Current Date

Search
Close this search box.
Search
Close this search box.

ഒര്‍ലാന്‍ഡോ വെടിവെപ്പ്: ആരായിരുന്നു ഉമര്‍ മതീന്‍?

mateen3.jpg

അമേരിക്കയെ നടുക്കിയ ഒര്‍ലാന്‍ഡോ വെടിവെപ്പ് സംഭവത്തിലെ അക്രമി 29 വയസ്സുകാരനായ ഉമര്‍ സിദ്ദീഖ് മതീനെ എഫ്.ബി.ഐ തിരിച്ചറിഞ്ഞു കഴിഞ്ഞു. ന്യൂയോര്‍ക്കി ജനിച്ച മതീന്‍ ഫ്ലോറിഡയിലാണ് താമസിക്കുന്നത്.

‘ഉള്ളില്‍ വെറുപ്പ് നിറക്കപ്പെട്ട ഒരു വ്യക്തി’ എന്ന് പ്രസിഡന്റ് ബറാക് ഒബാമ വിശേഷിപ്പിച്ച മതീന്‍, ഞായറാഴ്ച്ച ഒര്‍ലാന്‍ഡോയിലെ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബ് ആക്രമിക്കുകയും, 50 ഓളം പേരെ കൊലപ്പെടുത്തുകയും, 53 പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.

ഒര്‍ലാന്‍ഡോയിലെ എഫ്.ബി.ഐ മേധാവി റോണ്‍ ഹൂപ്പര്‍ പറയുന്നത് 2013-ല്‍ തന്നെ അദ്ദേഹത്തിന്റെ ഓഫീസിന് മതീനെ അറിയാമായിരുന്നു എന്നാണ്. തനിക്ക് ‘ഭീകരവാദ ബന്ധങ്ങള്‍’ ഉണ്ടെന്ന തരത്തിലുള്ള ‘അപകടകരമായ കമന്റുകള്‍’ സഹപ്രവര്‍ത്തകരോട് പറഞ്ഞതാണ് മതീനെ എഫ്.ബി.ഐയുടെ നോട്ടപ്പുള്ളിയാക്കി മാറ്റിയത്.

ആ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് തവണ എഫ്.ബി.ഐ മതീനെ ചോദ്യം ചെയ്തിരുന്നു. കൂടാതെ മറ്റു സാക്ഷികളെയും ചോദ്യം ചെയ്യുകയുണ്ടായി. അതുപോലെ തന്നെ നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

‘ആത്യന്തികമായി, അയാളുടെ കമന്റുകളില്‍ പറഞ്ഞ കാര്യങ്ങള്‍ സ്ഥിരീകരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു.’ ഹോപ്പര്‍ പറഞ്ഞു.

സിറിയയിലെ നുസ്‌റ ഫ്രണ്ടുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യത്തില്‍ പ്രത്യക്ഷപ്പെട്ട മുനീര്‍ മുഹമ്മദ് അബൂസല്‍ഹ എന്ന അമേരിക്കക്കാരനായ ചാവേറുമായി ‘എന്തെങ്കിലും ബന്ധമുണ്ടോ’ എന്ന് അന്വേഷിക്കുന്നതിനായി 2014-ല്‍ മതീനെ അധികൃതര്‍ വീണ്ടും ചോദ്യം ചെയ്യലിന് വിധേയനാക്കി.

അബൂസല്‍ഹയുമായുള്ള മതീന്റെ ബന്ധം ‘പറയത്തക്കതായി ഒന്നുമില്ലെന്നും, എന്തെങ്കിലും തരത്തിലുള്ള ബന്ധമുള്ളതിനോ, ഭീഷണിയുള്ളതിനോ തെളിവില്ലെന്നുമുള്ള’ തീരുമാനത്തില്‍ എഫ്.ബി.ഐ എത്തിയതായി ഹോപ്പര്‍ പറഞ്ഞു. നിര്‍ണ്ണായക തെളിവുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ്, മതീനെതിരെയുള്ള രണ്ട് അന്വേഷണങ്ങളും നിര്‍ത്തിവെക്കപ്പെട്ടത്.

ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന രണ്ട് തോക്കുകളും നിയമപരമായി തന്നെയാണ് മതീന്‍ വാങ്ങിയതെന്ന് ബ്യൂറോ ഓഫ് ടുബാക്കോ, ആല്‍ക്കഹോള്‍, ഫയര്‍ആംമ്‌സ് വക്താവ് ട്രെവോര്‍ വെലിനോര്‍ വ്യക്തമാക്കി.

