Current Date

Search
Close this search box.
Search
Close this search box.

ഒരു മരണവും കുറെ കോലാഹലവും

ആരുടെതായാലും മരണം വേദനിപ്പിക്കുന്ന സംഗതിയാണ്. അത് കുടുംബക്കാര്‍ക്കും ഉറ്റവര്‍ക്കും.  ചിലപ്പോള്‍ അത് ആഘോഷമാണ്. അത് പത്രക്കാര്‍ക്കും ചാനലുകള്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമാണ്.  അറിയപ്പെടുന്ന രാഷ്ട്രീയക്കാരന്റെ, ജനസമ്മതിയുള്ളവന്റെ, പോട്ടെ, എന്തെങ്കിലും തരത്തില്‍ ആളെക്കൊണ്ട് പറയിപ്പിച്ചവനായാലും വേണ്ടില്ല. അവന്റെയൊക്കെ പ്രൊഫൈല്‍ തയ്യാറാക്കി അവര്‍ കാത്തിരിക്കും. വായനക്കാരനെ വിഭ്രംജ്ജിപ്പിക്കുന്ന അക്ഷരങ്ങളുമായി ഒട്ടേറെ മരണവാര്‍ത്തകള്‍ നാം വായിച്ചു. അവതരണ മികവുകൊണ്ട് അതിശയിപ്പിച്ചവ ചാനലില്‍ കേട്ടു. അത് നാം കേട്ടുമറക്കും എന്നാലും പിന്നെയും കേട്ടുകൊണ്ടേയിരിക്കുന്ന, ഒരുപാട് സംശയങ്ങള്‍ ബാക്കിയാക്കി കടന്നുപോകുന്ന ചില മരണങ്ങളുമുണ്ട്. അത്തരത്തിലുള്ളതാണ് സുനന്ദ പുഷ്‌കറിന്റെ മരണം.

സുനന്ദ ആരായിരുന്നുവെന്ന ചോദ്യത്തിന് ഒറ്റവാക്കില്‍ ഉത്തരം പറഞ്ഞാല്‍ മുന്‍ വിദേശകാര്യ സെക്രട്ടറി ശശി തരൂരിന്റെ ഭാര്യ.  ആ ഭാര്യാ പദവിയിലിരിക്കെ തന്നെയാണ് അവര്‍ മരണപ്പെട്ടത്. അതുകൊണ്ടുതന്നെയാണ് അത് ശ്രദ്ധയാകര്‍ഷിക്കപ്പെട്ടതും. ആത്മഹത്യയെന്ന് വിധിയെഴുതിയ ആ മരണം കൊലപാതകമാണ് എന്ന ആരോപണമാണ് പിന്നീടുണ്ടായത്. അതിന്റെ കോലാഹലമാണ് പിന്നീടങ്ങോട്ട്. ഇനിയറിയേണ്ടത് അവര്‍ ആരായിരുന്നു എങ്ങനെയാണ് കോലചെയ്യപ്പെട്ടത് എന്നാണ.് ഒരുപാട് ദുരൂഹതകള്‍ ഈ മരണം ഉയര്‍ത്തുന്നുണ്ട്. ശശി തരൂരിന്റെ മറ്റൊരു സ്ത്രീയുമായുള്ള അടുപ്പവും ഐപി.എല്‍ ക്രിക്കറ്റു വാതുവെപ്പുമൊക്കെ മരണവുമായി ബന്ധിപ്പിച്ചു പറയുന്നുണ്ട്. പാകിസ്താന്‍ മാധ്യമപ്രവര്‍ത്തക മെഹര്‍തരാറുമായി ശശിതരൂറിന് ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന് രണ്ടുദിവസത്തിനിടെയാണ് സുനന്ദപുഷ്‌കറിന്റെ മരണം സംഭവിക്കുന്നത്.

2014 ജനുവരിയിലാണ് ഡല്‍ഹിയിലെ ലീലാ പാലസിന്റെ 345-ാം നമ്പര്‍ മുറിയില്‍ സുനന്ദ മരിച്ചുകിടക്കുന്നതായി വാര്‍ത്തവന്നത്. എ.ഐ.സിസി സമ്മേളനത്തിന്റെ അവസാനദിനമായിരുന്നു അന്ന്. തലേന്ന് തിരിവനന്തപുരത്തുനിന്നുള്ള തിരിച്ചുള്ള യാത്രയില്‍ മെഹര്‍തരാരുമായുള്ള ബന്ധത്തെ ചൊല്ലി ഇരുവരും കലഹിച്ചിരുന്നതായും സുനന്ദ കണ്ണീരോടെ മടങ്ങിയതായും വാര്‍ത്തയുണ്ടായിരുന്നു. ശേഷം അവര്‍ ഹോട്ടലിലേക്കും തരൂര്‍ ഗസ്റ്റ്ഹൗസിലേക്കും പോയി എന്നും തൊട്ടടുത്ത ദിവസം മരിച്ചുകിടക്കുന്നതായും വാര്‍ത്ത വന്നു.

