Current Date

Search
Close this search box.
Search
Close this search box.

ഒബാമയുടെ ഓര്‍മക്കുറവ്

തീവ്രവാദത്തെ നേരിടുന്നതിനുള്ള എല്ലാ വഴികളെയും ആശയങ്ങളെയും സ്പര്‍ശിക്കുന്നതായിരുന്നു സവിശേഷ ഉദ്ദേശ്യത്തോടെ വാഷിങ്ടണില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക സമ്മേളനത്തിലെ ഒബാമയുടെ പ്രസംഗം. അമേരിക്കയുടെ യുദ്ധം ഇസ്‌ലാമിനെതിരല്ല എന്ന് ഒന്ന് കൂടി ആണയിട്ട ഒബാമ തീവ്രവാദത്തിന് മതമോ ദേശമോ സംസ്‌കാരമോ ഇല്ലെന്നും ഓര്‍മപ്പെടുത്തി. ഇന്നത്തെ തീവ്രവാദത്തെ ഇസ്‌ലാമിനോടും മുസ്‌ലിംകളോടും ചേര്‍ത്ത് വായിക്കണമെന്ന ആഭ്യന്തര സമ്മര്‍ദങ്ങള്‍ക്ക് അപ്പടി വഴങ്ങി കൊടുക്കാതിരുന്ന ഒബാമ അഭിനന്ദനം അര്‍ഹിക്കുന്നു. നിയമപ്രകാരം അമേരിക്കന്‍ സമൂഹത്തിന്റെ ഭാഗമായ അമേരിക്കന്‍ മുസ്‌ലിംകളെ പാര്‍ശ്വവല്‍കരിക്കുന്നതും മോശമായി ചിത്രീകരിക്കുന്നതും ഒഴിവാക്കണമെന്നും ഒബാമ പറഞ്ഞു. തീവ്രവാദത്തെ ആശയപരമായും സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹികമായുമുള്ള നേരിടാനുള്ള വഴികളെ കുറിച്ചും അദ്ദേഹം വാചാലനായി. മിഡിലീസ്റ്റിലെ ഭരണകൂടുങ്ങള്‍ വിദ്വേഷത്തിലേക്കും പാര്‍ശവല്‍കരണത്തിലേക്കും ആത്യന്തികമായി തീവ്രവാദത്തിലേക്കും നയിക്കുന്ന വിഭാഗീയ നയങ്ങള്‍ എന്തുകൊണ്ട് കൈവെടിയണമെന്നും ഒബാമ അടിവരയിട്ടു സൂചിപ്പിച്ചു.

നീതിയുടെ കുറവ്
തീവ്രവാദത്തിന്റെ മൂലകാരണങ്ങളെ ചികിത്സിക്കുന്നതിന് കൂടുതല്‍ -കുറവില്ലാത്ത- നീതിയും ജനാധിപത്യവും നടപ്പാക്കേണ്ടതിന്റെ ആവശ്യകതക്ക് ഊന്നല്‍ നല്‍കുന്നതായിരുന്നു ഒബാമയുടെ വാക്കുകള്‍. അതൊക്കെ പറഞ്ഞപ്പോഴും മുസ്‌ലിം ലോകത്തെ ഇന്നെ പ്രശ്‌നങ്ങളുടെ മൂലകാരണം പ്രസിഡന്റ് പറയാതെ വിട്ടു. അറബ് മുസ്‌ലിം ലോകത്ത് തീവ്രവാദത്തിന് വളരാന്‍ വളക്കൂറുള്ള മണ്ണൊരുക്കിയതില്‍ പാശ്ചാത്യ യുദ്ധങ്ങള്‍ക്കുള്ള പങ്കിനെ കുറിച്ച് ഒബാമ ഒരക്ഷരം ഉരിയാടിയിട്ടില്ല.

അഫ്ഗാനിലെ സോവിയറ്റ് അധിനിവേശത്തോടൊപ്പം അവിടെത്തെ മുജാഹിദുകളോടൊപ്പം ചേര്‍ന്നുണ്ടായ അമേരിക്ക/സൗദി ഇടപെടലുമാണ് അല്‍-ഖാഇദ രൂപീകരണത്തിന് വഴിവെച്ചതെന്നും ഒബാമ വിസ്മരിച്ചു. അല്ലെങ്കില്‍ അമേരിക്കയുടെ ഇറാഖ് യുദ്ധത്തോടും അധിനിവേശത്തോടും ഒപ്പം ഇറാന്റെ ഇടപെടല്‍ കൂടി ഉണ്ടായപ്പോള്‍ ഐസിസിന്റെ രൂപീകരണത്തിനും വ്യാപനത്തിനും നിലമൊരുക്കപ്പെട്ടു എന്നതും ഒബാമ മറന്നു. ചരിത്രത്തിലെ ഇത്തരം പ്രകടമായ യാഥാര്‍ത്ഥ്യങ്ങളെ പ്രസിഡന്റ് മറന്നതോ, അവഗണിച്ചതോ അതുമല്ലെങ്കില്‍ മറ്റാരുടെയെങ്കിലും പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണോ?

