Current Date

Search
Close this search box.
Search
Close this search box.

ഓര്‍മയില്‍ ഒരു രക്തസാക്ഷി

1965 സെപ്‌തെംബര്‍ പത്താം തിയതി പാറ്റണ്‍ ടാങ്കുകളുടെ അകമ്പടിയോടെ  പാക്കസ്ഥാന്‍ സേന അതിര്‍ത്തിയിലെ ഖേംഖരന്‍ മേഖലയിലേക്ക് അതിക്രമിച്ച് കടന്നുതുടങ്ങി. രണ്ട്ദിവസം മുമ്പുതന്നെ അവര്‍ ഇന്ത്യയുടെ അധീനതയിലുള്ള പ്രദേശത്തേക്ക് തുടര്‍ച്ചയായി വെടിയുതിര്‍ക്കുന്നുണ്ടായിരുന്നു. കാലത്ത് ഒമ്പത് മണിയോടെ ശത്രുസേനയുടെ ടാങ്കുകള്‍ ഇന്ത്യന്‍ സേനയുടെ മുന്‍ നിര ക്യാമ്പുകളെ ലക്ഷ്യമിട്ടു തുടങ്ങി. ഈ പ്രതിസന്ധിയില്‍ ഒരു പറ്റം ടാങ്കുകള്‍ തന്റെ ബറ്റാലിയന്റെ പ്രതിരോധ നിരയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്നതാണ് ഹവില്‍ദാര്‍ ക്വാട്ടര്‍മാസ്റ്റര്‍ അബ്ദുല്‍ഹമീദ് കണ്ടത്. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ അദ്ദേഹം തന്റെ ജീപ്പില്‍ റികോയില്‍ ലെസ്സ് പീരങ്കി ഘടിപ്പിച്ച് മുന്‍ നിരയിലേക്ക് കുതിച്ചു. തുരുതുരാ വര്‍ഷിച്ചുകൊണ്ടിരുന്ന പാക്കിസ്ഥാന്റെ ഷെല്ലാക്രമണത്തെ അവഗണിച്ചുകൊണ്ട് പാറ്റണ്‍ ടാങ്കുകളെ നേരിട്ട ഹമീദ് ജീവന്‍ പണയപ്പെടുത്തി  ഒന്നിനുപിറകെ മറ്റൊന്നായി മൂന്ന് ടാങ്കുകള്‍ തകര്‍ത്ത് മുന്നേറിക്കൊണ്ടിരിക്കെ നാലാമത്തേതിനെ എതിരിട്ടപ്പോള്‍ ശത്രുസേനയുടെ ലക്ഷ്യത്തില്‍പെട്ട് മെഷീന്‍ ഗണ്ണിന്നിരയാായി വീരമൃത്യുവരിച്ചു.  ഈ ഏറ്റുമുട്ടലിന്റെ തലേദിവസം അദ്ദേഹത്തിന്റെ വെടിയേറ്റ മൂന്ന് ടാങ്കുകളുടെ അവശിഷ്ടങ്ങള്‍ അവിടെ കണ്ടെത്തിയതോടെ മൊത്തം ഏഴ് ടാങ്കുകളാണ് അദ്ദേഹം നശിപ്പിച്ചതെന്ന് വെളിപ്പെട്ടു.

ഉത്തര്‍ പ്രദേശില്‍ ഗാസിപൂര്‍ ജില്ലയിലെ ദമ്പൂര്‍ ഗ്രാമത്തില്‍ ഒരു മുസ്‌ലിം ദര്‍ജി കുടുംബത്തില്‍ ഫഹല്‍വാന്‍ മുഹമ്മദ് ഉസ്മാന്റെ പുത്രനായി 1933 ജൂലായി ഒന്നിനായിരുന്നു അബ്ദുല്‍ഹമീദിന്റെ ജനനം 1965 സെപ്തംബര്‍ 16-നു തന്നെ പ്രസിഡന്റ് ഡോ: എസ്. രാധാകഃഷ്ണന്‍ ഇന്ത്യന്‍ റിപ്പബ്ലിക്കില്‍ സായുധസേനയിലെ ഏറ്റവും ഉന്നത ബഹുമതിയായ ‘പരമവീര ചക്രം’ അബ്ദുല്‍ ഹമീദിന് മരണാനന്തര ബഹുമതിയായി പ്രഖ്യപിക്കുകയുണ്ടായി.

