Current Date

Search
Close this search box.
Search
Close this search box.

ഒരു ജനാധിപത്യവും രണ്ട് ഏറ്റുമുട്ടലുകളും

hysdd.jpg

ആന്ധ്രപ്രദേശില്‍ രണ്ട് ഏറ്റുമുട്ടലുകളിലായി 25 പൗരന്‍മാരെ കൊലപ്പെടുത്തിയതിന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം സാക്ഷ്യം വഹിച്ചിരിക്കുകയാണ്. നിരായുധരായ സിവിലിയന്‍മാരെ വെടിവെച്ചു കൊല്ലുന്നതിനുപയോഗിക്കുന്ന ദ്വയാര്‍ത്ഥ പ്രയോഗമായി മാറിയിരിക്കുന്നു ‘ഏറ്റുമുട്ടല്‍’. സിവിലിയന്‍മാരുടെ മരണത്തെ കുറിച്ച പോലീസ് ഭാഷ്യം പരിഹാസ്യമാണ്.

രക്തചന്ദന കള്ളക്കടത്ത് തടയാന്‍ പ്രത്യേകമായി രൂപീകരിക്കപ്പെട്ട സേന ‘കള്ളക്കടത്തുകാരുടെ’ കാല്‍പാടുകള്‍ പിന്തുടര്‍ന്ന് തിരുമല കുന്നിലെ സേഷാചലം വനത്തില്‍ നൂറോളം വരുന്ന അവര്‍ക്കടുത്തെത്തുകയായിരുന്നു. ദൗത്യ സേന കീഴടങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ മരം വെട്ടുകാര്‍ കല്ലെറിഞ്ഞാണ് പ്രതികരിച്ചത്. കല്‍വര്‍ഷം നേരിടാന്‍ മരംവെട്ടുകാര്‍ക്കെതിരെ സേന നടത്തിയ വെടിവെപ്പില്‍ 20 പേര്‍ കൊല്ലപ്പെടുകയും മറ്റുള്ളവര്‍ തിരിഞ്ഞോടുകയും ചെയ്തു. എന്നതാണ് ഒന്നാമത്തെ സംഭവത്തെ കുറിച്ച പോലീസ് ഭാഷ്യം. ‘ആത്മരക്ഷാര്‍ത്ഥം ഞങ്ങള്‍ തുരുതുരാ വെടിവെച്ചു’ എന്നാണ് പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ പ്രത്യേക സേനയിലെ ഒരംഗം ‘ദ ഹിന്ദു’ പത്രത്തോട് പറഞ്ഞത്.

അതെ, നിങ്ങളത് വായിച്ചിട്ടുണ്ടാവും. കല്ലേറിന് പ്രതികരണമായി നടത്തിയ ‘തുരുതുരാ വെടിവെപ്പ്’ 20 മരംവെട്ടുകാരുടെ മരണത്തിന് കാരണമായിരിക്കുന്നു. ആത്മമരക്ഷാര്‍ത്ഥം നേരിടാന്‍ മരംവെട്ടുകാരുടെ ഭാഗത്ത് നിന്നും എന്ത് അപകടമാണ് ഉണ്ടായിരുന്നതെന്ന് ഒരാള്‍ അത്ഭുതപ്പെട്ടേക്കാം. കല്ലുകള്‍ക്കെതിരെ വെടിയുണ്ട ഉപയോഗിക്കുന്നത് – അത മഴപോലെ വര്‍ഷിക്കുകയാണെങ്കില്‍ തന്നെയും – എത്ര പൊരുത്തമില്ലായ്മയാണെന്നത് നമുക്ക് മറക്കാം. സംഭവം നടക്കുന്നത് കാട്ടിലാണല്ലോ, പ്രത്യേക ദൗത്യസേനക്ക് അതില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ അവിടത്തെ മരങ്ങള്‍ തന്നെ ധാരാളമായിരുന്നു. എന്നാല്‍ കല്ലുകള്‍ക്കെതിരെ ഇന്ത്യയില്‍ സുരക്ഷാ വിഭാഗം വെടിയുണ്ട ഉപയോഗിക്കാറുണ്ട്. 2010-ല്‍ കാശ്മീരിലുണ്ടായ സംഭവത്തില്‍ 112 പേരാണ് കൊല്ലപ്പെട്ടത്. നിരവധി കൗമാരക്കാരും ഒരു പതിനൊന്നുകാരന്‍ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. അവശേഷിച്ച 80 പേരില്‍ ഒരാളെ പോലും എന്തുകൊണ്ട് ദൗത്യസേന അറസ്റ്റ് ചെയ്തില്ലെന്നത് ഏറ്റുമുട്ടിലിനെ കുറിച്ച നിഗൂഢമായ ചോദ്യമാണ്. ‘ജഡമായോ ജീവനോടെയോ’ എന്ന മുദ്രാവാക്യം ‘ജഡമായോ ഒന്നുമില്ലാതെയോ’ എന്നോ ‘തടവുകാര്‍ വേണ്ടതില്ല’ എന്നതിലേക്കോ മാറിയിരിക്കുന്നു.

