Current Date

Search
Close this search box.
Search
Close this search box.

ഒളിച്ചോട്ടത്തിന് കോടതിയുടെ പരിഹാരവും ധാര്‍മിക വിദ്യാഭ്യാസം തന്നെ!

‘ഒളിച്ചോട്ടവും ഓടിപ്പോയി കല്യാണം കഴിക്കുന്നതും നിയന്ത്രിക്കാന്‍ രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് ധാര്‍മികവിദ്യാഭ്യാസം നല്‍കുകയാണ് വേണ്ടതെന്ന ഡല്‍ഹി കോടതി യുടെ പ്രസ്താവന ശ്രദ്ദേയമാണ്. മകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയെ്തന്നാരോപിച്ച് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ യുവാവിനെ കുറ്റവിമുക്തനാക്കിയാണ് കോടതി ഇങ്ങനെ പറഞ്ഞത്.

‘മൊബൈല്‍ഫോണും ഇന്റര്‍നെറ്റും കേബിള്‍ ടി.വി.യും വ്യാപകമായ ഇന്നത്തെ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് ധാര്‍മികമൂല്യങ്ങള്‍ പകര്‍ന്നുകൊടുക്കുക എന്ന വലിയ ഉത്തരവാദിത്വം രക്ഷിതാക്കള്‍ക്കുണ്ട്. അങ്ങനെ നല്ല ധാര്‍മികനിലവാരവും നല്ലതും ചീത്തയും ആകര്‍ഷകവുമായവ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ കഴിയുന്നവരുമാക്കി അവരെ മാറ്റണം. ആകര്‍ഷകമായതെല്ലാം എല്ലായ്‌പ്പോഴും നല്ലതല്ലെന്നും നല്ലതിനു മാത്രമേ എല്ലാ അര്‍ഥത്തിലും കീഴ്‌പ്പെടേണ്ടതുള്ളൂവെന്നും അവര്‍ക്ക് പറഞ്ഞുകൊടുക്കണം’ കോടതി നിര്‍ദേശിച്ചു. വ്യാജബലാത്സംഗക്കേസുകള്‍ കൊടുക്കുന്നതുവഴി ഒളിച്ചോട്ടവും ഓടിപ്പോയുള്ള കല്യാണവും നിയന്ത്രിക്കാനാവില്ല. കുട്ടികള്‍ക്ക് ധാര്‍മിക വിദ്യാഭ്യാസം നല്‍കുകയും കൗമാരപ്രായത്തില്‍ അവരുടെ എല്ലാ പ്രവൃത്തികളും നിരീക്ഷിക്കുകയും ജാഗ്രതപാലിക്കുകയുമാണ് വേണ്ടത്’ അഡീഷണല്‍ സെഷന്‍സ് ജഡ്ജി വീരേന്ദര്‍ ഭട്ട് പറഞ്ഞു.(മാതൃഭൂമി 05-11-13)

ധാര്‍മിക മൂല്യങ്ങളില്‍ നിന്ന് മുക്തമായ മതേതര വിദ്യാഭ്യാസമാണ് പതിറ്റാണ്ടുകളായി ലോകത്ത് മേല്‍ക്കോയ്മ നേടിക്കൊണ്ടിരിക്കുന്നത്. ഫ്രാന്‍സിസ് ബേക്കണെ പോലുള്ള വിദ്യാഭ്യാസ വിചക്ഷണരുടെ കാഴ്ചപ്പാടനുസരിച്ച് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പ്രയോജനം മാത്രമായിരിക്കണമെന്നതാണ്. എന്തുവന്നാലുമെനിക്കാസ്വദിച്ചീടണം മുന്തിരിച്ചാറു പോലുള്ളൊരീ ജീവിതം എന്നതാണ് ഇതിന്റെ മറ്റൊരു വായന. ഈ കാഴ്ചപ്പാടിന്റെ ദുരന്തമാണ് ഇന്ന് ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മാനവിക വിഷയങ്ങള്‍ സിലബസുകളില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. അല്ലെങ്കില്‍ അതില്‍ കഴിവും യോഗ്യതയുമുള്ള വിദ്യാര്‍ഥികളെ പഠിക്കാന്‍ കിട്ടാത്ത അവസ്ഥ വരുന്നു. മക്കളുടെ നൈസര്‍ഗികമായ കഴിവുകളെയോ താല്‍പര്യങ്ങളെയോ പരിഗണിക്കാതെ എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരുമാക്കി പണം കായ്ക്കുന്ന മരങ്ങളാക്കിത്തീര്‍ക്കണമെന്നാണ് മിക്ക രക്ഷിതാക്കളുടെയും താല്‍പര്യം. അതിനു വേണ്ടി എത്ര പണം ചിലവഴിക്കാനും എത്ര ത്യാഗം സഹിക്കാനും തയ്യാറാണ്. എല്ലാം പ്രയോജനാത്മകമായി മാത്രം വിലയിരുത്തുമ്പോള്‍ ദയ, കാരുണ്യം, നീതി, സദാചാരം തുടങ്ങിയ മാനവിക ധാര്‍മിക ഗുണങ്ങള്‍ ജീവിതത്തില്‍ നിന്നും അപ്രത്യക്ഷമാകുന്നു. ലാഭകരമല്ലാത്തതിനാല്‍ മാതാപിതാക്കളെ ജീവിതത്തിന്റെ സായം സന്ധ്യയില്‍ വൃദ്ധസദനത്തിലേക്കും ചെറുപ്രായത്തില്‍ ജോലിക്കും മറ്റും തടസ്സമാകുന്നതിനാല്‍ പിഞ്ചുപൈതങ്ങളെ ഡേ കെയര്‍ സെന്ററുകളിലേക്കും ആയമാരിലേക്കുമയക്കുന്ന കാഴ്ചയാണ് നമുക്കിന്ന് കാണാനാകുന്നത്. മക്കള്‍ക്ക് ലാഭകരമായ വിദ്യാഭ്യാസം മാത്രം നല്‍കുന്ന രക്ഷിതാക്കള്‍ ഒടുവില്‍ തങ്ങള്‍ക്കുണ്ടായേക്കാവുന്ന ഇത്തരം ദുരന്തങ്ങളെ കുറിച്ച് ആലോചിക്കാതെ സ്വയം വിഢ്ഢികളായിത്തീരുകയാണ് ചെയ്യുന്നത്.

