ ആണ് വേലി കെട്ടുന്നവരെ പല രീതിയില്‍ ഒതുക്കിയതും, ഒതുക്കി കൊണ്ടിരിക്കുന്നതും അതിന്റെ ഫലമായാണ്. അവര്‍ക്ക് ഭീഷണിയായി വരുന്ന എഴുത്തുകാരെ ചിന്തകരെ, പ്രസംഗകരെ, സഘടനകളെ, പുസ്തകങ്ങളെ മഴുവന്‍ പിന്തുടര്‍ന്ന് പിടിക്കാനുള്ള ശ്രമത്തില്‍ ഒരു പരിധി വരെ അവര്‍ വിജയം കണ്ടത്. അത് എം.എഫ് ഹുസൈന്‍, കല്‍ ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ബോല്‍കര്‍, സാക്കിര്‍ നായിക്, എം.എം അക്ബര്‍, ഗൗരി ലങ്കേഷ് വരെ എത്തി. ഇങ്ങനെ തുടങ്ങി അതിന്റെ ഇരകള്‍ എണ്ണിയാല്‍ തീരത്തതാണ്. എഴുത്തുകാരന് കെ.ഇ.എന് കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടതാണ് ശരി. ‘സംവാദാത്മക അന്തരീക്ഷം ഇല്ലാതാക്കി വിമര്‍ശകരെ നാടുകടത്തല്‍ ശിക്ഷ വിധിക്കുന്ന ഇന്ത്യന്‍ സാഹചര്യത്തിന് കാരണം സംഘ്പരിവാര്‍ മുന്നോട്ട് വെക്കുന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണ് ഇത്.’

രണ്ട്, ആര്‍ജവമുള്ള കമ്മ്യൂണിസ്റ്റുകാര്‍, പക്ഷെ അവര്‍ തങ്ങളുടെ ആര്‍ജവവും, സേവനവും പരിവാറിലേക്ക് തീറെഴുതി വിരുന്നു പോകുകയും ചെയ്തു. ഈ നാംപേച്ചിക്ക് കമ്മ്യൂണിസ്റ്റ് കൂട്ട് എന്നായിരിക്കുന്നു. ബഹുമാന്യനായ കേരള മുഖ്യന്‍ മുമ്പ് പറഞ്ഞിരുന്നു ‘നേരെ നിന്നു നേരിടാന്‍ കഴിയാത്തതിനാല്‍ അപവാദം പ്രപരിപ്പിച്ചു സി.പി.എമ്മിനെ നേരിടാനാണ് ഇപ്പോഴത്തെ നീക്കം.’ കേരളത്തിലെ ജനങ്ങള്‍ ചോദിക്കുന്നു: ഇന്നിതാ നിങ്ങളുടെ മൂക്കിന് മുമ്പില്‍ ഫാഷിസം തുള്ളിക്കളിക്കുന്നു എന്തു ചെയ്തു സഖാവേ? നിങ്ങള്‍ കേരളത്തില്‍ മതസ്പര്‍ധ വളര്‍ത്തി മുതലെടുക്കാന്‍ ശ്രമിക്കുകയും ഹൈന്ദവ വര്‍ഗീയതയെ കണ്ണടച്ച് സഹായിക്കുകയുമാണ് അവര്‍ ചെയ്യുന്നത്. സി.പി.എമ്മും, ബി.ജെ.പിയും ഒരേ റൂട്ടിലാണ് ഓടികൊണ്ടിരിക്കുന്നത്. വാഹനമോടിക്കുന്നവന്‍ മാത്രമേ മാറുന്നുള്ളു. പരസ്പരം കൊന്നു തിന്നലിന്റെ രാഷ്ട്രീയം പെട്ടന്ന് സ്‌നേഹപ്രകടനത്തിലേക്കും കുളംകര കളിയിലേക്കും വഴിമാറുമ്പോഴാണ് എന്തിനാണ് ദൈവം ഓന്തിനെ സൃഷ്ടിച്ചതെന്ന് മനസ്സിലാവുന്നത്.

