Current Date

Search
Close this search box.
Search
Close this search box.

കരിനിയമങ്ങളും ഭരണകൂടങ്ങളുടെ കോര്‍പ്പറേറ്റ് താത്പര്യങ്ങളും

കഴിഞ്ഞയാഴ്ച കോഴിക്കോട് ടാഗോര്‍ ഹാളില്‍ പ്രമുഖ യുവജന സംഘടനയായ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് കേരളത്തിലെ കരിനിയമ കേസുകളുടെ ജനകീയ തെളിവെടുപ്പ് സംഘടിപ്പിക്കുകയുണ്ടായി. കേരളത്തില്‍ നൂറ്റി ഇരുപതിലേറെ പേര്‍ UAPA നിയമ പ്രകാരം ഇന്ത്യയിലെ വിവിധ കോടതിയില്‍ കേസുകള്‍ നേരിടുന്നുണ്ട്. മിക്കപേരും ഇപ്പോള്‍ വിചാരണതടവുകാരുമാണ്. അവരില്‍ ബഹുഭൂരിപക്ഷവും മുസ്‌ലിങ്ങളാണ്. ബാക്കിയുള്ളവര്‍ ദലിതുകളും പിന്നാക്ക സമൂദായങ്ങളില്‍ പെട്ടവരുമാണ്. കോഴിക്കോട് നടന്ന തെളിവെടുപ്പില്‍ പതിനാലു വ്യക്തികളുടെ കേസുകളാണ് വന്നത്. അതും അതല്ലാത്തതുമായ എല്ലാ UAPA കേസുകളും കെട്ടിച്ചമയക്കപ്പെട്ടതാണെന്നാണ് കാര്യങ്ങള്‍ പഠിച്ചാല്‍ ബോധ്യപ്പെടുക. തെളിവെടുപ്പിലൂടെ അവിടെയുള്ളവര്‍ക്കും ബോധ്യപ്പെട്ടതും അതുതന്നെയാണ്. കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളില്‍ നില നില്‍ക്കുന്ന ഇത്തരം കരിനിയമങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരും വിചാരണ തടവുകാരും ചില അപവാദങ്ങളൊഴിച്ചാല്‍ മുസ്‌ലിങ്ങള്‍ ദലിതുകള്‍ ആദിവാസികള്‍ തുടങ്ങിയവരാണെന്നു കാണാം.

ആധുനിക കാലത്ത് ഭരണകൂടങ്ങളുടെ വികസന മുദ്രാവാക്യങ്ങളും ഇത്തരം കരിനിയമങ്ങളുമായി പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ജനാധിപത്യമായി തെരെഞ്ഞെടുക്കപ്പെട്ടവരുള്‍പ്പെടെ ലോകത്തെ ഒട്ടുമിക്ക ഭരണകൂടങ്ങളും നിയന്ത്രിക്കപ്പെടുന്നത് കോര്‍പറേറ്റുകളാലാണ്. നിയമ നിര്‍മ്മാണ സഭകള്‍ മന്ത്രിസഭകള്‍ മറ്റ് ജനപ്രതിനിധി സഭകള്‍ എന്നിവയെ നോക്കുകുത്തകളാക്കി തീരുമാനങ്ങളെടുക്കുന്ന ഭരണ നിയന്ത്രണം കൈയ്യാളുന്നത്  മറ്റൊരു ഡീപ് സ്റ്റേറ്റാണ്. ഉന്നത സൈനികോദ്യോഗസ്ഥര്‍, പോലീസ് മേധാവികള്‍, മീഡിയ ജയിന്റുകള്‍, രാഷ്ട്രീയക്കാര്‍ എന്നിവരും വന്‍ വ്യവസായികളും തമ്മിലുള്ള അതിശക്ത കൂട്ടുകെട്ടാണ് ഈ ഡീപ് സ്റ്റേറ്റ്. ഇതിന്റെ താത്പര്യ സംരക്ഷണ് എതിരു നില്‍ക്കുന്നവരെ നിശബ്ദമാക്കുക എന്നതാണ് കരിനിയമങ്ങള്‍ നടപ്പാക്കുന്നവരുടെ താത്പര്യം.

എന്തുകൊണ്ട് മുസ്‌ലിങ്ങള്‍, ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, ദലിതര്‍… ഭരണകൂടങ്ങള്‍ക്കു ഇവര്‍ ശത്രുക്കളാകുന്നത് എന്തുകൊണ്ട്. മേല്‍ സൂചിപ്പിക്കപ്പെട്ട ഡീപ് സ്റ്റേറ്റിന്റെ താത്പര്യങ്ങളുടെ തടസ്സങ്ങളാണ് ഈ ജന വിഭാഗങ്ങള്‍. ആദിവാസികളും ദലിതരും മത്‌സ്യബന്ധനമടക്കുള്ള വിഭവങ്ങള്‍ കൈകാര്യം ചെയ്യന്ന പരമ്പാരഗത തൊഴില്‍ സമൂഹവുമാണ് നമ്മുടെ രാജ്യത്തെ അടിസ്ഥാന വിഭവങ്ങളുടെ സംരക്ഷകരും സൂക്ഷിപ്പുകാരും. ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒഡീഷ, ചത്തിസ്ഗഢ്, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇരുമ്പുരുക്ക് ഖനികളടക്കമുള്ളവയുടെ വന്‍ നിക്ഷേപമുള്ളത്. അവരുടെ സ്വത്വം (Identity) ഉയര്‍ത്തിയുള്ള മുന്നേറ്റം എന്നത് കോര്‍പ്പറേറ്റുകളുടെ വിഭവങ്ങളിലുള്ള കൈയേറ്റശ്രമത്തിനുള്ള വലിയ തടസ്സമാണ്. ദലിതരുടെ കാര്യവും മറിച്ചല്ല. ദലിത് ആദിവാസി സ്വത്വമുന്നേറ്റങ്ങളെ തടയിടാന്‍ അവര്‍ ക്രമിനലുകളും ഭീകരരുമായി എന്നു മുദ്രകുത്തുകയേ കോര്‍പ്പറേറ്റുകളുടെ മുന്നില്‍ വഴിയുള്ളൂ. അതിനായി അധികാര ശക്തിയുള്ള ഡീപ് സ്റ്റേറ്റിനെ ഉപയോഗിച്ചുകൊണ്ട് കരിനിയമങ്ങള്‍ സൃഷ്ടിച്ചെടുക്കുകയാണിവിടെ.

ദലിത് ആദിവാസി വിഭാഗങ്ങളെപ്പോലെ രാജ്യത്തെ ചെറുത്തുനില്‍പ് പ്രസ്ഥാനങ്ങള്‍ക്കു നേരെയും കരിനിയമങ്ങള്‍ ഭരണകൂടം പ്രയോഗിക്കുന്നുണ്ട്. ഒഡീഷയിലെ പോസ്‌കോ വിരുദ്ധ സമരത്തിനു നേരെയും കൂടംകുളം ആണവനിലയ വിരുദ്ധസമരത്തിനു നേരെയും കരിനിയമങ്ങളുപയോഗിച്ചുള്ള അടിച്ചമര്‍ത്തലുകള്‍ക്കു ഭരണകൂടം മുന്നോട്ടു വന്നത് ഇതേ കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ക്കായാണ്. ഇവിടെയും സമരത്തില്‍ അണിചേര്‍ന്നത് മത്സ്യതൊഴിലാളികളും കര്‍ഷകരുമൊക്കെയാണ്. മഹാ ഭൂരിപക്ഷവും പിന്നാക്ക വിഭാഗങ്ങളില്‍പെട്ടവരുമാണ്.

പ്രത്യക്ഷത്തില്‍ കോര്‍പ്പറേറ്റുകള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പില്‍ ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തെ വ്യാപകമായി കാണാന്‍ കഴിയില്ല. കേരളത്തിലെ സോളിഡാരിറ്റി യൂത്തമൂവ്‌മെന്റ് അടക്കമുള്ളവരെ മാറ്റി നിര്‍ത്തിക്കൊണ്ടല്ല ഇതുപറയുന്നത്. കര്‍ഷക സമൂഹമെന്ന നിലയില്‍ പശ്ചിമ ബംഗാളിലെ നന്ദിഗ്രാം സിംഗൂര്‍ പ്രക്ഷോഭങ്ങളില്‍ മുസ്‌ലിം സമൂഹമുണ്ടായിരുന്നുവെങ്കിലും ദലിത് ആദിവാസി വിഭാഗങ്ങളെപ്പോലെ തങ്ങളുടെ മുസ്‌ലിം സ്വത്വം നിലനിര്‍ത്താനുള്ള പോരാട്ടമായിരുന്നില്ല അത്.  കരിനിയങ്ങളുടെ ഇരകളായതില്‍ ഏറ്റവും വലിയ വിഭാഗം മുസ്‌ലിം സമൂഹമായതെങ്ങനെ എന്നന്വേഷിക്കുമ്പോള്‍ മുസ്‌ലിം സമുദായ സ്വത്വം എന്ന നിലയില്‍ നിന്ന് ഇസ്‌ലാമിന്റെ സാമൂഹ്യരാഷ്ട്രീയ നിലപാടുകളെ നിരീക്ഷിക്കേണ്ടിവരുന്നത്.  ചൂഷാണിധിഷ്ഠിതമായ കോര്‍പ്പറേറ്റ് സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുന്നതാണ് ഇസ്‌ലാമിന്റെ സാമൂഹ്യമാനം. സാമ്രാജ്യത്വ വിരുദ്ധവും പരിസ്തിതി സൗഹൃദവുമായ വികസന കാഴ്ചപ്പാട് ഇസ്‌ലാമം മുന്നോട്ട വയക്കുന്നുണ്ട്. ഇസ്‌ലാമിന്റെ ആ പ്രതിനിധാനത്തെ സമൂഹത്തിന് മുന്നിലെത്തിക്കാനുള്ള അവസരം സൃഷ്ടിക്കരുത് എന്നതാണ് കോര്‍പ്പറേറ്റുകളുടെയും ഡീപ് സ്റ്റേറ്റിന്റേയും താത്പര്യം.