അമ്പത്തൊന്നുകാരിയായ സുനന്ദ മരിച്ച് ഒരു കൊല്ലം തികയാന്‍ പത്ത് ദിവസം ബാക്കി നില്‍ക്കെയാണ് കൊലപാതകത്തിന് പോലീസ് കേസെടുക്കുന്നത്. വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്നും അസ്വാഭാവിക മരണമാണെന്നുമുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്സ് ബസ്സി മാധ്യമപ്രവര്‍ത്തകരോട് പറയുന്നു. എന്നാല്‍ ഡല്‍ഹി സരോജിനി നഗര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പ്രഥമവിവര റിപ്പോര്‍ട്ടില്‍ ആരുടെയും പേരുമില്ല. അമിതമായി ഉറക്കമരുന്ന് കഴിച്ചതുകൊണ്ടാണ് മരണം സംഭവിച്ചതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടെന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ ഡല്‍ഹി എയിംസ് ആശുപത്രി അധികൃതര്‍ പോലീസിനോട് അന്നേ വ്യക്തമാക്കിയിരുന്നു.

ഈ വാര്‍ത്ത പുറത്തുവരുമ്പോള്‍ തൃശൂര്‍ ചാവക്കാട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ ആയുര്‍വേദ ചികിത്സയിലുള്ള ശശിതരൂരിന്റെ  പ്രസ്ഥാവന തന്റെ  ഭാര്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അജ്ഞാതര്‍ക്കെതിരെ കേസെടുത്തറിഞ്ഞ് താന്‍ ഞെട്ടിയെന്നാണ്. കണ്ടെത്തലിലേക്ക് നയിച്ച കാരണങ്ങള്‍ താനും സുനന്ദയുടെ ബന്ധുക്കളും തേടുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് സന്ദേശത്തിലൂടെ പറഞ്ഞു. ഇത് തന്നെയാണ് എല്ലാവര്‍ക്കും അറിയേണ്ടതും.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രമണ്യം സ്വാമി കോടതിയെ സമീപിക്കാനിരിക്കെയാണ് കൊലപാതക കുറ്റത്തിന്ന് കേസെടുത്തതായി ഡല്‍ഹിപോലീസിന്റെതായി വാര്‍ത്തവന്നത്. സുനന്ദ മരിക്കുമ്പോള്‍ തരൂര്‍ കോണ്‍ഗ്രസ്സ് മന്ത്രിയായിരുന്നുവെന്നും ഒരു വര്‍ഷത്തിനുശേഷം ബിജെപി ഗവണ്‍മെന്റിനു കീഴിലാണ് കൊലപാതകമെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നതെന്നും ഇതിന്റെ രാഷ്ട്രീയ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

