Current Date

Search
Close this search box.
Search
Close this search box.

കല്ലെറിയുമ്പോള്‍ ഫലം പൊഴിക്കുന്ന ബ്രദര്‍ഹുഡ്

‘ഫലം പൊഴിക്കുന്ന വൃക്ഷങ്ങളാകുക നിങ്ങള്‍, ജനങ്ങള്‍ നിങ്ങള്‍ക്കു നേരെ കല്ലെറിയുമ്പോള്‍ നിങ്ങള്‍ അതികമതികമായി ഫലങ്ങള്‍ പൊഴിച്ചു കൊണ്ടിരിക്കുക’ ബ്രദര്‍ഹുഡ് സ്ഥാപകന്‍ ഹസനുല്‍ ബന്ന പ്രസ്ഥാനത്തിന്റെ ആദ്യ നാളുകളില്‍ തന്റെ അനുയായികള്‍ക്ക് നല്‍കിയിരുന്ന ഉപദേശമാണിത്. ഈജിപ്തിലെ ഏകാധിപതികള്‍ ബ്രദര്‍ഹുഡിനെ ഭൂമുഖത്ത് നിന്നും നിഷ്‌കാസനം ചെയ്യാന്‍ ആവുന്നതെല്ലാം ചെയ്തിട്ടും പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്യാനുള്ള കരുത്തും ശേഷിയും ആ പ്രസ്ഥാനത്തിന് ലഭിക്കുന്നതെങ്ങനെയെന്ന് ബന്നയുടെ ഈയൊരു ഉപദേശത്തില്‍ നിന്ന് തന്നെ വ്യക്തമാകുന്നുണ്ട്. പുതിയ കാലത്ത് അതിക്രൂരമായ പീഡനങ്ങള്‍ക്കും വിചാരണക്കും ആ പ്രസ്ഥാനവും അതിന്റെ പ്രവര്‍ത്തകരും വിധേയമാകുന്ന സാഹചര്യത്തില്‍ ബന്ന പഠിപ്പിച്ച ബ്രദര്‍ഹുഡിന്റെ ഈ അടിസ്ഥാന തത്ത്വം വീണ്ടും പ്രസക്തമാകുന്നുണ്ട്.

ഇപ്പോള്‍ ബ്രദര്‍ഹുഡിനെതിരെ നടക്കുന്ന വിചാരണയും പീഡനവും ഗതകാല ചരിത്രത്തിന്റെ ആവര്‍ത്തനം തന്നെയാണെന്ന് ചരിത്രം മറിച്ചു നോക്കുമ്പോള്‍ വ്യക്തമാകുന്നതാണ്. 195354 കാലഘട്ടത്തില്‍ ഈജിപ്ത് പ്രതിരോധ മന്ത്രാലയത്തിലെ ജോലിക്കാരനായിരുന്ന അബ്ദുല്‍ ലത്തീഫ് ബഗ്ദാദിയുടെ ഓര്‍മക്കുറിപ്പുകളില്‍ ഇതുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങള്‍ കാണാം. 1954 മാര്‍ച്ച് 21 ന് കമാല്‍ അബ്ദുന്നാസറിനോടൊപ്പം ഒരു ഔദ്യോഗിക യോഗത്തില്‍ പങ്കെടുത്തതിന്റെ വിവരണമുണ്ട് അബ്ദുല്‍ ലത്തീഫ് ബഗ്ദാദിയുടെ ഓര്‍മ്മക്കുറിപ്പുകളില്‍. പ്രതിരോധ മന്ത്രാലയത്തിലെ പ്രമുഖര്‍ പങ്കെടുത്ത ആ യോഗത്തില്‍ കമാല്‍ അബ്ദുന്നാസര്‍ ഞെട്ടിക്കുന്ന ഒരു കാര്യം വെളിപ്പെടുത്തി. അടുത്തിടെ ഈജിപ്തിലുണ്ടായ ആറ് ബോംബ് സ്‌ഫോടനങ്ങളും ആസൂത്രണം ചെയ്തതും അതിന് പിന്നില്‍ ചരടു വലിച്ചതും താനായിരുന്നുവെന്ന് അബ്ദുന്നാസര്‍ യോഗത്തില്‍ വ്യക്തമാക്കുകയുണ്ടായി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ അധികാരത്തില്‍ തിരിച്ച് വരാന്‍ അത് അനിവാര്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായം. ബോംബ് സ്‌ഫോടനത്തിലൂടെ രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും അതുവഴി സമാധാന അന്തരീക്ഷം നിലനിര്‍ത്താനും രാജ്യത്തെ സുരക്ഷിതമായി നയിക്കാനും പര്യാപ്തമായ നേതൃത്വമാണ് അധികാരത്തിലുണ്ടായിരിക്കേണ്ടതെന്ന് ജനങ്ങളെ കൊണ്ട് സമ്മതിപ്പിക്കാനുമായിരുന്നു നാസറിന്റെ ആസൂത്രണത്തില്‍ ബോംബ് സ്‌ഫോടനങ്ങള്‍ അരങ്ങേറിയത്.
