Current Date

Search
Close this search box.
Search
Close this search box.

ഒലീവ്പച്ചകളില്‍ കുരുതിയുടെ ചോരച്ചുവപ്പ്

ഇന്നോ നാളെയോ അല്ലെങ്കില്‍ അതിനടുത്ത ദിവസങ്ങളിലോ ആരെങ്കിലും വരും. അവരുടെ കൈകളില്‍ ഒന്നോ രണ്ടോ വെള്ളരിപ്രാവുകളുണ്ടായിരിക്കും. ചുടുരക്തത്തിന്റെ മണം വിട്ടുപോകാത്ത ഗസ്സയിലെ ഏതെങ്കിലും ഒരു തെരുവില്‍നിന്ന് പ്രാവുകളെ അവര്‍ പറത്തിവിടും. സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ നോക്കി അപ്പോള്‍ ലോകം സമാധാനം നടിക്കും. പ്രാവുകളെ കെട്ടഴിച്ചുവിട്ടവര്‍ക്ക് അഭിനന്ദനങ്ങളുടെ മഹാ പ്രവാഹം വന്നുകൊണ്ടിരിക്കും. പക്ഷെ, ഗസ്സയില്‍  അപ്പോഴും കണ്ണീരുണങ്ങിയിട്ടുണ്ടാവില്ല. ആര്‍ത്തലച്ചു കരയാനും ദുരന്തങ്ങള്‍ ഏറ്റുവാങ്ങാനും മാത്രം വിധിക്കപ്പെട്ടവരെ അവരുടെ വിധിക്ക് വിട്ട് ലോകം മറ്റു കാര്യങ്ങളിലേക്ക് നീങ്ങും.

ചില സംഗതികള്‍ വിവരിക്കാന്‍ വാക്കുകള്‍ മതിയാകാതെ വരുന്ന ചില നേരങ്ങളുണ്ട്. അത്തരം സന്ദര്‍ഭങ്ങളിലൊന്നാണ് ഗസ്സയിലെ നരമേധം. ഫലസ്തീനില്‍നിന്നുള്ള തഹാനി അബു ഷബാന്റെ ഡയറിക്കുറിപ്പ് ഫലസ്തീന്‍ ടെലഗ്രാഫ് എന്ന പത്രത്തില്‍ മൂന്നുദിവസം തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചിരുന്നു.

ഫലസ്തീനി അനുഭവിക്കുന്ന വേദനയും സങ്കടവും ഭീതിയുമെല്ലാം അലിഞ്ഞുചേര്‍ന്ന കുറിപ്പ്. അതിങ്ങനെയാണ്: വീട്ടില്‍നിന്ന് ഒരു കാരണവശാലും പുറത്തിറങ്ങാന്‍ സമ്മതിക്കില്ലെന്ന വാശിയില്‍ ഉമ്മ ഉറച്ചുനിന്നു. ഇസ്രായേല്‍ സൈന്യം ബോംബ് വര്‍ഷിച്ചുകൊണ്ടിരിക്കെ എന്നെ പറഞ്ഞയക്കാന്‍ ഉമ്മക്കാകുമായിരുന്നില്ല. ഞങ്ങളുടെ വീടിന് സമീപത്തും മിസൈലുകള്‍ വന്നുവീഴുന്നതിന്റെ ഇരമ്പല്‍. പുറത്തിറങ്ങിയാല്‍ മരണം ഉറപ്പ്.  വിസ അപേക്ഷ അയക്കാനുള്ള അവസാന ദിവസമാണിന്ന്. ഇന്നെങ്കിലും അത് ചെയ്തില്ലെങ്കില്‍ പദ്ധതികളെല്ലാം അവതാളത്തിലാകും. എന്നാല്‍ ഗസ്സയിലേക്കുള്ള യാത്ര അനുവദിക്കാന്‍ ഉമ്മ തയ്യാറായില്ല. കുറെ നേരം തര്‍ക്കിച്ചതിന് ശേഷം, ഉമ്മ ഒന്ന് മയപ്പെട്ടു എന്ന തോന്നിയ നിമിഷം, വീട്ടില്‍നിന്നിറങ്ങിയോടി. വീട്ടില്‍നിന്ന് ഗസ്സയിലേക്കെത്താന്‍ ഇരുപത് മിനിറ്റ് സമയം വേണം. നഗരം സാധാരണപോലെതന്നെ. ചില സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥിതിഗതികള്‍ ഏത് നിമിഷവും മോശമായേക്കും. അതിന് മുമ്പായി തങ്ങളുടെ അത്യാവശ്യ കാര്യങ്ങള്‍ നിറവേറ്റുന്നതിന്റെ തിരക്കിലാണ് ആളുകള്‍.

