Current Date

Search
Close this search box.
Search
Close this search box.

ഐസിസ് തുറന്ന വാതിലിലൂടെ അമേരിക്ക വീണ്ടുമെത്തുമ്പോള്‍

‘ഇസ്‌ലാമിക് സ്റ്റേറ്റ്’ തുറന്ന കവാടത്തിലൂടെ അതിന്റെ കഥകഴിക്കുന്നതിന്റെ മുന്നോടിയായി അമേരിക്കന്‍ ഭരണകൂടം ഇറാഖില്‍ തങ്ങളുടെ ആധിപത്യം മടക്കി കൊണ്ടുവന്നിരിക്കുകയാണ്. 450 സൈനിക വിദഗ്ദരെ കൂടി അയക്കാനുള്ള പ്രസിഡന്റ് ഒബാമയുടെ പ്രഖ്യാപനത്തോടെ ഇറാഖിന്റെ മണ്ണില്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്ന അമേരിക്കന്‍ സൈനികരുടെ സാന്നിദ്ധ്യം പ്രഖ്യാപിത എണ്ണം 3500-ല്‍ എത്തിരിക്കുകയാണ്.

പുതിയ നയത്തിന്റെ ഭാഗമായി അമേരിക്ക സ്വീകരിച്ചിരിക്കുന്ന ഒരുകൂട്ടം നടപടികള്‍ 2011-ല്‍ ഇറാഖില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനത്തിന് തീര്‍ത്തും വിരുദ്ധമായ കാര്യങ്ങളാണ്. അവയെ സംക്ഷിപ്തമായി നമുക്ക് ഇങ്ങനെ വിവരിക്കാം:

ഒന്ന്, റമാദിയും ശേഷം മൗസിലും വീണ്ടെടുക്കാനുള്ള അടുത്ത ഓപറേഷന്റെ ഭാഗമാക്കാനും ഇറാഖ് സൈന്യത്തിന് സഹായമാകാനും സുന്നി ഗ്രോത്രവിഭാഗങ്ങള്‍ക്ക് ആയുധവും പരിശീലനവും. പൊതുവെ ശിയാ ആഭിമുഖ്യം പ്രകടിപ്പിക്കുന്ന ജനകീയ മുന്നേറ്റത്തിലെ പോരാളികള്‍ക്ക് ബദലായിട്ടാണിത്.
രണ്ട്, ഇറാഖില്‍ അമേരിക്കന്‍ സൈനിക ക്യാമ്പുകള്‍ സ്ഥാപിക്കും. അമേരിക്കന്‍ സൈനിക മേധാവി ജനറല്‍ മാര്‍ട്ടിന്‍ ഡംപ്‌സി അക്കാര്യം വളരെ വ്യക്തമായി പ്രഖ്യാപിച്ചതാണ്. ഐസിസിനെതിരെയുള്ള സൈനിക നീക്കത്തിന് നിരവധി മിലിറ്ററി ക്യാമ്പുകള്‍ തുറക്കേണ്ടത് ആവശ്യമാണെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
മൂന്ന്, സുന്നി, ശിയാ, കുര്‍ദ് എന്നിങ്ങനെ മൂന്ന് ഘടകങ്ങളായി ഇറാഖിനെ വിഭജിക്കുന്നതില്‍ അമേരിക്കന്‍ ഭരണകൂടം വിജയിച്ചിരിക്കുന്നു. പ്രസ്തുത നയമാണ് ഇപ്പോള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നത്. അവര്‍ക്കിടയില്‍ തമ്മില്‍തല്ല് പ്രോത്സാഹിപ്പിക്കുകയും ആഭ്യന്തര യുദ്ദത്തില്‍ മുക്കികളയുകയും ചെയ്യുന്ന നയമാണ് തുര്‍ന്നു കൊണ്ടിരിക്കുന്നത്.

ഇറാഖിലെ ഈ മൂന്ന് ഘടകങ്ങള്‍ക്കിടയിലുമുള്ള ബന്ധം സംഘര്‍ഷഭരിതമാണെന്നത് ശ്രദ്ധേയമാണ്. യഥാര്‍ത്ഥത്തില്‍ അവര്‍ക്കിടയില്‍ ഏതെങ്കിലും തരത്തിലുള്ള ഒരു ഏകോപനവുമില്ല. മാത്രമല്ല, അവര്‍ക്കിടയിലുള്ളത് പരസ്പര വിദ്വേഷവും ഏറ്റുമുട്ടലും വിശ്വാസമില്ലായ്മയുമാണ്. അമേരിക്കയെ സംബന്ധിച്ച് മൂന്ന് ഘടകങ്ങളെയും ദുര്‍ബലപ്പെടുത്താന്‍ പറ്റിയ സാഹചര്യമാണിത്. തങ്ങളുടെ സുരക്ഷക്കും മറ്റുള്ളവര്‍ക്കെതിരെയുള്ള യുദ്ധത്തിലെ സഹായത്തിനും അമേരിക്കന്‍ സൈന്യത്തെ ആശ്രയിക്കുന്നവരാക്കി അവരെ മാറ്റുകയാണ് ചെയ്യുന്നത്.