മൂന്ന്, അനീതിക്കെതിരെ പടവെട്ടുന്ന കാമ്പസ് വിദ്യാര്‍ത്ഥികളോടുള്ള ഭയം, ഇന്ന് പല കാമ്പസ് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളളേയും നിരീക്ഷണത്തിന് വിധേയമാക്കിയാല്‍ മനസിലാവുന്നത് പരിവാര്‍ മരുന്ന് കുത്തി വെച്ച കുറെ യുവതലമുറയാണ്. ഇത് കണ്ടറിഞ്ഞ് അതിനെതിരെ പൊരുതിയ കുറെ രോഹിത് വെമുലമാര്‍ക്കും, നജീബുമാര്‍ക്കും എന്ത് പറ്റി എന്ന് നമ്മള്‍ ഓര്‍ക്കുന്നത് നല്ലതാണ്. നന്മയുടെ ആശയ വാക്യങ്ങള്‍ മുന്നില്‍ വെച്ച് അതിന് നേരെ വിപരീതമായി പ്രവര്‍ത്തിക്കുന്ന ഒട്ടനവധി പ്രായം ചെന്നതും, പിറന്നു വീണതുമായ വിദ്യാര്‍ഥി സഘടനകള്‍ പല്ലിളിച്ചും, കണ്ണ് ചിമ്മിയും, ഉറക്കം നടിച്ചും, കൊന്നു തള്ളിയും, ഗുണ്ടായിസത്തിന്റെയും, തെമ്മാടിത്തത്തിന്റെയും പാതയിലൂടെ തന്നെയാണ് വാഹനമോടിച്ച് മുന്നേറി കൊണ്ടിരിക്കുന്നത് എന്നതാണ് സങ്കടപരമായ തമാശ. അവര്‍ക്ക് സമൂഹത്തില്‍ നിര്‍വഹിക്കാനുള്ള പങ്കിനെ അവരുടെ മനസ്സില്‍ നിന്നും തുടച്ച് ദിശമാറ്റി വെറിയുടെ വിത്തുകള്‍ അവരുടെ മനസ്സില്‍ പടര്‍ന്നു പന്തലിപ്പിക്കുന്ന ഫാഷിസ്റ്റ് തീ പൊരി അജണ്ടയിലേക്ക് വെളളം കോരി ഒഴിക്കാന്‍ അവര്‍ക്ക് സാധിക്കാത്തത് എന്താണ്? ഒരു പുതിയ ചിന്താവിപ്ലവംത്തിന് തിരിക്കൊളുത്താന്‍ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ തടസമാവുന്നത് എന്താണ്? മത, രാഷ്ട്രീയ, സാമ്പത്തിക അധികാരം കക്ഷത്തില്‍ ഉറപ്പിച് സ്വാതന്ത്ര്യത്തെ ഹനിച്ചു കൊണ്ടിരിക്കുമ്പോള്‍ അവരെ ഇക്കിളിപെടുത്തുന്ന കാഴ്ചയാണ് ഭൂരിഭാഗം വിദ്യാര്‍ത്ഥി സഘടനകളും നടത്തികൊണ്ടിരിക്കുന്നത്. അവര്‍ക്ക് എതിരെ തങ്ങളുടെ കൊടികളില്‍ എഴുതിയ വാചകങ്ങള്‍ മാത്രം സംസാരിച്ചത് കൊണ്ട് ആയില്ല. കൊടിക്കീഴില്‍ നില്‍ക്കുന്നവരും കൂടി രംഗത്ത് ഇറങ്ങേണ്ടതുണ്ട് അതിനും സാധിച്ചിട്ടിലെങ്കില്‍ ഈ വിദ്യാര്‍ത്ഥി ജീവിതം കൊണ്ട് എന്തര്‍ത്ഥമാണ് ഉള്ളത്? ഭരണപക്ഷത്തിന് കോണകം തുന്നികൊടുക്കുന്നതില്‍ നിന്നും പാവങ്ങളുടെ ഹൃദയം പൊളിച്ച് നേടിയ പണത്തില്‍ നിന്നും ഒരു വിഹിതം തങ്ങളുടെ മൂട് താങ്ങുന്നവര്‍ക്ക് വേണ്ടി കാമ്പസുകളുടെ ഇടിമുറിയിലേക്ക് പ്രതിഫലമായി കൊടുക്കുന്ന പണമുപയോഗിച്ച് കാമ്പസ് ശിങ്കിടികള്‍ പഠനം മുടക്കി, പാഠപുസ്തകങ്ങള്‍ക്ക് പകരം അയുധങ്ങള്‍ ശേഖരിക്കുന്ന കാമ്പസുകള്‍ വളര്‍ന്നുവരുന്നു എന്നറിഞ്ഞിട്ടും അതിനെതിരെ ഉറക്കം നടിക്കുന്ന കാമ്പസ് ഉദ്യോഗസ്ഥരും കൂടി ആവുമ്പോള്‍ യുവതലമുറകള്‍ ഗുണ്ടകളായി അവര്‍ തെരുവിലേക്ക് ഇറങ്ങുന്നു. ഈ മൂന്ന് മര്‍മ്മസ്ഥാനങ്ങളും അവരുടെ പോളിയോഅജണ്ടയിലൂടെ തയമ്പുകളാക്കി മാറ്റി നമ്മെ അവരുടെ വാലിലെ രോമമാകുകയും ചെയ്തു.