കോടതി ചൂണ്ടിക്കാണിച്ചതു പോലെ ആധുനിക സാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടത്തില്‍ അശ്ലീലത സര്‍വവ്യാപിയായി മാറിയിരിക്കുകയാണ്. അത് സ്വന്തം മുറികളില്‍ നിന്ന് മൊബൈല്‍ ഫോണിന്റെ വ്യാപനത്തോടെ സ്വകാര്യതയിലേക്കു പ്രവഹിച്ചതോടെ ധാര്‍മിക രംഗത്ത് വിദ്യാര്‍ഥികളും സമൂഹവും വലിയ പ്രത്യാഘാതങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. സദാചാര ബോധവും ജീവിത ലക്ഷ്യവും അന്യമാകുന്നതോടെ അമ്മമാരെയും പെങ്ങന്മാരെയും തിരിച്ചറിയാതെ കേവലമായ ശാരീരികാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനായി മൃഗീയമായ രീതികള്‍ അവലംബിക്കുന്നു. ഇത് വലിയ സംഘര്‍ഷങ്ങള്‍ക്കും അസ്വസ്ഥതകള്‍ക്കും വഴിയൊരുക്കുന്നതിലൂടെ എത്രയെത്ര ജീവിതങ്ങളാണ് കയര്‍ത്തുമ്പിലൊടുക്കേണ്ടി വന്നിട്ടുള്ളത്. എത്രയെത്ര കുടുംബങ്ങളിലാണ് പരസ്പര വിശ്വാസം നഷ്ടപ്പെട്ട് ഛിദ്രതയും അസ്വസ്ഥതകളും പുകഞ്ഞുകൊണ്ടിരിക്കുന്നത്.

വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ടത് തിരിച്ചറിവാണ്. മനുഷ്യന്‍ ആരാണ് എന്നും അവന്റെ ജീവിതത്തിന്റെ ലക്ഷ്യമെന്താണെന്നും തിരിച്ചറിയണം. ഐഹിക ജീവിതം  പരീക്ഷണഘട്ടമാണെന്നും യഥാര്‍ഥ ജീവിതം പരലോകമാണെന്നുമുള്ള അടിസ്ഥാന ബോധ്യം വിദ്യാര്‍ഥികളില്‍ രൂഢമൂലമാവേണ്ടതുണ്ട്. മനുഷ്യന്‍ കേവല ഭൗതിക ജീവിയല്ല. ഭൗതികമായ മണ്ണിന്റെയും ദൈവിക ചൈതന്യത്താലുള്ള ആത്മാവിന്റെയും അംശങ്ങള്‍ കൂടിച്ചേര്‍ന്നതാണ് മനുഷ്യന്‍. അവനില്‍ കേവല ഭൗതികതയുടേതായ (മണ്ണ്) അംശങ്ങള്‍ ആധിപത്യം പുലര്‍ത്തുമ്പോള്‍ അവന്‍ അധപ്പതിക്കും. ആത്മാവിന്റെതായ അംശങ്ങള്‍ ആധിപത്യം പുലര്‍ത്തുമ്പോള്‍ മാനുഷികമായ ഔന്നിത്യത്തിലേക്കുയരുകയും ചെയ്യും. ശരീരത്തിന്റെ ജഢികേഛകളില്‍ നിന്നും മുക്തമായി ആത്മാവിനെ സംസ്‌കരിക്കുന്നവര്‍ക്കാണ് ജീവിതവിജയമെന്ന യാഥാര്‍ഥ്യം പഠിപ്പിക്കുന്ന വിദ്യാഭ്യാസമാണ് ആവശ്യം. വീട്ടിലും കുടുംബത്തിലും സ്ഥാപനങ്ങളിലും അത്തരത്തിലുള്ള അന്തരീക്ഷം രൂപപ്പെടേണ്ടതുണ്ട്. വിദ്യാര്‍ഥികള്‍ വളര്‍ന്നുവരുന്ന ഘട്ടത്തില്‍ അവരെ പ്രത്യേകം ശ്രദ്ധിക്കുകയും ആവശ്യമായ സ്‌നേഹങ്ങളും പരിഗണനകളും നല്‍കേണ്ടതുണ്ട്. വീട്ടില്‍ നിന്നും ഇത്തരത്തിലുള്ള സ്‌നേഹങ്ങളും പരിഗണനകളും കിട്ടാതെ വരുമ്പോഴാണ് തേന്‍പുരട്ടിയ വാക്കുകളും സ്വപ്‌ന സുന്ദരമായ വാഗ്ദാനങ്ങളും നല്‍കി വലവിരിച്ചുകൊണ്ടിരിക്കുന്നവരുടെ കെണിയില്‍ മക്കള്‍ പെട്ടുപോകുന്നതും ജീവിതം തന്നെ ദുരന്തമായിത്തീരുന്നതും. ഇത്തരം യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കാതെ തൊലിപ്പുറത്തെ ചികിത്സ കൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ല എന്നതാണ് സത്യം.

Related Articles