ഇന്ത്യയെപ്പോലെ താരതമ്യേന പുരോഗമനാത്മകവും പരിഷ്‌കൃതവുമായ ജനാധിപത്യകാഴ്ചപ്പാടുള്ള രാജ്യത്ത് അതതനുസരിച്ച അന്തരീക്ഷം രൂപപ്പെട്ടാല്‍ കോര്‍പ്പറേറ്റുവിരുദ്ധ ഗുണാത്മക സമീപനത്തെ അതിവേഗം പ്രബോധനം ചെയ്യപ്പെടാനുള്ള അവസരം സൃഷ്ടിക്കും. അത് തടയിടണമെങ്കില്‍ ഇസ്‌ലാമിക സമൂഹത്തെ അവരുടെ ഇസ്‌ലാമിന്റെ സാമൂഹ്യ പ്രതിനിധാനത്തെ പ്രബോധനം ചെയ്യുന്നതില്‍ നിന്ന് സ്വത്വം നിലനിര്‍ത്താനുള്ള പോരാട്ടത്തിലേക്ക് പരിവര്‍ത്തിപ്പിക്കണം. ഇതിനുള്ള കോര്‍പ്പറേറ്റ് ഗൂഢ തന്ത്രം തന്നെയാണ് ഇന്ത്യയിലെ ഭരണകൂടങ്ങളുടെ മുസ്‌ലിം വേട്ട.

ഇന്ന് മുസ്‌ലിം സമൂഹത്തിലെ സംഘടനകള്‍ വ്യക്തികള്‍ ബുദ്ധിജീവികള്‍ തുടങ്ങിയവര്‍ക്ക് നിരന്തരമായി മുസ്‌ലിം സമുദായത്തിന്റെ സ്വത്വ സംരക്ഷണവുമായി ബന്ധപ്പെട്ട് ഇടപെടേണ്ടിവരുന്നു. എന്നുമാത്രമല്ല  ഇസ്‌ലാമിന്റെ സാമൂഹ്യ പ്രതിനിധാനത്തിന്റെ പ്രബോധനത്തിനായി നിലകൊള്ളുന്ന മുസ്‌ലിം സമുദായത്തിലെ വിവിധ ഗ്രൂപ്പകള്‍ക്കും തങ്ങളുടെ വലിയ മേഖലയായി കരിനിയമങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍ മാറ്റേണ്ടി വന്നിട്ടുണ്ട്.
 
തങ്ങളുടെ നിഗൂഢ സ്ഥാപിത താത്പര്യങ്ങള്‍ രാജ്യത്ത് നടപ്പാക്കണമെങ്കില്‍ എല്ലാ എതിര്‍ ശബ്ദങ്ങളും ജനാധിപത്യ അന്തരീക്ഷവും ഇല്ലാതാകണമെന്ന ഭരണകൂടത്തിന്റെ അഭിലാഷമാണ് കരിനിയമങ്ങള്‍ നടപ്പാക്കുന്നതിലൂടെ സ്ഥാപിക്കപ്പെടുന്നത്. രാജ്യത്തെ പുതിയ ഭരണകൂടം മുന്‍ ഭരണകൂടങ്ങള്‍ നടപ്പില്‍ വരുത്തിയതിനേക്കാള്‍ ശക്തമായി ഇത് നടപ്പാക്കാനാണ് സാധ്യത. ഇതിന് തടസ്സം നില്‍ക്കുന്ന ജനവിഭാഗങ്ങളെ ഉന്‍മൂലനം ചെയ്താല്‍ അവര്‍ക്കു കാര്യങ്ങള്‍ എളുപ്പമാകും. ഇതിന് തടയിടാന്‍ യോജിച്ച വലിയ പോരാട്ടം അനിവാര്യമാണ്. ജനകീയ സമരങ്ങള്‍, ദലിത് ആദിവാസി ജനവിഭാഗങ്ങള്‍, ജനാധിപത്യ അന്തരീക്ഷം രാജ്യത്ത് നിലനില്‍ക്കണെമന്നാഗ്രഹിക്കുന്നവര്‍, നിയമജ്ഞര്‍ തുടങ്ങിയവരെല്ലാം ഒന്നിച്ചണിനിരക്കേണ്ടതുണ്ട്.

NB: കരിനിയമങ്ങള്‍ എന്ന പദപ്രയോഗത്തിനെതിരെ വ്യാപകമായ എതിര്‍പ്പുകളുയരാറുണ്ട്. അതൊക്കെ ന്യായമണുതാനും. Draconian law , Repressive law എന്നൊക്കെ ഇംഗ്ലീഷില്‍ പ്രയോഗിക്കുന്നതുപോലെ കരുത്തുള്ള മലയാള പദം കിട്ടുകയാണെങ്കില്‍ കരിനിയമങ്ങള്‍ എന്ന പദം ഉപേക്ഷിക്കേണ്ടതുമാണ്..

[email protected]

Related Articles