ഇതെല്ലാം സംഭവിക്കുമ്പോഴും വെറും മീഡിയ നീരുപകരായും ട്രോളര്‍മാരായും നമ്മള്‍ മാറിയപ്പോഴും അവര്‍ക്ക് അത് വീര്യം കൂട്ടുകയാണ് ഉണ്ടായത്. ലോക മുസ്‌ലിംകളെ സംബന്ധിച്ച് ഇതൊരു പരീക്ഷണമാണ്. നമ്മുടെ പൂര്‍വികര്‍ നടന്നു വന്ന നാള്‍വഴികളിലും കടുത്ത പരീക്ഷണങ്ങളെ മാറോട് അണച്ചിട്ടുണ്ട്. അവര്‍ അതില്‍ നിരാശപ്പെടുകയോ അട്ടഹസിക്കുകയോ ചെയ്തിട്ടില്ല. ദലിതരും മറ്റു ന്യൂനപക്ഷങ്ങളും കൊലക്കും അക്രമങ്ങള്‍ക്കും, പിഢനങ്ങള്‍ക്കും വിധേയരാവുമ്പോള്‍ കുറ്റവാളികളുടെ തോളില്‍ കയ്യിട്ട് ചിരിച്ചിരിക്കുന്ന നമ്മുടെ നിയമ പാലകരും അധികാരികളും ഒന്ന് ഓര്‍ക്കുന്നത് നല്ലതാണ്, അര്‍എസ്എസ്സും സംഘപരിവാറും, കോര്‍പറേറ്റ് ഫാഷിസവും തങ്ങളുടെ അക്രമത്തിന് ന്യൂനപക്ഷങ്ങളെയും പിന്നാക്കക്കാരെയും, എഴുത്തുകാരെയും, ബുദ്ധിജീവികളെയും മാത്രമെ വിധേയരാക്കൂ എന്നാണ് നിങ്ങള്‍ കരുതുന്നെതെങ്കില്‍ നിങ്ങളുടെ ചിരി കരച്ചിലായിമാറി തുടങ്ങിയിരിക്കുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു.

കലാപങ്ങള്‍ ഇളക്കിവിട്ട് വര്‍ഗീയ ധ്രുവീകരണങ്ങള്‍ സൃഷ്ടിക്കുക എന്ന അമിത് ഷാ രചനയും സംവിധാനവും നിര്‍വഹിച്ച മുസഫര്‍ നഗര്‍ കലാപ നാടകത്തിന്റെ രണ്ടാം ഭാഗത്തിനുള്ള റിഹേഴ്‌സലുകള്‍ ചിലയിടങ്ങളില്‍ പുരോഗമിക്കുന്നു. ‘ജന്ത്യയില്‍ ഞങ്ങള്‍ മാത്രം മതി’അതിന്റെ പൂര്‍ണരൂപം ഈയടുത്ത് തന്നെ ഉണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നുണ്ട്.

വ്യക്തിസ്വാതന്ത്ര്യവും, മതസ്വാതന്ത്യവും ഇത്രമേല്‍ പരീക്ഷിക്കപ്പെട്ട ഒരു കാലം ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ടാവില്ല. ഏതാനും ഉദാഹരണങ്ങളില്‍ ഒതുങ്ങുന്നതല്ല അത്. മുലപ്പാല്‍ തരുന്ന പെറ്റമയേക്കാള്‍ വലുതാണ് ചാണകത്തിലൂടെ ഒക്‌സിജന്‍ തരുന്ന അമ്മമാര്‍. എന്നിട്ടും ഓക്‌സിജന്‍ കിട്ടാതെ പിഞ്ചു കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിക്കുമ്പോഴും ചില്ലുമേടയിലെ ചാരുകസേരകളില്‍ ഇരുന്ന് മോണകാട്ടിച്ചിരിക്കുന്ന നേതാക്കളെ, നിങ്ങള്‍ക്ക് നിങ്ങളുടെ പുര്‍വികരുടെ അവസ്ഥ ഓര്‍ത്താല്‍ അധികം കാലം നിങ്ങള്‍ക്ക് ചിരിക്കേണ്ടി വരില്ല. കാലം നിങ്ങള്‍ക്ക് മറുപടി നല്‍കും എന്നത് ഉറപ്പാണ് അതിന് മുന്‍കാല ചരിത്രങ്ങള്‍ സാക്ഷിയാണ്.

Related Articles