Current Date

Search
Close this search box.
Search
Close this search box.

കശ്മീരിലെ കൂട്ടക്കുഴിമാടങ്ങളും ഭരണകൂടവും

kashmir-grave.jpg

കശ്മീരിലെ കൂട്ടക്കുഴിമാടങ്ങളില്‍ തിരിച്ചറിയപ്പെടാതെ കിടക്കുന്ന മൃതദേഹങ്ങളെ തിരിച്ചറിയാന്‍ ഡി.എന്‍.എ ടെസ്റ്റ്, കാര്‍ബണ്‍ ഡേയ്റ്റിംഗ് അടക്കമുള്ള ഫോറന്‍സിക്ക് സാങ്കേതിക രീതികള്‍ അവലംബിച്ചുള്ള അന്വേഷണത്തിന് ജമ്മു കശ്മീര്‍ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. ഇക്കഴിഞ്ഞ ഒക്‌റ്റോബര്‍ 24നാണ് കശ്മീരിലെ പൂഞ്ച് , രജൗരി തുടങ്ങിയ ജില്ലകളിലെ കുഴിമാടങ്ങളിലെ മൃതദേഹങ്ങളെ കുറിച്ച് സമഗ്രമായി അന്വേഷിക്കാന്‍ കശ്മീര്‍ ഗവര്‍മെന്റിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടത്.

കാണാതായവരുടെ മാതാപിതാക്കള്‍ ചേര്‍ന്നുണ്ടാക്കിയ സംഘടനയായ Association of Parent of Disappeared Persons (APDP) നല്‍കിയ പെറ്റീഷനില്‍ പ്രതികരിച്ചു കൊണ്ടാണ് കമ്മീഷന്റെ ഉത്തരവ്. ജമ്മു കശ്മീരിലെ പീര്‍-പഞ്ചാല്‍ മേഖലയില്‍ ഉള്‍പ്പെടുന്ന പൂഞ്ച്, രജൗരി എന്നീ രണ്ടു ജില്ലകളിലായി തിരിച്ചറിയപ്പെടാതെ കുഴിച്ചിടപ്പെട്ട ഏതാണ്ട് 3844 കുഴിമാടങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. മുന്‍പ് 2011 ല്‍ കശ്മീര്‍ മനുഷ്യാവകാശ കമ്മീഷന്‍ സമാനമായ ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായിട്ടുണ്ട്. അന്ന് കമ്മീഷന്‍ മുപ്പത്തെട്ടു ഖബര്‍സ്ഥാനുകളിലായി 2730 കുഴിമാടങ്ങള്‍ രേഖപ്പെടുത്തുകയും അവയില്‍ തന്നെ 2156 കുഴിമാടങ്ങള്‍ തിരിച്ചറിയപ്പെടാത്തവയാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. കശ്മീരികളുടെ മനുഷ്യാവകാശത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന ഐ.പി.ടി.കെ എന്ന സംഘടനയുടെ പഠന റിപ്പോര്‍ട്ടാണ് 2011 ല്‍ മനുഷ്യാവകാശ കമീഷന്റെ ഇടപെടലിന് വഴിവെച്ചത്. കമ്മീഷന്റെ ഉത്തരവിനോട് അന്ന് മുതല്‍ക്കേ ഉദാസീന നിലപാടാണ് ഗവര്‍മെന്റ് കൈകൊണ്ടിരുന്നത്. അത്തരം അന്വേഷണങ്ങള്‍ ജമ്മുകശ്മീരില്‍ ക്രമസമാധാന പ്രശ്‌നം ഉടലെടുക്കാന്‍ കാരണമാകുമെന്നും ഗവര്‍മെന്റിന് ഡി.എന്‍.എ ടെസ്റ്റ് പോലുള്ള ഫോറന്‍സിക്ക് തലത്തില്‍ ഊന്നിയുള്ള അന്വേഷണങ്ങള്‍ നടത്താന്‍ ആവശ്യത്തിന് വിദഗ്ദ്ധരും സാങ്കേതിക സംവിധാനങ്ങളും ഇല്ലെന്നുമൊക്കെയുള്ള മുടന്തന്‍ ന്യായങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരുന്നത്. പരാതിക്കാര്‍ക്കോ കാണാതായവരുടെ കുടുംബക്കാരില്‍ ആര്‍ക്കെങ്കിലുമോ ബന്ധപ്പെട്ട ഖബറിസ്താനും കണ്ടെത്താനും കുഴിമാടം കൃത്യമായി തിരിച്ചറിയാനും കഴിഞ്ഞാല്‍ മാത്രമേ ഡി.എന്‍.എ ടെസ്റ്റ് അടക്കമുള്ളവ നടത്തൂ എന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്.