ഓഫീസിലെത്തി വിസയുടെ അപേക്ഷാ ഫോമുകള്‍ വാങ്ങി. സഹപ്രവര്‍ത്തകരാരും അവിടെ ഉണ്ടായിരുന്നില്ല. ചീഫ് മാത്രമാണുള്ളത്. അദ്ദേഹത്തിന്റെ സാന്നിധ്യം എന്നെ അത്ഭുതപ്പെടുത്തി.

അപേക്ഷ പോസ്റ്റ് ചെയ്യാന്‍ സരായ ഏരിയക്ക് വളരെ അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ എത്തണം. ഇത് കുഴപ്പം പിടിച്ച സ്ഥലമായിരുന്നു.  ഊടുവഴിലൂടെ പോയി പോസ്‌റ്റോഫീസിലെത്താമെന്നായിരുന്നു കണക്കുകൂട്ടല്‍.

ടാക്‌സി ഡ്രൈവര്‍ ഊടുവഴി തെരഞ്ഞെടുത്തില്ല. അയാള്‍ നേരിട്ടുള്ള റോഡിലൂടെയാണ് വണ്ടിയോടിച്ചത്. അയാളോട് തര്‍ക്കിക്കാന്‍ പോയില്ല. ഞങ്ങള്‍ റോഡ് മുറിച്ചുകടന്നു. ഏത് നിമിഷവും ഒരു മിസൈല്‍ വന്ന് പതിച്ചേക്കാം. എന്റെ കണ്ണുകള്‍ നാലുപാടിലേക്കും പായുകയായിരുന്നു. അല്ലാഹുവിന് നന്ദി… ഞങ്ങള്‍ ഇതുവരെ സുരക്ഷിതരാണ്.

വീട്ടിലേക്ക് തിരിച്ചുപോകാന്‍ മറ്റൊരു ടാക്‌സി വേണ്ടിയിരുന്നു. ആ ഭാഗത്തേക്കുള്ള മറ്റുചിലരും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങളെല്ലാവരും ടാക്‌സിക്കായി കാത്തിരുന്നു. പത്തുമിനിറ്റിന് ശേഷം ടാക്‌സിയെത്തി. റേഡിയോ ഉച്ചത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇസ്രായേലിന്റെ ആക്രമണത്തിന്റെ വിവരങ്ങള്‍ റേഡിയോ വിളിച്ചുപറഞ്ഞു. നാല്‍പത് മിനിറ്റിനുള്ളില്‍ വീട്ടിലെത്തുമെന്ന് ഉമ്മയെ ഫോണില്‍ വിളിച്ചറിയിച്ചു. സരായക്കടുത്താണ് ഞാനുള്ളതെന്ന വിവരം പറഞ്ഞില്ല.

ടാക്‌സിയിലുള്ളവരെല്ലാം പേടിയുടെ മുഖപടമെടുത്തണിഞ്ഞിരിക്കുന്നു. അവരുടെ കണ്ണുകളില്‍ ഭയം വന്നുമൂടി. അഞ്ചുമിനിറ്റ് കഴിഞ്ഞില്ല, ഇസ്രായേലി യുദ്ധവിമാനങ്ങള്‍ അഞ്ച് വ്യോമാക്രമണം നടത്തി. രണ്ടെണ്ണം ഞങ്ങളുടെ തൊട്ടടുത്തായിരുന്നു. വാഹനത്തിലുണ്ടായിരുന്നവര്‍ ടാക്‌സി െ്രെഡവറോട് പെട്ടെന്ന് പോകാന്‍ ആവശ്യപ്പെട്ടു. എല്ലാവരുടെയും കൈകള്‍ വിറക്കുന്നു. പിന്‍സീറ്റിലിരുന്ന് കുട്ടികള്‍ ഉമ്മാ ഉമ്മാ എന്ന് വിളിച്ചുകരയുന്നു. എല്ലാവരും കിടന്ന് വിറയ്ക്കുന്നു. എനിക്കിറങ്ങാനുള്ള സ്ഥലത്തെത്തി.