1954-ല്‍ ഇന്ത്യന്‍ സായുധസേനയില്‍ ഗ്രനേഡിയര്‍ വിഭാഗത്തില്‍ ചേര്‍ന്ന അബ്ദുല്‍ ഹമീദ് ആഗ്ര, അമൃത്‌സര്‍, ഡല്‍ഹി, ജമ്മു-കാശ്മീര്‍, നേഫ എന്നീ ബറ്റാലിയനുകളില്‍ സൈനികനായിരുന്നു. 1962-ല്‍  ഇന്ത്യാ-ചൈന യുദ്ധത്തില്‍ ഇന്‍ഫാന്‍ട്രി ബ്രിഗേഡില്‍ ഇദ്ദേഹവും പങ്കെടുത്തിരുന്നു. അബ്ദുല്‍ഹമീദിന്ന് തന്റെ സേവനകാലത്ത് ‘സൈന്യസേവാ മെഡല്‍’, ‘രക്ഷാ മെഡല്‍’, ‘സമരസേവാ മെഡല്‍’ എന്നീ അവര്‍ഡുകളും ലഭിക്കുകയുണ്ടായി.

ഇദ്ദേഹത്തിനു സ്മാരകമായി ജന്മസ്ഥലമായ അസല്‍ ഉത്തറില്‍ നിര്‍മിച്ച സ്മാരകത്തില്‍ രക്തസാക്ഷിദിനത്തില്‍ വര്‍ഷന്തോറും മേള നടന്നുവരുന്നു. ഇതോടനുബന്ധിച്ച് ഒരു ഡിസ്പന്‍സറി, സ്‌കൂള്‍, വായനശാല എന്നിവയും സ്ഥാപച്ചിട്ടുണ്ട്. 1979-ല്‍ തപാല്‍ വകുപ്പ് അബ്ദുല്‍ഹമീദിന് സ്മാരകമായി സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. വീണ്ടും 2000-ല്‍ സായുധസേനയിലെ അവാര്‍ഡ് ജേതാക്കളുടെ സ്മാരകമായി തപാല്‍ വകുപ്പ ് ഇറക്കിയ സ്റ്റാമ്പുകളില്‍ ഒന്ന് അബ്ദുല്‍ ഹമീദിന്റേതായിരന്നു 1988-ല്‍ ഇദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കി ചേതന്‍ ആനന്ദ് നിര്‍മിച്ച ടെലിവിഷന്‍ സീരിയലില്‍ പ്രശസ്ത നടന്‍ നസീറുദ്ദീന്‍ഷായാണ്  ഹമീദായി വേഷമിട്ടത്.  2008-ല്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ സന്ദര്‍ശിച്ച ഹമീദിന്റെ പത്‌നി ഭര്‍ത്താവിന്റെ രക്തസാക്ഷി ദിനം രാഷ്ട്രം മുഴുവന്‍ ആചരിക്കണമെന്നും, വീട് പൊതുസ്മാരകമായി നിര്‍ത്തണമെന്നും, ഗ്രാമത്തില്‍ ഒരു സൈനിക റിക്രൂട്ട്‌മെന്റ്‌കേന്ദ്രം സ്ഥാപിക്കണമെന്നും ബന്ധുക്കള്‍ക്ക് ജോലി നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ദാംപൂര്‍ ഗ്രാമത്തില്‍ അവഗണിക്കപ്പെട്ട നിലയില്‍ കിടന്ന ഹമീദ് സ്മാരകം സ്ഥലത്തെ പാര്‍ലിമെന്റ് മെമ്പറുടെ ശ്രമഫലമായി അടുത്തകാലത്താണ് അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് പുനസ്ഥാപിച്ചത്.

Related Articles