Current Date

Search
Close this search box.
Search
Close this search box.

കലാപം വിതച്ച് വോട്ട് കൊയ്യുന്നവര്‍

amit-modi.jpg

2014ലോകസഭ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പാണ് മുസ്സഫര്‍നഗറില്‍ അക്രമണം പൊട്ടിപ്പുറപ്പെട്ടത്. സംഭവത്തില്‍ 80-നോടടുത്ത് മുസ്‌ലിംകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ ഗ്രാമം വിട്ടോടിപോവുകയും ചെയ്തു. ഇപ്പോള്‍ 2017 ഉത്തര്‍പ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പുകള്‍ പ്രമാണിച്ച്, ബി.ജെ.പി അതിന്റെ കുടിലതന്ത്രം വീണ്ടും പ്രവര്‍ത്തിപ്പിച്ച് തുടങ്ങി എന്നാണ് തോന്നുന്നത്.

ഉത്തര്‍പ്രദേശിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയായ കൈരാനയില്‍ നിന്നും, നൂറ് കണക്കിന് ഹിന്ദു കുടുംബങ്ങള്‍ മാറിതാമസിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് എന്ന് കൈരാനയില്‍ നിന്നുള്ള ബി.ജെ.പി എം.പി ഹുകും സിംഗ് ഘോഷിക്കുകയുണ്ടായി. കൈരാനയില്‍ നിന്നുള്ള ഹിന്ദു കുടുംബങ്ങളുടെ പറയപ്പെടുന്ന പാലായനത്തെ സംബന്ധിച്ച് അലഹബാദില്‍ വെച്ച് നടന്ന പാര്‍ട്ടിയുടെ ദേശീയ എക്‌സിക്ക്യൂട്ടീവ് യോഗത്തില്‍ ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ വ്യക്തിപരമായി പരാമര്‍ശിച്ചത് ക്യാമ്പയിന്‍ കൂടുതല്‍ ശക്തിപ്പെടുന്നതിന് ഇടയാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസാരിക്കുകയുണ്ടായി, പക്ഷെ പതിവ് പോലെ, അദ്ദേഹം വികസനകാര്യങ്ങളില്‍ ശ്രദ്ധയൂന്നുകയും, സാമുദായിക വികാരം ഉയര്‍ത്തുന്ന ജോലി അമിത് ഷാക്ക് വിട്ടുകൊടുക്കുകയും ചെയ്തു. യു.പിയിലെ സമാജ് വാദി പാര്‍ട്ടി സര്‍ക്കാറിനെ കടന്നാക്രമിച്ച ഷാ, കൈരാനയില്‍ നിന്നുള്ള പാലായനം തടയാത്ത സര്‍ക്കാറിനെ പുറത്താക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.

കാശ്മീരി പണ്ഡിറ്റുകളുടെ ‘പാലായനം’ ചൂണ്ടികാണിച്ചു കൊണ്ട് കൈരാന ‘കാശ്മീര്‍ ആക്കാനുള്ള’ ശ്രമമാണ് നടക്കുന്നതെന്ന് ബി.ജെ.പി നേതാക്കള്‍ യോഗത്തില്‍ ആരോപിച്ചു. കൈരാന വിട്ട് പോകുന്ന ഹിന്ദു കുടുംബങ്ങള്‍ക്കുള്ള തെളിവായി 346 പേരുടെ ഒരു പട്ടിക കഴിഞ്ഞാഴ്ച്ച ഹുകും സിംഗ് പുറത്ത് വിട്ടിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന് മുമ്പാകെ ഒരു പരാതിയും ഫയല്‍ ചെയ്തിരുന്നു, അതനുസരിച്ച് കമ്മീഷന്‍ സംസ്ഥാന സര്‍ക്കാറിന് നോട്ടീസ് അയക്കുകയും ചെയ്തു.

എന്നാല്‍ ബി.ജെ.പി യോഗം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം പറഞ്ഞതെല്ലാം സിംഗ് പിന്‍വലിച്ചു. ഇപ്പോള്‍ അദ്ദേഹം പറഞ്ഞത്, ‘അബദ്ധവശാല്‍ എന്റെ സംഘത്തിലെ ആരോ ഹിന്ദു കുടുംബങ്ങളെ കുറിച്ച് പറയുകയുണ്ടായി. അത് മാറ്റാന്‍ ഞാന്‍ അവരോട് പറഞ്ഞിട്ടുണ്ട്. ഇതൊരു ഹിന്ദു-മുസ്‌ലിം പ്രശ്‌നമല്ലെന്ന നിലപാടില്‍ ഞാന്‍ ഉറച്ച്‌നില്‍ക്കുന്നു. ഭീഷണി മൂലം കൈരാന വിട്ട് പോകാന്‍ നിര്‍ബന്ധിതരായ ആളുകളുടെ ഒരു പട്ടിക മാത്രമാണത്.’

