Current Date

Search
Close this search box.
Search
Close this search box.

കസ്റ്റഡി മരണം ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം ചെയ്യപ്പെട്ടതോ?

മഹാരാഷ്ട്രയില്‍ കസ്റ്റഡി മരണങ്ങള്‍ക്ക് ഇരയാകുന്നവരില്‍ കൂടുതലും ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ളവരാണെന്ന ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം ന്യൂനപക്ഷങ്ങള്‍ രാജ്യത്ത് എത്രത്തോളം സുരക്ഷിതരാണ് എന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്. താനെ സെന്‍ട്രല്‍ ജയിലില്‍ 23 കാരന്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസില്‍ അഡ്വക്കറ്റ് യുഗ് ചൗദരിയെ അമികസ് ക്യൂറിയായി നിശ്ചയിച്ചിരുന്നു. കസ്റ്റഡിയില്‍ കൊല്ലപ്പെട്ടവരില്‍ അധികവും ദലിതുകളും മുസ്‌ലിംകളുമാണെന്ന് തന്റെ അന്വേഷണത്തില്‍ വ്യക്തമായതായെന്ന് ചൗദരി വ്യക്തമാക്കുന്നു. ഇത്തരത്തില്‍ നടക്കുന്ന കസ്റ്റഡി മരണങ്ങള്‍ കസ്റ്റഡി മരണങ്ങളായി രേഖപ്പെടുത്തുന്നതിന് പകരം സ്വാഭാവിക മരണങ്ങളായിട്ടാണ് മിക്കപ്പോഴും രേഖപ്പെടുത്തുന്നതെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. രണ്ട് വര്‍ഷം മുമ്പ് പോലിസ് കസ്റ്റഡിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച 23 വയസ്സുകാരന്‍ താജ് മുഹമ്മദിന്റെ ഉമ്മ ആലിയ ബീഗം അന്‍സാരി ഫയല്‍ ചെയ്ത പരാതിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. 2012 ഫെബ്രുവരി 21 നാണ് മൊബൈല്‍ റിപ്പയറായിരുന്ന താജ് മുഹമ്മദിനെ സിയോണ്‍ പോലിസ് മൊബൈല്‍ ഫോണ്‍ മോഷണം പോയ കേസിലാണ് അറസ്റ്റ് ചെയ്തത്. പോലിസ് കസ്റ്റഡിയിലായിരുന്ന താജ് 2012 ജൂലൈയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിക്കുകയായിരുന്നു. ജയില്‍ അധികൃതരുടെ ക്രൂരമര്‍ദനമാണ് മരണകാരണമായി പറയപ്പെടുന്നത്.

മഹാരാഷ്ട്രയില്‍ മാത്രം അരങ്ങേറുന്ന ഒറ്റപ്പെട്ട ഒരു സംഭവമല്ല ഇതെന്ന് പത്രമാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമുണ്ടാവില്ല. കരിനിയമങ്ങള്‍ ചുമത്തി വിചാരണ തടവുകാരായി ജയിലുകളില്‍ കഴിയുന്നവരില്‍ കൂടുതലും ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നത് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ട കാര്യമാണ്. ഈയടുത്ത് തന്നെ പല സ്‌ഫോടന കേസുകളിലും പത്തും പതിനഞ്ചും വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ച ശേഷം നിരപരാധികളാണെന്ന് കണ്ട് വെറുതെ വിടുന്ന സംഭവങ്ങളും ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരം സംഭവങ്ങളെല്ലാം ആവര്‍ത്തിക്കുന്നത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ഒരു തരം അരക്ഷിതത്വ ബോധം വളര്‍ത്തുന്നതിന് കാരണമാകുന്നുണ്ട്.

നമ്മുടെ രാജ്യത്തെ പോലീസ് സംവിധാനത്തെ എത്രത്തോളം വര്‍ഗീയത ബാധിച്ചിട്ടുണ്ട് എന്നതിലേക്കാണിത് വെളിച്ച് വീശുന്നത്. വര്‍ഗീയത ബാധിച്ച അത്തരക്കാര്‍ തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്യുന്നതാണ് നാം കാണുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവരുടെ പ്രാതിനിധ്യം നമ്മുടെ നിയമപാലക സംവിധാനങ്ങളില്‍ വളരെ കുറവാണെന്നത് അവര്‍ക്ക് കൂടുതല്‍ സൗകര്യം സൗകര്യം നല്‍കുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടാന്‍ കാരണം ഈ പ്രാതിനിധ്യ കുറവാണെന്ന് സച്ചാര്‍ കമ്മീഷന്‍ ചൂണ്ടികാണിച്ചിട്ടുണ്ട്. ജനാധിപത്യത്തിന്റെ സ്തംഭങ്ങളായ നിയമനിര്‍മാണ വ്യവസ്ഥക്കും നീതിന്യായ വ്യവസ്ഥക്കും ഭരണനിര്‍വഹണ മേഖലക്കും ഉണ്ടാകുന്ന അപചയങ്ങളും ദൗര്‍ബല്യങ്ങളും പരിഹരിച്ച് ശക്തിപ്പെടുത്തേണ്ട നാലാമത്തെ തൂണായ മീഡിയകള്‍ ഇന്ന് നിലകൊള്ളുന്നത് സമൂഹത്തിലെ ശക്തിയും സ്വാധീനവും ഉള്ളവര്‍ക്കൊപ്പമാണ്.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയുള്ള പക്ഷപാതപരമായ സമീപനത്തിനെതിരെ ശക്തമായ നിയമ ബോധവല്‍കരണം നടക്കേണ്ടതുണ്ട്. നേരത്തെ നടന്ന ഇത്തരം കേസുകളുടെ നിജസ്ഥിതി വ്യത്യസ്ത മാധ്യമങ്ങളിലൂടെ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാര്‍ സംവിധാനങ്ങളും അതിന് മുന്നിട്ടിറങ്ങേണ്ടതുണ്ട്. അല്ലാത്തപക്ഷം നാം കൊട്ടിഘോഷിക്കുന്ന നമ്മുടെ ജനാധിപത്യത്തിന് കളങ്കമേല്‍പ്പിച്ചു കൊണ്ട് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കും.

Related Articles