Current Date

Search
Close this search box.
Search
Close this search box.

ഓര്‍മപ്പെടുത്തലില്‍ ചുരുങ്ങുന്ന മനുഷ്യാവകാശങ്ങള്‍

മനുഷ്യന്റെ മൗലികമായ അവകാശങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാത്ത അസഹിഷ്ണുതയുടെ കാലത്താണ് നമുക്ക് വീണ്ടുമൊരു മനുഷ്യാവകാശ ദിനം കൂടി ആചരിക്കാനുളള ദൗര്‍ഭാഗ്യം ലഭിച്ചിരിക്കുന്നത്. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവന്റെ അലറിക്കരച്ചിലുകളാണ് നമുക്ക് നാനാ ഭാഗത്ത് നിന്നും കേള്‍ക്കാനാവുന്നത്. അപ്രഖ്യാപിത അടിയന്തരാവസ്ഥക്ക് സമാനമായ പ്രതീതിയാണ് നമുക്ക് ചുറ്റും വലയം ചെയ്തു കൊണ്ടിരിക്കുന്നത്. തികച്ചും അശാന്തിയും അസ്വസ്ഥതകളും പങ്കുവെക്കുന്ന കാലം. എന്ത് തിന്നണം, കുടിക്കണം, കാണണം എന്ന് തുടങ്ങിയ സ്വകാര്യതകളുടെ കടക്കല്‍ കത്തിവെക്കുന്ന ഭരണകൂട മൗഢ്യം തീര്‍ത്തും വിരോധാഭാസവുമാണ്. മനുഷ്യനെ മനുഷ്യനായി കാണാനും പരസ്പരവും സാമൂഹികവും മൗലികവുമായ അവകാശങ്ങളെ നേരാംവണ്ണം വകവെച്ചുകൊടുക്കാനുളള കാലോചിത പുനരാലോചനകള്‍ക്കാണ് ഭരണകൂടം തുനിയേണ്ടത്. നിരപരാധികള്‍ അപരാധികളാകുന്നതും, അധഃസ്ഥിതരും ദലിതരും അവര്‍ണ്ണരും പീഡിപ്പിക്കപ്പെടുന്നതും മനുഷ്യാവകാശ ദിനങ്ങളിലെ കൂട്ടക്കരച്ചിലുകളാണ്. ഈ കരച്ചിലില്‍ നിന്ന് ഇനിയും നമുക്ക് മോചിതരാവാന്‍ കഴിഞ്ഞിട്ടില്ല.

നീതിയും സ്വാതന്ത്ര്യവും ഏട്ടില്‍ ചിതലരിക്കുമ്പോള്‍ ചിതലരിക്കുന്ന പ്രത്യേയ ശാസ്ത്രങ്ങളുയര്‍ത്തി ഭരണീയരുടെ മേല്‍ അടിച്ചേല്‍പ്പിക്കല്‍ നയം മാത്രം തുടരുന്നതിലാണ് ഭരണകൂടം ശ്രദ്ധ ചെലുത്തുന്നത്. പരസ്പരം വിദ്വേഷവും ശത്രുതയും ആളിപ്പടര്‍ത്തി തമ്മിലടിപ്പിക്കാനുളള മൃഗീയ വ്യാമോഹത്തെയാണ് ഈ സന്ദര്‍ഭത്തിലെങ്കിലും നാം ചോദ്യം ചെയ്യേണ്ടത്. അല്ലെങ്കില്‍ ഇനിയും ആയിരം അഖ്‌ലാക്കുമാരുടെ നിലവിളികള്‍ ഇന്ത്യന്‍ മതേതര മണ്ണില്‍ മുഴങ്ങിക്കൊണ്ടിരിക്കും. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ അഭയാര്‍ത്ഥികള്‍ വര്‍ധിക്കുന്നതും വംശഹത്യയും വര്‍ഗീയതയും പെരുകുന്നതും മനുഷ്യാവകാശ ധ്വംസനങ്ങളുടെ നഗ്നയാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്തുന്നതാണ്.

ഭരണഘടന ഉറപ്പ് നല്‍കിയ മൗലികാവകാശങ്ങള്‍ പോലും ചോദ്യം ചെയ്യുന്ന തരത്തിലേക്ക് അധഃപതിച്ച സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങളോട് രാജിയാവേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അവകാശങ്ങള്‍ അവമതിക്കപ്പെടുന്നിടത്ത് നിന്നാണ് അതിന്റെ സംരക്ഷണവും പ്രാധാന്യവും ഓര്‍മ്മപ്പെടുത്തി വര്‍ഷത്തിലൊരിക്കല്‍ ഇത്തരമൊരു ദിനമാചരിക്കാന്‍ ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്യുന്നത്. വിശേഷ ദിനങ്ങള്‍ വെറും തേന്‍ പുരട്ടിയ ഓര്‍മ്മപ്പെടുത്തലിനപ്പുറം അതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടക്കാത്തിടത്താണ് കാര്യങ്ങള്‍ വഷളാകുന്നതെന്ന് ഇനിയെങ്കിലും ഓര്‍ക്കുന്നത് നന്ന്. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ വിടവാങ്ങല്‍ പ്രസംഗം ഇന്നും സമകാലികലോകത്തോട് സംവദിക്കുന്നതാണ്.  എല്ലാവര്‍ക്കും നീതിയും സമത്വവും തുല്യമായിരിക്കണമെന്ന ആഹ്വാനമാണ് ഇസ്‌ലാം കാലങ്ങളായി ഉദ്‌ഘോഷിച്ചുകൊണ്ടിരിക്കുന്നത്. ഇന്നുമത് കാലികപ്രസക്തിയുളള വിളംബരമാണ്. നീതി തോല്‍ക്കുകയും സമത്വവും സ്വാതന്ത്ര്യവും ഏട്ടിലെ പശുവാകുന്നിടത്താണ് വീണ്ടുമൊരു മനുഷ്യാവകാശദിനത്തിന് പ്രസക്തിയേറുന്നത്. സ്ത്രീ സുരക്ഷിതത്വവും ബാലവേലകളും കുറ്റകൃത്യങ്ങളും മനുഷ്യാവകാശ ദിനങ്ങളില്‍ മുഴച്ചുനില്‍ക്കുന്ന ചര്‍വിതചര്‍വ്വണങ്ങളായ ചര്‍ച്ചകളാണിന്നും. ഓരോ വര്‍ഷവും മനുഷ്യാവകാശ ദിനങ്ങള്‍ മേമ്പൊടിയോട് കൂടി ആചരിക്കുമ്പോഴും ഇന്നും വീണ്ടെടുക്കാനാവാത്തത് മനുഷ്യാവകാശങ്ങളാണെന്ന് പറയാതിരിക്കാന്‍ വയ്യ. പൗരന്റെ മൗലികാവകാശങ്ങളെ യഥാവിധി അംഗീകരിച്ചുകൊടുക്കാനുളള ആര്‍ജവമാണ് ഭരണകൂടം ഇനിയെങ്കിലും കാണിക്കേണ്ടത്. ഓരോ മനുഷ്യാവകാശ ദിനങ്ങളിലും ഭരണകൂടത്തോട് സംവദിക്കേണ്ടയും പൊരുതേണ്ടി വരികയും ചെയ്യുന്നിടത്തേക്കാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നതെന്ന് വേണം കരുതാന്‍.

(ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്‌ലാമിയ വിദ്യാര്‍ഥിയാണ് ലേഖകന്‍)

Related Articles