അപ്പോഴേക്കും പ്രസ്തുത പട്ടിക രണ്ട് ദേശീയ ദിനപത്രങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. യു.പി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. ‘മരണപ്പെട്ടു പോയവര്‍, അവരില്‍ തന്നെ 10 വര്‍ഷം മുമ്പ് കൈരാന വിട്ട് പോയവരുണ്ട്, കുട്ടികളുടെ മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന് വേണ്ടി മാറിതാമസിച്ചവര്‍, ജോലിയാവശ്യാര്‍ത്ഥം കൈരാന വിട്ടുപോയവര്‍ തുടങ്ങിയവരുടെ പേരുകളാണ് പട്ടികയില്‍ ഉള്ളത്’ എന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. (ഇന്ത്യന്‍ എക്‌സ്പ്രസ്സ്14ജൂണ്‍ 2016) മുസ്‌ലിം ഗ്യാങുകള്‍ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുകയാണെന്ന് ആരോപിക്കപ്പെട്ടിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള മുഖിം കാലയുടെ പേരിലായിരുന്നു അതിലൊരു സംഘം. കഴിഞ്ഞ വര്‍ഷം മുഖിം കാലയെ അറസ്റ്റ് ചെയ്തപ്പോള്‍ അയാള്‍ക്കെതിരെ 14 കൊലപാതക കേസുകള്‍ ഉണ്ടായിരുന്നു. ഇരകളില്‍ മൂന്ന് പേര്‍ ഹിന്ദുക്കളും, 11 പേര്‍ മുസ്‌ലിംകളുമായിരുന്നു എന്നതാണ് ആശ്ചര്യമുണര്‍ത്തുന്നത്. മറ്റൊരു റിപ്പോര്‍ട്ട് അനുസരിച്ച്, ഹുകും സിംഗ് നല്‍കിയ പട്ടികയിലെ 119 പേരെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അതില്‍ 66 പേരും 5 വര്‍ഷം മുമ്പ് തന്നെ കൈരാന വിട്ടു പോയതായി പ്രദേശിക ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്. (ഹിന്ദുസ്ഥാന്‍ ടൈംസ് 14 ജൂണ്‍ 2016)

അപ്പോള്‍ നാം എന്തിനാണ് സാക്ഷ്യംവഹിച്ചു കൊണ്ടിരിക്കുന്നത്? ഒരു നോവല്‍ പോലെ, യു.പിയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് നിന്നും ഹിന്ദുക്കള്‍ പാലായനം ചെയ്യുന്നു എന്ന തരത്തില്‍ ഒരു വിര്‍ഗീയ വിഷയം നിര്‍മിച്ചു കൊണ്ടിരിക്കുകയാണ് ബി.ജെ.പി. അതിനെ കാശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപാലായനത്തോട് ഉപമിച്ച് കൊണ്ട് രാജ്യത്തുടനീളം വര്‍ഗീയ വികാരം ഇളക്കിവിട്ട് സംഭവത്തെ ആളികത്തിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അതിനേക്കാളുപരി ഭരണപാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ തന്നെ സിംഗ് പിന്‍വലിച്ച ആരോപണത്തെ പിന്തുണച്ച് കൊണ്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യപ്രസ്താവനകള്‍ നടത്തിയിരുന്നു.

മുംബൈ, അഹ്മദാബാദ് തുടങ്ങിയ നഗരങ്ങളില്‍ ബോധപൂര്‍വം തന്നെയാണ് മുസ്‌ലിം ചേരികള്‍ നിര്‍മിച്ചിരിക്കുന്നത്. 1992-93-ലെ മുംബൈ കലാപത്തിന് ശേഷം, ചേരിവല്‍ക്കരണം വളരെയധികം ശക്തിപ്പെടുകയുണ്ടായി, പ്രത്യേകിച്ച് മുംബ്ര, ബെഹന്ദി ബസാര്‍, ജോഗേഷ്വരി എന്നിവിടങ്ങളില്‍. മുംബൈ കോസ്‌മോപൊളിറ്റനില്‍ ബില്‍ഡര്‍മാര്‍ മുസ്‌ലിംകള്‍ക്ക് ഫഌറ്റുകള്‍ വില്‍ക്കുന്നതും, വാടകക്ക് നല്‍കുന്നതും നിര്‍ത്തിവെച്ചിരിക്കുകയാണ്. അഹ്മദാബാദില്‍ നിലനില്‍ക്കുന്ന സമാനവും ശക്തവുമായ വിവേചനമാണ് ജുഹാന്‍പൂര പോലെയുള്ള ചേരിപ്രദേശങ്ങളുടെ സൃഷ്ടിപ്പിലേക്ക് നയിച്ചത്. പൗരാവകാശങ്ങളും, മറ്റു സേവനങ്ങളും നിഷേധിക്കുന്നതിന് പുറമെ, ഇത്തരം പ്രദേശങ്ങളെ ‘മിനി പാകിസ്ഥാന്‍’ എന്നാണ് വര്‍ഗീയവാദികള്‍ വിശേഷിപ്പിക്കുന്നത്.

കൈരാനയുടെ അയല്‍പ്രദേശമായ മുസ്സഫര്‍നഗറില്‍, അക്രമസംഭവങ്ങളെ തുടര്‍ന്ന് മുസ്‌ലിംകള്‍ കൂട്ടപാലായനം ചെയ്തിരുന്നു. ലൗവ് ജിഹാദുമായി ബന്ധപ്പെട്ടും, രണ്ട് ചെറുപ്പക്കാരെ മുസ്‌ലിംകളെന്ന് തോന്നിപ്പിക്കുന്ന ഒരു സംഘം ആളുകള്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ബി.ജെ.പി നിയമസഭാംഗം പ്രചരിപ്പിച്ചതുമാണ് മുസ്സഫര്‍നഗറില്‍ അക്രമം പൊട്ടിപ്പുറപ്പെടാന്‍ കാരണമായത്. പ്രസ്തുത വീഡിയോ ക്ലിപ്പ് പാകിസ്ഥാനില്‍ നിന്നുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. പാകിസ്ഥാനില്‍ നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ട ഒരു വീഡിയോ ക്ലിപ്പായിരുന്നു അത്.

അനന്തരഫലം അതിഭീകരമായിരുന്നു, മുസ്‌ലിം വീടുകള്‍ ആക്രമിക്കപ്പെടുന്നതിലേക്കാണ് അത് നയിച്ചത്. ഒരുപാട് ഗ്രാമങ്ങള്‍ ‘മുസ്‌ലിം മുക്ത പ്രദേശങ്ങള്‍’ ആയി പരിവര്‍ത്തിപ്പിക്കപ്പെട്ടു. യു.പിയില്‍ തന്നെ ബീഫ് വിഷയം വീണ്ടും ഉപയോഗിക്കപ്പെട്ടു, മുഹമ്മദ് അഖ്‌ലാക്കിന്റെ കൊലപാതകത്തിലേക്കാണ് അത് നയിച്ചത്. രണ്ടാമത് പുറത്ത് വന്ന ലബോററ്ററി റിപ്പോര്‍ട്ടില്‍ അഖ്‌ലാക്ക് കഴിച്ചത് ബീഫാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് എട്ട് മാസത്തിന് ശേഷം വിഷയം വീണ്ടും പൊന്തിവന്നിരിക്കുകയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് മഹാ-പഞ്ചായത്തുകളും സജീവമായി തുടങ്ങിയിരിക്കുന്നു.

സംസ്ഥാനത്ത് വ്യാപിച്ചു കൊണ്ടിരിക്കുന്ന വര്‍ഗീയ വിഷത്തിന്റെ വീര്യം വര്‍ദ്ധിപ്പിക്കുന്ന രീതിയുള്ള അടിസ്ഥാന രഹിതമായ പ്രചാരണങ്ങളാണ് ചില ടി.വി ചാനലുകളും, പത്രമാധ്യമങ്ങളും ചേര്‍ന്ന് നിലവിലെ സാഹചര്യത്തില്‍ നടത്തി കൊണ്ടിരിക്കുന്നത്. ഓരോ വര്‍ഗീയകലാപത്തിന് ശേഷവും, തെരഞ്ഞെടുപ്പില്‍ എല്ലായ്‌പ്പോഴും ബി.ജെ.പി നേട്ടങ്ങള്‍ കൊയ്യാറുണ്ടെന്ന് യേല്‍ യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠനം ചൂണ്ടികാട്ടുന്നുണ്ട്. തീ ആളികത്തിക്കാനുള്ള മറ്റൊരു ശ്രമമായിരുന്നു കൈരാന സംഭവം. പക്ഷെ മാധ്യമവെളിപ്പെടുത്തലുകള്‍ നിലനില്‍ക്കെ തന്നെ, ഹുകും സിംഗും ബി.ജെ.പിയും തങ്ങളുടെ ‘പാലായന’ പ്രചാരണം പിന്‍വലിക്കുമോ അതോ അതുമായി മുന്നോട്ട് പോകുമോ എന്ന് കണ്ടറിയുക തന്നെ വേണം.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം: Countercurrents.org

Related Articles