യഥാര്‍ഥത്തില്‍ സുനന്ദ ആരായിരുന്നു. ശശിതരൂരിന്റെ ഭാര്യ എന്നതിനപ്പുറം അവരൊരു ബിസിനസ്സുകാരിയും ഐ.പി.എല്‍ ഫ്രാഞ്ചെസി ഓഹരി ഉടമയും കൂടിയായിരുന്നു. അവരുടെ കൊലപാതകം ഇതിനോടെല്ലാം കൂടി ചേര്‍ത്തുവായിക്കേണ്ടതാണ്. പുറത്തുവന്ന റിപ്പോര്‍ട്ട്പ്രകാരം 700 കോടി രൂപ ആസ്തിയുടെ ഉടമയാണവര്‍. (ശശിതരൂരിന് മുമ്പേ രണ്ട്പ്രാവശ്യം വിവാഹിതയായ അവര്‍ക്ക് മുന്‍ഭര്‍ത്താവായ മലയാളിയില്‍ ഒരു മകനും ഉണ്ട്). ഇന്ത്യയില്‍ മാത്രമല്ല, അവരുടെ ബിസിനസ്സ് ശൃംഖല ദുബായ്, കാനഡ എന്നീ രാജ്യങ്ങളില്‍ കൂടി വ്യാപിച്ചുകിടക്കുന്നതാണ്. തരൂരുമായുള്ള വിവാഹത്തിനു മുന്നേ അവര്‍ ദുബായിലായിരുന്നു സ്ഥിരതാമസവും. ഇക്കാരണങ്ങള്‍ക്കൊണ്ടുതന്നെ ഇന്ത്യക്കപ്പുറം വ്യപിച്ചുകിടക്കുന്നതാണ് അവരുടെ വ്യക്തിസുഹൃദ് ബന്ധങ്ങളും. ഐ.പി.എല്‍ ക്രിക്കറ്റുമായി ഉയര്‍ന്നുവന്ന വിവാദങ്ങളും മലയാളിതാരം ശ്രീശാന്തടക്കം ഒരുപാട് പേര്‍ ക്രിക്കറ്റ് കോഴയില്‍ പ്രതിചേര്‍ക്കപ്പെട്ട് പുറത്തായപ്പോഴും കേട്ട പേര് സുനന്ദയുടെത് തന്നെയായിരുന്നു. ഐ.പി.എല്‍ മാനേജര്‍ ശ്രീനിവാസനെ തല്‍സ്ഥാനത്തുനിന്ന് രാജിവെപ്പിക്കാന്‍ സുപ്രിംകോടതിയുടെ കര്‍ശന നിര്‍ദ്ദേശം തന്നെ വേണ്ടി വന്നു. ഐപിഎല്‍ ഓഹരി ഉടമ എന്നനിലയിലുള്ള അവരുടെ ബന്ധവും മരണവുമൊക്കെ സംശയം ജനിപ്പിക്കുന്നതാണ്.

അവരുടെ മരണശേഷം താജ് ഹോട്ടലില്‍ അജ്ഞാതരായ മൂന്നുപേര്‍ വ്യാജ അഡ്രസ്സില്‍ താമസിച്ചിരുന്നതായും പോലീസ് പറയുന്നുണ്ട്.  കൊലപാതകകേസ് രജിസ്റ്റര്‍ ചെയ്തതിനുശേഷം പോലീസ് ചോദ്യംചെയ്ത ശശിതരൂരിന്റെ പരിചാരകന്‍ നാരായണ സിംഗും അദ്ദേഹത്തിന്റെ മൊഴിയനുസരിച്ച് ചോദ്യം ചെയ്യലിന് വിധേയനായവനും ഒട്ടേറെ സംശയം ഉണര്‍ത്തുന്നുണ്ട്. യഥാര്‍ഥത്തില്‍ ശശീതരൂരിന്റെ ഭാര്യയുടെ മരണമെന്നതിനപ്പുറം വിദേശ മാഫിയകളും വിദേശപണവും ഉള്‍പ്പെട്ട കേസാണിതെന്നാണ് സുബ്രമണ്യം സാമിയെപോലുള്ളവര്‍ പറയുന്നത്. 700 കോടി രൂപയുടെ ആസ്തിയുള്ള യുവതിയെന്ന് മാത്രമല്ല, അവരുടെ മരണത്തെപ്പോലെ ദുരൂഹമായ മറ്റൊരു കാര്യവും വെളിപ്പെട്ടിട്ടുണ്ട്. അവരുടെ പൗരത്വം എന്ത് എന്ന്. ശശിതരൂരിന്റെ തെരെഞ്ഞെടുപ്പ് സമയത്തുള്ള രേഖകളിലും അതില്ല. പൗരത്വം വെളിവാക്കുന്ന ജനന മരണ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റടക്കം അധികാരികളുടെ മുമ്പില്‍ ഹാജരാക്കാന്‍ കഴിയുന്നവന്റെ പോലും ദേശക്കൂറ് ചോദ്യംചെയ്യാന്‍ ആളുള്ള നാട്ടിലാണ് ഏത് പൗരയാണെന്ന് പോലും വെളിവാക്കാതെ അധികാരത്തിന്റെ തണലിലും താങ്ങിലും നമ്മുടെ നാട്ടില്‍ അവര്‍ ജീവിച്ചതും മരിച്ചതും. അതുകൊണ്ട് തന്നെ ഈ മരണത്തില്‍ ഒന്നുറപ്പിക്കാം. ശക്തമായ കണ്ണികള്‍ ഈ മരണത്തിനു പിന്നിലുണ്ട്. ആ സംശം നീളുന്നത് കലാ കായിക ഓഹരി രാഷ്ട്രീയ മാഫിയകളിലേക്കാണ.്  അതാരാണെന്നാണ് ഇനി അറിയാനുള്ളത്.

*ഫൗസിയ ശംസ് : ഗസ്റ്റ് എഡിറ്റര്‍, ഇസ്‌ലാംഓണ്‍ലൈവ്‌

Related Articles