Current Date

Search
Close this search box.
Search
Close this search box.

ഒരു വര്‍ഷം വിടപറയുമ്പോള്‍

ആളുകള്‍ ഒരു  പുതുവര്‍ഷത്തെ സ്വീകരിക്കാനുള്ള ഒരുക്കത്തിലും ആഹ്ലാദത്തിലുമാണ്. ഒരു പുതിയ വര്‍ഷം കടന്നു വരുമ്പോള്‍ പല രൂപത്തിലാണ് ആളുകള്‍ അതിനെ നോക്കി കാണുന്നത്. വരും വര്‍ഷത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാനും വലിയ ലാഭങ്ങള്‍ കൈവരിക്കാനുമുള്ള ഉദ്ദേശ്യത്തോടെ പുതിയ തീരുമാനങ്ങളുമായി അതിനെ സമീപിക്കുന്നവരുണ്ട്. നിസംഗരായി പുതുവര്‍ഷത്തെ സ്വീകരിക്കുന്നവരെയും നമുക്ക് കാണാം. മാസങ്ങളും വര്‍ഷങ്ങളും മാറിവരുന്നത് തങ്ങളുടെ ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത ഒന്നായി അവര്‍ വിലയിരുത്തുന്നു.

എന്നാല്‍ കഴിഞ്ഞു പോയ ജീവിതത്തിലെ മിനുറ്റുകളെയും സെക്കന്റുകളെ പോലും വിലയിരുത്തുന്നവനായിരിക്കണം വിശ്വാസി. അവന്‍ തന്റെ ഓരോ ദിവസവും മാസവും വര്‍ഷവും വിലയിരുത്തുകയും അതിനനുസൃതമായ മാറ്റങ്ങള്‍ ജീവിതത്തില്‍ വരുത്തുകയും ചെയ്യേണ്ടതുണ്ട്. അതിലൂടെ മാത്രമേ ഒരാള്‍ക്ക് തന്റെ വീഴ്ച്ചകളെന്താണെന്നും താന്‍ ചെയ്ത നന്മകളെന്താണെന്നും തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ. തിന്മകളില്‍ നിന്ന് നന്മയിലേക്കുള്ള ഒരു തിരിച്ചു വരവിന് അത്യാവശ്യമാണ് ഇത്തരത്തിലുള്ള ഒരു വിലയിരുത്തല്‍. ലോക തലത്തില്‍ തന്നെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളും ഇസ്‌ലാമിക പ്രവര്‍ത്തകരും വളരെയധികം പരീക്ഷിക്കപ്പെട്ട ഒരു വര്‍ഷമായിരുന്നു 2013. അറബ് വസന്തത്തിന് ശേഷം അധികാരത്തിലേറിയ ഇസ്‌ലാമിസ്റ്റുകള്‍ വലിയ വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്ന ഒരു കാലമായിരുന്നു അത്. ഈജിപ്തിലും സിറിയയിലും ഫലസ്തീനിലും തുനീഷ്യയിലുമെല്ലാം ഇന്നും പ്രതിസന്ധി തുടരുക തന്നെയാണ്. ഈജിപ്തില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ ഭീകരസംഘടനയായി മുദ്രകുത്തപ്പെട്ടു. മുമ്പുണ്ടായിരുന്ന നിരോധിക്കപ്പെട്ട അവസ്ഥയിലേക്ക് തന്നെ മടക്കുവാനാണ് ഈജിപ്ത് ഭരണകൂടം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതിനുവേണ്ട അണിയറ പ്രവര്‍ത്തനങ്ങളും അവര്‍ നടത്തുന്നുണ്ട്. ജനാധിപത്യ രീതിയില്‍ ജനപിന്തുണയോടെ അധികാരത്തിലെത്തിയ പ്രസിഡന്റാണ് അവിടെ ജയിലില്‍ കഴിയുന്നത്. ഭീകരസംഘടനയായി പ്രഖ്യാപിച്ച് ഇഖ്‌വാനെ അനുകൂലിച്ച് സംസാരിക്കുന്നത് പോലും കുറ്റകൃത്യമായിട്ടാണ് ഈജിപ്ത് പരിഗണിക്കുന്നത്. എന്തൊക്കെ വിലക്കുകളും പ്രതിസന്ധികളും ഉണ്ടായിട്ടും തങ്ങളുടെ സമരത്തില്‍ നിന്ന് പിന്തിരിയാന്‍ ഒരുമല്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇഖ്‌വാനികള്‍ എന്നാണ് വാര്‍ത്താ മാധ്യമങ്ങള്‍ നമ്മോട് പറയുന്നത്. സൈനിക അട്ടിമറിക്കെതിരെയും ‘ഭീകരപ്രഖ്യാപനത്തിന്’ എതിരെയും പോരാടുമെന്ന് നേതാക്കന്‍മാര്‍ ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.