അതേ സമയം 2008 ജൂലൈയില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് കശ്മീരിലെ കൂട്ട കുഴിമാടങ്ങളെ കുറിച്ചും അതിലെ തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളെ കുറിച്ചും സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്താന്‍ ഇന്ത്യന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടുകൊണ്ട് ഒരു പ്രമേയം പാസാക്കുകയുണ്ടായിട്ടുണ്ട്. ഇപ്പോള്‍ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ട തരത്തിലുള്ള സാങ്കേതിക തലത്തില്‍ ഊന്നി കൊണ്ടുള്ള സമഗ്രമായ അന്വേഷണങ്ങള്‍ക്കുള്ള എല്ലാ സാങ്കേതിക സാമ്പത്തിക സഹായങ്ങളും യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസ്തുത പ്രമേയത്തില്‍ ഇന്ത്യന്‍ ഗവര്‍മെന്റിനു വാഗ്ദാനം ചെയ്തിരുന്നു.

നിര്‍ബന്ധിത തിരോധാന (Enforced Disappearance)ത്തിനെതിരായ സംരക്ഷണത്തിനായുള്ള യു. എന്‍ കണ്‍വെന്‍ഷന്‍ പ്രകാരം കൂട്ടകുഴിമാടങ്ങളെ കുറിച്ച് അന്വേഷിക്കാനും അതിലെ മൃതദേഹങ്ങള്‍ ആരുടേതാണ് എന്ന് തിരിച്ചറിഞ്ഞു ബന്ധുകള്‍ക്ക് വിട്ടു കൊടുക്കേണ്ടതും ഇന്ത്യന്‍ സര്‍ക്കാരിന്റെ ബാധ്യതയാണ് എന്നാണു എ.പി.ഡി.പിയുടെ വാദം. യു.എന്‍ സെക്യൂരിറ്റി കൌണ്‍സില്‍ സ്ഥിരാംഗ്വത്വത്തിനു അവകാശവാദം ഉന്നയിച്ചു കൊണ്ടിരിക്കുന്ന രാജ്യം എന്ന നിലയില്‍ ജമ്മു കശ്മീരിലെ എണ്ണായിരത്തോളം ആളുകള്‍ നിര്‍ബന്ധിത തിരോധാനത്തിനു വിധേയമായത്തിന്റെ സത്യാവസ്ഥ പുറത്തു വരേണ്ടതുണ്ട് എന്നും അതിന് ഇത്തരമൊരു സമഗ്ര അന്വേഷണം അത്യാവശ്യമാണെന്നും എ.പി.ഡി.പി വക്താവ് താഹിറ ബീഗം കഴിഞ്ഞ ദിവസം പ്രസ്താവിക്കുകയുണ്ടായി. അതേ സമയം കൂട്ട കുഴിമാടങ്ങളിലെ മൃതദേഹങ്ങള്‍ കുഴിച്ചെടുത്ത് ഡി.എന്‍.എ ടെസ്റ്റ് പോലുള്ളവ നടത്തി ജഡം അവകാശികള്‍ക്ക് വിട്ടു കൊടുക്കുന്ന നടപടി ഇതിനു മുന്‍പും ലോകത്ത് നടന്നിട്ടുണ്ട്. ഏറ്റവും ഒടുവില്‍ 2015ല്‍ സ്പാനിഷ് സര്‍ക്കാരാണ് ഇത്തരമൊരു നടപടി കൈകൊണ്ട രാജ്യം. 1936-1939 കാലഘട്ടത്തില്‍ സ്‌പെയിനില്‍, ആഭ്യന്തര യുദ്ധത്തിലും തുടര്‍ന്ന് ഏകാധിപതിയായ ഫ്രാന്‍സിസ്‌ക്കോ ഫ്രാങ്കോ ഭരണകൂടത്തിന്റെ ഭരണം തുടങ്ങിയ കാലത്തും കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ചരിത്രപരമായ ഓര്‍മകള്‍ക്ക് വേണ്ടിയുള്ള നിയമം (Law of Historical Memory)എന്ന പേരില്‍ ഒരു നിയമം തന്നെ പാസ്സാക്കി ആ രാജ്യം. സ്‌പെയിന്‍ ഭരണകൂടത്തിന് അത്തരമൊരു തീരുമാനം കൈക്കൊള്ളാന്‍ സാധിച്ചു എങ്കില്‍ ഇന്ത്യന്‍ ഭരണകൂടത്തിന് എന്ത് കൊണ്ട് അത്തരമൊരു നടപടിക്ക് തുടക്കമിട്ടു കൂടാ എന്നതൊരു മില്ല്യന്‍ ഡോളര്‍ ചോദ്യമാണ്.

Related Articles