ഒരാളിത് ഒറ്റപ്പെട്ട ഒരു സംഭവമായി കാണുന്നുവെങ്കില്‍ രണ്ടാമത്തെ ഏറ്റുമുട്ടിലിന്റെ വിശദാംശങ്ങളിലേക്ക് കടക്കാന്‍ കാത്തിരിക്കട്ടെ. ഒരു ജയില്‍ വാനിനകത്ത് വെച്ചാണത് നടക്കുന്നത്. വാറങ്കല്‍ ജയിലില്‍ നിന്നും 17 സുരക്ഷാ ഭടന്‍മാര്‍ 5 വിചാരണാ തടവുകാരെ ഹൈദരാബാദ് കോടതിയിലേക്ക് കൊണ്ടു പോകുമ്പോളാണ് സംഭവം. നിങ്ങളത് വായിച്ചിട്ടുണ്ടാവും. നിരായുധരും കൈവിലങ്ങുകള്‍ വാനിന്റെ സീറ്റിനോട് ബന്ധിക്കപ്പെട്ടവരുമായ വിചാരണ തടവുകാരാണ് വാനിന് അകത്ത് വെച്ച് നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. വിചാരണ തടവുകാരില്‍ ഒരാളായ വികറുദ്ദീന്‍ അഹ്മദ് പ്രാഥമികാവശ്യ പൂര്‍ത്തീകരണത്തിനായി വിലങ്ങഴിച്ച് തരാന്‍ ആവശ്യപ്പെടുകയും അത് കഴിഞ്ഞ് മടങ്ങി വരവെ ആയുധം തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് പോലീസിന്റെ വിശദീകരണമായി NDTV ചാനല്‍ വാര്‍ത്ത നല്‍കിയത്. പോലീസ് വെടിവെച്ചപ്പോള്‍ മറ്റ് തടവുകാരും ആയുധം തട്ടിപറിക്കാന്‍ ശ്രമിച്ചെന്നും അതാണ് അവരെല്ലാം കൊല്ലപ്പെടാന്‍ ഇടയാക്കിയതെന്നും പോലീസ്.

ടോയ്‌ലറ്റില്‍ പോകാന്‍ പോലും ഒറ്റക്ക് അനുവദിക്കപ്പെടാത്ത വിചാരണ തടവുകാരനായ വികറുദ്ദീന്‍ അഹ്മദ് എങ്ങനെ സുരക്ഷാ ഭടന്റെ ആയുധം തട്ടിപറിക്കാന്‍ ശ്രമിച്ചു? ചട്ടപ്രകാരം എപ്പോഴും സുരക്ഷാ ഉദ്യോഗസ്ഥന്‍ വിചാരണ തടവുകാരനെ അനുഗമിക്കണം. ഇനി അവന്‍ ആയുധം തട്ടിപ്പറിക്കാന്‍ ശ്രമിച്ചുവെങ്കില്‍ തന്നെ 17 അംഗങ്ങളുണ്ടായിരുന്ന സുരക്ഷാ സേന വെടിവെക്കാതെ അയാളെ കീഴ്‌പ്പെടുത്തുന്നതില്‍ എങ്ങനെ പരാജയപ്പെട്ടു? അവശേഷിക്കുന്ന നാല് പേര്‍ നിരായുധരും വിലങ്ങില്‍ ബന്ധിക്കപ്പെട്ടവരുമായിരുന്നു എന്നാണല്ലോ അവര്‍ തന്നെ പറയുന്നത് അവരുടെ കാര്യത്തിലെന്ത് സംഭവിച്ചു? നിഗൂഢതകള്‍ നിറഞ്ഞതും അസാധാരണവുമായ ഒരു വിവരണമാണിത്. അവശേഷിക്കുന്ന നാല് വിചാരണ തടവുകാരെ വധിക്കേണ്ട എന്താവശ്യമാണ് പോലീസിനുണ്ടായിരുന്നത്?

ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം വളരെ ലളിതമാണ്. എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള മോഹന വാഗ്ദാനത്തില്‍ കുരുങ്ങിയവര്‍ മാത്രമായിരുന്നില്ല, ഇരു സംസ്ഥാനങ്ങള്‍ക്കിടയിലുള്ള (തമിഴ്‌നാട്, ആന്ധ്രപ്രദേശ്) വിരോധത്തിന്റെ ഇരകള്‍ കൂടിയാണ് ഒന്നാമത്തെ കേസില്‍ കൊല്ലപ്പെട്ടവര്‍. യഥാര്‍ത്ഥ കള്ളക്കടത്തുകാര്‍ അവരല്ല. അതിര്‍ത്തിയുടെ ഇരുവശത്തുമുള്ള സര്‍ക്കാറുകളുടെ പരിരക്ഷണമുള്ള കള്ളക്കടത്തു മാഫിയയുടെ തൊഴിലാളികള്‍ മാത്രമാണവര്‍. ശിക്ഷിക്കപ്പെടുമെന്ന യാതൊരു ശങ്കയുമില്ലാതെ അവര്‍ക്ക് നേരെ വെടിയുതിര്‍ത്ത പോലീസ് യഥാര്‍ത്ത കള്ളക്കടത്തുകാരെ തൊടാന്‍ പോലും ധൈര്യപ്പെടില്ല. മിക്ക ഇന്ത്യന്‍ മാധ്യമങ്ങളും പോലീസിന്റെ വിശദീകരണം തത്തയെ പോലെ ഏറ്റുചൊല്ലിയത് അതിലേറെ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്. കൊല്ലപ്പെട്ടവരെ കള്ളക്കടത്തുകാര്‍ എന്നു വിളിക്കുകയും ചെയ്തു. കല്ലെറിഞ്ഞ ആളുകളെ എന്തുകൊണ്ട് വെടിവെച്ചുവെന്നോ എന്തുകൊണ്ട് ആരെയും അറസ്റ്റ് ചെയ്തില്ലെന്നോ മിക്ക മാധ്യമങ്ങളും ചോദിച്ചില്ല.

ഇന്ത്യയില്‍ അടിച്ചമര്‍ത്തപ്പെടുന്ന മറ്റൊരു ന്യൂനപക്ഷത്തില്‍ നിന്നുള്ളവരാണ് രണ്ടാമത്തെ സംഭവത്തിലെ ഇരകള്‍. തഹ്‌രീകെ ഗല്‍ബാ-എ ഇസ്‌ലാം എന്ന പ്രാദേശിക ഭീകരസംഘടനയുടെ അംഗങ്ങളാണെന്നതാണ് അവര്‍ക്കെതിരെയുള്ള ആരോപണം. ഹൈദരാബാദിലെ നിരവധി ആക്രമണ കേസുകളിലും ഇപ്പോഴത്തെ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസിലും പോലീസ് സംശയിക്കുന്നവരാണവര്‍. 2010 മുതല്‍ അവര്‍ ജയിലിലാണ്. ഈ കേസിലും മാധ്യമങ്ങള്‍ സമാനമായി തന്നെയാണ് വര്‍ത്തിച്ചത്. അവര്‍ കൊല്ലപ്പെട്ടതിലൂടെ മോദിക്കെതിരെയുള്ള ഒരു ആക്രമണ പദ്ധതി പരാജയപ്പെട്ടിരിക്കുന്നു എന്ന് വരെ ചില റിപോര്‍ട്ടുകളുണ്ടായി. പിന്നീടാണ് വസ്തുത പുറത്തു ചാടിയത്. സീറ്റുമായി ബന്ധിക്കപ്പെട്ട കൈവിലങ്ങുകളോടെയുള്ള ഭീകരരുടെ ചിത്രം പുറത്തു വന്നതോടെ പോലീസ് ഭാഷ്യം ഏറ്റുപിടിക്കല്‍ മാധ്യമങ്ങള്‍ക്ക് പ്രയാസമായി.

സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ വെച്ച് ആളുകളെ വധിക്കുന്നതും ശിക്ഷാഭയമില്ലാതെ ‘ഏറ്റുമുട്ടല്‍’ നടത്തുന്നതും ഇന്ത്യയുടെ മോശപ്പെട്ട രഹസ്യങ്ങളിലൊന്നാണ്. 1999-ലെ സുപ്രീംകോടതിയുടെ 1255-ാം നമ്പര്‍ ക്രിമിനല്‍ അപ്പീലില്‍ അത്തരം കൊലപാതകങ്ങള്‍ ‘ഭരണകൂട ഭീകരത’യല്ലാതെ മറ്റൊന്നുമല്ലെന്നാണ് വിശേഷിപ്പിച്ചത്. ‘കുറ്റവാളികളില്‍ നിന്ന് ജനങ്ങളുടെ ജീവനും സമ്പത്തും സംരക്ഷിക്കാനും, അവരെ (കുറ്റവാളികളെ) അക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാനും കര്‍ശന നടപടി സ്വീകരിക്കണം’ എന്ന അംഗീകരിക്കപ്പെട്ട വസ്തുതയിലാണ് പോലീസുകാര്‍ വീഴ്ച്ചവരുത്തുന്നതെന്നും കോടതി പറഞ്ഞു. മാത്രമല്ല, ഏറ്റുമുട്ടലുകളില്‍ നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട നടപടിക്രമമങ്ങളും സമര്‍പ്പിച്ചു. ഏറ്റുമുട്ടലിലേക്ക് നയിക്കാനുണ്ടായ സംഭവത്തെ കുറിച്ചുള്ള സൂചന രേഖപ്പെടുത്തുന്നത് മുതല്‍ കൊല്ലപ്പെട്ടവരുടെ പോസ്റ്റ് മോര്‍ട്ടം വീഡിയോയില്‍ പകര്‍ത്തേണ്ടത് വരെയുള്ള നിര്‍ദേശങ്ങളാണ് അതിലുള്ളത്.

അപ്പോള്‍ സുപ്രീം കോടതി നിര്‍ദേശത്തിന് പോലീസ് യാതൊരു വിലയും കല്‍പിക്കുന്നില്ലെന്നാണോ? പൊള്ളത്തരം ഒറ്റയടിക്ക് തന്നെ ബോധ്യപ്പെടുന്ന രണ്ടാമത്ത സംഭവത്തെ തല്‍കാലം മറന്ന് ഒന്നാമത്തേതിന് പിന്നിലെ വസ്തുതകളെ കുറിച്ച് നമുക്ക് ആരായാം. ദൗത്യസേന അതിനെ കുറിച്ച സൂചന ഏതെങ്കിലും ഡയറിയില്‍ കുറിച്ചിട്ടുണ്ടോ?  ഏറ്റുമുട്ടലിന്റെ എഫ്.ഐ.ആറില്‍ അത് ചേര്‍ക്കുകയും 157-ാം വകുപ്പ് പ്രകാരം കാലതാമസം വരുത്താതെ സമര്‍പിക്കുകയും ചെയ്തിട്ടുണ്ടോ? കൊലക്ക് പിന്നിലെ വസ്തുത വെളിപ്പെടുത്തുന്നതിന് സ്വതന്ത്രമായ അന്വേഷണം നടത്താനുള്ള ഏതെങ്കിലും മാര്‍ഗനിര്‍ദേശം പാലിക്കപ്പെട്ടിട്ടുണ്ടോ? ഇത്തരം കേസുകള്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റോ മറ്റൊരു പോലീസ് സ്‌റ്റേഷനിലുള്ള, സംഭവത്തില്‍ ഉള്‍പ്പെട്ട ഓഫീസറേക്കാള്‍ ഒരു റാങ്കെങ്കിലും മുകളിലുള്ള ഓഫീസറായിരിക്കണം കേസന്വേഷിക്കേണ്ടതെന്ന് നിര്‍ദേശങ്ങളിലൊന്നാണ്. ഏത് സ്റ്റേഷനിലെ ഓഫീസര്‍ അന്വേഷിച്ചാലും പോലീസ് സേനയുടെ ഭാഗമായ ഒരാളെന്ന നിലയില്‍ ആരോപണ വിധേയനെ കേസന്വേഷിക്കാന്‍ ഏല്‍പിക്കുന്നത് പോലെയാണത്.

