Current Date

Search
Close this search box.
Search
Close this search box.

കച്ചവടവല്‍കരിക്കപ്പെട്ട നന്മകല്‍പിക്കല്‍

വ്യക്തികളുടെയും സമൂഹങ്ങളുടെയും സംസ്‌കരണത്തില്‍ ഉദ്‌ബോധനങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും വലിയ സ്ഥാനമുണ്ടെന്നത് നിരാകരിക്കാനാവില്ല. അതുകൊണ്ട് തന്നെയായിരിക്കാം വിശ്വാസി സമൂഹം അതിന് ഏറെ പ്രധാന്യം കല്‍പിച്ചതും പ്രോത്സാഹനം നല്‍കിയതും. എന്നാല്‍ ഒരു കാലത്ത് ദീന്‍ പഠിക്കാനുള്ള സംവിധാനങ്ങളായിരുന്ന മതപ്രഭാഷണങ്ങളും വഅദ് പരമ്പരകളും അതിന്റെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കുന്നുവോ എന്നാശങ്കപ്പെടേണ്ടിയിരിക്കുന്നു. സമൂഹത്തെ സംസ്‌കരിക്കുക എന്ന ഉദ്ദേശ്യത്തില്‍ നിന്നത് വ്യക്തികളെയും സ്ഥാപനങ്ങളെയും ‘സംസ്‌കരിക്കുക’ എന്നതിലേക്ക് മാറിപ്പോയിട്ടില്ലേ?

കവലകളിലെല്ലാം ഉയര്‍ന്നു നില്‍ക്കുന്ന തട്ടമിട്ടതും തട്ടമിടാത്തതുമായ പ്രഭാഷണ കലയിലെ വിദഗ്ദരുടെ ഫ്ലക്‌സ് ബോര്‍ഡുകള്‍ നാം കാണുന്നുണ്ട്. ആളുകള്‍ക്ക് അറിവ് പകര്‍ന്നു കൊടുത്ത് അവരെ ഇസ്‌ലാമിന്റെ ശരിയായ അധ്യാപനങ്ങളിലേക്ക് നയിക്കുക എന്ന ഉദാത്ത ലക്ഷ്യത്തില്‍ കച്ചവടവല്‍കരിക്കപ്പെട്ട ഒന്നായി അത് മാറിയിരിക്കുന്നു എന്നതിന്റെ തെളിവുകളാണ് നാം കാണുന്നതും കേള്‍ക്കുന്നതും. എത്രത്തോളം ലാഭകരമായ ബിസിനസാണ് ഇതെന്ന് മനസ്സിലാക്കാല്‍ ഇത്തരത്തില്‍ ഫ്ലക്‌സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രഭാഷകരുടെ മണിക്കൂറുകളുടെ വില അന്വേഷിച്ചാല്‍ മാത്രം മതി. ഇതെല്ലാം കണ്ടിട്ടായിരിക്കാം മാഫിയകളുടെ കൂട്ടത്തില്‍ ഇതിനെയും ചേര്‍ത്ത് വായിക്കാന്‍ ചിലരെങ്കിലും ധൈര്യം കാണിച്ചത്.

ഇത്തരത്തില്‍ നടക്കുന്ന പ്രഭാഷണങ്ങള്‍ക്ക് തെരെഞ്ഞെടുക്കുന്ന വിഷയങ്ങളിലും സവിശേഷതകളുണ്ട്. ഒരു മുസ്‌ലിം അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട വിഷയങ്ങള്‍ മിക്കപ്പോഴും ഇങ്ങനെയുള്ള വേദികള്‍ക്ക് അന്യമാണ്. പകരം ആളുകളെ ത്രസിപ്പിച്ച് നിര്‍ത്തുന്നതും സ്ത്രീയെ മുഖ്യ കഥാപാത്രമാക്കി അവതരിപ്പിക്കുന്നതുമായ വിഷയങ്ങളാണ് അവക്ക് പഥ്യം. നരകത്തിലെ സ്ത്രീയെയും ദജ്ജാലിനെയും കുറിച്ച് പറഞ്ഞ് പേടിപ്പിച്ചും ലൈംഗികതയുടെ മേമ്പൊടി ചേര്‍ത്ത് ഹരംപിടിപ്പിച്ചുമാണ് പല പ്രഭാഷകരും സദസ്സിനെ കയ്യിലെടുക്കുന്നത്. അതിനായി ഉപയോഗിക്കുന്ന ഹദീഥുകളുടെയും ചരിത്രങ്ങളുടെയും ആധികാരിക വേറെ തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്.

ഓരോ വിശ്വാസിയുടെയും നിര്‍ബന്ധ ബാധ്യതയായ നന്മ കല്‍പിക്കലും തിന്മ തടയലുമാണ് ഇതിലൂടെ കച്ചവടവല്‍കരിക്കപ്പെടുന്നതെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ദീനിനെ കുറിച്ച് അറിവുള്ളവരുടെ ബാധ്യതയാണ് അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കല്‍. പാരത്രിക വിജ്ഞാനികളുടെ അടയാളങ്ങളില്‍ ഒന്നാമത്തേത് തന്റെ വിദ്യകൊണ്ട് അവന്‍ ഇഹലോകം തേടാതിരിക്കലാണെന്ന് ‘ഇഹ്‌യാ ഉലൂമുദ്ദീനില്‍’ ഇമാം ഗസാലി പറയുന്നു. ഇതുപോലും വിസ്മരിച്ചാണ് തങ്ങളുടെ പ്രഭാഷണങ്ങളില്‍ അടിക്കടി ഗസാലിയെ പോലും അത്തരക്കാര്‍ ഉദ്ധരിക്കുന്നത്. പരലോകം പറഞ്ഞ് കണ്ണീരൊഴുക്കി പണം സമാഹരിക്കുന്ന പ്രഭാഷണ വിദഗ്ദന്‍മാര്‍ വിളവു തിന്നുന്ന വേലിയായി മാറുകയാണ്. ‘അല്ലാഹു അവന്റെ വേദത്തിലവതരിപ്പിച്ച വിധിവിലക്കുകള്‍ പൂഴ്ത്തിവെക്കുകയും തുഛമായ ഐഹികലാഭങ്ങള്‍ക്കു വേണ്ടി വില്‍ക്കുകയും ചെയ്യുന്നവരുണ്ടല്ലോ, അവര്‍ വാസ്തവത്തില്‍ തങ്ങളുടെ ഉദരങ്ങളില്‍ നിറക്കുന്നത് തീയാകുന്നു.’ എന്നാണ് അല്ലാഹു താക്കീത് ചെയ്തിട്ടുള്ളതെന്ന് പ്രത്യേകം ഓര്‍ക്കുക.

Related Articles