Current Date

Search
Close this search box.
Search
Close this search box.

ഓണ്‍ലൈന്‍ ലോകത്തെ അഗ്ലി ജേണലിസം

എന്തിനും കാരണങ്ങള്‍ വേണം..
എഴുത്തിനും വേണം കാരണം..
(ജീവിക്കാന്‍ കാരണം വേണമെന്നെഴുതിയത് ബെഗോവിച്ച് Notes From Prison)
ഓരോ എഴുത്തിലും അതെഴുതാന്‍ തക്കതായ കാരണവും ന്യായവും വേണം..
റഫീഖ് അഹമ്മദിന്റെ ‘ഗ്രാമവൃക്ഷത്തിലെ വവ്വാല്‍ ‘ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ ഇക്കാര്യങ്ങളെ വി സി ശ്രീജന്‍ എഴുതുന്നുണ്ട്..

കഴിഞ്ഞുപോയവ എഴുതുന്നതിലൂടെ നമ്മള്‍ സംഭവിക്കാനുള്ളവ രൂപപ്പെടുത്തുകയാണെന്നാണ് ഫിലിപ് പുള്‍മാന്റെ നിഗമനം..(The goodman Jesus and The scoundrel Christ- Philip Pullman).

ചില കവിതകള്‍ നമ്മെ വല്ലാതെ ആശ്ചര്യം കൊള്ളിക്കും.
സംഭവിക്കാനുള്ള ലോകത്തെ എത്ര സുന്ദരമായാണ് അവ വരികളില്‍
വരക്കുന്നത്…
ഒന്നിനും കൊള്ളാത്തവനും കവി ഒന്നിലും കൊള്ളാത്തവനും കവി എന്നെഴുതുന്നത് സത്യചന്ദ്രന്‍ പൊയില്‍ക്കാവ്…

പൊയില്‍ക്കാവിന്റെ തന്നെ പരീക്ഷകള്‍ എന്നൊരു കവിതയുണ്ട്..
പത്തില്‍ തോറ്റപ്പോള്‍ ആത്മഹത്യ ചെയ്തവന് നഷ്ടപ്പെട്ടത് ജീവിതത്തിലെ പരീക്ഷകളാണെന്നും പള്ളിക്കൂടം കണ്ട് പേടിക്കാന്‍ അവന് മക്കളില്ലല്ലോ
എന്നുമെഴുതുന്നു അദ്ദേഹം..

ഈയിടെ ഓണ്‍ലൈന്‍ ലോകത്ത് വായിച്ചതില്‍ വളരെ മികച്ചൊരു കവിതയാണ് ഹക്കീമിന്റെ തനിയെ ബ്ലോഗിലെ  (http://hakeemcheruppa.blogspot.in)’എന്റെ വീട് ‘ എന്ന കവിത..

എന്റെ വീട്

പോസ്റ്റുമാനു മാത്രം
മനസ്സിലാകുന്ന
വിലാസമായിരുന്നു
എന്റെ വീട്…

നേരം കെട്ട നേരത്ത്
ഉമ്മറത്തേക്കയാള്‍
എറിഞ്ഞിട്ടു പോയത്
ജപ്തിക്കടലാസാണ്…

അന്നേരം,
നേര്‍ത്ത് നേര്‍ത്ത്
നിറംകെട്ടു പോയത്
നിലാപൂവിതള്‍ പോലുള്ള
അമ്മയുടെ പുഞ്ചിരിയാണ്..

ചുമച്ച് ചുമച്ചു
കഫം നിറഞ്ഞ നെഞ്ചില്‍
വല്ലാതെ പിടച്ചത്
അച്ഛന്റെ ഹൃദയമാണ്…

ജനാലക്കമ്പിയില്‍
കണ്ണീര്‍വല നെയ്തത്
മംഗല്യം കിനാവ് കണ്ട
പെങ്ങളുടെ കണ്ണുകളാണ്..

കവിതയൂതി അടുപ്പിലിട്ടാല്‍
ചോറാവില്ലെന്നമ്മ പറഞ്ഞത്
ജീവിതം വരികളാക്കിയിരുന്ന
എന്നോട് തന്നെയാണ്…

ആ ഒരറ്റ രാത്രി
ഇരുണ്ടു വെളുത്തപ്പോള്‍
എല്ലാവരുമറിയുന്ന
വിലാസമായിപ്പോയിരുന്നു
എന്റെ വീട്…

അച്ഛന്‍ തൂങ്ങിയ മാവും
അമ്മയും അനിയത്തിയും
വിഷം ചിന്തിയ അടുക്കളയും
ഇന്നത്തെ പത്രവരികളാണ്..

