Current Date

Search
Close this search box.
Search
Close this search box.

ഓര്‍മ്മയുണ്ടോ ഫല്ലൂജയെ..

അന്‍ബാറിന്റെ മകള്‍, യൂഫ്രട്ടീസിന്റെ തീരത്താണ് ഈ ബാഗ്ദാദിയന്‍ നഗരം സ്ഥിതി ചെയ്യുന്നത്. യുദ്ധത്തെയും ബോംബാക്രമണങ്ങളെയും അതിജീവിക്കാന്‍ അത് പഠിച്ചു കഴിഞ്ഞിരിക്കുന്നു. നഗരത്തില്‍ നിന്നുയര്‍ന്ന പ്രതിഷേധാഗ്നിയെ കെടുത്തി കളയാന്‍ തങ്ങളുടെ തുടര്‍ച്ചയായ ഷെല്ലാക്രമണം കൊണ്ട് കഴിയുമെന്നാണ് അമേരിക്കക്കാര്‍ കരുതിയത്, പക്ഷെ അവര്‍ക്ക് തെറ്റിപ്പോയി. ഒരു പ്രമുഖ വിമോചന പ്രസ്ഥാനത്തിന്റെ തുടക്കം ഇറാഖ് മുഴുവന്‍ വ്യാപിച്ചു, പിന്നീട് ഈ 21-ാം നൂറ്റാണ്ടില്‍ തങ്ങളുടെ ഭൂമിയില്‍ അധിനിവേശം നടത്താന്‍ വന്നവരെ തുരത്തിയോടിക്കുന്നതിലാണ് അത് അവസാനിച്ചത്. അധിനിവേശകര്‍ നിരാശരായി വാലും ചുരുട്ടിയോടി. വിയറ്റ്‌നാമില്‍ അഭിമുഖീകരിക്കേണ്ടി വന്ന പരാജയങ്ങളാണ് അവര്‍ക്കപ്പോള്‍ മനസ്സിലേക്ക് വന്നത്.

ഫല്ലൂജ: ഇറാഖിലെ മറ്റു നഗരങ്ങളില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമാണ് ഫല്ലൂജ. ബാഗ്ദാദിന് ഏകദേശം 40 കിലോമീറ്റര്‍ പടിഞ്ഞാറായിട്ടാണ് ഫല്ലൂജ സ്ഥിതിചെയ്യുന്നത്. നഗരത്തിലെ വീടുകള്‍ക്കിടയിലാണ് മസ്ജിദുകള്‍ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. മസ്ജിദുകള്‍ വളരെയധികമുള്ളത് കൊണ്ട് തന്നെ ‘മസ്ജിദുകളുടെ മാതാവ്’ എന്ന പേരിലും ഫല്ലൂജ അറിയപ്പെടുന്നുണ്ട്. 100-ലധികം മസ്ജിദുകള്‍ അവിടെയുണ്ടെന്നാണ് കണക്ക്. അതേ സമയം നഗരത്തിന്റെ ചുറ്റളവ് കേവലം മുപ്പത് കിലോമീറ്റാണ്.

2003-ല്‍ അമേരിക്ക ബാഗ്ദാദ് അധിനിവേശം നടത്തിയപ്പോള്‍ അത് പ്രദേശവാസികളിലേല്‍പ്പിച്ച ആഘാതം വളരെ വലുതായിരുന്നു. മേഖലയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്ന തലസ്ഥാനങ്ങളില്‍ ഒന്നില്‍ വിദേശികള്‍ അധിനിവേശം നടത്തുന്നതിന് ഇറാഖികളും, അറബ് ഇസ്‌ലാമിക ലോകവും സാക്ഷികളായി. അധിനിവേശകര്‍ക്കെതിരെ വളരെ പെട്ടെന്ന് തന്നെ ഇറാഖികള്‍ ചെറുത്ത് ആരംഭിച്ചു എന്നത് ശരിയായിരിക്കെ തന്നെ – ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ വളര്‍ച്ച പ്രാപിച്ച ചെറുത്ത് നില്‍പ്പ് എന്നാണ് ഇതിനെ പലരും വിശേഷിപ്പിച്ചത്- 2003 ഏപ്രില്‍ 9-ന് അമേരിക്കന്‍ ടാങ്കുകള്‍ ബാഗ്ദാദിലേക്ക് പ്രവേശിച്ചപ്പോള്‍ അറബ് ജനതയുടെയും ഇറാഖികളുടെയും ആത്മാഭിമാനവും അന്തസ്സും സംരക്ഷിക്കാനും പുനര്‍ജ്ജീവിപ്പിക്കാനും അതൊറ്റക്ക് മതിയായിരുന്നില്ല.

ദൈനംദിന ജീവിതം സന്തുലിതമാക്കാനും, നഗരത്തിന്റെ അന്തസ്സ് തിരിച്ചുപിടിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി ഫല്ലൂജയിലെ ജനങ്ങള്‍  ഒരു വര്‍ഷത്തോളം അധിനിവേശകര്‍ക്കെതിരെ ശക്തമായ ചെറുത്ത് നില്‍പ്പ് സമരം നടത്തി. ഇറാഖില്‍ അധിനിവേശം നടത്തുന്ന സമയത്ത് തന്നെ, രാജ്യത്തെ വിഭജിക്കാനുള്ള  പദ്ധതി അധിനിവേശകരുടെ മേശമേല്‍ ഉണ്ടായിരുന്നു. പദ്ധതിയില്‍ നിന്നും ഒന്നും ഒഴിവാക്കപ്പെട്ടിരുന്നില്ല, പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള ചെറിയ ചെറിയ കാര്യങ്ങള്‍ വരെ അതിലുണ്ടായിരുന്നു. തുടര്‍ന്ന് 25 ദശലക്ഷം വരുന്ന ഇറാഖികള്‍ സുന്നി, ശിയ, കുര്‍ദ് മറ്റു ന്യൂനപക്ഷങ്ങള്‍ എന്നിങ്ങനെ വിഭജിക്കപ്പെട്ടു. എന്നിരുന്നാലും, ദേശീയ ഐക്യം എന്നത് ഇനിയും കൈവരിക്കേണ്ടിയിരിക്കുന്ന ഒരു ലക്ഷ്യമാണെന്നും, ചെറുത്ത് നില്‍പ്പ് തുടര്‍ന്ന് പോകുന്നുണ്ടെന്നും ഇറാഖികളെ ഓര്‍മ്മപ്പെടുത്തി കൊണ്ട് ഫല്ലൂജ ആ സമയത്തും നിലകൊണ്ടു. 2004-ല്‍, 33 ദിവസം നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ അമേരിക്കന്‍ അധിനിവേശത്തില്‍ നിന്നും സ്വപ്രയത്‌നം കൊണ്ട് സ്വാതന്ത്ര്യം നേടുന്ന ആദ്യ ഇറാഖി പട്ടണമായി ഫല്ലൂജ മാറി. തങ്ങളുടെ എല്ലാ ശക്തിയും ഉപയോഗിച്ച് ഫല്ലൂജ തിരിച്ചു പിടിക്കാന്‍ അമേരിക്ക ശ്രമിച്ചിരുന്നു, പക്ഷെ ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്.