പ്രതിസന്ധികളും വെല്ലുവിളികളും വിശ്വാസികളുടെ ഈമാനിന് കൂടുതല്‍ ശക്തിയും കരുത്തും പകരുന്നു എന്നാണ് ചരിത്രം കാണിച്ചു തരുന്നത്. അല്ലാഹു തന്റെ ഒരു അടിമയെ ഇഷ്ടപ്പെട്ടാല്‍ അവനെ കൂടുതലായി പരീക്ഷിക്കുമെന്ന് അബൂഹുറൈറ ഉദ്ധരിച്ച ഒരു ഹദീസില്‍ വിവരിച്ചിട്ടുണ്ട്. അല്ലാഹു തന്റെ ദാസന്‍മാരുടെ വിശ്വാസത്തിന് കൂടുതള്‍ തിളക്കവും മൂര്‍ച്ചയും നല്‍കുകയാണ് പരീക്ഷണങ്ങളിലൂടെ ചെയ്യുന്നത്. ഈ ഒരു ബോധത്തോടു കൂടി നമ്മുടെ വിടപറയുന്ന വര്‍ഷത്തെ കുറിച്ച് ഒരു വിലയിരുത്തല്‍ നാം നടത്തേണ്ടതുണ്ട്. ഒരു മുസ്‌ലിം എന്ന നിലയില്‍ എന്തു പരീക്ഷണമാണ് നാം അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളത്? അല്ലാഹു അവന് ഇഷ്ടപ്പെട്ട ദാസന്‍മാരുടെ കൂട്ടത്തില്‍ നമ്മെ ഉള്‍പ്പെടുത്തിയിട്ടില്ലേ എന്ന് നാമൊന്ന് സ്വന്തത്തോട് ചോദിക്കേണ്ടതുണ്ട്. ലോകതലത്തില്‍ തന്നെ മുസ്‌ലിം സമൂഹങ്ങളെല്ലാം കടുത്ത പരീക്ഷണങ്ങള്‍ക്ക് വിധേയരായികൊണ്ടിരിക്കുന്ന കാലത്ത് പോലും നമ്മെ അതൊന്നും ബാധിക്കുന്നില്ലെങ്കില്‍ നമ്മുടെ വിശ്വാസത്തിന് എന്തോ കുഴപ്പുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇന്നലെയെക്കാള്‍ ഉത്തമമായ ഒരു ഇന്നിന്റെയും, ഇന്നിനേക്കാള്‍ ഉത്തമമായ ഒരു നാളെയുടെയും ഉടമായിരിക്കണം മുസ്‌ലിം. അതുകൊണ്ട് തന്നെ ഒരു വിശ്വാസിയെ സംബന്ധിച്ചടത്തോളം പുതിയ ഒരു വര്‍ഷം കടന്നു വരുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഉത്തമമായ ഒരു വര്‍ഷമായി അതിനെ മാറ്റാനുള്ള മുന്നൊരുക്കങ്ങളാണ് അവന്‍ നടത്തേണ്ടത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വന്നിട്ടുള്ള സ്രഷ്ടാവിനോടും സൃഷ്ടികളോടുമുള്ള കടമകളില്‍ വന്നിട്ടുള്ള വീഴ്ച്ചകള്‍ പരിഹരിച്ച് തെറ്റുകള്‍ തിരുത്തി ദൃഢനിശ്ചയത്തോടെയായിരിക്കണം പുതിയ വര്‍ഷത്തിലേക്ക് കടക്കുന്നത്.

Related Articles