Current Date

Search
Close this search box.
Search
Close this search box.

കലകള്‍ സമൂഹത്തിന് വേണ്ടിയാവട്ടെ

സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ തിരശ്ശീല ഉയര്‍ന്നിരിക്കുന്നു. സ്വദേശത്തും വിദേശത്തുമുള്ള കലാപ്രേമികളെല്ലാം കലോല്‍സവ വേദികളിലേക്ക് സാകൂതം ഉറ്റുനോക്കുന്ന ഈ സന്ദര്‍ഭത്തില്‍ കലയെ കുറിച്ച ആലോചനകള്‍ക്ക് പ്രസ്‌ക്തിയേറെയുണ്ട്. ഒരു സാംസ്‌കാരിക സമൂഹത്തില്‍ കലാരൂപങ്ങള്‍ക്കുളള പ്രസക്തിയെ ആര്‍ക്കും അവഗണിക്കാനാവില്ല. സമൂഹത്തിലെ അനീതികള്‍ക്കും അധാര്‍മികതകള്‍ക്കും എതിരെ ഉയര്‍ന്ന ശക്തമായ ഒരു മാധ്യമായിട്ടാണ് എന്നും കലയും കലാകാരന്‍മാരും നിലകൊണ്ടിരുന്നത്. കുഞ്ചന്‍ നമ്പ്യാരുടെ ആവിഷ്‌കാരമായ തുള്ളല്‍ സമൂഹത്തിലെ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്തത് എങ്ങനെയെന്ന് നമുക്കെല്ലാം അറിയാം. സമൂഹത്തിലെ തിന്മകളെ നര്‍മം കലര്‍ത്തിയ വരികളിലൂടെ അതിരൂക്ഷമായി തന്നെ അദ്ദേഹം വിമര്‍ശിച്ചു. കേരളത്തില്‍ ഇടതുപക്ഷ ചിന്ത സാധാരണ ജനങ്ങളിലേക്ക് എത്താനുള്ള മാധ്യമമായി സ്വീകരിച്ചതും കലാരൂപങ്ങളെയായിരുന്നുവെന്ന് കാണാം. ഇവ്വിധമെല്ലാം സമൂഹത്തെ അടിമുടി സ്വാധീനിക്കാന്‍ ശേഷിയുള്ള കലാരൂപങ്ങളെ ക്രിയാത്മകവും സമൂഹത്തിന് ഗുണകരവുമായ രീതില്‍ ഉപയോഗപ്പെടുത്താന്‍ ഉതകുന്നതായിരിക്കണം കലോല്‍സവങ്ങളും മത്സരങ്ങളും.

എന്നാല്‍ ഇന്ന് എല്ലാറ്റിനെയും പോലെ കലാരംഗവും കച്ചവടവല്‍കരിക്കപ്പെട്ടിരിക്കുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. അതിന്റെ ഏറ്റവു വലിയ തെളിവാണ് ഓരോ കലോല്‍സവ വേദികളിലും കാണുന്ന അപ്പീലുകളുടെ ആധിക്യം. ധാര്‍മിക മൂല്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളേണ്ട കലകള്‍ പോലും അധാര്‍മികതയുടെ ഉപകരണമായി മാറിയിരിക്കുന്നു. മത്സരങ്ങളില്‍ മക്കള്‍ ഒന്നാം സ്ഥാനത്ത് എത്തേണ്ടത് രക്ഷിതാക്കളുടെ അന്തസിന്റെയും അഭിമാനത്തിന്റെയും പ്രശ്‌നമായിരിക്കുന്നു. അതിനു വേണ്ടി എത്ര പണമൊഴുക്കാനും ചില രക്ഷിതാക്കള്‍ തയ്യാറാകുമ്പോള്‍ തഴയപ്പെടുന്നത് യോഗ്യതയുള്ള കൊച്ചു കലാകാരന്‍മാരാണ്. അതിന് കൂട്ടുനില്‍ക്കുന്ന വിധികര്‍ത്താക്കള്‍ യഥാര്‍ത്ഥത്തില്‍ കലയെ ഒറ്റുകൊടുക്കുകയാണ് ചെയ്യുന്നതെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. ഇതിനിടയിലും അത്തരം പ്രലോഭനങ്ങള്‍ക്കൊന്നും വഴങ്ങാതെ നിഷ്പക്ഷരായി വിധിയെഴുതുന്ന വിധികര്‍ത്താക്കളുടെ ശ്രമം സ്വാഗതാര്‍ഹമാണ്.

പണത്തിന്റെ മാത്രം പിന്‍ബലത്തില്‍ കലാമത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അത് കേവലം മത്സര ഇനം മാത്രമാണ്. അത്തരക്കാര്‍ പ്രോത്സാഹിപ്പിക്കപ്പെടുമ്പോള്‍ കലയുടെ ആത്മാവിനും അന്തസത്തക്കുമാണ് ക്ഷതമേല്‍പ്പിക്കപ്പെടുന്നതെന്ന് നാം വിസ്മരിക്കരുത്. ഇന്ന് ഒരു കലാകാരനെ വേദിയില്‍ കയറ്റുക എന്നത് തന്നെ വലിയ സാമ്പത്തിക ബാധ്യതയുള്ള കാര്യമാണ്. അതോടൊപ്പം വിധികര്‍ത്താക്കളെ സ്വാധീനിക്കാന്‍ കൂടി പണം ആവശ്യമാണെന്ന് വരുമ്പോള്‍ പാവപ്പെട്ടവന് തികച്ചും അന്യമായ ഒന്നായി കലോല്‍സവ വേദികള്‍ മാറുന്നു. കൂടുതല്‍ സാമ്പത്തിക ചെലവുള്ള മത്സരങ്ങളില്‍ അപ്പീല്‍ വര്‍ധിക്കുന്നതിന്റെ കാരണവും അത് തന്നെയാണ്. പണത്തിന്റെയും സ്വാധീനത്തിന്റെയും മറവില്‍ അനര്‍ഹമായത് മക്കള്‍ക്ക് വാങ്ങി കൊടുക്കുന്നവര്‍ തട്ടിപ്പിന്റെ ആദ്യപാഠങ്ങളാണ് അവരിലേക്ക് പകര്‍ന്നു നല്‍കുന്നത്. മാതൃകയാവേണ്ടവരില്‍ നിന്ന് തന്നെ സത്യസന്ധതക്കും ധാര്‍മിക മൂല്യങ്ങള്‍ക്കും ഒരു വിലയുമില്ലെന്ന പാഠം അവര്‍ കൊച്ചുനാളില്‍ തന്നെ കരസ്ഥമാക്കുന്നു. എല്ലാറ്റിന്റെയും അടിസ്ഥാന മാനദണ്ഡം പണമാണെന്ന് ചെറുപ്പത്തില്‍ തന്നെ മനസ്സിലാക്കിയ അത്തരക്കാര്‍ വളര്‍ന്നു വരുമ്പോള്‍ അവരില്‍ നിന്ന് ധാര്‍മിക മൂല്യങ്ങള്‍ പ്രതീക്ഷിക്കുന്നതിന് എന്ത് ന്യായമാണുള്ളത്! കല കലക്ക് വേണ്ടി നിലകൊള്ളുന്നതിന് പകരം സമൂഹത്തിന് വേണ്ടിയായിരിക്കണമെന്ന തത്വത്തിന്റെ പ്രസക്തി മനസ്സിലാക്കി കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണിന്നാവശ്യം.

Related Articles