ഇറാഖില്‍ തങ്ങളുടെ സ്വാധീനം ഉണ്ടാക്കിയെടുക്കാനുള്ള പദ്ധതിയായിട്ടാണ് അമേരിക്ക ഐസിസിനെതിരെയുള്ള യുദ്ധ കാണുന്നതെന്ന് നാം പറയുമ്പോള്‍ അവര്‍ക്കെതിരെയുള്ള അമേരിക്കയുടെ യുദ്ധം രണ്ടാം വര്‍ഷത്തിലേക്ക് കടന്നിട്ടും കാര്യമായിട്ടൊന്നും നേടിയിട്ടില്ലെന്നതിനെ കുറിച്ച് നാം ബോധവാന്‍മാരാകേണ്ടതുണ്ട്. മാത്രമല്ല ഐസിസ് തങ്ങളുടെ സ്വാധീനത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയുമാണ്. ഐസിസ് കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പോകുന്ന അമേരിക്കന്‍ വിമാനങ്ങളില്‍ 75 ശതമാനവും വ്യക്തമായ ലക്ഷ്യം നിര്‍ണയിക്കാന്‍ സാധിക്കാതെ മിസൈലോ റോക്കറ്റോ വര്‍ഷിക്കാതെ തിരിച്ച് താവളത്തിലേക്ക് തന്നെ മടങ്ങുകയാണെന്നാണ് അമേരിക്കന്‍ സൈന്യത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇറാഖിന്റെ തീരുമാനങ്ങളിലെ ഇറാന്റെ സ്വാധീനത്തെ കുറിച്ച് ഇറാഖിലെ മാധ്യമ റിപോര്‍ട്ടുകള്‍ പറയുന്നുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യം ഭാഗികമായോ പൂര്‍ണമായോ അതിന് വിരുദ്ധമാണ്. ഇറാഖ് പ്രസിഡന്റ് ഹൈദര്‍ അല്‍-അബാദി പൂര്‍ണമായും അമേരിക്കക്ക് വിധേയപ്പെട്ടിരിക്കുകയാണ്. ഇറാഖിന്റെ പരമാധികാരം അമേരിക്കയുടെ നിയന്ത്രണത്തിലേക്ക് വിട്ടുനല്‍കിയിരിക്കുകയാണ് അദ്ദേഹം. റമാദിയെ മോചിപ്പിക്കുന്നതിന് നിന്ന് ശിയാ സായുധ സംഘങ്ങളെ പങ്കെടുപ്പിക്കുന്നത് തടഞ്ഞത് വാഷിംഗ്ടണാണെന്നത് ശ്രദ്ധേയമാണ്. പകരം സുന്നി ഗോത്രവിഭാഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിന് പരിശീലകരെ അയക്കാമെന്ന നിര്‍ദേശവും വെച്ചു. മിസ്റ്റര്‍ അബാദിയുടെ നിലപാടിന് വിരുദ്ധമാണത്. അപ്രകാരം റമാദിയുടെ വീണ്ടെടുപ്പിന് നല്‍കിയ ഓപറേഷന് മിസ്റ്റര്‍ അബാദി നല്‍കിയ ‘ലബ്ബൈക് യാ ഹുസൈന്‍’ എന്ന പേര് ‘ലബ്ബൈക് യാ ഇറാഖ്’ എന്നാക്കി തിരുത്തിയതും അമേരിക്ക തന്നെയായിരുന്നു.

അമേരിക്കയുടെ നേരിട്ടുള്ള നിര്‍ദേശങ്ങള്‍ക്ക് ഇറാഖ് കീഴപ്പെട്ടിരിക്കുന്നു. അതിന്റെ അന്തരീക്ഷത്തിലും ജലസ്രോതസ്സുകളിലും പെട്രോളിയം സമ്പത്തിലുമെല്ലാമുള്ള പൂര്‍ണ ആധിപത്യത്തിലേക്കത് വ്യാപിക്കുകയും ആഴ്ന്നിറങ്ങുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള ഒരു മേല്‍ക്കോയ്മ ഗുണം ചെയ്യുന്നത് ‘ഇസ്‌ലാമിക് സ്‌റ്റേറ്റി’നാണ്. ഇറാഖിലേക്ക് വീണ്ടും മടങ്ങിയെത്തിയ അമേരിക്കന്‍ അധിനിവേശ ശക്തികളില്‍ നിന്നും ഇറാഖിനെ മോചിപ്പിക്കാനുള്ള വിമോചന പോരാട്ടമായി അവര്‍ തങ്ങളുടെ യുദ്ധത്തെ അവതരിപ്പിക്കും.

മൊഴിമാറ്റം : നസീഫ്‌

Related Articles