എന്നെ പോലെ മറ്റുള്ളവരും അവരവരുടെ വീടുകളില്‍ സുരക്ഷിതരായി എത്തിയിട്ടുണ്ടാകും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ചുറ്റിലും ബോംബ് വര്‍ഷിക്കുന്നതിന്റെ വിവരണങ്ങള്‍ റോഡിയോയില്‍ വന്നുകൊണ്ടിരിക്കുന്നു.

രാത്രി വെസ്റ്റ് ബാങ്കില്‍നിന്നുള്ള കൂട്ടുകാരി വിളിച്ചു. അന്നത്തെ അവളുടെ രണ്ടാമത്തെ വിളിയാണത്. ഞാന്‍ ജീവനോടെയുണ്ടോ എന്നറിയാനുള്ള വിളി. ഞങ്ങളുടെ കൂട്ടുകാരി ഹനാനെ വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല. അപ്പോള്‍ സമയം രാത്രി 11.47. ഹനാനെ ഞാനും ഒരുപാട് തവണ വിളിച്ചു. അവള്‍ ജീവനോടെയുണ്ടോ എന്നറിയാന്‍ റേഡിയോ മാത്രമായിരുന്നു ശരണം. മരിച്ചവരുടെ പേര്‌വിവരം യഥാസമയത്ത് റേഡിയോ പുറത്തുവിടുന്നുണ്ട്. അവളുടെ പേര് ഇതുവരെ റേഡിയോ പറഞ്ഞിട്ടില്ല. അവള്‍ സുരക്ഷിതയായിരിക്കും… എന്റെ മനസ്സിനെ സമാധാനിപ്പിച്ചു.

ഇന്ന് ഇസ്രായിലിന്റെ ആക്രമണം തുടങ്ങിയതിന്റെ രണ്ടാമത്തെ ദിവസമാണ്. സമയം പുലര്‍ച്ചെ മൂന്നര. അത്താഴം കഴിക്കേണ്ട സമയമായി.

തഹാനീ… എഴുന്നേല്‍ക്ക്. ഭക്ഷണമുണ്ടാക്ക് എന്ന് വല്യുമ്മ വിളിച്ചുപറയുന്നു. വല്യുമ്മയുടെ വിചാരം ഞാന്‍ ഉറങ്ങുകയാണെന്നാണ്. ഞാന്‍ മറുപടി പറഞ്ഞില്ല…ഈ ബോംബ് വീഴുന്നതൊന്നും നീ അറിയുന്നില്ലേ…ഈ കാതടപ്പിക്കുന്ന ശബ്ദത്തിനിടെ നിനക്ക് എങ്ങനെയാണ് ഉറങ്ങാനാകുന്നത്…അവര്‍ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു. ഞാന്‍ ഒന്നും കേട്ടിട്ടില്ല…ഇതും പറഞ്ഞ് ഞാന്‍ തിരിഞ്ഞുകിടന്നു. നിന്റെ ചെവി പൊട്ടിപ്പോയോ… അവര്‍ വീണ്ടും പറഞ്ഞു.

ഞാന്‍ ഉറങ്ങിയിരുന്നില്ല, എന്റെ ചെവി പൊട്ടിപ്പോയിട്ടുമുണ്ടായിരുന്നില്ല. എന്റെ ചുറ്റിലും വീണുപൊട്ടുന്ന ഓരോ മിസൈലിന്റെ ശബ്ദവും ഞാന്‍ കേട്ടിരുന്നു. എന്നാല്‍ പേടിയുടെ കണ്ണീര്‍ വല്യുമ്മയെ കാണിക്കാന്‍ ഞാനിഷ്ടപ്പെട്ടില്ല. ബോംബിംഗിനെ മാത്രമായിരുന്നില്ല എനിക്ക് ഭയം. ഗസ്സ സിറ്റിയിലെ ഓരോ കൂട്ടുകാരുടെയും ബന്ധുക്കളുടെയും അവസ്ഥ ആലോചിച്ചിട്ടായിരുന്നു ശരീരവും മനസ്സും വിറച്ചുപോകുന്നത്. ഗസ്സയില്‍ ഓരോ മിനിറ്റിലും ബോംബും മിസൈലുകളും വര്‍ഷിച്ചുകൊണ്ടിരിക്കുന്നു. എന്റെ കൂട്ടുകാരുടെ പേര് ഏത് നിമിഷവും രക്തസാക്ഷികളുടെ പട്ടികയില്‍ ചേര്‍ക്കപ്പെടും. എന്റെ ഉമ്മയെ പറ്റിയും ഞാനോര്‍ത്തു. 52 വയസായി അവര്‍ക്ക്. 130 കിലോ ഭാരമുണ്ട്. സന്ധിവാതം അവരെ ആകെ പ്രയാസത്തിലാക്കുന്നു. വേഗത്തില്‍ നടക്കാന്‍ അവര്‍ക്കാകില്ല. എന്റെ വീട് ഇസ്രായേല്‍ ലക്ഷ്യം വെച്ചാല്‍ എന്തായിരിക്കും ഉമ്മയുടെ അവസ്ഥ എന്നാലോചിച്ച് മനസ് വിങ്ങി.