നോവുന്ന കനലുകളും
വേവുന്ന ചിന്തകളുമായി
കാടുകയറാന്‍ പോയതിനാല്‍
ഞാനുമെന്‍ കവിതകളും
പിന്നെയും ബാക്കിയായതാണ്…

‘ഉള്ളവന്റെ പരിമിതിയെന്നും
ഉയരങ്ങളിലെ ആകാശമാണ്
ഇല്ലാത്തവന്റെ പരിധിയിന്നും
ഈ പാതാളത്താഴ്ച്ചയുമാണ്..’

****************************************************
ഉമേഷ് പീലിക്കോടിന്റെ ഇര (http://umeshpilicode.blogspot.in)എന്ന കവിതയും നന്ന്

ഇര

നീയും ഞാനും..
ഒരാള്‍ ഇരയും മറ്റയാള്‍ വേട്ടക്കാരനുമാകണമെന്നു തീര്‍ച്ച…

നമ്മില്‍ ആദ്യത്തെ ഇര ആരാകുമെന്നതാണു പ്രശ്‌നം..

ബാക്കി വെച്ചേക്കുമോ സ്വപ്നങ്ങളെയെങ്കിലും…

************************************************************
ഓണ്‍ലൈന്‍ എഴുത്തുകളെ പുഷ്ഠിപ്പെടുത്താനാണെന്ന പേരില്‍ ഒട്ടേറെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളുണ്ട്..
പൈങ്കിളി എഴുത്തുകളിലൂടെ വായനക്കാരെ ആകര്‍ഷിക്കാനുള്ള വിലകുറഞ്ഞ തന്ത്രങ്ങളിലൂടെ പിടിച്ചുനില്‍ക്കാന്‍ പണിപ്പെടുന്നവര്‍….
ഈ അഗ്ലി ജേണലിസത്തെ പറ്റി
രമേശ് അരൂര്‍ (Remesh Aroor)ഫേസ്ബുക്കില്‍ എഴുതുന്നു..

‘ഗണേഷ് ശ്രീവിദ്യയെ ചതിച്ചോ?
മഞ്ജുവാര്യര്‍ക്ക് നാന(film weekly) പണി കൊടുത്തു
വീടും 2.25 കോടിയും; ഗണേഷ് യാമിനി വിവാഹമോചനം ഇന്ന്
ഭാരതത്തിലെ കുടുംബബന്ധങ്ങള്‍ അമൂല്യമെന്ന് ഐശ്വര്യ; അത് മഞ്ജുവിനൊരു കൊട്ടായിരുന്നോ
ദിലീപുമായുള്ള അകല്‍ച്ച; മഞ്ജുവിനെ കളിയാക്കി ഐശ്വര്യ?

ഫേസ് ബുക്കില് സജീവമായ ചില ഓണ്‍ ലൈന്‍ പ്രസിദ്ധീകരണങ്ങളുടെതലവാചകങ്ങളാണ് മുകളില്‍ കൊടുത്തിട്ടുള്ളത്. എല്ലാം ഇക്കിളി സാഹിത്യം കുത്തിനിറച്ച വാര്‍ത്തകള്. ഇന്ന് മാത്രമല്ല എന്നും ഇക്കൂട്ടരുടെ വാര്ത്തകള്‍ ഇങ്ങനെ തന്ന പോകുന്നു. അന്യന്റെ പ്രത്യേകിച്ച് പ്രശസ്തരുടെ സ്വകാര്യതകളിലേക്ക് എത്തി വലിഞ്ഞു നോക്കുന്ന അതേ സമയം തന്നെ സദാചാരത്തിന്റെ അംബാസഡര്‍ പദവി അലങ്കരിക്കുന്ന  മലയാളിയുടെ യഥാര്‍ഥ മുഖമാണ് ഈ പ്രസിദ്ധീകരണങ്ങളും പ്രതിനിധാനം ചെയ്യുന്നത്..’

*********************************************************

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ റഷ്യന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച്
മാധ്യമം പത്രത്തില്‍ വി ആര്‍ രാഗേഷ് വരച്ച കാര്‍ട്ടൂണ്‍ വല്ലാതെ ചിരി പടര്‍ത്തി..
ഓണ്‍ലൈന്‍ ലോകത്തും കാര്‍ട്ടൂണിന് വല്ലാതെ ലൈക്കും ഷെയറും കിട്ടിക്കൊണ്ടിരിക്കുന്നു..
രാഗേഷ് അഭിനന്ദനം അര്‍ഹിക്കുന്നു..

Related Articles