Current Date

Search
Close this search box.
Search
Close this search box.

കാരണം, അശ്‌റഫ് ഒരു മുസ്‌ലിമാണ്

arnab-asada.jpg

മെയ് 23-ന്, ടൈംസ് നൗ ചാനലിലെ ന്യൂസ് ഹവര്‍ ഷോയില്‍ അതിഥിയായി എത്തിയ മാധ്യമപ്രവര്‍ത്തകന്‍ അസദ് അശ്‌റഫിനെ, ഇന്ത്യന്‍ മുജാഹിദീന്‍ എന്ന ഭീകരവാദസംഘടനയുടെ ഏജന്റ് എന്ന് വിളിച്ചു കൊണ്ട് താന്‍ ഏറെ കാലമായി വൈദഗ്ദ്യം നേിടകൊണ്ടിരിക്കുന്ന വൈകാരിക മാധ്യമപ്രവര്‍ത്തനത്തെ വേറൊരു തലത്തില്‍ എത്തിച്ചിരിക്കുകയാണ് അവതാരകന്‍ അര്‍നബ് ഗോസ്വാമി.

എന്തുകൊണ്ടാണ് അസദ് അശ്‌റഫിനെ ഗോസ്വാമി ഇന്ത്യന്‍ മുജാഹിദീന്‍ ഏജന്റ് എന്ന് വിളിച്ചത്? കാരണം അശ്‌റഫ് ഒരു മുസ്‌ലിമാണ്.

ബട്‌ലാ ഹൗസ് ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ടുവെന്ന് പറയപ്പെടുന്ന രണ്ട് ഭീകരരില്‍ ഒരാളായ മുഹമ്മദ് ‘ബഡാ’ സാജിദ് എന്നയാള്‍ ഐ.എസ്.ഐ.എസ് അടുത്തിടെ പുറത്ത് വിട്ട വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് നടന്ന തികച്ചും ഉപരിപ്ലവമായ ചര്‍ച്ചയിലാണ് അശ്‌റഫും അദ്ദേഹത്തിന്റെ കൂടെയുള്ളവരും ‘ആക്രമണത്തെ പിന്തുണക്കുന്നവര്‍’, ‘ഭീകരവാദികളെ അനുകൂലിക്കുന്നവര്‍’ എന്നൊക്കെ വിളിക്കപ്പെട്ടത്.

ജാമിഅ നഗര്‍ പ്രദേശത്തുള്ള ബട്‌ല ഹൗസില്‍ ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരെന്ന് സംശയിക്കപ്പെടുന്നവര്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ്, 2008 സെപ്റ്റംബര്‍ 19-ന് ഡല്‍ഹി പോലിസ് ഏറ്റുമുട്ടല്‍ ഓപ്പറേഷന്‍ നടത്തിയത്. ഏറ്റുമുട്ടലില്‍ ഭീകരവാദികളെന്ന് സംശയിക്കപ്പെടുന്നവരില്‍ രണ്ട് പേരും, പോലിസ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ ചന്ദ് ശര്‍മയും കൊല്ലപ്പെട്ടിരുന്നു. ഭീകരവാദികളില്‍ രണ്ട് പേര്‍ അന്ന് രക്ഷപ്പെട്ടിരുന്നു.

സംഭവം വന്‍ പ്രതിഷേധത്തിന് വഴിവെച്ചു. നഗരത്തിലെ വിവിധ സംഘടനകളും, ബട്‌ല ഹൗസ് പരിസരപ്രദേശങ്ങളിലെ ജനങ്ങളും, ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കമുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കാളികളായി. അന്ന് നടന്ന ഏറ്റുമുട്ടല്‍ വ്യാജമാണെങ്കിലും അല്ലെങ്കിലും, വിവിധ സാമൂഹിക, രാഷ്ട്രീയ, അക്കാദമിക തലങ്ങളില്‍ അത് ഇന്നും ചൂടേറിയ ഒരു ചര്‍ച്ചാവിഷയം തന്നെയാണ്.

വീഡിയോ പുറത്തുവന്നതുമായ ബന്ധപ്പെട്ട കോലാഹലങ്ങള്‍ക്കും, അതിന്റെ വിശ്വാസ്യതയെ സംബന്ധിച്ച ചോദ്യങ്ങള്‍ക്കുമിടയില്‍, പ്രസ്തുത വീഡിയോ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു, അത് ഇപ്പോള്‍ ലഭ്യമല്ല എന്ന വസ്തുത നാം ഓര്‍ക്കേണ്ടതുണ്ട്.

ബട്‌ല ഹൗസ് ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട പോലിസ് ഭാഷ്യത്തിലെ വൈരുദ്ധ്യങ്ങളാണ് ടൈംസ് നൗ ഷോയില്‍ അശ്‌റഫ് ഉയര്‍ത്തികാട്ടാന്‍ ശ്രമിച്ചത്. ഒരു മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ അദ്ദേഹത്തിന് അതിനുള്ള എല്ലാ അവകാശങ്ങളും ഉണ്ടെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. ഭീകരവാദികളെന്ന് ആരോപിക്കപ്പെടുന്നവര്‍ നിരപരാധികളാണെന്ന് പറയാന്‍ അദ്ദേഹം ഒരുവിധേനയും ശ്രമിച്ചിട്ടില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കണം.

ഗോസ്വാമി നമ്മോട് ആവശ്യപ്പെടുന്നത് പോലെ, നാം നമ്മുടെ രാജ്യത്തിന്റെ സുരക്ഷയെയും ഭാവിയെയും പറ്റി ചിന്തിക്കുക തന്നെ വേണം. പക്ഷെ, ഈ രാജ്യത്തെ മാധ്യമപ്രവര്‍ത്തനത്തിന്റെയും, മാധ്യമങ്ങളുടെയും ഭാവിയെ കുറിച്ചാണ് പ്രസ്തുത ഷോ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ഞെട്ടലോടെ ആലോചിച്ചത്.

ടൈംസ് നൗ ചാനലില്‍ അന്ന് നടന്ന ചര്‍ച്ച രണ്ട് തരത്തിലുള്ള നടപ്പു മാധ്യമപ്രവര്‍ത്തനത്തെയാണ് വെളിവാക്കിയത്.

മറ്റുളളവരോട് വാ തുറന്ന് അട്ടഹസിക്കുന്നതും, പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നതുമാണ് ഗോസ്വാമിയുടെ മാധ്യമപ്രവര്‍ത്തനം. അയാള്‍ സംവാദത്തിനല്ല ആളുകളെ ക്ഷണിക്കുന്നത്, മറിച്ച് ആരോപണങ്ങള്‍ അഴിച്ച് വിട്ട് ആളുകളെ അപമാനിക്കുന്നതാണ് അയാളുടെ രീതി. അവരുടെ ഭാഗം പറയാനുള്ള അവസരം പോലും അയാള്‍ അവര്‍ക്ക് നല്‍കില്ല.

തുറന്ന സംവാദത്തിനും, അവകാശവാദങ്ങള്‍ക്ക് പകരം ചോദ്യങ്ങള്‍ ചോദിക്കാന്‍ മാത്രം ഇടം ആവശ്യപ്പെട്ട അശ്‌റഫിന്റെ മാധ്യമപ്രവര്‍ത്തനത്തെ നിശബ്ദമാക്കാന്‍ ശ്രമിക്കുന്ന ഗോസ്വാമിയുടെ മാധ്യമപ്രവര്‍ത്തന രീതി കണ്ടപ്പോള്‍ എനിക്ക് ശര്‍ദ്ദിക്കാനാണ് തോന്നിയത്.

പ്രസ്തുത ടീ.വി ഷോക്കിടെ ഗോസ്വാമി ഒന്നില്‍ കൂടുല്‍ പ്രാവശ്യം ആവര്‍ത്തിച്ച ഒരു വാചകമാണ്, ‘നിങ്ങള്‍ വളരെ അപകടകരമായ കളിയാണ് കളിക്കുന്നത്. രാജ്യത്തെ കുറിച്ച് ചിന്തിക്കൂ.’ എന്നത്.

അതെ, രാജ്യത്തെ കുറിച്ച് ഗോസ്വാമിയും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

(ജെ.എന്‍.യുവില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണ് ലേഖിക)

വിവ:  ഇര്‍ഷാദ് കാളാച്ചാല്‍

Related Articles