രാവിലെ എന്റെ സഹോദരന്റെ കൂട്ടുകാരന്റെ പേര് റേഡിയോയിലൂടെ കേട്ടു. അദ്ദേഹം രക്തസാക്ഷിയായിരിക്കുന്നു. സഹോദരന്‍ വാവിട്ടു കരയുന്നു.

ഇന്ന് മൂന്നാമത്തെ ദിവസം. രക്തസാക്ഷികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. രാവിലെ ഏഴു മണിമുതലാണ് ഞാന്‍ ഉറങ്ങാന്‍ കിടന്നത്. ഒരു വലിയ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നു. ദൈവമേ, സമയം പത്തുമണിയായിരിക്കുന്നു. മൂന്നു മണിക്കൂര്‍ ഞാന്‍ ഉറങ്ങിയെന്നോ…അത്ഭുതം തന്നെ. മുപ്പത് മിനിറ്റ് ഉറക്കം സ്വപ്നം കാണാന്‍ പോലും ഫലസ്തീനിക്ക് ഇപ്പോള്‍ അവകാശമില്ല. അവിടെയാണ് ഞാന്‍ മൂന്നു മണിക്കൂര്‍ ഉറങ്ങിയിരിക്കുന്നത്. ഞാനെന്ത് ഭാഗ്യവതി…

റേഡിയോ തുറന്നു. ഖാന്‍യൂനിസിലെ ഒരു വീട് ഇസ്രായില്‍ ലക്ഷ്യമിട്ടതായി റേഡിയോയില്‍നിന്ന് അറിയിപ്പ്. ആ കുടുംബത്തിന്റെ പേരും ഉടന്‍ അനൗണ്‍സ് ചെയ്തു. എന്റെയുള്ളിലൂടെ കൊള്ളിയാന്‍ മിന്നി. സജ… അവള്‍ എന്റെ കൂട്ടുകാരിയാണ്. അവര്‍ സജയുടെ വീട് ലക്ഷ്യമിട്ടിരിക്കുന്നു.

ഞാന്‍ എന്റെ മൊബൈല്‍ ഫോണ്‍ എവിടെയെന്ന് ചോദിച്ച് ആര്‍ത്തലച്ചു. എന്റെ കയ്യില്‍ തന്നെയുണ്ടായിരുന്ന മൊബൈല്‍ അവളെനിക്ക് കാണിച്ചുതന്നു. സജയെ വിളിച്ചു. സജയുടെ ബന്ധുവിന്റെ വീട് അപ്പോഴേക്കും തകര്‍ന്നുകഴിഞ്ഞിരുന്നു. ഒരാള്‍ മരിക്കുകയും മൂന്നു പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു. അവളുടെ സഹോദരന്‍ അങ്ങോട്ട് പോയിട്ടുണ്ട്. എന്റെ മനസിലേക്ക് ദിനയുടെ പേര് പെട്ടെന്നോര്‍മ്മ വന്നു. അവളെ ഇതുവരെ വിളിച്ചില്ലല്ലോ എന്നോര്‍ത്ത് വിഷമിച്ചു. ദിന റഫയിലാണ്. അവിടെ ബോംബുകള്‍ എപ്പോഴും വര്‍ഷിച്ചുകൊണ്ടിരിക്കുന്നു. കുറേനരം ഫോണ്‍ റിംഗ് ചെയ്‌തെങ്കിലും ദിന എടുത്തില്ല. രണ്ടാം വട്ടം ശ്രമിച്ചപ്പോഴാണ് ദിന ഫോണ്‍ എടുത്തത്.