കോടതി നിര്‍ദേശങ്ങളില്‍ ഒന്നായ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന്റെ കാര്യക്ഷമത വ്യക്തമാക്കിയ ഒന്നാണ് തങ്ക്ജാം മനോരമ കേസിന്റെ അന്വേഷണം. 2004-ല്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട മണിപൂരി ബാലികയാണ് അവള്‍. മണിപൂരിലെ ജില്ല, സെഷന്‍ കോടതികളില്‍ ജഡ്ജിയായി സേവനം ചെയ്ത് വിരമിച്ച സി. ഉപേദന്ദ്ര സിങിന്റെ നേതൃത്വത്തിലുള്ള ജുഡിഷ്യന്‍ കമ്മീഷന്റെ റിപോര്‍ട്ട് അതേവര്‍ഷം ഡിസംബറില്‍ തന്നെ സമര്‍പിച്ചു. 2014 നവംബര്‍ വരെ അത് പുറത്തു വിട്ടിരുന്നില്ല. മനോരമയെ നിഷ്ഠൂരവും നിര്‍ദയവുമായി പീഢിപ്പിച്ചതില്‍ ആസ്സാം റൈഫിള്‍സിലെ 17 പേര്‍ക്കെതിരെ കുറ്റം ചുമത്തി കൊണ്ടുള്ളതായിരുന്നു പ്രസ്തുത റിപോര്‍ട്ട്. എന്നിട്ടു പോലും ആരോപണ വിധേയര്‍ വിചാരണ ചെയ്യപ്പെടുന്നതിനോ ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നതിനോ അത് തുണച്ചില്ല. ഇത്തരത്തിലുള്ള മറ്റു കേസുകളുടെയും അവസ്ഥ ഏറെ ഭിന്നമല്ല.

തങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ തന്നെ ജീവന് ഭീഷണിയാവുന്നത് ഇന്ത്യന്‍ പൗരന്റെ ശാപമാണോ എന്ന ചോദ്യമാണിവിടെ ഉയരുന്നത്. അവര്‍ സമൂഹത്തിന്റെ താഴെതട്ടിലുള്ളവരാകുമ്പോള്‍ കൂടുതല്‍ ഭയക്കേണ്ടിയിരിക്കുന്നു. അങ്ങനെയല്ലെങ്കിലും അല്‍പം ഭയക്കേണ്ടതില്ലേ?

നമ്മുടെ ക്രിമിനില്‍ നീതിന്യായ സംവിധാനത്തിന്റെ പരിഷ്‌കരണത്തിന് ആരെങ്കിലും മുന്നോട്ട് വരാത്തിടത്തോളം മുഴുവന്‍ ഇന്ത്യക്കാരും അപകടത്തിലാണ്. കുറ്റവാളികള്‍ക്ക് യൂണിഫോമില്‍ അഭയം നല്‍കുന്നത് ഓരോരുത്തരെയും മുറിവേല്‍പിക്കും. തങ്ങളുടെ താല്‍പര്യങ്ങള്‍ നന്നായി സംരക്ഷിക്കപ്പെടുന്നതിനാല്‍ ഭരണ നിര്‍വാഹകര്‍ക്ക് അത്തരം പരിഷ്‌കരണങ്ങളില്‍ താല്‍പര്യമില്ല. ജുഡിഷ്യറി തന്നെ അതിന്റെ കല്‍പനകള്‍ നടപ്പാക്കാനുള്ള നടപടി സ്വീകരിക്കുമോ? ഈ വ്യവസ്ഥയില്‍ നല്ല നിയമങ്ങളും കോടതി ഉത്തരവുകളും പാര്‍ശ്വവല്‍കരിക്കപ്പെട്ടവനെ -മുഖ്യധാരയിലുള്ളവരെ പോലും – സംരക്ഷിക്കുന്നില്ലെന്ന് പൗരസമൂഹം മനസ്സിലാക്കുമോ?
(ഏഷ്യന്‍ മനുഷ്യാവകാശ കമ്മീഷന്റെ ഭക്ഷ്യാവകാശ കോര്‍ഡിനേറ്ററാണ് ലേഖകന്‍)

അവലംബം: countercurrents.org
മൊഴിമാറ്റം: നസീഫ്‌

Related Articles