Current Date

Search
Close this search box.
Search
Close this search box.

കര്‍ഷകന്‍ ജീവനൊടുക്കിയതല്ല; സര്‍ക്കാര്‍ ജീവനെടുത്തതാണ്

കാടുവെട്ടിത്തെളിച്ച് നാഗരികത എത്രതന്നെ വികാസം പ്രാപിച്ചാലും ശുദ്ധമണ്ണും മണ്ണറിഞ്ഞ് പെരുമാറാനറിയുന്ന ആദര്‍ശ കര്‍ഷകനും നിലനില്‍ക്കേണ്ടത് അനിവാര്യമാണ്. ജനിതക ഘടനയില്‍ മാറ്റം വരുത്തി കൃത്രിമമായി വിളകള്‍ ഉല്‍പാദിപ്പിക്കുന്ന സംവിധാനങ്ങള്‍ നാം വികസിപ്പിച്ചെടുത്തിട്ടുണ്ടല്ലോ എന്ന ആലസ്യം മുറ്റിനില്‍ക്കുന്ന ഉത്തരത്തിന് നേര്‍ക്ക് എന്തു കൊണ്ട് ഇത്രയധികം രോഗങ്ങള്‍ ഭൂമിയില്‍ പ്രത്യക്ഷപ്പെട്ടു? എന്താണ് മരുന്നു കമ്പനികള്‍ ഇത്രകണ്ട് തഴച്ചു വളരാന്‍ കാരണം? മുക്കിലും മൂലയിലും പൊങ്ങി വരുന്ന ഭീമാകാരമായ ആശുപത്രികള്‍ക്ക് പിന്നിലുള്ള രഹസ്യമെന്താണ്? തുടങ്ങി ചോദ്യങ്ങള്‍ കണ്‍തുറക്കുന്നുണ്ട്.

കൃഷി അന്യം നിന്നു പോയാലുണ്ടാകുന്ന ദുരന്തങ്ങളെ കുറിച്ച് എവിടെയെങ്കിലും ഒന്ന് വായിക്കുമ്പോഴേക്ക് അല്ലെങ്കില്‍ കേള്‍ക്കുമ്പോഴേക്ക് ഒരു നിമിഷനേരത്തേക്കൊന്ന് ഉള്ളം കിടുങ്ങുമെങ്കിലും, വികസനാഘോഷ പെരുമ്പറ മുഴക്കലിന്റെയും, വര്‍ണ്ണവിസ്മയങ്ങളുടെയും, അംബരചുംബന സമരത്തിലേര്‍പ്പെട്ടിരിക്കുന്ന ബഹുരാഷ്ട്ര-ബഹുനില കെട്ടിടങ്ങളുടെ ആകാരാശ്ചര്യങ്ങളുടെയും ശബ്ദകോലാഹളങ്ങളില്‍ ഉള്‍ക്കിടിലങ്ങളെല്ലാം ഉന്മാദമായി പരിണമിക്കാറാണ് പതിവ്. അതോടുകൂടി വയല്‍നിലങ്ങള്‍ ആണവനിലയങ്ങളായി മാറുന്നതിനെ വൈറ്റ്‌കോളര്‍ സ്വപ്‌നത്തോട് നാം ചേര്‍ത്തു വെക്കും.

എന്തു കൊണ്ട് ജീവവ്യവസ്ഥ സജീവമായി നിലനിര്‍ത്തിക്കൊണ്ടുപോകുന്നതില്‍ ഒന്നുകൊണ്ടും പകരംവെക്കാന്‍ കഴിയാത്ത മൗലികമായ പങ്കു വഹിക്കുന്ന കാര്‍ഷിക തൊഴില്‍ മേഖലയില്‍പെട്ടവര്‍ മാത്രം വ്യാപകമായി ആത്മഹത്യ ചെയ്യുന്നു എന്ന ചോദ്യത്തെ സ്വയംമുന്നിട്ടറങ്ങി അഭിമുഖീകരിക്കാന്‍ ധാര്‍മിക ബോധമുള്ളവര്‍ അനിവാര്യമായും തയ്യാറാവേണ്ടതുണ്ട്. നാം നല്‍കുന്ന നികുതിപ്പണം കൈപ്പറ്റുന്നവര്‍ ആരാണോ അവരിലേക്ക് തന്നെയാണ് പ്രാഥമിക ശ്രദ്ധതിരിയേണ്ടത്. അധികാരികളുടെ ബോധപൂര്‍വ്വവും, വ്യവസ്ഥാപിതവുമായ അശ്രദ്ധയാല്‍ ഉത്തരത്തില്‍ കെട്ടിതൂങ്ങാന്‍ സ്വയംസന്നദ്ധരായവരില്‍ നിന്നും നമ്മുടെ ശ്രദ്ധതിരിക്കാനാണ്, വികസനത്തിന്റെ പുറംമോടിക്കാഴ്ച്ചകള്‍ നിറച്ച ഫ്ലക്സ് ബോര്‍ഡുകള്‍ സര്‍ക്കാര്‍ വഴിയോരങ്ങളില്‍ കെട്ടിതൂക്കുന്നത് എന്ന കാര്യം ബോധമുള്ളവര്‍ക്ക് ബോധ്യപ്പെടും.