ദിന നീ സുഖമായിരിക്കുന്നോ… കുടുംബം സുരക്ഷിതമാണോ എന്ന ചോദ്യത്തിന് അവള്‍ അതെയെന്ന് മറുപടി പറഞ്ഞു. ഞങ്ങള്‍ക്ക് പ്രശ്‌നമൊന്നും ഇതുവരെ ഒന്നും സംഭവിച്ചില്ല. പക്ഷെ ഇന്നലത്തെ രാത്രി… മുഴുമിപ്പിക്കും മുമ്പ് ഒരു ഭീകരശബ്ദം ഫോണിലൂടെ മുഴങ്ങി. അത് എന്റെ കാതുകളില്‍ തുളച്ചുകയറി. ദിന എന്ന വിളിക്ക് ഞാന്‍ ഒക്കെയാണ് എന്ന് പറഞ്ഞ് അവള്‍ ഫോണ്‍ സംഭാഷണം മുറിച്ചുകളഞ്ഞു.

നാലുമണിയായി. നോമ്പുതുറക്കാനുള്ള നേരമാണ്. നോമ്പുതുറക്കാന്‍ എന്തുണ്ടാക്കുമെന്ന ചോദ്യവുമായി വല്യുമ്മ അവിടെയവിടെയായി നടക്കുന്നു. ഒന്നുമില്ല., ഉണ്ടാക്കിയിട്ടും കാര്യമില്ല വൈകുന്നേരമാകുമ്പോഴേക്കും ഞങ്ങള്‍ മരിച്ചിട്ടുണ്ടാകും.

നോമ്പുതുറന്ന് ഒരു മണിക്കൂറിന് ശേഷം ഇസ്രായിലി യുദ്ധവിമാനങ്ങള്‍ രണ്ടു വീടുകള്‍ക്ക് മീതെ കൂടി പറന്നിറങ്ങി. ആ വീടുകള്‍ പൂര്‍ണമായും നശിപ്പിച്ചു. നഗരത്തിലെ എല്ലാ വീടുകളും അവരുടെ ലക്ഷ്യത്തിലുണ്ട്.

സമയം രാത്രി 10.40. ഞാന്‍ ഈ കുറിപ്പ് അവസാനിപ്പിക്കുകയാണ്. ഒരു ഭീകരശബ്ദം വീടിന് തൊട്ടപ്പുറത്ത് നിന്നുയരുന്നു.  വീടിന് അന്‍പത് മീറ്റര്‍ അകലെയായി സ്‌ഫോടനം. വീടിന് കേടുപാടൊന്നും സംഭവിച്ചിട്ടില്ല. പക്ഷെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. എന്റെ അയല്‍വാസികളെല്ലാം കൂടുതല്‍ സുരക്ഷിതമായ കേന്ദ്രം തേടി പോയിരിക്കുന്നു. ഇവിടെ ഞാനും ഉമ്മയും കുടുംബാംഗങ്ങളും തനിച്ചാണ്. ഒരു സ്ഥലവും സുരക്ഷിതമല്ല. ഈ കുറിപ്പ് നിര്‍ത്തുന്നു… നാലാം ദിവസത്തെ കഥ ഞാന്‍ നാളെ പറയാം… എനിക്ക് ജീവനുണ്ടെങ്കില്‍.

തഹാനി കുറിപ്പ് അവസാനിച്ചിട്ട് നാലു ദിവസം കഴിഞ്ഞു. നാലാം ദിവസത്തെ കുറിപ്പ് ഇതുവരെ വന്നിട്ടില്ല. തഹാനിക്ക് എന്ത് സംഭവിച്ചുവെന്നറിയില്ല.

ഗസ്സയിലും രാത്രിയും പകലുമുണ്ട്. പക്ഷെ ഉറക്കം മാത്രമില്ല. മനുഷ്യര്‍ ഉറങ്ങിയിട്ട് ദിവസങ്ങളായി. അഭയകേന്ദ്രങ്ങള്‍ തേടിയുള്ള യാത്രയുടേതാണ് അവരുടെ പകലുകള്‍. രാത്രിയാകട്ടെ ഒളിച്ചിരിക്കുന്നതിനുള്ള നേരമാണ്. കുട്ടികളെയും അണഞ്ഞുകൂട്ടിപിടിച്ച് എവിടെയെങ്കിലും ഒളിച്ചിരിക്കുക. ഒരു സെക്കന്റിനുള്ളില്‍ എല്ലാം അവസാനിച്ചേക്കുമെന്ന് അവര്‍ക്കറിയാം. എങ്കിലും പൊന്നോമനകളെ മാറത്തടുക്കിപ്പിടിച്ച് അവര്‍ ഒളിച്ചിരിക്കുക തന്നെയാണ്.

Related Articles