ഇറാഖ് യുദ്ധത്തെ സെനറ്റര്‍ ആയിരിക്കെ ‘മണ്ടത്തരം’ എന്ന് വിശേഷിപ്പിക്കുകയും പ്രസിഡന്റായ ശേഷം സൈന്യത്തെ തിരിച്ചു വിളിക്കുകയും ചെയ്ത് ഒബാമ മിഡിലീസ്റ്റിലെ നിലവിലെ സാഹചര്യത്തിന് ഇറാഖ് യുദ്ധത്തിനുള്ള പങ്ക് പരാമര്‍ശിക്കാതെ പോയത് വിരോധാഭാസം തന്നെയാണ്. നല്ല ഒരു ഫലം ലഭിക്കുന്നതിനുള്ള ഫലപ്രദമായ ഒരു തന്ത്രം പോലുമില്ലാതെ ഇറാഖിലും സിറിയയിലും വ്യോമാക്രമണത്തിന് അനുമതി കൊടുത്തതിലൂടെ മുമ്പ് പരാജയപ്പെട്ട നയം തന്നെ ആവര്‍ത്തിക്കുന്നത് കൊണ്ടാണോ ഒബാമക്ക് പഴയതെല്ലാം മറക്കേണ്ടി വരുന്നത്?

ഇസ്‌ലാമും യുദ്ധവും
ഇന്ന് കാണുന്ന തീവ്രവാദ സംഘങ്ങള്‍ അധികവും രൂപപ്പെട്ടത് മുസ്‌ലിം ലോകത്ത് പ്രത്യേകിച്ചും മിഡിലീസ്റ്റിലാണെന്നത് നിഷേധിക്കാനാവില്ല. അതൊരു യാഥാര്‍ത്ഥ്യമാണ്. ഒബാമയുടെ വാക്കുകള്‍ അനീതി, ദാരിദ്ര്യം, സോഷ്യല്‍മീഡിയ എന്നിവക്കപ്പുറം കടക്കാത്ത കാലത്തോളം ഇസ്‌ലാമിനെതിരെയുള്ള ഭീകരാരോപണത്തെ പ്രതിരോധിക്കാനുള്ള ഒബാമയുടെ ‘സദുദ്ദേശ്യം’ വിശ്വാസയോഗ്യമല്ല.

മുസ്‌ലിം ലോകം രൂപപെട്ടതിന് ശേഷമുള്ള പതിനാല് നൂറ്റാണ്ട് കാലം നാമിന്ന് കാണുന്ന തരത്തിലുള്ള തീവ്രവാദം എന്തുകൊണ്ട് ഉയിരെടുത്തില്ല എന്നത് സുപ്രധാനമായ ചോദ്യമാണ്. മതമല്ല അതിന് കാരണമെന്ന് പ്രസിഡന്റ് പറയുന്നു. ഞാനും അതംഗീകരിക്കുന്നു, എന്നാല്‍ പിന്നെ എന്താണതിന് കാരണം? നിരന്തരമായ യുദ്ധം, അധിനിവേശം, അടിച്ചമര്‍ത്തല്‍ എന്നിവയാണ് യഥാര്‍ത്ഥ കാരണങ്ങളെന്ന് നമുക്ക് ചുരുക്കി പറയാം.

ലോകത്ത് നടന്നിട്ടുള്ള അധിനിവേശത്തിന്റെ 5 ശതമാനം മിഡിലീസ്റ്റിലാണ് നടന്നിട്ടുള്ളത്. എന്നാല്‍ ആക്രമണോത്സുകമായ യുദ്ധങ്ങളുടെ നാലിലൊന്നും മിഡിലീസ്റ്റിലാണ് നടന്നിട്ടുള്ളത്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി നടന്ന ഈ യുദ്ധങ്ങളില്‍ നാറ്റോ സഖ്യത്തിനൊപ്പം അമേരിക്കയും നേരിട്ടോ അല്ലാതെയോ ഭാഗമായിട്ടുണ്ട്. നേരത്തെ പറഞ്ഞ ശക്തികളും അവരുടെ പ്രാദേശിക പങ്കാളികളും നടത്തിയ യുദ്ധം പോലെ തന്നെയാണ് ഇന്ന് പ്രദേശത്തെ വേട്ടയാടി കൊണ്ടിരിക്കുന്ന തീവ്രവാദവുമെന്നത് ദുഖകരമാണ്. ആക്രമണ പരമ്പരകളെയും തീവ്രവാദത്തെയുമാണ് അവ രണ്ടും പോഷിപ്പിക്കുന്നത്.

മൊഴിമാറ്റം: ഫഹദ് കൊടുങ്ങല്ലൂര്‍

Related Articles