മന്‍സൂറയിലെ സുരക്ഷ വിഭാഗം ഓഫീസില്‍ കഴിഞ്ഞ ആഴ്ച്ചയുണ്ടായ ബോംബ് സ്‌ഫോടനവും ഇതേ പദ്ധതിയുടെ ഭാഗമല്ലേ എന്ന് സംശയിക്കുന്നതില്‍ തികച്ചും ന്യായമുണ്ട്. അങ്ങനെ തന്നെ ആകാനാണ് സാധ്യത. പുതിയ ബോംബ് സ്‌ഫോടനം ആസൂത്രണം ചെയ്തവര്‍ അവരുടെ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതുന്നത് വരെ നമുക്ക് കാത്തിരിക്കാം. ഈജിപ്തിലെ പുതിയ സര്‍ക്കാര്‍ ഭരണം നടത്തുന്നതില്‍ പൂര്‍ണമായും പരാജയമാണെന്നതാണ് പുതിയ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്. തങ്ങളുടെ അധികാര ഹുങ്കിനു മുന്നില്‍ കീഴടങ്ങാന്‍ ഒരുക്കമല്ലാത്ത ഈജിപ്തിലെ ജനതക്കുമേല്‍ ബ്രദര്‍ഹുഡ് നേടിയെടുത്തിട്ടുള്ള സ്വാധീനം അട്ടിമറി സര്‍ക്കാറിന് നേതൃത്വം കൊടുക്കുന്നുവരെ അങ്ങേയറ്റം അലോസരപ്പെടുത്തുന്നുണ്ടെന്നതും യാഥാര്‍ഥ്യമാണ്. ബ്രദര്‍ഹുഡിനെ ഭീകരസംഘനടയായി പ്രഖ്യാപിച്ച് അതിന്റെ ജന സ്വാധീനത്തില്‍ തെല്ലെങ്കിലും കുറവ് വരുത്താമെന്ന വ്യാമോഹമാണ് അധികാരി വര്‍ഗം വെച്ചു പുലര്‍ത്തുന്നത്. ചരിത്രത്തില്‍ നിന്നും പാഠം പഠിക്കാത്ത ഈജിപ്ത് സൈനിക നേതൃത്വത്തിന്റെ രാഷ്ട്രീയ പാപ്പരത്തവും പിന്‍ബുദ്ധിയുമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
പാടിപ്പുകഴ്ത്തപ്പെട്ട കമാല്‍ അബ്ദുന്നാസറിന്റെ വ്യക്തിപ്രഭാവം നിലനില്‍ക്കെ തന്നെ മുസ്‌ലിം ബ്രദര്‍ഹുഡിനെ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കാന്‍ അദ്ദേഹത്തിനായില്ല. അബ്ദുന്നാസറിന് സാധ്യമാകാത്തത് പുതിയ സൈനിക നേതൃത്വത്തിന് സാധിക്കുമെന്ന് കരുതുന്നത് അയുക്തിപരമാണ്. 1954 ല്‍ മുസ്‌ലിം ബ്രദര്‍ഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് ഒരു വലിയ ക്യാമ്പയില്‍ തന്നെ നാസര്‍ നടത്തി നോക്കിയെങ്കിലും തീര്‍ത്തും ശൂന്യമായിരുന്നു അതിന്റെ ഫലം. അന്നത്തെ മുസ്‌ലിം ബ്രദര്‍ഹുഡ് അധ്യക്ഷനായിരുന്ന ഹസന്‍ ഹുദൈബിക്ക് മാപ്പ് കൊടുത്ത് ജയില്‍ മോചിതനാക്കാന്‍ അബ്ദുന്നാസര്‍ ഉത്തരവിട്ടെങ്കിലും ബ്രദര്‍ഹുഡിനെതിരായ എല്ലാ ആരോപണങ്ങളും പിന്‍വലിക്കുന്നത് വരെ ജയിലില്‍ നിന്നും പുറത്തിറങ്ങില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ഹസന്‍ ഹുദൈബി. ഒടുവില്‍ 1954 മാര്‍ച്ച് 25 ന് മുസ്‌ലിം ബ്രദര്‍ഹുഡിന് വീണ്ടും പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുകയും കണ്ടുകെട്ടിയ സ്വത്തും വസ്തുക്കളും തിരിച്ചു നല്‍കാന്‍ ഈജിപ്ത് സര്‍ക്കാര്‍ ഉത്തരവിടുകയുണ്ടായി. ഇപ്പോള്‍ മുസ്‌ലിം ബ്രദര്‍ഹുഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് നിലവിലെ അട്ടിമറി ഭരണകൂടം തങ്ങളുടെ അവസാന അടവും പുറത്തെടുത്തിരിക്കുകയാണ്. ജനാധിപത്യത്തിന്റെ പുനഃസ്ഥാപനത്തിന് വേണ്ടിയും അട്ടിമറി സര്‍ക്കാറിനെതിരായും ഈജിപ്തിന്റെ തെരുവീഥികളില്‍ ആഞ്ഞടിക്കുന്ന പ്രതിഷേധ ജ്വാലകളെ തല്ലിക്കെടുത്താന്‍ സര്‍ക്കാര്‍ പതിനെട്ടടവും ഇതിനകം പുറത്തെടുത്തു കഴിഞ്ഞിട്ടുണ്ട്. സമരക്കാരെ അന്യായമായി അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചും, ക്രൂരമായ കൂട്ടക്കൊലകള്‍ നടത്തിയും, സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയും, പത്രമാധ്യമങ്ങള്‍ അടച്ചു പൂട്ടിയും സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയും, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചും, സ്വത്ത് കണ്ടുകെട്ടിയും പ്രതിഷേധ പ്രകടനങ്ങള്‍ക്ക് കൂച്ചു വിലങ്ങിടാന്‍ സൈനിക ഭരണകൂടം ആവുന്ന വിധം ശ്രമിച്ചു.
ബ്രദര്‍ഹുഡിനുമേല്‍ ഭീകരത ആരോപിക്കുന്ന സര്‍ക്കാര്‍ നടപടി അങ്ങേയറ്റം ബാലിശവും അവിശ്വസനീയവുമാണെന്ന് ലളിത യുക്തികൊണ്ട് തന്നെ മനസിലാക്കാന്‍ സാധിക്കും. ബ്രദര്‍ഹുഡുമായി ബന്ധപ്പെട്ടവരില്‍ നിന്നോ അതിന്റെ ഓഫീസുകളില്‍ നിന്നോ സ്‌ഫോടക വസ്തുക്കളോ ആയുധങ്ങളോ കണ്ടെടുക്കപ്പെടാതെ തന്നെ ബ്രദര്‍ഹുഡിന്റെ കീഴിലുള്ള സ്‌കൂളുകളും ആശുപത്രികളും സേവന കേന്ദ്രങ്ങളും വ്യവസായ സ്ഥാപനങ്ങളും സര്‍ക്കാര്‍ അടച്ചൂ പൂട്ടിയിരിക്കുന്നു. ഈജിപ്തില്‍ പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന ഏകാധിപത്യ ഭരണത്തിന്റെ തണലില്‍ വളര്‍ന്നു പന്തലിച്ച അഴിമതി വീരന്മാരുടെയും വ്യവസായ പ്രമുഖരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി മാത്രമാണ് ബ്രദര്‍ഹുഡിന് കീഴിലുള്ള ഈ സ്ഥാപനങ്ങളെല്ലാം സൈനിക ഭരണകൂടം അടച്ചു പൂട്ടിയതെന്ന് വളരെ വ്യക്തം. മുസ്‌ലിം ബ്രദര്‍ഹുഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് പ്രതിപക്ഷ നിരയെ കൂട്ടമായി അക്രമിക്കാനും അവരുടെ സ്വത്ത് കണ്ടു കെട്ടി ലാഭം നേടാനുമുള്ള ഈജിപ്ത് ഇടക്കാല സര്‍ക്കാറിന്റെ നീക്കം രാഷ്ട്രീയപരമായ മഹാ വിഡ്ഢിത്തവും നഷ്ടവുമായിരിക്കുമെന്നതില്‍ സംശയമില്ല.