എഫ്.ബി.ഐയുടെ നിരീക്ഷണത്തിന് കീഴില്‍ ആയിരുന്നിട്ട് കൂടി എങ്ങനെയാണ് മതീന്‍ തോക്കുകള്‍ കൈവശപ്പെടുത്തിയത് എന്ന റിപ്പോര്‍ട്ടര്‍മാരുടെ ചോദ്യത്തിന്, ‘മതീനെതിരെയുള്ള അന്വേഷണം മുന്നോട്ട് കൊണ്ട് പോകാനുള്ള ഒന്നും തന്നെയുണ്ടായിരുന്നില്ല’ എന്ന മറുപടിയാണ് ഹോപ്പര്‍ നല്‍കിയത്. കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍, ‘വീണ്ടും പറയുന്നു, അന്വേഷണം അവസാനിപ്പിച്ചിരുന്നു’ എന്നാണ് അദ്ദേഹം പറഞ്ഞത്.

ഒര്‍ലാന്‍ഡോയില്‍ നിന്നും അല്‍ജസീറക്ക് വേ്ണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന ആന്‍ഡി ഗ്ലാച്ചര്‍, മതീന്‍ ഒരു സെക്യൂരിറ്റി ഗാര്‍ഡ് ആയിട്ടാണ് ജോലി ചെയ്തിരുന്നതെന്ന് സൂചിപ്പിച്ചിരുന്നു. ആ ജോലി ലഭിക്കുന്നതിന്, ഒരു ഷൂട്ടിംഗ് റേഞ്ചില്‍ എട്ട് മണിക്കൂറോളം പരിശീലനം നടത്തുന്നത് ഉള്‍പ്പെടെയുള്ള പരിശീനമുറകള്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പാം ബീച്ച് പോസ്റ്റിന് അയച്ച ഒരു കുറിപ്പില്‍, ജി ഫോര്‍ എസ് എന്ന സെക്യൂരിറ്റി കമ്പനി മതീന്റെ ജോലി ശരിവെക്കുന്നുണ്ട്.

‘ഒര്‍ലാന്‍ഡോ നിശാക്ലബില്‍ നടന്ന അത്യന്തം ദാരുണമായ സംഭവം ഞങ്ങളെ ഞെട്ടിച്ച് കളഞ്ഞു. അതില്‍ ഞങ്ങള്‍ അതീവ ദുഃഖിതരാണ്. 2007, സെപ്റ്റംബര്‍ 10 മുതല്‍ക്ക്G4S കമ്പനിയില്‍ ഉമര്‍ മതീന്‍ ജോലിക്കാരനായിരുന്നു എന്ന് ഉറപ്പ് പറയാന്‍ ഞങ്ങള്‍ക്ക് സാധിക്കും. എഫ്.ബി.ഐ അടക്കമുള്ള എല്ലാ നിയമപാലന അതോറിറ്റികളുമായും, അവരുടെ അന്വേഷണവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ട്.’ കമ്പനി പറഞ്ഞു.

ഒര്‍ലാന്‍ഡോയില്‍ വെച്ച് നടത്തിയ പത്രസമ്മേളനത്തില്‍, ഞായറാഴ്ച്ച പുലര്‍ച്ചെ മതീന്‍ പോലിസിനെ ഫോണില്‍ വിളിച്ചതായി ഹോപ്പര്‍ വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പോലെ ഐ.എസ് നേതാവ് അബൂബക്കര്‍ അല്‍ബാഗ്ദാദിയോട് മതീന്‍ കൂറ് പ്രഖ്യാപിച്ചിരുന്നോ എന്ന കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ ഹോപ്പര്‍ തയ്യാറായിരുന്നില്ല. പക്ഷെ ‘ഇസ്‌ലാമിക് സ്റ്റേറ്റുമായി’ ബന്ധപ്പെട്ട ചില പരാമര്‍ശങ്ങള്‍ മതീന്‍ നടത്തിയതായി ഹോപ്പര്‍ പറഞ്ഞു.

‘അന്തര്‍ദേശീയവും അന്താരാഷ്ട്രീയവുമായ എന്തെങ്കിലും തരത്തിലുള്ള ബന്ധം ഇതിനുണ്ടോ എന്ന അന്വേഷണത്തിലാണ് ഞങ്ങള്‍’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, എന്‍.ബി.സി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍, മിയാമി സന്ദര്‍ശിക്കുന്നതിനിടെ, ഭാര്യയുടെയും കുട്ടിയുടെയും മുന്നില്‍ വെച്ച് രണ്ട് പുരുഷന്‍മാര്‍ പരസ്പരം ചുംബിച്ചത് മതീനെ പ്രകോപിപ്പിച്ചിരുന്നുവെന്ന് മതീന്റെ പിതാവ് സിദ്ദീഖ് മതീന്‍ പറയുകയുണ്ടായി. തന്റെ മകന്റെ പദ്ധതിയെ കുറിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ലെന്ന് പറഞ്ഞ പിതാവ്, ‘ഇതിന് മതവുമായി യാതൊരു ബന്ധവുമില്ല’ എന്നും കൂട്ടിച്ചേര്‍ത്തു.

അവലംബം: അല്‍ജസീറ
വിവ: ഇര്‍ഷാദ് കാളാചാല്‍

Related Articles