കര്‍ഷക ആത്മഹത്യകളുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഒരുകാരണവശാലും ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്ന് സര്‍ക്കാറിനെ ബോധ്യപ്പെടുത്തുന്ന പ്രസ്താവന സുപ്രീംകോടതി കഴിഞ്ഞ ദിവസം നടത്തുകയുണ്ടായി. രാജ്യമെമ്പാടും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ആശ്വാസനടപടികളെടുക്കാതെ കൃഷിഭൂമി ഏറ്റെടുക്കുന്ന നയമാണ് സര്‍ക്കാറിന്റേതെന്നും, മൂന്നുലക്ഷം രൂപ കടം വാങ്ങിയ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ കോടികള്‍ കടം വാങ്ങിയവര്‍ തിരിച്ചടക്കാതെ സുഖിച്ചുജീവിക്കുകയാണെന്നും ജസ്റ്റിസുമാരായ വി. ഗോപാലഗൗഡ, ആര്. ഭാനുമതി എന്നിവരടങ്ങുന്ന ബെഞ്ച് കുറ്റപ്പെടുത്തി. ജനസംഖ്യയുടെ 60 ശതമാനം ആളുകളും ജോലിചെയ്യുന്ന കാര്‍ഷിക മേഖലക്ക് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് സുപ്രീംകോടതി തുറന്നു പറയുകയും ചെയ്തു.

സര്‍ക്കാറിനോട് ഇത്രമാത്രമാണ് ചോദിക്കാനുള്ളത്. എന്തു കൊണ്ടാണ് നിങ്ങള്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്നതിനായി കാത്തിരിക്കുന്നത്? കര്‍ഷകന്‍ മണ്ണിനോട് മല്ലിട്ടു കൊണ്ടിരിക്കുമ്പോള്‍ നല്‍ക്കേണ്ട ധനസഹായം, നിങ്ങളെന്തു കൊണ്ടാണ് അവനെ ആറടി മണ്ണിലടക്കുമ്പോള്‍ മാത്രം പ്രഖ്യാപിക്കുന്നത്? കൃഷിഭൂമി നട്ടുനനക്കുന്നതിനാവശ്യമായ ജലസേചന പദ്ധതികള്‍ നടപ്പാക്കാതെ നിങ്ങളെന്തു കൊണ്ടാണ് മദ്യസേവക്ക് സ്വകാര്യ സൗകര്യങ്ങള്‍ ഒരുക്കി, കോര്‍പ്പറേറ്റ് ഭീമന്‍മാരുടെ ആര്‍ത്തിപ്പൂണ്ട് ചീര്‍ത്ത വയര്‍ നിറക്കാന്‍ മാത്രം ഉത്സാഹപ്പെടുന്നത്?

വിശക്കുന്നവന് അന്നേരം ആഹാരം കൊടുക്കാതെ, വിശപ്പ് മൂത്ത് മരിച്ചതിന് ശേഷം ശവത്തിന് മേല്‍ റീത്ത് വെച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആളാവുന്ന വിലകുറഞ്ഞ മുഖംമിനുക്കല്‍ അടവുയുക്തി തന്നെയാണ് ഇവിടെയും പ്രവര്‍ത്തിക്കുന്നത്. ‘ഒരു കര്‍ഷകന്‍ കൂടി സ്വയം ജീവനൊടുക്കി’ എന്ന വാര്‍ത്തയുടെ വരികള്‍ക്കിടയില്‍ ‘സര്‍ക്കാറാണ് ആ കര്‍ഷകന്റെ ജീവനെടുത്തത്’ എന്ന് വായിക്കാന്‍ ശ്രമിക്കുകയും, ഓരോ കര്‍ഷക ആത്മഹത്യകളെയും ഭരണകൂട ഭീകരതയായി നാം മനസ്സിലാക്കാന്‍ തുടങ്ങുകയും ചെയ്യുന്നതു മുതലാണ് നമ്മുടെ സഹജീവി പ്രതിബദ്ധത ആരംഭിക്കുക.

Related Articles