അടുത്തുതന്നെ നടക്കാനിരിക്കുന്ന ഈജിപ്തിലെ പുതിയ ഭരണഘടനയുടെ ഹിതപരിശോധന വിജയകരമായി പൂര്‍ത്തീകരിക്കുക എന്നതാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതിലൂടെ ഭരണകൂടം മുന്നില്‍ കാണുന്നത്. എന്നാല്‍, തുടക്കത്തില്‍ സൈനിക അട്ടിമറിക്ക് അനുകൂലമായിരുന്ന ‘ഏപ്രില്‍ 6’ പ്രസ്ഥാനം പോലും ഇപ്പോള്‍ സര്‍ക്കാര്‍ വിരുദ്ധ പക്ഷത്ത് നിലകൊള്ളുകയും ബ്രദര്‍ഹുഡ് വേട്ടക്കെതിരെ രംഗത്ത് വരികയും ചെയ്തിരിക്കുന്നു. ഇസ്‌ലാമിക പ്രസ്ഥാനത്തിനെതിരായ നീക്കം സര്‍ക്കാറിന് തന്നെ എത്രമാത്രം എതിരായിട്ടാണ് മാറുന്നതെന്നും ബ്രദര്‍ഹുഡിന്റെ ഖ്യാതി വര്‍ധിക്കുന്നതിന്റെയും തെളിഞ്ഞ ചിത്രം ‘ഏപ്രില്‍ 6’ പ്രസ്ഥാനത്തിന്റെ നിലപാട് മാറ്റം വ്യക്തമാക്കി തരുന്നുണ്ട്. ബ്രദര്‍ഹുഡിനെ വായിക്കുന്നിടത്ത് ജനറല്‍ സീസിക്കും കൂട്ടര്‍ക്കും നിരന്തരം അമളി പറ്റി കൊണ്ടിരിക്കുകയാണ്. സൈനിക അട്ടിമറിയോടെ ബ്രദര്‍ഹുഡ് മുഖ്യധാരയില്‍ നിന്നും മാറി നില്‍ക്കുമെന്നും തങ്ങളുടെ നഷ്ടസ്വപ്‌നങ്ങളില്‍ കഴിച്ചു കൂട്ടുമെന്നുമായിരുന്നു അട്ടിമറിക്ക് നേതൃത്വം നല്‍കിയവര്‍ തുടക്കത്തില്‍ കരുതിയിരുന്നത്. എന്നാല്‍ ബ്രദര്‍ഹുഡ് മാത്രമല്ല അവരെ വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ച ഈജിപ്ത് ജനതയും തെരുവില്‍ നിന്നും തിരിച്ചു കയറാന്‍ ഇതുവരെയും സന്നദ്ധമായിട്ടില്ല. എന്നുമാത്രമല്ല, ജനാധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടം ഈജിപ്തില്‍ ദിനംപ്രതി ശക്തി പ്രാപിച്ചു വരികയുമാണ്.
ജനാധിപത്യം പുനഃസ്ഥാപിക്കപ്പെടാത്ത, സ്വാതന്ത്ര്യം അനുവദിക്കപ്പെടാത്ത, ഭരണഘടനയോ നിമയ വ്യവസ്ഥയോ ഇല്ലാത്ത ഈജിപ്തില്‍ പ്രതിസന്ധികളുടെ പരിഹാരം അത്രവേഗം സാധ്യമാകുമെന്ന് കരുതാനാകില്ല. പ്രത്യേകിച്ച്, ജനാധിപത്യത്തിനു വേണ്ടി വാതോരാതെ സംസാരിക്കാറുളള പടിഞ്ഞാറന്‍ ശക്തികളും ഈജിപ്തിലെ ജനാധിപത്യ ധ്വംസനത്തിന് കൂട്ടു നില്‍ക്കുമ്പോള്‍. സൈനിക അട്ടിമറിയെ അംഗീകരിക്കുകയോ അല്ലെങ്കില്‍ അള്‍ജീരിയയില്‍ സംഭവിച്ചതു പോലുള്ള ദുരന്തം നേരിടുകയോ ചെയ്യാനാണ് പടിഞ്ഞാറന്‍ ശക്തികള്‍ ഈജിപ്തിലെ ജനാധിപത്യ വാദികള്‍ക്ക് നല്‍കുന്ന ഉപദേശം! എന്നാല്‍ ഈജിപ്തില്‍ അള്‍ജീരിയ ആവര്‍ത്തിക്കുമെന്ന് കരുതാന്‍ ഒരു ന്യായവുമില്ല. കാരണം, ഹസനുല്‍ ബന്ന പഠിപ്പിച്ച നേരത്തെ സൂചിപ്പിച്ച ഉപദേശം തന്നെയാണ് ബ്രദര്‍ഹുഡ് അതിന്റെ തലമുറകള്‍ക്കും പകര്‍ന്നു നല്‍കിയിട്ടുള്ളത്. അട്ടിമറി ഭരണകൂടം ബ്രദര്‍ഹുഡിന് നേരെ കല്ലെറിയുമ്പോഴെല്ലാം ബ്രദര്‍ഹുഡ് മധുരിക്കുന്ന ഫലങ്ങള്‍ പൊഴിച്ചു കൊണ്ടിരിക്കും. ഒടുവില്‍ ബ്രദര്‍ഹുഡിന് മുന്നില്‍ കീഴടങ്ങാന്‍ അട്ടിമറി സര്‍ക്കാറും നിര്‍ബന്ധിതരാകും.

വിവ : ജലീസ് കോഡൂര്‍
 

Related Articles