അന്നാണ് അമേരിക്ക ആണ്‍കുട്ടികളെ കണ്ടത്. ആണ്‍കുട്ടികള്‍ എന്നും ആണ്‍കുട്ടികള്‍ തന്നെയാണ്. നഗരവാസികളുമായി അനുരഞ്ജന ചര്‍ച്ച നടത്താന്‍ അമേരിക്ക നിര്‍ബന്ധിതരായി. ഫല്ലൂജയുടെ മനോവീര്യം തകര്‍ക്കാന്‍ അമേരിക്ക കിണഞ്ഞ് ശ്രമിച്ചു, പക്ഷെ അന്ന് മുതല്‍ക്ക് ഇറാഖ് ഒന്നടങ്കം ആ നഗരത്തിന് പിന്നില്‍ അണിനിരന്നു. ദിക്കുകളില്‍ നിന്ന് ദിക്കുകളിലേക്ക് ഫല്ലൂജയെ പ്രകീര്‍ത്തിച്ച് കൊണ്ടുള്ള് സ്തുതി ഗീതങ്ങള്‍ സംപ്രേഷണം ചെയ്യപ്പെട്ടു. എന്തിന് വേണ്ടിയാണ് ഫല്ലൂജ നിലകൊണ്ടത് എന്നകാര്യത്തില്‍ ഇറാഖികള്‍ക്കിടയില്‍ യാതൊരു അഭിപ്രായഭിന്നതയും ഉണ്ടായിരുന്നില്ല. ഇറാഖിനെ മൊത്തത്തില്‍ അങ്ങ് വിഴുങ്ങി കളയാം എന്ന വ്യാമോഹവുമായി എത്തിയവരുടെ കാലില്‍ തറച്ച മുള്ളായിരുന്നു ഫല്ലൂജ.

മാസങ്ങള്‍ കഴിഞ്ഞു പോയി. ഒരു അധിനിവിഷ്ഠ രാഷ്ട്രത്തിനുള്ളിലെ സ്വതന്ത്ര നഗരമായി ഫല്ലൂജ നിലകൊണ്ടു. സ്വയംഭരണം നടക്കുന്ന ഒരു കുമിളയായി അത് മാറി. നഗരത്തിന്റെ അതിര്‍ത്തിക്കപ്പുറം നില്‍ക്കേണ്ടി വന്ന അധിനിവേശകരില്‍ ഇത് നിരാശയും, നാണക്കേടും ഉണ്ടാക്കി. അമേരിക്ക അതിന്റെ എല്ലാ ശക്തിയും ഉപയോഗിച്ചു, അവര്‍ ടോണി ബ്ലയറിന്റെ സൈന്യത്തെയും കൂടെ കൂട്ടി. അവരില്‍ ഇറാനില്‍ നിന്നും പരിശീലനം ലഭിച്ചവരും ഉണ്ടായിരുന്നു. മുമ്പ് ഒരിടത്തും ഉപയോഗിക്കാത്ത ആയുധങ്ങള്‍ പരീക്ഷിച്ച് ഫല്ലൂജയോട് പ്രതികാരം ചെയ്യാന്‍ അവര്‍ തീരുമാനിച്ചു. നിരപരാധികളായ സാധാരണക്കാരുടെ എല്ലുകള്‍ പോലും ബാക്കിയുണ്ടാവാത്ത രീതിയിലുള്ള ആക്രമണമാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള അധിനിവേശകര്‍ പിന്നീട് ഫല്ലൂജക്ക് മേല്‍ നടത്തിയത്.

വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന്, തങ്ങളുടെ അചഞ്ചലമായ മനോവീര്യത്തിന് ഒരിക്കല്‍ കൂടി പ്രതികാരം ചെയ്യാന്‍ ആ നികൃഷ്ട ജീവികള്‍ ആഗ്രഹിക്കുന്നതായി ഫല്ലൂജ തിരിച്ചറിയുന്നു. അതിനായി നേരത്തെ ഉന്നയിച്ച വാദങ്ങള്‍ തന്നെയാണ് അവര്‍ വീണ്ടും വീണ്ടും ഉന്നയിക്കുന്നത് ; അതെ, ഫല്ലൂജ ഭീകരവാദികളുടെ കേന്ദ്രമാണ്. അല്‍ ഖാഇദ നേതാവ് അബൂ മുസ്അബ് അല്‍ സര്‍ഖാവി താമസിച്ചിരുന്നത് ഫല്ലൂജയിലാണ് എന്ന കാരണം പറഞ്ഞാണ് 2004 മുതല്‍ക്ക് പാശ്ചാത്യശക്തികള്‍ ഫല്ലൂജ തകര്‍ത്ത് തരിപ്പണമാക്കിയത്. അങ്ങനെ മരണത്തിന്റെ നഗരമായി ഫല്ലൂജ പരിവര്‍ത്തിപ്പിക്കപ്പെട്ടു. ഇന്ന് ഐ.എസ്സിനെതിരെയുള്ള ആക്രമണം എന്ന കപടന്യായത്തിന്റെ പിന്‍ബലത്തില്‍ ഓരോ ദിവസവും അവര്‍ ഫല്ലൂജക്ക് മേല്‍ ബോംബ് വര്‍ഷിച്ചു കൊണ്ടിരിക്കുന്നു. ബാഗ്ദാദിലെ സര്‍ക്കാറിന്റെ ബ്ലാക്ക്‌മെയിലിന് ഇരയാവുമെന്ന് ഭയപ്പെട്ട് ഫല്ലൂജ വിട്ട് പോകാന്‍ വിസ്സമതിച്ച 150000 സിവിലിയന്‍മാര്‍ ഇന്നും ഫല്ലൂജയില്‍ താമസിക്കുന്നുണ്ട് എന്ന വസ്തുത അന്താരാഷ്ട്രാ സമൂഹവും മാധ്യമങ്ങളും അവഗണിച്ചു തള്ളിക്കൊണ്ടിരിക്കുകയാണ്.

തുടര്‍ച്ചയായ പാശ്ചാത്യ അതിക്രമത്തിന് ഇരയായി കൊണ്ടിരിക്കുന്നുണ്ടെങ്കിലും, അയല്‍നഗരമായ റമാദിയില്‍ നിന്നും ഫല്ലൂജയില്‍ അഭയം തേടികൊണ്ട് ദിവസവും നിരവധി പേര്‍ എത്തുന്നുണ്ട്. ബാഗ്ദാദിലേക്കുള്ള പാലത്തില്‍ വിദേശികളുടെ കാരുണ്യവും കാത്ത് കഴിയുന്നതിനേക്കാള്‍ നല്ലതും, അന്തസ്സുറ്റ പ്രവര്‍ത്തിയും ഫല്ലൂജയിലേക്ക് പോകുന്നതാണ് എന്ന ചിന്തയാണ് അവരെ ഇതിന് പ്രേരിപ്പിക്കുന്നത്. ഇന്ന് ഫല്ലൂജയില്‍ അവര്‍ ബോംബിട്ട് കൊണ്ടിരിക്കുകയാണ്, ആവശ്യമുള്ളത് കാണാന്‍ മാത്രമേ ലോകത്തിന് താല്‍പ്പര്യമുള്ളു. ദിനംപ്രതി ബോംബാക്രമണത്തിന് ഇരയായി കൊണ്ടിരിക്കുന്ന ഈ നഗരം ഒരിക്കല്‍ ആത്മാഭിമാനത്തിന്റെയും, അന്തസ്സിന്റെയും, ചെറുത്ത്‌നില്‍പ്പിന്റെയും പ്രതീകമായിരുന്ന എന്ന കാര്യം അറബ് ഇസ്‌ലാമിക ലോകത്തെ ഓര്‍പ്പെടുത്തുകയാണ് നാം ചെയ്യേണ്ട ഏറ്റവും പ്രധാനകാര്യം. പ്രാര്‍ത്ഥനയോ ഒരു കഷ്ണം റൊട്ടിയോ അല്ല ഇപ്പോള്‍ അത്യാവശ്യം, കാരണം ഫല്ലൂജയിലെ ജനങ്ങള്‍ അവരുടെ ജീവിതത്തിന് വേണ്ടിയാണ് പോരാടുന്നത്, അതിന് അവര്‍ക്ക് നല്‍കേണ്ടി വരുന്ന വില അവരുടെ കുഞ്ഞുങ്ങളുടെ രക്തമാണ്. അത് മാത്രമാണ് ഇന്ന് ആ നഗരത്തിന് വേണ്ടി നല്‍കാന്‍ കഴിയുന്ന ഏറ്റവും വിലയേറിയ കാര്യം.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles